കര്‍ണാടകയിലെ ഹംപിയില്‍ ഇസ്രയേല്‍ വിനോദ സഞ്ചാരിയെയും ഹോം സ്‌റ്റേ ഉടമയെയും ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷ വിനോദ സഞ്ചാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡിഷ സ്വദേശി ബിബാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിബാഷ് ഉള്‍പ്പെടെ മൂന്ന് പേരെ തുംഗഭദ്ര കനാലിലേക്ക് തള്ളിയിട്ട ശേഷം മൂന്നംഗ സംഘം ഇസ്രയേല്‍ വിനോദ സഞ്ചാരിയെയും ഹോം സ്‌റ്റേ ഉടമസ്ഥയെയും ബലാത്സംഗം ചെയ്യുകയായിരുന്നു. ബിബാഷിനൊപ്പമുണ്ടായിരുന്ന ഡാനിയല്‍, പങ്കജ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
സംഭവത്തില്‍ അജ്ഞാതരായ മുന്ന് പേര്‍ക്കെതിരെ ഗംഗാവതി റൂറല്‍ പോലീസ് ബലാത്സംഗം, കവര്‍ച്ച, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുത്തിട്ടുണ്ട്. കൊപ്പല്‍ ജില്ലയിലെ അനഗുണ്ടി മേഖലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ട് വിദേശികള്‍ ഉള്‍പ്പെടെ നാല് വിനോദ സഞ്ചാരികളും അവര്‍ താമസിച്ചിരുന്ന റിസോര്‍ട്ടിലെ ഹോം സ്‌റ്റേ ഉടമയും തുംഗഭദ്ര കനാലിന് സമീപം വിശ്രമിക്കുമ്പോഴാണ് അക്രമണം നടന്നത്. ബൈക്കിലെത്തിയ മൂവര്‍ സംഘം നക്ഷത്ര നിരീക്ഷണം നടത്തുകയായിരുന്ന വിനോദ സഞ്ചാരികളോട് പെട്രോള്‍ എവിടെ കിട്ടുമെന്ന് അന്വേഷിക്കുകയും 100 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പണം നല്‍കില്ലെന്ന് അറിയച്ചതോടെയാണ് അക്രമികള്‍ വിനോദ സഞ്ചാരികളെ ആക്രമിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തതെന്ന് 29കാരിയായ ഹോം സ്‌റ്റേ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ നിന്നുള്ള ഡാനിയല്‍ പിട്ടാസ്, മഹാരാഷ്ട്രക്കാരനായ പങ്കജ്, ഒറീസ സ്വദേശിയായ ബിബാഷ് എന്നിവരെ കനാലിലേക്ക് തള്ളിയിട്ട ശേഷമാണ് അവര്‍ തന്നെയും ഇസ്രയേല്‍ വനിതയെയും ബലാത്സംഗം ചെയ്തതെന്നും പരാതിയില്‍ പറയുന്നു. അക്രമികള്‍ കന്നട, തെലുങ്ക് ഭാഷകള്‍ സംസാരിക്കുന്നവരാണെന്നും 25 വയസിനുള്ളില്‍ പ്രായം തോന്നിക്കുന്നവരാണെന്നും ഹോം സ്‌റ്റേ ഉടമ പോലീസിനോട് പറഞ്ഞു.
ഡാനിയലും പങ്കജും നീന്തി രക്ഷപ്പെട്ടിരുന്നു. ശേഷം കാണാതായ ബിബാഷിന്റെ മൃതദേഹം ഇന്ന് കണ്ടെടുക്കുകയായിരുന്നു. വിനോദ സഞ്ചാരികളുടെ മൊബൈല്‍ ഫോണുകളും 9500 രൂപയും അക്രമികള്‍ മോഷ്ടിച്ചിട്ടുണ്ട്. ഇസ്രയേല്‍ വിനോദ സഞ്ചാരിയും ഹോം സ്‌റ്റേ ഉടമയും ആശുപത്രിയില്‍ സുഖം പ്രാപിച്ച് വരികയാണെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Content Summary: Didn’t pay Rs 100 for petrol, then raped and murdered; Israeli tourist raped in karnataka
karnataka humpi