അമേരിക്ക കുടിയേറ്റ നിയമങ്ങൾ ശക്തമാക്കുകയും ഡൊണാൾഡ് ട്രംപിന്റെ ആദ്യ നീക്കങ്ങളിലൊന്നായി അനധികൃത കുടിയേറ്റക്കാരെ കൈകാലുകൾ ബന്ധിച്ചും അപമാനിച്ചും സൈനിക വിമാനങ്ങളിൽ നാടുകടത്തുകയം ചെയ്തതോടെ ഒരു വാക്ക് കൂടുതൽ ശ്രദ്ധേയമായി. ട്രംപ് അനധികൃത കുടിയേറ്റക്കാരെ ‘അന്യഗ്രഹജീവികൾ’ എന്ന് വിളിച്ചുവെന്ന് ആക്ഷേപം ഉയരുകയും മലയാളം മാധ്യമങ്ങളടക്കം അത് വലിയ തോതിൽ വാർത്തയാക്കുകയും ചെയ്തു. എന്നാൽ അമേരിക്കയെ സംബന്ധിച്ച ‘ഏലിയൻ’ എന്ന വാക്കിന് ‘അന്യഗ്രഹജീവികൾ’ എന്നാണോ അർത്ഥം? അതോ അന്യഗ്രഹജീവികളെ അമേരിക്കൻ പൗരരല്ലാത്തവർ എന്നർത്ഥത്തിൽ ‘ഏലിയൻ’ എന്ന് വിളിച്ച് തുടങ്ങിയതാണോ?
‘അലീനിയസ്’ എന്ന ലാറ്റിൻ വാക്കിൽ നിന്നാണ് ‘ഏലിയൻ’ എന്ന ഇംഗ്ലീഷ് വാക്കുണ്ടാകുന്നത്. മറ്റൊരിടവുമായി ബന്ധപ്പെട്ടത്, വൈദേശികം, അപചിതൻ എന്നൊക്കെയാണ് അതിന്റെ അർത്ഥം. എന്തായാലും 1790-ൽ യു.എസ് ഭരണകൂടത്തിന്റെ ‘നാച്വുറലൈസേഷൻ ആക്ടി’ലാണ് ‘ഏലിയൻ’ എന്ന വാക്ക് ആദ്യമായി ഉപയോഗിക്കുന്നത്. അമേരിക്കൻ പൗരരല്ലാത്ത ആളുകൾക്ക് പൗരത്വം നൽകുന്നത് സംബന്ധിച്ച നിയമമാണിത്. പിന്നീട് 1798-ൽ ‘ഏലിയൻ ആഡ് സെഡീഷൻ ആക്ട്’ നിലവിൽ വന്നതോടെ അമേരിക്കൻ പൗരരല്ലാത്ത സകലരേയും ‘ഏലിയൻ’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. പെർമനെന്റ് റെസിഡൻസി അഥവാ പി.ആർ എടുത്ത് അമേരിക്കയിൽ താമസിക്കുന്ന വിദേശികളേയും മതിയായ രേഖകളില്ലാതെ അമേരിക്കയിൽ എത്തിയവരേയും.
അതിനും ഒരു നൂറ്റാണ്ടിന് ശേഷം 1898-ൽ പുറത്തിറങ്ങിയ ‘വാർ ഓഫ് ദ വേൾഡ്‌സ്’ എന്ന എച്ച് ജി വെൽസ് നോവലാണ് അന്യഗ്രഹജീവികളെ കുറിച്ചുള്ള സങ്കൽപ്പം പ്രചരിപ്പിക്കുന്നത്. എന്നാൽ അക്കാലത്തും അവരെ വിശേഷിപ്പിക്കാൻ ഏലിയൻ എന്ന വാക്കുപയോഗിച്ചിട്ടില്ല. 1979-ൽ ആണ് റിഡ്‌ലി സ്‌കൗട്ടിന്റെ ‘ഏലിയൻ’ എന്ന സിനിമ വരുന്നത്. അതിലാണ് അമേരിക്കയിൽ പുറത്ത് നിന്ന് എത്തിയ ജീവി എന്ന നിലയിൽ അന്യഗ്രഹ ജീവികളെ ഏലിയൻ എന്ന് വിളിക്കുന്നത.് പിന്നീട് പല സിനിമകളും സീരിസുകളും കഥകളും എല്ലാം അന്യഗൃഹജീവികളെ കുറിച്ച് വന്നു. ജോർജ്ജ് ലുകാസിന്റെ വിഖ്യാതമായ ‘സ്റ്റാർ വാർ’ യൂണിവേഴസിൽ പക്ഷേ അന്യഗൃഹജീവികളെ പൊതുവായേി ‘ഏലിയൻസ്’ വിശേഷിപ്പിക്കുന്നില്ല. മറിച്ച് ഒരോ യൂണിവേഴ്‌സിൽ നിന്നുമുള്ള ജീവികൾക്ക് വ്യത്യസ്തമായ പേരുകളാണ്.
അമേരിക്കൻ ഔദ്യോഗിക രേഖകളിലും വിസ അപേക്ഷയിലും അടക്കം ‘പൗരനല്ലാത്തവർ’ ‘വിദേശികൾ’ എന്നുള്ള അർത്ഥത്തിൽ ഇക്കാലത്തും ‘ഏലിയൻ’ എന്ന് ഉപയോഗിക്കുന്നത് മനുഷ്യരെ അപമാനിക്കുന്നതിന് തുല്യമാണ് എന്ന് ചൂണ്ടിക്കാണിച്ച് പലരും ഈ വാക്ക് ഒഴിവാക്കണം എന്നാവശ്യപ്പെട്ടിരുന്നു. 2012-ൽ ജോ ബിദൻ ഭരണകൂടം ഫെഡറൽ ഏജൻസികളോട് ‘ഏലിയൻ’ എന്ന വാക്കിന് പകരം ‘നോൺ സിറ്റിസൺ’ അഥവാ ‘പൗരത്വമില്ലാത്തവർ’ എന്ന് ഉപയോഗിക്കണം എന്ന നിർദ്ദേശം വരെ നൽകിയതാണ്. പക്ഷേ ഇപ്പോൾ നിയമപരവും ചരിത്രപരവുമായ പല സന്ദർഭങ്ങളിലും ഔദ്യോഗികമായി തന്നെ ‘ഏലിയൻ’ എന്ന വാക്ക് ഉപയോഗിച്ച് പോരുന്നു.
അഥവാ അമേരിക്കക്ക് ‘ഏലിയൻ’ എന്നാൽ അവരെല്ലാത്ത എല്ലാവരുമാണ്. അന്യഗ്രഹജീവികളെ റിഡ്‌ലി സ്‌ക്കൗട്ട് ‘ഏലിയൻ’ എന്ന് വിളിക്കാൻ തുടങ്ങിയതിന് എത്രയോ മുമ്പ് അമേരിക്കൻ ഭരണഘടനയിലും നിയമാവലികളും ഈ വാക്കുണ്ട്.
content summary; Did America describe the evacuees as aliens? Where did the word alien come from?