June 06, 2026 |
Share on

ഡി-16 ബോളിവുഡിലേക്ക്: റഹ്മാന്റെ വേഷം ചെയ്യുന്നത് ആമിര്‍ ഖാന്‍?

അമിതാഭ് ബച്ചന്‍, നവാസുദ്ദീന്‍ സിദ്ദിഖീ, നസറുദ്ദീന്‍ ഷാ എന്നിവരുടെ പേരും പറഞ്ഞു കേള്‍ക്കുന്നു

സെന്‍സേഷനല്‍ ഹിറ്റായി മാറിയ ധ്രുവങ്ങള്‍ പതിനാറ് ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. സംവിധായകന്‍ കാര്‍ത്തിക് നരേന്‍ തന്നെയാണ് ഈ വിവരം പുറത്തു വിട്ടത്. ഡി-16 ന്റെ അവകാശം ബോളിവുഡിലെ ഒരു പ്രമുഖ താരം വാങ്ങിയെന്നാണു കാര്‍ത്തിക് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാര്‍ത്തിക്ക് തന്നെയായിരിക്കും ബോളിവുഡിലും സിനിമ സംവിധാനം ചെയ്യുന്നത്.

ബോളിവുഡിലെ ഒരു മുന്‍നിര താരമാണ് ചിത്രം സ്വന്തമാക്കിയതെന്നും മറ്റു പലതാരങ്ങളും ചിത്രം കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായും കാര്‍ത്തിക് പറയുന്നു. എന്നാല്‍ ബോളിവുഡ് പ്രൊജകട് ഉടന്‍ കാണില്ലെന്നും ഇപ്പോള്‍ നരഗാസുരന്‍ എന്ന സിനിമയുടെ പണിപ്പുരയിലാണെന്നും കാര്‍ത്തിക് വ്യക്തമാക്കുന്നു. രണ്ടാമത്തെ സിനിമയിലെ അഭിനേതാക്കള്‍ ആരായിരിക്കുമെന്ന വിവരം രണ്ടുദിവസത്തിനുള്ളില്‍ പുറത്തു വിടുമെന്നും കാര്‍ത്തിക്ക് പറഞ്ഞു.

അതേസമയം ബോളിവുഡില്‍ എത്തുമ്പോള്‍ ഡി16 ല്‍ റഹ്മാന്‍ ചെയ്ത വേഷം ആരായിരിക്കുമെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സജീവം. ചിത്രത്തിന്റെ അവകാശം ആരു വാങ്ങിയെന്നതില്‍ വ്യക്തതയില്ലാത്തതിനാല്‍ ഉറപ്പിച്ചൊരു പേര് പറയാന്‍ കഴിയുന്നില്ല. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കേള്‍ക്കുന്നതു നാലുപേരുടെ പേരുകളാണ്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, നവാസുദ്ദീന്‍ സിദ്ദിഖീ, നസറുദ്ദീന്‍ ഷാ എന്നവരില്‍ ഒരാളായിരിക്കും ഡി-16 ലെ പൊലീസ് ഓഫിസര്‍ ആകുന്നതാണു കേള്‍ക്കുന്നത്. സ്ഥിരീകരണം വരുന്നതുവരെ ഇതിലൊരു കാത്തിരിപ്പ് ആവശ്യമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×