വെറും 48 മണിക്കൂര്‍ മുമ്പ് വരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ബി.ജെ.പിയുടെയോ സര്‍ക്കാരിന്റെയോ അജണ്ടയില്‍ പോലുമില്ലാതിരുന്ന ഒന്നായിരുന്നു. അവിടെ നിന്നും പെട്ടെന്നൊരു മാറ്റം എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍, മൂന്ന് പ്രധാന ഘടകങ്ങള്‍ ഈ രാജിക്കു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്നാണ് രാഷ്ടട്രീയ വൃത്തങ്ങള്‍ പറയുന്നത്.
പൊലീസ് നടപടികള്‍ക്ക് മുന്നില്‍ പതറാതെ ഡല്‍ഹിയിലെ പ്രതിഷേധം കൂടുതല്‍ ശക്തമാകുകയും അതോടൊപ്പം മറ്റ് പല നഗരങ്ങളിലേക്കും സമരം പടരുകയും ചെയ്തതാണ് ഇതില്‍ ആദ്യത്തേത്. ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിക്കല്‍, ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റല്‍, ചോര്‍ച്ച തടയാന്‍ കര്‍ശന നടപടികളോടെയുള്ള പുതിയ ബില്‍, 47 എന്‍.ടി.എ ഉദ്യോഗസ്ഥരെ പുറത്താക്കല്‍ തുടങ്ങിയ സര്‍ക്കാരിന്റെ അടിയന്തര നടപടികള്‍ കൊണ്ടൊന്നും പ്രതിഷേധക്കാര്‍ അടങ്ങില്ലെന്ന് തിരിച്ചറിഞ്ഞതാണ് രണ്ടാമത്തെ കാരണം. നീണ്ടുനില്‍ക്കുന്ന ഈ ഏറ്റുമുട്ടല്‍ പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം പൂര്‍ണ്ണമായി തടസ്സപ്പെടുത്തുമെന്നും, അത് വഴി മണ്ഡല പുനര്‍നിര്‍ണ്ണയം, വനിതാ സംവരണ ബില്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിച്ച രാഷ്ട്രീയ പിന്തുണ നഷ്ടപ്പെടുമെന്നുമുള്ള ആശങ്കയാണ് മൂന്നാമത്തെ ഘടകം.
നിരാഹര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ ജന്തര്‍ മന്തറില്‍ നിന്ന് മാറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ, പ്രക്ഷോഭങ്ങളുടെ വീര്യം കുറയുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. നീറ്റ് ഉള്‍പ്പെടെയുള്ള പ്രധാന പ്രവേശന പരീക്ഷകള്‍ പൂര്‍ത്തിയായതും പുതിയ അധ്യായന വര്‍ഷം സാധാരണ നിലയിലാകുകയും ചെയ്തതായിരുന്നു സര്‍ക്കാരിന്റെ വിശ്വാസത്തിനു കാരണം. എന്നാല്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ കാര്യങ്ങള്‍ തലകീഴായി മറിഞ്ഞു.
വ്യാഴാഴ്ച മുതല്‍ പ്രധാനമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങുകയും, യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അദ്ദേഹം നടത്തിയ അഭ്യര്‍ത്ഥനകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഫലമുണ്ടാക്കുന്നുണ്ടോ എന്ന് സര്‍ക്കാര്‍ നിരീക്ഷിച്ചു വരികയായിരുന്നു. എന്നാല്‍ ഈ സമയത്തും ജന്തര്‍ മന്തറിലെ പ്രതിഷേധം വര്‍ദ്ധിക്കുകയും മറ്റ് സംസ്ഥാന തലസ്ഥാനങ്ങളിലും വന്‍നഗരങ്ങളിലും ചെറിയ രീതിയിലുള്ള പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും ചെയ്തു. മുംബൈയില്‍ നിരോധനാജ്ഞ നിലനില്ക്കുകയും മുന്നൂറോളം പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടും, ഓരോ ദിവസവും പ്രതിഷേധക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരികയായിരുന്നു
ചോദ്യ പേപ്പര്‍ ചോര്‍ച്ചകള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ കാബിനറ്റ് അംഗീകരിച്ച കര്‍ശന നിയമമടക്കം പ്രതിഷേധം തണുപ്പിക്കാന്‍ കൈക്കൊണ്ട ഒരു നടപടിയും ഫലം കണ്ടില്ല. പാര്‍ലമെന്റില്‍ ചര്‍ച്ച വാഗ്ദാനം ചെയ്യുക, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ സ്ഥലം മാറ്റുക, അഞ്ച് എന്‍.ടി.എ ഉദ്യോഗസ്ഥരെ നീക്കം ചെയ്ത് ഏജന്‍സിയുടെ സമഗ്രമായ അഴിച്ചുപണി നടത്തുക തുടങ്ങി ഘട്ടങ്ങളായി നല്കിയ ഉറപ്പുകളൊന്നും വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കാതിരുന്നതോടെയാണ് ശക്തമായ ഒരു രാഷ്ട്രീയ സന്ദേശം ആവശ്യമാണെന്ന നിഗമനത്തില്‍ സര്‍ക്കാരെത്തിയത്.
പുതിയ നിയമത്തിന്റെ കരടിന് മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടും വിദ്യാഭ്യാസ മന്ത്രിയോടുള്ള ജനവികാരം അനുകൂലമാകുന്നില്ലെന്ന് കണ്ടതോടെ മറ്റു വഴികളില്ലാതായെന്ന് ബി.ജെ.പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വെള്ളി വൈകുന്നേരം പോലും പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നതിനായുള്ള വിശദമായ അവലോകന യോഗത്തില്‍ പ്രധാന് പങ്കെടുത്തതില്‍ നിന്ന് തീരുമാനം എത്ര വേഗത്തിലാണ് ഉണ്ടായതെന്ന് വ്യക്തമാണ്. രാജിയെക്കുറിച്ച് യാതൊരു സൂചനയും ആ സമയത്ത് ഉണ്ടായിരുന്നില്ല.
ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെടുന്നത് പ്രതിപക്ഷത്തിന്റെ, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ നീക്കമാണെന്ന വാദമാണ് പാര്‍ട്ടിയും സര്‍ക്കാരും പരസ്യമായി ഉയര്‍ത്തിയിരുന്നത്. ഇത് പ്രതിപക്ഷത്തിന് ധാര്‍മ്മിക വിജയമാകുമോ എന്ന ഭയവും നേതാക്കള്‍ക്കുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ നിലപാടുകള്‍ മെല്ലെ മാറുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് പ്രധാന് ഒഴിഞ്ഞുകൊടുക്കേണ്ടി വരുമെന്ന് രണ്ട് കാബിനറ്റ് മന്ത്രിമാര്‍ തന്നെ വ്യക്തമാക്കുകയുണ്ടായി. ഒപ്പം, പ്രധാന് സ്ഥാനത്ത് തുടരുന്നത് തിരിച്ചടിയാകുമെന്ന് ചില സംസ്ഥാന നേതാക്കളും അഭിപ്രായപ്പെട്ടു. യുവാക്കളെയും സ്ത്രീകളെയും പിണക്കാന്‍ സര്‍ക്കാരിനോ പാര്‍ട്ടിയിലോ സാധിക്കില്ലെന്നതായിരുന്നു പൊതുവികാരം.
പ്രതിഷേധം അതിവേഗം പടരുന്ന സാഹചര്യത്തില്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കൂടുതല്‍ ശക്തമായ ദേശീയ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്യാനുള്ള നീക്കം കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കുമെന്ന ആശങ്കയും ഈ നിര്‍ണായക തീരുമാനത്തിന് കാരണമായി.
Content Summary; Dharmendra Pradhan resigns as Education Minister amid mounting student protests over NEET exam leaks. Inside details on the BJP leadership’s 48-hour decision
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.