June 04, 2026 |
Share on

കണ്ണൂര്‍ ജയില്‍ ഭരിക്കുന്ന പ്രമുഖ തടവുകാരും സഹായിച്ചോ? ; ഈ ചാട്ടം ഒറ്റയ്ക്ക് അസാധ്യം

സംഭവിച്ചത് ഗുരുതര സുരക്ഷാവീഴ്ച

കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ​ഗോവിന്ദസ്വാമി ജയിൽ ചാടിയ സംഭവം ഏറെ ആശങ്കകൾക്ക് വഴി വച്ചിരുന്നു. മണിക്കൂറുകളുടെ അന്വേഷത്തിനൊടുവിലാണ് തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്ന് ​ഏറെ നാടകീയത നിറഞ്ഞ സംഭവങ്ങൾക്ക് ഒടുവിലായിരുന്നു ​ഗോവിന്ദചാമിയെ പിടികൂടിയത്. എന്നാൽ ഈ സംഭവത്തിൽ അതീവ സുരക്ഷ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.

സൗമ്യ വധക്കേസിൽ വധശിക്ഷയ്ക്ക് വിധിച്ച ഗോവിന്ദസ്വാമി അതീവ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന കണ്ണൂർ സെൻട്രൽ ജയിൽ ചാടി പോയെന്ന വാർത്ത ഏറെ സംശയം ജനിപ്പിക്കുന്നു. ഇന്ന് വെളുപ്പിന് ഒന്നേകാൽ മണിയോടെ ജയിലിലെ വസ്ത്രങ്ങൾ ഉപയോ​ഗിച്ച് ഏഴര മീറ്റർ ഉയരമുള്ള മതിലിൽ ചാടിക്കടന്നുവെന്ന വാദം അംഗീകരിക്കാൻ കഴിയുന്നില്ലെന്ന് മുൻ ഡിവൈഎസ്പി സുഭാഷ് ചന്ദ്രൻ അഴിമുഖത്തോട് പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിലെ പത്താം നമ്പർ ബ്ലോക്കിലാണ്, അതീവ സുരക്ഷ ആവശ്യമുള്ള പ്രതികളെ താമസിപ്പിച്ചിരിക്കുന്നത്. അവിടെ നിന്ന് മറ്റു ബ്ലോക്കുകളിലേക്ക് കടക്കണമെങ്കിൽ പോലും അതീവ സുരക്ഷാ സംവിധാനങ്ങൾ മറികടക്കണം. ഹാക്സോ ബ്ലേഡ് ഉപയോഗിച്ചാണ് സെല്ലിന്റെ കമ്പികൾ അയാൾ അറുത്തു മാറ്റിയത്. അതിന് എത്ര ദിവസമെടുക്കുമെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. അയാളുടെ സഹതടവുകാരനോ ജയിലിലെ ഉദ്യോഗസ്ഥരോ ഇത് കണ്ടില്ലെന്ന് പറയുന്നതിൽ തന്നെ അസ്വാഭാവികതയുണ്ട്. അത്രയും അടച്ചുറപ്പുള്ള സംവിധാനത്തിൽ നിന്ന് പുറത്തു പോയെങ്കിൽ അതിനും സഹായം ലഭിച്ചിട്ടുണ്ടാവും.

കണ്ണൂർ ജയിൽ ഭരിക്കുന്നത് ചില പ്രമുഖരായ തടവുകാരാണ് അവരുടെ സഹായവും ലഭിച്ചിട്ടില്ലെന്ന കാര്യവും തള്ളിക്കളയാൻ കഴിയില്ല. 35 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ഓടിയിറങ്ങാൻ വരെ വൈദഗ്ധ്യം ഇയാൾക്കുണ്ടെന്ന് കേസ് അന്വേഷണ സമയത്ത് വ്യക്തമായത് ആയിരുന്നു. എന്നാൽ സാധാരണ ഒരാൾക്ക് പോലും ചാടിക്കടക്കാൻ കഴിയാത്ത മതിൽ അയാളെങ്ങനെ ചാടി എന്നത് ഏറെ സംശയം ജനിപ്പിക്കുന്നു. അത്ര സാമ്പത്തികശേഷിയില്ലാത്ത ഒരാളാണ് ഗോവിന്ദ സ്വാമിയെന്ന് കേസിന്റെ വിചാരണ സമയത്ത് തന്നെ വ്യക്തമായതാണ്. ഒരു തരത്തിലുള്ള സഹായവും ഉറപ്പാക്കാതെ അങ്ങനെ ഒരാൾ ജയിൽ ചാടില്ല.

അതീവ ഗുരുതരമായ  സുരക്ഷാവീഴ്ച തന്നെയാണ് സംഭവിച്ചിരിക്കുന്നത്. പൊതുജനവും ഇക്കാര്യത്തിൽ ആശങ്കാകുലരാണ്. തങ്ങളുടെ സുരക്ഷിതത്വം അപകടത്തിലായി എന്ന തോന്നൽ  സ്ത്രീകൾക്കുമുണ്ടാവാം. ഇത് സംവിധാനത്തിന് സംഭവിച്ച പരാജയമായി തന്നെ കണക്കാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിലെ ചുറ്റുമതിൽ തന്നെ ഏഴര മീറ്റർ ഉയരത്തിലാണ്. മതിൽ പൂപ്പലും പായലും പിടിച്ച് കിടക്കുന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. വഴക്കലുണ്ടാവും, ഒരാൾക്ക് വലിഞ്ഞുകയറാൻ സാധിക്കില്ല. കയറിയിട്ട് അതിനു മുകളിൽ ആ തുണി കെട്ടുകയും വേണം ആ സാഹചര്യത്തിൽ സഹായമില്ലാതെ ഒരാൾ എങ്ങനെ ജയിൽ ചാടും. തീർച്ചയായും ബാഹ്യ സഹായം ഗോവിന്ദചാമിയ്ക്ക് ലഭിച്ചിട്ടുണ്ട്.  ആ വഴിയെയാണ് രക്ഷപ്പെട്ടതെങ്കിൽ കയറാനുള്ള ശ്രമത്തിനിടയിൽ പാടുകളുണ്ടായേനെ മതിലിലിൽൽ അതുമില്ല. അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ കണ്ടുപിടിക്കാൻ സാധിക്കൂവെന്നാണ്  തന്റെ അഭിപ്രായമെന്ന് സുഭാഷ് ബാബു പറഞ്ഞു.

content summary: Did the accused in the Soumya case, Govindachamy, escape from jail with the help of his fellow inmates?

 

Leave a Reply

Your email address will not be published. Required fields are marked *

×