ജെഎൻയു വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ ആധിപത്യം നിലനിർത്തിയിരിക്കയാണ് ഐസ. ശക്തമായ മത്സരത്തിനൊടുവിലാണ് ഓള്‍ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷനും ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഫെഡറേഷൻ (ഐസ – ഡിഎസ്എഫ് ) ഉള്‍പ്പെട്ട സഖ്യത്തിന്റെ മുന്നേറ്റം. നാല് കേന്ദ്ര പാനല്‍ സ്ഥാനങ്ങളില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സീറ്റുകളില്‍ ഇടത് സഖ്യം സ്വന്തമാക്കിയപ്പോള്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് എബിവിപി പ്രതിനിധിയാണ് വിജയിച്ചത്. സ്ഥിരമായി ഇടതുപക്ഷ യൂണിയന്‍ വിജയിച്ചു കൊണ്ടിരുന്ന ജെഎന്‍യു യൂണിയന്റെ കേന്ദ്ര പാനലിലേക്ക് 2015നു ശേഷം ആദ്യമായാണ് എബിവിപി പ്രതിനിധി എത്തുന്നത്. നിതീഷ് കുമാര്‍ ആണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മനീഷ (വൈസ് പ്രസിഡന്റ്), മുന്‍തേഹ ഫാത്തിമ (ജനറല്‍ സെക്രട്ടറി), വൈഭവ് മീണ (ജോയിന്‍ സെക്രട്ടറി ) എന്നിവരാണ് വിജയിച്ചത്.
മുമ്പ് ഐസ, ഡിഎസ്എഫ്, എഎസ്എഫ്, എസ്എഫ്ഐ സഖ്യത്തിൽ മത്സരിച്ചിരുന്ന ഇടതുസഖ്യം ഇത്തവണ രണ്ട് വിഭാഗമായാണ് മത്സരിച്ചത്. 1,702 വോട്ടുകള്‍ നേടിയാണ് ഐസയുടെ നിതീഷ് കുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജനറല്‍ സെക്രട്ടറി മുന്‍തേഹ ഫാത്തിമ, ജോയിന്‍ സെക്രട്ടറി വൈഭവ് മീണ എന്നിവരാണ് വിജയിച്ചത്. 42 കൗണ്‍സിലര്‍ പോസ്റ്റുകളില്‍ 23 എണ്ണം എബിവിപി പിടിച്ചു. ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സിലും സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും എബിവിപി രണ്ട് സീറ്റുകള്‍ നേടി. എൻഎസ് യു-ഫ്രറ്റേണിറ്റി സഖ്യം രണ്ട് സീറ്റ് നേടി.
ജോയിന്റ് സെക്രട്ടറി സ്ഥാനം എബിവിപിക്കാണ്. എബിവിപിയുടെ വൈഭവ് മീണ 1,518 വോട്ടുകള്‍ നേടിയാണ് വിജയം ഉറപ്പിച്ചത്. ഐസയുടെ നരേഷ് കുമാറിനെയും (1,433 വോട്ടുകള്‍) പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (പിഎസ്എ) സ്ഥാനാര്‍ഥി നിഗം കുമാരിയെയും (1,256 വോട്ടുകള്‍) പരാജയപ്പെടുത്തിയാണ് ജയം. 2015-16 ല്‍ സൗരവ് ശര്‍മയ്ക്ക് ശേഷം ആദ്യമായാണ് സെന്‍ട്രല്‍ പാനലില്‍ എബിവിപി വിജയിക്കുന്നത്. ജെഎൻയുവിൽ എബിവിപി ഒരേയൊരു തവണയാണ് പ്രസിഡന്റ് സ്ഥാനം നേടിയത് അത് 2000-01 ലായിരുന്നു. സന്ദീപ് മഹാപത്രയായിരുന്നു അന്നത്തെ എബിവിപിയുടെ യൂണിയന്‍ പ്രസിഡന്റ്.
ജനാധിപത്യപരമായ മൂല്യങ്ങള്‍ക്ക് പ്രാധാന്യം ലഭിച്ച ഒരു സ്ഥാപനം കൂടിയാണ് ജെ.എന്‍.യു. അതുകൊണ്ട് തന്നെ ഇന്ത്യയില്‍ തികച്ചും ജനാധിപത്യ വിരുദ്ധമായ ഒരു രാഷ്ട്രീയ സംസ്‌കാരം അടിച്ചേല്‍പ്പിക്കാന്‍ സംഘപരിവാറും അനുബന്ധസംഘടനകളും ശ്രമിക്കുമ്പോള്‍ ജെഎന്‍യുവിന്റെ ജനാധിപത്യസ്വഭാവവും സംസ്‌കാരവും തകര്‍ക്കുക എന്നതു അവരുടെ അജണ്ടയില്‍ വരുന്നത് സ്വാഭാവികമാണ്. ആ ശ്രമങ്ങൾ ഏതാണ്ടൊക്കെ ഫലം കണ്ടിട്ടുണ്ടെന്നാണ് എബിവിപിയുടെ നേരിയതാണെങ്കിലും ഉണ്ടായിരിക്കുന്ന നേട്ടം അര്‍ത്ഥമാക്കുന്നത്. എബിവിപി ഉണ്ടാക്കിയെടുത്തിട്ടുള്ള ഈ രാഷ്ട്രീയ സ്വാധീനം യഥാർത്ഥത്തിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇടതു സഖ്യത്തിനിടയിലുണ്ടായ വിള്ളലാണ് ഈ ഫലത്തിലേക്ക് നയിച്ചതെന്ന ചർച്ചകളും ഉയർന്നു വരുന്നുണ്ട്
തിരഞ്ഞെടുപ്പ് ഫലം മാറിമറിഞ്ഞതും ഐസ ഡിഎസ്എഫ് സഖ്യത്തിന് ചില സീറ്റുകളിൽ തോൽവിയുണ്ടായതും ലെഫ്റ്റ് യുണൈറ്റഡ് പാനലിലുണ്ടായ വിള്ളൽ മൂലമാമെന്ന് ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ വൈസ് പ്രസിഡന്റ് അമൽ പുല്ലേക്കാട്ട് അഴിമുഖത്തോട് പറഞ്ഞു. അതിന് കാരണമായത് ക്യാമ്പസിനുള്ളിൽ തന്നെയുണ്ടായിട്ടുള്ള ചില ആശയപരമായ വിയോജിപ്പുകളാണെന്ന് അമൽ കൂട്ടിച്ചേർത്തു.
ഈ വിയോജിപ്പിന്റെ ഫലമായാണ് എസ്എഫ്ഐയും എഎസ്എഫും ഇടതുമുന്നണി സഖ്യത്തിൽ നിന്ന് പുറത്താക്കപ്പെട്ടത്. ഇതിന് ശേഷമാണ് എസ്എഫ്ഐ, എഎസ്എഫ്, പിഎസ്എ, ബാപ്സ എന്നീ സംഘടനകൾ ചേർന്ന് ലെഫ്റ്റ് അംബേദ്കറേറ്റ് യൂണിറ്റി എന്ന സഖ്യം മുന്നണി രൂപീകരിക്കുകയും തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തത്.
ഇടത് സഖ്യത്തിന്റെ ഭാഗത്ത് നിന്നുണ്ടായ ചില പോരായ്മകൾ മൂലമാണ് എസ്എഫ്ഐയുടെ കോട്ടയായിരുന്ന സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ നിന്ന് കാര്യമായ വോട്ട് നേടാൻ സാധിക്കാതിരുന്നത്. എസ്എഫ്ഐയുടെ തട്ടകമായിരുന്ന സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്നും വളരെ കുറഞ്ഞ വോട്ടാണ് നേടാനായത്. എന്നാൽ എസ്എഫ്ഐയ്ക്ക് കാര്യമായ അടിത്തറ ഇല്ലാതിരുന്ന സ്കൂൾ ഓഫ് ലാംഗ്വേജസിൽ വലിയ രീതിയിൽ ഒരു മുന്നേറ്റമുണ്ടാക്കിയെടുക്കാൻ എസ്എഫ്ഐയ്ക്ക് സാധിച്ചു. എന്നാൽ അന്തിമയായി നോക്കിയാൽ ഇടതു സഖ്യത്തിനിടയിലെ വിള്ളൽ ഗുണം ചെയ്തിരിക്കുന്നത് എബിവിപിയ്ക്ക് തന്നെയാണ്.
സ്വതന്ത്ര സ്ഥാനാർത്ഥികൾ കൂടുതലായുണ്ടാവുന്നത് രാഷ്ട്രീയവൽക്കരണത്തിലുണ്ടായ ഒരു മാറ്റമായി തോന്നി. ഈ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥികൾക്ക് വലിയ രീതിയിൽ വോട്ടും സ്വീകാര്യതയും ലഭിച്ചു. 1000ത്തിന് മുകളിൽ വോട്ടുകൾ ചില സ്ഥാനാർത്ഥികൾക്ക് ലഭിച്ചിട്ടുണ്ട്. ക്യാമ്പസിനുള്ളിൽ സംഭവിക്കുന്ന ഒരു തരത്തിലുള്ള അരാഷ്ട്രീയവത്കരണം തന്നെയാണിതെന്ന് അമൽ പറഞ്ഞു.
എബിവിപിയ്ക്ക് അകത്തുള്ള ഭിന്നതകളാണ് അവരുദ്ദേശിച്ചത് പോലൊരു വോട്ട് ശതമാനം നേടാൻ സാധിക്കാത്തതിന്റെ കാരണം. കഴിഞ്ഞ തവണത്തേത് പോലൊരു വോട്ട് ശതമാനമാണ് നേടിയിരുന്നതെങ്കിൽ ഇന്ന് സെൻട്രൽ പാനലിൽ എല്ലാ സീറ്റുകളിലും എബിവിപി വിജയിച്ചേനെ. എബിവിപിയ്ക്കുള്ളിലെ തർക്കവും പ്രശ്നങ്ങളും കൊണ്ടാണ് അത് നടക്കാതിരുന്നത്. അഡ്മിനിസ്ട്രേഷൻ പ്രത്യേക താത്പര്യത്തിൽ ഒരുപാട് എബിവിപി പ്രവർത്തകർക്ക് അവിടെ പ്രവേശനം നൽകിയിരുന്നു. ഇടതുപക്ഷ അനുഭാവികളായ വിദ്യാർത്ഥികൾക്ക് പല സ്ഥലങ്ങളിൽ പ്രവേശനം നിഷേധിക്കുകയും ചെയ്തിരുന്നു. ഇത് ഫലം ചെയ്തിട്ടുള്ളതായാണ് അമലിന്റെ വിലയിരുത്തൽ.
എല്ലാ തരത്തിലുള്ള പ്രചരണങളും വലിയ രീതിയിൽ ഫണ്ട് സമാഹരിച്ചാണ് ഇവർ ചെയ്യുന്നത്. പ്രാദേശിക തലത്തിലുള്ള എംഎൽമാർ ഉൾപ്പെടെ വിദ്യാർത്ഥികളെ ഫോണിൽ ബന്ധപ്പെട്ട് എബിവിപി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാറുണ്ട്.
എൻട്രൻസ് പാറ്റേൺ മാറ്റിയതും സ്വാധീനം കൂടാനുണ്ടായ കാരണമായി പറയുന്നു. വിമർശനാത്മകമായ ചിന്താഗതിയ്ക്ക് പ്രാധാന്യം നൽകി കൊണ്ടുള്ള എഴുത്ത് പരീക്ഷകളിൽ വന്ന മാറ്റവും അരാഷ്ട്രീയവത്കരണത്തെ സഹായിച്ചു. 2016 മുതൽ ലെഫ്റ്റ് യൂണിറ്റിയുടെ ഭരണമാണ് ക്യാമ്പസിൽ തുടരുന്നത് അതിനെതിരെയുള്ള ഭരണവിരുദ്ധ നിലപാടുകളും ഇതിനെ ബാധിക്കാം. മാറി മാറി വരുന്ന തലമുറയ്ക്കൊപ്പം എത്രത്തോളം എത്താൻ സാധിക്കുന്നു എന്നതും ഒരു പ്രധാന വെല്ലുവിളിയാണ്. എബിവിപിയ്ക്ക് നൂറ് വോട്ട് പോലും തികച്ച് കിട്ടാതിരുന്ന സ്കൂൾ ഓഫ് സോഷ്യൽ സയൻസിൽ വലിയ വോട്ട് ശതമാനം നേടിയത് ആശങ്കയുണ്ടാക്കുന്നതായി അമൽ പറയുന്നു.
ഐസ- ഡിഎസ്എഫ് സഖ്യത്തെ യഥാർത്ഥത്തിൽ ഇടത് മുന്നണിയെന്ന് വിശേഷിപ്പിക്കാൻ സാധിക്കില്ല. മുമ്പ് കാമ്പസിലെ നാല് പ്രധാന ഇടത് സംഘടനകൾ ചേർന്ന സഖ്യമാണ് ക്യാമ്പസിൽ പ്രവർത്തിച്ചിരുന്നത്. ഒറ്റയ്ക്ക് നിന്നാലും ജയിക്കാനുള്ള വോട്ട് സമാഹരിക്കാൻ സാധിക്കുമെന്ന അമിത ആത്മവിശ്വാസം ഐസയ്ക്കുണ്ട്. ഇതെല്ലാം പാർട്ടിയ്ക്കുള്ളിൽ വിള്ളലുണ്ടാവാൻ കാരണമായി. മുന്നണിയിലെ മറ്റു സംഘടനയിലെ പ്രതിനിധികൾക്ക് പ്രസിഡഷ്യൽ സ്ഥാനം കൊടുത്തത് മൂലം ഇവർ വോട്ട് ചെയ്യാതിരിക്കുന്ന സാഹചര്യങ്ങളുമുണ്ടായി. യൂണിയനെതിരെ തന്നെ പല വിരുദ്ധ പ്രചരണങ്ങൾക്ക് ഐസ നേതൃത്വം നൽകിയിരുന്നു. ഈയടുത്ത കാലത്ത് നടന്ന തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണെമെന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ നിന്ന് ഐസ പിന്മാറിയിരുന്നു. ബാപ്സ പോലൊരു സംഘടനയെ സഖ്യത്തിലേക്ക് കൊണ്ടു വരണമെന്ന ആവശ്യത്തെയും ഐസ എതിർത്തു. രണ്ട് സംഘടനകൾ മാത്രമാണെങ്കിലും തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന ഐസയുടെ അമിത ആത്മവിശ്വാസമാണ് ഈ ഫലത്തിന് പിന്നിലെ കാരണമായി അമൽ കാണുന്നത്.
ഇടതുപക്ഷ സംഘടനകളുടെ ഐക്യത്തിലുണ്ടായ വിള്ളൽ കൃത്യമായി വിലയിരുത്തി പരിഹരിച്ചാൽ മാത്രമേ സംഘപരിവാറിന്റെ പരാജയം സാധ്യമാകൂ. സഖ്യത്തിലുണ്ടായ വിള്ളൽ തന്നെയാണ് എബിവിപിയുടെ ജയത്തിന് പിന്നിലെ കാരണം. എന്നാൽ അതവർക്ക് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിച്ചില്ല എന്നതാണ് വസ്തുത. കഴിഞ്ഞ തവണത്തേത് പോലൊരു വോട്ട് ശതമാനമാണ് എബിവിപി നേടിയിരുന്നതെങ്കിൽ ഐസ നയിക്കുന്ന ഇടത് സഖ്യത്തിന് പൂർണ്ണ പരാജയമായേനെ ഫലം. ക്യാമ്പസിന്റെ ഭൂരിപക്ഷ സ്വഭാവം ഇപ്പോഴും ഇടത് അനുകൂലമാണ്. സഖ്യത്തിൽ വിള്ളൽ വീണതാണ് ഇടത് മുൻതൂക്കം കുറയാൻ കാരണമെന്ന് അമൽ വ്യക്തമാക്കി.
പരിഹരിക്കപ്പെടാൻ സാധിക്കുന്ന വിഷയങ്ങൾ മാത്രമേ ഇടത് സഖ്യത്തിനിടയിലുള്ളൂ. അംബേദ്കറേറ്റ് സംഘടനയ്ക്ക് ക്യാമ്പസിലുള്ള സ്വീകാര്യത അംഗീകരിച്ച് തന്നെ മുന്നോട്ട് പോകാൻ സാധിക്കണം. സഖ്യത്തിനുള്ളിലേക്ക് കൂടുതൽ സംഘടനകൾ വന്നാൽ സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയാണ് ഐസയ്ക്ക്. ചുരുക്കം ചില സ്ഥലങ്ങളിൽ മാത്രം പ്രാതിനിധ്യമുള്ള ഐസ, ജെഎൻയു പ്രസിഡന്റ് സ്ഥാനം തങ്ങളുടെ കൈവശമാണെന്ന കാരണം മുൻനിർത്തി മാത്രമാണ് ശക്തമായ പാർട്ടിയാണെന്ന് സ്വയം ആരോപിക്കുന്നത്. യാഥാർത്ഥ്യ ബോധമില്ലാതെ സംഘടനകൾ പ്രവർത്തിക്കുന്ന രീതിയിൽ നിന്നൊരു മാറ്റം ആവശ്യമാണ്.
content summary: ABVP secured a high vote share in the JNU union election—did the rift within the Left alliance contribute to their success?