ഇരുപത് കൊല്ലം നീണ്ട സ്ത്രീ-പീഡന കൊലപാതക പരമ്പരയും മണ്ണിന്നടിയിലെ ശവശരീരങ്ങളും

പ്രത്യേക അന്വേഷണ സംഘത്തിനായുള്ള മുറവിളി തുടരുന്നു;  തീരുമാനമെടുക്കാതെ കര്‍ണാടക സര്‍ക്കാര്‍

* ആരോപണമുയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷവും പ്രത്യേക അന്വേഷണ കമ്മീഷനായില്ല
* അന്വേഷണം പോലീസ് വൈകിപ്പിക്കുന്നുവെന്ന് സാക്ഷിയുടെ അഭിഭാഷകര്‍
* ഇപ്പോഴും അന്വേഷണ ചുമതല പ്രദേശിക എസ്.ഐയ്ക്ക്
* 2008-ല്‍ കാണാതായ മകളെ ഈ കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റിട്ട. ജീവനക്കാരിയുടെ പരാതി

കഴിഞ്ഞ ഏതാണ്ട് ഇരുപത് വര്‍ഷത്തിനിടെ ഒട്ടേറെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മൃതദേഹങ്ങള്‍ അനധികൃതമായി കുഴിച്ചിടേണ്ടി വന്നിട്ടുണ്ട് എന്നും അവയിലേറെയും കടുത്ത ലൈംഗിക പീഡനത്തിന് ഇരയായ ശരീരങ്ങളായിരുന്നുവെന്നും വിഖ്യാതമായ ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളി നടത്തിയ വെളിപ്പെടുത്തലില്‍ അന്വേഷിക്കാന്‍ ഇതുവരെയും പ്രത്യേക അന്വേഷണ സംഘം രൂപവത്രിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെ വിമര്‍ശനം ഉയരുന്നു. വിവിധ സാമൂഹ്യ സംഘടനകളും അഭിഭാഷകരും ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനെ കുറിച്ച് ഉടനടി അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയ സാക്ഷി താന്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലം കാണിച്ച് കൊടുക്കാന്‍ തയ്യാറായി രംഗത്തെത്തിയിട്ടും പോലീസ് കഴിഞ്ഞ ദിവസവും എത്തിയില്ല.

ഇത്രയും വലിയ ആരോപണമായിട്ടും ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പ്രദേശിക എസ്.ഐ തന്നെയാണ് അന്വേഷണം നടത്തുന്നത്. ഈ മേഖലയില്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തിന്റെ ഉടമസ്ഥര്‍ക്കുള്ള സ്വാധീനം അത്ഭുതാവാഹമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും പ്രദേശിക പോലീസിനെ കൊണ്ട് അന്വേഷിപ്പിക്കുന്നത് കേസ് തേച്ച് മാച്ച് കളയാനുള്ള പദ്ധതിയാണ് എന്നാണ് ആരോപണം. ബുധനാഴ്ചയും ഒരു സംഘം മുതിര്‍ന്ന അഭിഭാഷകര്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ട് സുപ്രീം കോടതി/ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടേയോ റിട്ടയേഡ് ജഡ്ജിയുടേയോ നേതൃത്വത്തില്‍ പ്രത്യേക കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.

അതിനിടെയാണ് ബുധനാഴ്ച ഈ ആരോപണങ്ങള്‍ ഉന്നയിച്ചയാള്‍ എവിടെയാണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് എന്ന് പോലീസിന് കാണിച്ച് കൊടുക്കാനായി അഭിഭാഷകര്‍ക്കൊപ്പം സ്ഥലത്തെത്തി ഒരു മണിക്കൂര്‍ കാറില്‍ കാത്തിരുന്നിട്ടും പോലീസ് വരാതിരുന്നതിനാല്‍ തിരിച്ച് പോയത്. ഈ സമയം മുഴുവന്‍ അന്വേഷണ ഉദ്യോഗസ്ഥനായ പോലീസുകാരന്‍ സ്റ്റേഷനില്‍ തന്നെയുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ സാക്ഷിയെ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്നും അതുകൊണ്ട് തന്നെ സാക്ഷിക്ക് സംരക്ഷണമൊരുക്കാന്‍ പറ്റുന്നില്ലെന്നും കഴിഞ്ഞ ദിവസം പോലീസ് ആരോപിച്ചിരുന്നു. എന്നാല്‍ സാക്ഷിയുടെ അഭിഭാഷകര്‍ പറയുന്നത് അവരുമായി ബന്ധപ്പെടാന്‍ ഒരു തടസവുമില്ലെന്നും പോലീസ് അകാരണമായി അന്വേഷണം വൈകിപ്പിക്കുകയുമാണ് എന്നുമാണ്.

ദക്ഷിണ കര്‍ണാടക ജില്ലയിലെ ധര്‍മ്മസ്ഥല ഏറെ പ്രശസ്തം അവിടത്തെ മഞ്ചുനാഥ ക്ഷേത്രത്തിന്റേയും അവിടെ നടക്കുന്ന സൗജന്യ അന്നദാനത്തിന്റേയും പേരിലാണ്. ദിവസം ഏതാണ്ട് പതിനായിരം പേര്‍ക്ക് അന്നദാനം നല്‍കുന്ന ഈ ക്ഷേത്രത്തിന്റെ കീഴില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ആ പ്രദേശത്തിന്റെ മുഴുവന്‍ നിയന്ത്രണാധികാരമുള്ള സമ്പന്നരും വിപുലമായ സ്വാധീനവുമുള്ള ഹെഗ്ഗഡെ കുടുംബമാണ് ക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍. പത്മഭൂഷണ്‍ പുരസ്‌കാരജേതാവും ബി.ജെ.പി രാജ്യസഭയിലേയ്ക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുള്ള ആളുമായ ഡോ.വീരേന്ദ്ര ഹെഗ്ഗഡേയാണ് ഇപ്പോള്‍ ഈ ക്ഷേത്രത്തിന്റെ അധികാരി.

1995 മുതല്‍ 2014 വരെയാണ് മൃതദേഹങ്ങള്‍ കുഴിച്ച് മൂടാന്‍ നിര്‍ബന്ധിക്കപ്പെട്ടുവെന്ന് പറയുന്ന ആള്‍ ധര്‍മ്മസ്ഥല ക്ഷേത്രത്തില്‍ ജോലി ചെയ്തിരുന്നത്. നേത്രാവതി നദീതീരത്ത് നിന്ന് മൃതദേഹങ്ങള്‍ പലപ്പോഴും കോരിയെടുത്ത് കുഴിച്ച് മൂടാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും ഈ മൃതദേഹങ്ങളില്‍ പലതിലും അടിവസ്ത്രങ്ങളില്ലായിരുന്നുവെന്നും ആക്രമിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. പല മൃതദേഹങ്ങളിലും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിന്റേയും വലിയ മുറിവുകളുടേയും അടയാളങ്ങളുണ്ടായിരുന്നു. പല തവണ ഈ പ്രവര്‍ത്തി ചെയ്യാന്‍ വിസമ്മതിപ്പിച്ചപ്പോള്‍ പല കഷണങ്ങളായി മറ്റ് മൃതദേഹങ്ങള്‍ക്കൊപ്പം കുഴിച്ചിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തേയും ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും അയാള്‍ പരാതിപ്പെട്ടിരുന്നു. ഇക്കാര്യം ചെയ്യാന്‍ വിസമ്മതിച്ച മുന്‍ഗാമി അപ്രത്യക്ഷനായ കാര്യം പറഞ്ഞും ഭീഷണിപ്പെടുത്തി. ഒടുവില്‍ 2014-ല്‍ കുടുംബത്തോടൊപ്പം അവിടെ നിന്ന് ഒളിച്ചോടുകയായിരുന്നു. ഇപ്പോഴും ആ മൃതദേഹങ്ങളെ ഓര്‍ത്ത് ഉറങ്ങാന്‍ പറ്റാത്ത വിധം കുറ്റബോധം തോന്നുന്നത് കൊണ്ടാണ് ധൈര്യമായി സാക്ഷി പറയാന്‍ രംഗത്ത് എത്തിയത്-അയാള്‍ പറയുന്നു.

അതിനിടെ ജൂലായ് പതിനഞ്ചിന് സി.ബി.ഐ മുന്‍ സ്റ്റെനോഗ്രാഫറായ സുജാത തന്റെ മകള്‍ അനന്യ ഭട്ടിനെ 2003-ല്‍ ധര്‍മ്മസ്ഥലയില്‍ നിന്ന് കാണാതായ സംഭവം ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തി. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ അനന്യ കോളേജില്‍ നിന്ന് ധര്‍മ്മസ്ഥലയിലേയ്ക്ക് വിനോദയാത്രയ്ക്ക് വന്നതായിരുന്നു. അനന്യയുടെ റൂംമേറ്റ് തിരോധാന വാര്‍ത്ത അറിയിച്ചതിനെ തുടര്‍ന്ന് ധര്‍മ്മസ്ഥലയിലെത്തി ബെല്‍ട്ടാംഗഡി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ ശ്രമിച്ചപ്പോള്‍ മകള്‍ ഒളിച്ചോടിയതാകും എന്ന് പറഞ്ഞ് പോലീസ് പരാതി സ്വീകരിച്ചില്ല; സുജാതയുടെ പുതിയ പരാതിയില്‍ പറയുന്നു. ക്ഷേത്രത്തിന്റെ അധികാരികളായ ഡോ.വീരേന്ദ്ര ഹെഗ്ഗഡേയേയും സഹോദരന്‍ ഹര്‍ഷേന്ദ്ര കുമാറിനേയും കണ്ട് പരാതി പറഞ്ഞുവെങ്കിലും ചീത്തവിളിക്കുകയും പോകാന്‍ പറയുകയുമാണ് ചെയതെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് തനിക്ക് സംഭവിച്ച കാര്യങ്ങളും സുജാതയുടെ പരാതിയിലുണ്ട്. ക്ഷേത്രത്തിന് മുന്നില്‍ മകളെ കാണാതെ ദുഖത്തില്‍ കരഞ്ഞ് നിന്നിരുന്ന തന്നെ ക്ഷേത്രത്തിലെ ജോലിക്കാരെന്ന് തോന്നിക്കുന്ന നാല് പേര്‍ സമീപിച്ച് സഹായിക്കാമെന്ന് പറഞ്ഞു. അവര്‍ സുജാതയെ ഒരു മുറിയില്‍ കൊണ്ടുപോയി കസേരിയില്‍ ബന്ധിച്ച് മകളെ അന്വേഷിക്കുന്നത് നിര്‍ത്താന്‍ പറഞ്ഞ് ഭീഷണിപ്പെടുത്തി. അവിടെ നിന്ന് അവര്‍ തലയ്ക്കടിച്ചുവെന്നും ബോധം വീഴുമ്പോള്‍ ബാംഗ്ലൂരിലെ വില്‍സണ്‍ ഗാര്‍ഡനിലുള്ള അഗാഡി ആസ്പത്രിലാണെന്നും അവര്‍ പറയുന്നു. മൂന്ന് മാസം ബോധമില്ലാതെ കിടന്ന ശേഷമാണ് ഉണര്‍ന്നത്. അവിടെ എങ്ങനെയെത്തി എന്ന് ഇപ്പോഴും അറിയില്ല- പരാതിയില്‍ പറയുന്നു. നുണ പരിശോധനയ്ക്ക് വിധേയനാകാന്‍ തയ്യാറാണ് എന്നും അവര്‍ പരാതിയില്‍ പറഞ്ഞിട്ടുണ്ട്.  Dharmasthala Mass burial case; Karnataka government has not yet decided on constituting a special investigation team

Content Summary; Dharmasthala Mass burial case; Karnataka government has not yet decided on constituting a special investigation team

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment