ധര്‍മസ്ഥല; ആവശ്യമുണ്ടെങ്കില്‍ പ്രത്യേക അന്വേഷണ സംഘമെന്ന് മുഖ്യമന്ത്രി

ശുചീകരണ തൊഴിലാളിയുടെ പരാതിയില്‍ മാത്രം അറസ്റ്റ് പറ്റില്ലെന്നും സിദ്ധരാമയ്യ

ദക്ഷിണ കന്നടയിലെ ധര്‍മ്മസ്ഥലയിൽ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊല, കൂട്ട ബലാത്സംഗം, കൂട്ട ശവസംസ്കാരം എന്നിവ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപീകരിക്കുന്നത് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. 1998നും 2014നും ഇടയിൽ ദക്ഷിണ കന്നഡയിലെ ധർമ്മസ്ഥലയിലും പരിസര പ്രദേശങ്ങളിലും നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി സംസ്കരിച്ചു എന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ ഇന്ത്യയെയാകെ ഞെട്ടിച്ചിരുന്നു.

പോലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്‌ഐടി രൂപീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു എസ്‌ഐടി രൂപീകരിക്കേണ്ട ആവശ്യമുണ്ടെങ്കിൽ, ഞങ്ങൾ അത് ചെയ്യും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങൾ അന്വേഷിക്കാൻ ഒരു എസ്‌ഐടി രൂപീകരിക്കണമെന്ന് വിരമിച്ച സുപ്രീം കോടതി ജസ്റ്റിസ് ഗോപാൽ ഗൗഡ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ധർമ്മസ്ഥല ക്ഷേത്ര ഭരണസമിതിയിലെ ശുചീകരണ തൊഴിലാളിയാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. അയാൾ 10 വർഷത്തിലേറെയായി ഒളിവിൽ കഴിയുകയായിരുന്നുവെന്നും, പെട്ടെന്ന് പോലീസിന് മുന്നിൽ ഹാജരായി സിആർപിസി സെക്ഷൻ 164 പ്രകാരം മൊഴി നൽകിയെന്നും മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചതായും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിന്റെ പിന്നിലെ കാരണമെന്താണെന്ന് ചോദിച്ചപ്പോൾ മൃതദേഹങ്ങൾ സംസ്‌കരിച്ചുവെന്ന് അവകാശപ്പെടുകയും മൃതദേഹങ്ങൾ സംസ്‌കരിച്ച സ്ഥലങ്ങൾ കാണിക്കാൻ മുന്നോട്ട് വരികയും ചെയ്ത വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം സർക്കാരിന് തിടുക്കത്തിൽ തീരുമാനമെടുക്കാൻ കഴിയില്ലെന്നായിരുന്നു മുഖ്യമന്ത്രി നൽകിയ മറുപടി. ധർമ്മസ്ഥല കേസിൽ സർക്കാരിനുമേൽ ഏതെങ്കിലും ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടോ എന്ന് ചോദിച്ചപ്പോൾ, സർക്കാരിനുമേൽ ഒരു സമ്മർദ്ദവുമില്ലെന്നും ഇനി ഉണ്ടായാലും സർക്കാർ വഴങ്ങില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം തന്റെ സുരക്ഷ ഉറപ്പാക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി ചോർത്തിയതിന് പോലീസിനെതിരെ കുറ്റം ചുമത്തണമെന്നും ആവശ്യപ്പെട്ട് ശുചീകരണ തൊഴിലാളി ഇന്ത്യൻ ചീഫ് ജസ്റ്റിസിന് ഒരു കത്ത് എഴുതി. തന്റെ മൊഴി ചോർന്ന സംഭവത്തിൽ ഉന്നതതല അന്വേഷണം ഉടൻ നടത്തണമെന്ന് പരാതിക്കാരൻ തന്റെ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബ്രെയിൻ മാപ്പിംഗ്, വിരലടയാളം, നാർക്കോ അനാലിസിസ് പരിശോധനകൾ എന്നിവ നടത്താൻ അനുമതി തേടി ദക്ഷിണ കന്നഡ പോലീസ് കോടതിയെ സമീപിച്ചു.

ധര്‍മ്മസ്ഥല ക്ഷേത്രത്തിൽ 1995-2014 കാലത്ത് ജോലി ചെയ്തയാളാണ് വെളിപ്പെടുത്തൽ നടത്തിയത്. മൊഴിയെ തുടര്‍ന്ന് സ്ഥലത്ത് കുഴിച്ച് പരിശോധിക്കാൻ കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ഒരാഴ്ചയായിട്ടും നടപടി തുടങ്ങിയിട്ടില്ല. സ്വന്തം കുടുംബത്തിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരമറിഞ്ഞ മുൻ ജീവനക്കാരൻ ധര്‍മസ്ഥലയിൽ നിന്ന് ഒളിച്ചോടി. അയൽസംസ്ഥാനങ്ങളിൽ വര്‍ഷങ്ങളോളം ഒളിവിൽ കഴിഞ്ഞശേഷം തിരിച്ചെത്തുകയായിരുന്നുവെന്നാണ് മൊഴി.

content summary: Dharmasthala mass burial, Govt open to SIT probe, awaits police report says Siddaramaiah

This post was last modified on July 19, 2025 11:08 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment