UPDATES

അന്തസ്സോടെ മരിക്കണം; ‘മരണതാത്പര്യ പത്ര’ത്തില്‍ ഒപ്പുവച്ച് അവര്‍ പറയുന്നു

എന്താണ് മരണതാത്പര്യപത്രം അഥവ ലിവിംഗ് വില്‍ എന്നറിയാം

                       

എങ്ങനെ ജീവിക്കുന്നു, അതുപോലെ പ്രധാനമാണ് എങ്ങനെ മരിക്കണമെന്നുള്ള തീരുമാനവും. ജീവനൊടുക്കുന്നതിനെക്കുറിച്ചല്ല, ജീവിതം അവസാനിക്കുകയാണ് എന്ന് മനസിലാക്കുന്നിടത്ത്, അന്തസ്സോടെ മരണത്തെ സ്വീകരിക്കുന്നതിനെ കുറിച്ചാണ്. അന്തസ്സുള്ള മരണം! അതേ, അങ്ങനെയൊരു തീരുമാനം നിങ്ങളില്‍ എത്ര പേര്‍ക്കുണ്ട്?

ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും പിരിഞ്ഞ് അത്യാഹിത യൂണിറ്റിലെ തണുപ്പില്‍ യന്ത്രങ്ങളുടെ നടുവില്‍അന്ത്യശ്വാസം വരിക്കാന്‍ ഒരുക്കമല്ലെന്ന് പറയുന്നവരാണ്, അന്തസുള്ള മരണത്തിന് ആഗ്രഹിക്കുന്ന മനുഷ്യര്‍. അതിനവര്‍ ഉപയോഗപ്പെടുത്തുന്നത് നിയമത്തെയാണ്. ആരോഗ്യമുള്ളപ്പോള്‍ തന്നെ, സമാധാനവും അന്തസുമുള്ള മരണത്തിനു വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയ കുറച്ചു മനുഷ്യരെക്കുറിച്ചാണ് ഇനി പറയുന്നത്. living will

സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണ ഘടന പൗരന്മാര്‍ക്ക് നല്‍കുന്നുണ്ട്. സമാനമായി അന്തസോടെ മരിക്കാനുള്ള അവകാശം കൂടെ ഭരണഘടനക്ക് ഉറപ്പ് നല്‍കാന്‍ സാധിക്കുമോ എന്ന ചോദ്യം കാലങ്ങളായി ഉയര്‍ന്ന് കേള്‍ക്കുന്ന ഒന്നന്നാണ്. ഇതിനുള്ള മറുപടി എന്നോണം പ്രാബല്യത്തില്‍ കൊണ്ട് വന്നതാണ് ‘ലിവിങ് വില്‍’ അഥവാ ‘മരണതാത്പര്യപത്രം’. ഇന്ത്യയില്‍ ലിവിങ് വില്‍ നിയമവിധേയമാണെങ്കിലും ഭൂരിഭാഗം പേര്‍ക്കും ഇതിനെക്കുറിച്ച് ധാരണയില്ല എന്നതാണ് വാസ്തവം. ജീവിതത്തിലേക്ക് മടങ്ങിവരാനിടയില്ലെന്ന് ഉറപ്പായ രോഗാവസ്ഥയില്‍ കഴിയുന്ന ഒരു വ്യക്തി മെഡിക്കല്‍ സംവിധാനങ്ങളുടെ സഹായത്തോടെ തന്റെ മരണം നീട്ടിവെക്കേണ്ടതില്ല എന്നാഗ്രഹിക്കുന്നപക്ഷം അതനുവദിക്കാനുള്ള ഒരു വ്യവസ്ഥയാണ് മരണതാത്പര്യപത്രം വഴി മുന്നോട്ട് വയ്ക്കുന്നത്.

ദയാവധമല്ല, നല്ല മരണം
ഇതേ ആവശ്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് തൃശ്ശൂര്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ അംഗങ്ങളായ ഡോക്ടര്‍മാരും നഴ്സുമാരും സന്നദ്ധ പ്രവര്‍ത്തകരുമടക്കമുള്ള 32 പേര്‍ 2024 മാര്‍ച്ച് 12- ന് സ്വന്തം മരണതാത്പര്യപത്രത്തില്‍ ഒപ്പു വെച്ചു. ഇത്രയും പേര്‍ മരണ താല്പര്യ പത്രത്തില്‍ ഒപ്പ് വയ്ക്കുന്നത് ഇത് ആദ്യമായാണ്. കൂടുതല്‍ പേരിലേക്ക് ഈ സാധ്യത എത്തിക്കാന്‍ വേണ്ടിയാണ് ഇവര്‍ ഒന്നിച്ച് സ്വന്തം മരണതാത്പര്യപത്രത്തില്‍ ഒപ്പ് വച്ചതെന്ന് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. എന്‍ എന്‍ ഗോകുല്‍ദാസ് പറയുന്നു.

‘നമ്മുടെ ഭരണഘടനയുടെ ഇരുപത്തൊന്നാം അനുഛേദപ്രകാരം എല്ലാ ഇന്ത്യക്കാര്‍ക്കും ജീവിക്കുവാന്‍ അവകാശമുണ്ട് (Right to life). ജീവിക്കാനുള്ള അവകാശം എന്നു പറഞ്ഞാല്‍ വെറുതെ നിലനില്‍ക്കാനുള്ള അവകാശമല്ല, മറിച്ച് അന്തസ്സോടെ ജീവിക്കുവാനുള്ള അവകാശമാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം പോലെ ആരോഗ്യസുരക്ഷയും അതില്‍ പ്രധാനമാണ്. അങ്ങനെ വരുമ്പോള്‍, ജീവിതത്തിന്റെ ഒരു ഭാഗമാണ് മരണവും. അന്തസ്സോടെ മരിക്കാനുള്ള അവകാശവും അതില്‍ നൈസര്‍ഗ്ഗികമായി ഉള്‍പ്പെടുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണം, മരണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കില്ല. മരണത്തെ സ്വാഗതം ചെയ്താലും ഇല്ലെങ്കിലും അത് സംഭവിച്ചിരിക്കും. എത്രയും അന്തസ്സോടെയും സൗഖ്യത്തോടെയും മരണത്തെ പുല്‍കുക എന്നത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. പാലിയേറ്റീവ് കെയറിന്റെ അനേകം ഉദ്ദേശ ലക്ഷ്യങ്ങളില്‍ ഒന്ന് ഇത് കൂടെയാണ്. 1967ല്‍ ‘യൂത്തനേഷ്യ സൊസൈറ്റി ഓഫ് അമേരിക്ക’ യില്‍ നടത്തിയ പ്രഭാഷണത്തിലാണ്, ലൂയി കുറ്റ്നര്‍ (Luis Kutner) എന്ന ഇല്ലിനോയിസ് നിയമജ്ഞന്‍ ‘ലിവിങ് വില്‍’ എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. നിരവധി വ്യക്തികള്‍ തങ്ങളുടെ ജീവിതാവസാനത്തില്‍ നേരിട്ട ജീവിതവും മരണവും തമ്മിലുള്ള മല്‍പ്പിടുത്തം കണ്ടതിന് ശേഷമാണ് അദ്ദേഹം ഇത്തരം ഒരു ഒരാശയം രൂപീകരിച്ചത്. ഒരു വ്യക്തിയുടെ അന്ത്യ നിമിഷങ്ങളില്‍ അയാളുടെ ജീവിത ഗുണ നിലവാരം എത്ര മാത്രം ഉയര്‍ത്താന്‍ സാധിക്കുമോ അതാണ് ലിവിങ് വില്ലിലൂടെ ഉറപ്പ് വരുത്തുന്നത്. ബന്ധുക്കളില്‍ നിന്ന് വേര്‍പെട്ട് ഐ സി യു വിലെ തണുപ്പില്‍ വയറുകളുടെ നടുവില്‍ കിടന്നുകൊണ്ടുള്ള മരണം ഒരിക്കലും പ്രശാന്തമായ ഒന്നാകില്ല. മരണം പോലും ഒരു കച്ചവടമാകുന്ന ഇക്കാലത്ത് ലിവിങ് വില്‍ ഒരു ആവശ്യകത തന്നെയാണ്’, ഗോകുല്‍ ദാസിന്റെ വാക്കുകള്‍.

എന്റെ മരണം എനിക്ക് ആവശ്യമുള്ളത് പോലെ ആയിരിക്കണം, അതിനര്‍ത്ഥം മരുന്നുകള്‍ എടുക്കേണ്ട എന്നല്ല നിഷ്ഫലമായ മരുന്നുകളും ചികിത്സയും നല്‍കി മരണം കൂടുതല്‍ ക്ലേശകരം ആകാന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ഞങ്ങളുടെ ആഗ്രഹം എന്നും ഗോകുല്‍ ദാസ് കൂട്ടിച്ചേര്‍ക്കുന്നു.

‘ഞാന്‍ കാന്‍സറിനെ അതിജീവിച്ച 11 മത്തെ വര്‍ഷമാണിത്. ഇനിയും അസുഖം വന്നാല്‍ 75 വയസ് കഴിഞ്ഞ എനിക്ക് വളരെ തീക്ഷണമായ ചികിത്സാ രീതികള്‍ ആയിരിക്കും വേണ്ടി വരിക. അത് വേണ്ട എന്ന് തീരുമാനിക്കാന്‍ ഉള്ള അവകാശം എനിക്കുണ്ട്. കാരണം ഈ ശരീരത്തിന്റെ ഉടമസ്ഥന്‍ ഞാനാണ്. അന്ത്യ നിമിഷങ്ങളില്‍ ഒരു പക്ഷെ ഞാന്‍ സംസാരിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരിക്കും, അതുകൊണ്ട് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു രേഖ വഴി സാധ്യമാക്കുകയാണ് ഞാന്‍. ആദ്യ ഘട്ടത്തില്‍ 32 പേരാണ് ലിവിങ് വില്ലില്‍ ഒപ്പ് വച്ചത്. ഇനിയും ആളുകള്‍ തയ്യാറായി ഇരിക്കുകയാണ്. 25 കൊല്ലങ്ങള്‍ക്ക് ശേഷം ഉള്ള കേരത്തില്‍ അധികവും 85 വയസ് പിന്നിട്ട വിധവകള്‍ ആയിരിക്കും കൂടുതല്‍. എന്തിനു വേണ്ടി ഇവര്‍ ബുദ്ധിമുട്ടണം, ലിവിങ് വില്ലിനെ ഒരു മനുഷ്യാവകാശത്തിന്റെ മുന്നേറ്റം ആയികൂടിയാണ് ഞങ്ങള്‍ ഓരോരുത്തരും കാണുന്നത് എന്നും ഗോകുല്‍ ദാസ് പറയുന്നു.

തീവ്ര പരിചരണം വേണ്ട എന്ന് പറയുമ്പോഴും പാലിയേറ്റീവ് ചികിത്സകള്‍ സ്വീകരിക്കാന്‍ സാധിക്കും എന്നുകൂടി ഡോക്ടര്‍ ഗോകുല്‍ ദാസ് ഇതിനൊപ്പം വ്യക്തമാക്കുന്നുണ്ട്.

‘രോഗിയുടെ ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഏത് തരത്തിലുള്ള ചികിത്സാരീതികളും ലിവിങ് വില്ലില്‍ ഒപ്പിട്ട വ്യക്തിക്ക് സ്വീകരിക്കാന്‍ സാധിക്കും. ലിവിങ് വില്ലില്‍ ഒപ്പിട്ട വ്യക്തിക്ക് നല്‍കേണ്ട ചികിത്സകളില്‍ നിയമത്തിനപ്പുറം ഒന്നും ആവശ്യപ്പെടാന്‍ സാധിക്കില്ല. മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ കൂടി വേണ്ടിയാണ് ചിലരെങ്കിലും ഐസിയുവിലും മറ്റും ഉറ്റവരെ മാസങ്ങളോളം കിടത്തുന്നത്, അത് ഒഴിവാക്കാന്‍ കൂടെ ലിവിങ് വില്‍ സഹായിക്കും. യഥാര്‍ത്ഥത്തില്‍ യൂത്തനേഷ്യ എന്ന വാക്കിന്റെ അര്‍ഥം ‘നല്ല മരണം’ എന്നാണ്. അത് വിവര്‍ത്തനം ചെയ്തപ്പോള്‍ ദയാവധം എന്നായതാണ്.

എന്താണ് ലിവിങ് വില്‍?
ചികിത്സയിലൂടെ ഭേദമാക്കാന്‍ സാധിക്കാത്തതാണ് അസുഖം എന്ന് കൃത്യമായ ധാരണ ഉള്ള ഒരു വ്യക്തിയ്ക്ക് തന്റെ മരണം നീട്ടിവെക്കാനായി മെഡിക്കല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതിരിക്കാനും അല്ലെങ്കില്‍ നിലവില്‍ ഉള്ള സംവിധാനങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് മുന്‍കൂട്ടി തയ്യാറാക്കാക്കി വെക്കാവുന്ന പ്രമാണമാണ് ലിവിങ് വില്‍ (Living Will) അഥവ മരണതാത്പര്യപത്രം. ഈ ലിവിങ് വില്‍ മുന്‍കൂട്ടി തയ്യാറാക്കിയ ഒരു വ്യക്തിക്ക് നിഷ്‌ക്രിയ ദയാവധം (Passive Euthanasia) അനുവദിക്കാമെന്ന് 2018-ല്‍ സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. 2018- ലെ സുപ്രിം കോടതിയുടെ ഈ വിധിയോടെയാണ് മരണതാത്പര്യപത്രം നിയമവിധേയമായത്.

ലിവിങ് വില്‍ തയ്യാറാക്കുന്നതിന് കൃത്യമായ നിബന്ധനകളും സുപ്രിം കോടതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. മരണതാത്പര്യപത്രം തയ്യാറാക്കുന്ന വ്യക്തിക്ക് പ്രായപൂര്‍ത്തിയാകണം, ജീവന്‍ നീട്ടിക്കൊണ്ടുപോകാനുള്ള ചികിത്സ നിര്‍ത്തിവയ്ക്കേണ്ട അല്ലെങ്കില്‍ അവസാനിപ്പിക്കേണ്ട സാഹചര്യം എന്താണെന്ന വ്യക്തമായ ധാരണയുണ്ടായിരിക്കണം, തന്റെ ശരീരത്തില്‍ എന്തുചെയ്യാം, ചെയ്യാന്‍ പാടില്ല എന്ന തീരുമാനം ആരോഗ്യമുള്ളപ്പോള്‍, മറ്റുള്ളവരുടെ സ്വാധീനം കൂടാതെ വേണം കൈക്കൊള്ളാന്‍ തുടങ്ങിയ വ്യവസ്ഥകളാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ബെഞ്ച് മുന്നോട്ടുവെച്ചത്. ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തിന്റെ ബാക്കിയാണ് പൗരന്റെ അന്തസ്സോടെയുള്ള മരണത്തിനുള്ള അവകാശമെന്ന് സുപ്രിം കോടതി വിധി പ്രസ്താവത്തില്‍ വ്യക്തമാക്കിയിരുന്നു.

രോഗി ആവശ്യപ്പെടുന്ന തരത്തില്‍ സുഖകരമായ ഒരു മരണം ആണ് ലിവിങ് വില്‍ പ്രധാനം ചെയുന്നത് എന്ന് പറയുകയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ ആയ ഡോക്ടര്‍ ദിവാകരന്‍.

‘1997 ആണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി സ്ഥാപിക്കുന്നത്. അന്ത്യാകാല പരിചരണത്തില്‍ വിഫലമായ ചികിത്സകള്‍ അത് എത്രമാത്രം മരണത്തിന്റെ അന്തസ് ഇല്ലാതെ ആക്കും എന്നത് വര്‍ഷങ്ങളായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന വിഷയമാണ്. പക്ഷെ അന്ത്യകാലത്തോട് അടുക്കുമ്പോള്‍ പലരും തീരെ അവശനിലയില്‍ ആയിരിക്കും ആ സമയങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ആയിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ അടുത്ത ബന്ധുക്കളും മക്കളും ഒക്കെ ആണ് ഇവര്‍ക്ക് വേണ്ടി തീരുമാനം എടുക്കുക അത് രോഗികളുടെ യഥാര്‍ത്ഥ ആവശ്യത്തിന് എതിരായിരിക്കും. അതുകൊണ്ട് തന്നെ ശരീരവും മനസും നല്ല അവസ്ഥയില്‍ ആയിരിക്കുമ്പോള്‍ സ്വന്തം ചികിത്സ എങ്ങനെ ആയിരിക്കണം എന്ന് രോഗിയെ തീരുമാനിക്കാന്‍ സഹായിക്കുന്നതാണ് മരണതാത്പര്യപത്രം. മരണത്തിലെ അന്തസ് ഉറപ്പ് വരുത്തുക എന്നതാണ് ഈ ലിവിങ് വില്‍ വഴി സാധ്യമാകുന്നത്. ലിവിങ് വില്ലില്‍ ഒപ്പ് വയ്ക്കുന്നത് വഴി അന്ത്യകാലങ്ങളില്‍ രോഗി വേണ്ട എന്ന് പറയുന്ന ഒരു ചികിത്സയും നല്‍കാന്‍ ആര്‍ക്കും സാധിക്കില്ല. ആദ്യത്തെ വിധി പ്രകാരം ലിവിങ് വില്‍ ഏതെങ്കിലും ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെ കൊണ്ട് അറ്റെസ്‌റ് ചെയ്യിക്കണം എന്നായിരുന്നു. പക്ഷെ, നിലവില്‍ ഏതെങ്കിലും ഗസറ്റഡ് ഉദ്യോഗസ്ഥന്‍ മതി എന്നാക്കി മാറ്റിയിട്ടുണ്ട്. ഞാനും ഇവരോടപ്പം മരണതാത്പര്യപത്രത്തില്‍ ഒപ്പ് വച്ചിട്ടുണ്ട്’.

ഒരു നേഴ്‌സ് ആയി വര്‍ഷങ്ങളോളം ജോലി ചെയ്തതിന്റെ വെളിച്ചത്തില്‍ കൂടിയാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നു പറയുകയാണ് ലിവിങ് വില്ലില്‍ ഒപ്പ് വച്ച ലില്ലി സിസ്റ്റര്‍.

’30 വര്‍ഷത്തോളം നഴ്‌സിംഗ് സൂപ്രണ്ട് ആയി മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്ത വ്യക്തിയാണ് ഞാന്‍. ഒരു രോഗിയെ അവര്‍ക്ക് ആവശ്യമില്ലെങ്കില്‍ പോലും ഐസിയു- വില്‍ കിടത്തുക ആശുപത്രികളുടെ പതിവാണ്. ലിവിങ് വില്‍ എന്ന ആശയം വന്നപ്പോഴേ എന്റെ മനസ്സില്‍ വന്നത് ഇക്കാര്യമാണ്. ഭാവിയില്‍ എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍ എന്റെ ആഗ്രഹം എന്താണെന്ന കാര്യത്തില്‍ എന്റെ മക്കള്‍ക്ക് യാതൊരു വിധത്തിലുമുള്ള ആശയ കുഴപ്പവും ഉണ്ടാകാന്‍ പാടില്ല. എന്റെ മകളെ ഞാന്‍ ദത്തെടുത്തതാണ്. ഞാന്‍ അന്ത്യ നിമിഷങ്ങളോട് അടുക്കുമ്പോള്‍ എന്റെ സഹോദരങ്ങള്‍ തന്നെ ഒരു പക്ഷെ അവളെ ചോദ്യം ചെയ്‌തേക്കാം. ആ സമയങ്ങളില്‍ എന്റെ ഭാഗം വിശദീകരിക്കാനോ ആവശ്യം എന്താണെന്ന് പറയാനോ ഉള്ള ധൈര്യം ഇല്ലാത്ത അവസ്ഥയിലായിരിക്കും ഞാന്‍. അതുകൊണ്ടാണ് മനസും ശരീരവും ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ തന്നെ ഇത്തരം ഒരു തീരുമാനം എടുക്കുന്നത്. ഇത്രയും കാലമായി ആശുപത്രി മേഖലയില്‍ ജോലി ചെയ്തത് കൊണ്ട് ഒരു പാട് രോഗികള്‍ കഷ്ട്ടപ്പെടുന്നത് നേരില്‍ കണ്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. യന്ത്രങ്ങളുടെ സഹായം കൊണ്ട് മാത്രം ജീവന്‍ നിലര്‍ത്തി യാതനകള്‍ സഹിച്ച് ഒടുവില്‍ മരണത്തിന് കീഴടങ്ങാന്‍ ഞാന്‍ തയ്യാറല്ല. അന്തസ്സോടെയുള്ള മരണാണ് ഞാന്‍ മുന്നില്‍ കാണുന്നത്’.

കുടുംബത്തില്‍ നിന്ന് പ്രത്യേകിച്ച് എതിര്‍പ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആരും എന്നെ ഇത്തരം ഒരു പ്രവൃത്തിയില്‍ നിന്ന് നിരുത്സാഹപ്പെടുത്തിയില്ല എന്ന് പറയുന്നതാകും ശരി. എന്റെ പിതാവ് ഒരു പാട് കഷ്ടപ്പെട്ടാണ് മരിച്ചത്. അന്ത്യ നാളുകളില്‍ ഐ സിയുവിന്റെ തണുപ്പില്‍ കിടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങള്‍ എല്ലാവരും അടുത്ത് ഇരിക്കണം എന്നാണ് പക്ഷെ അതിനു സാധിച്ചില്ല. അത്തരത്തില്‍ ഉള്ള ഒരു മരണം ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലില്ലി സിസ്റ്റര്‍ പറയുന്നു.

ലിവിങ് വില്ലില്‍ ഒപ്പ് വച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് സിനി. ആരോഗ്യവതിയായ സിനിയെയാണ് എന്റെ കുടുംബത്തിന് ആവശ്യം. മരുന്നുകളുടെ ബലത്തില്‍ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുന്ന ഒരു പരീക്ഷണ വസ്തുവായി ജീവിക്കാന്‍ താല്പര്യം ഇല്ലെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിലേക്ക് സിനിയെ എത്തിച്ചത്. 38 വയസ് മാത്രമുള്ള സിനി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്.

‘2014 ല്‍ ആണ് ഞാന്‍ ആദ്യമായി സ്റ്റാഫ് നഴ്സ് ആയി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറില്‍ ജോലിക്കെത്തുന്നത്. എന്റെ അയല്‍വാസിയായിരുന്ന വര്‍ഗീസ് അപ്പച്ചന്‍ വഴിയാണ് പാലിയേറ്റിവ് എന്ന സ്ഥാപനത്തെ കുറിച്ച് അറിയുന്നത്. വര്‍ഗീസ് അപ്പച്ചന്‍ തന്നെയാണ് ഞാന്‍ ഒരു നഴ്സ് ആകാനുള്ള കാരണവും. എന്റെ മാതാപിതാക്കളെക്കാള്‍ കൂടുതല്‍ എന്നെ വളര്‍ത്തിയത് അദ്ദേഹമാണ്. ഇവിടെ ജോലി ചെയ്യാന്‍ തുടങ്ങിയപ്പോഴേ അവയവദാനം ചെയ്യണം എന്നെല്ലാം ഉണ്ടായിരുന്നു, പക്ഷെ അതിനൊന്നും വീട്ടില്‍ നിന്ന് അനുവദിച്ചില്ല. ഗോകുല്‍ ദാസ് സാര്‍ വഴിയാണ് ലിവിങ് വില്‍ എന്ന ആശയത്തെ കുറിച്ച് അറിയുന്നത്. കൂടുതല്‍ അറിഞ്ഞപ്പോള്‍ എനിക്കും ഇവരുടെ കൂടെ ചേരണം എന്ന ആഗ്രഹം ഉദിച്ചു. രണ്ടു കാലില്‍ ഓടിനടന്ന് ജോലികള്‍ ചെയ്യുകയും മറ്റുള്ളവരെ ശ്രുശൂഷിക്കുകയും ചെയുന്ന ആളാണ്, ആ എന്നെയാണ് എല്ലാവര്‍ക്കും അറിയുന്നത്. നാളെ ഞാന്‍ വീണു പോയാല്‍ ജീവിതത്തിലേക്ക് തിരികെ വരാന്‍ സാധിക്കില്ല എന്ന പൂര്‍ണ ബോധ്യം ഉണ്ടാകുമ്പോള്‍ സമാധാനത്തോടെ മരിക്കാന്‍ ആണ് എന്റെ ആഗ്രഹം. ഒരു പരീക്ഷണ വസ്തുവാകാന്‍ ആഗ്രഹിക്കുന്നില്ല. ജീവന്‍ മാത്രം അവശേഷിക്കുന്ന ഒരു സിനിയെ എന്റെ കുടുംബത്തിനും എനിക്കും വേണ്ട. ആര്‍ക്കും ഒരു ഭാരമാകാന്‍ ഒരു തരത്തിലും ഞാന്‍ ആഗ്രഹിക്കുന്നില്ല. ആ ആഗ്രഹം ഉള്ളില്‍ കിടക്കുന്നത് കൊണ്ടാണ് ഈ തീരുമാനത്തിലേക്ക് എത്തിയത്’.

ഭര്‍ത്താവും രണ്ട് മക്കളും അടങ്ങുന്ന എന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളും എന്റെ ഈ തീരുമാനത്തിന് ആദ്യം എതിരായിരുന്നു. എന്റെ ഒരു ഫോട്ടോ പത്രത്തില്‍ അച്ചടിച്ച് വന്ന വാര്‍ത്ത വായിച്ച് കരഞ്ഞുകൊണ്ടാണ് എന്റെ അമ്മ ഈ തീരുമാനത്തോട് പ്രതികരിച്ചത്. എല്ലാവരെയും പറഞ്ഞ് മനസിലാക്കാന്‍ കുറച്ച് സമയം എടുത്തെങ്കിലും ഒടുവില്‍ അവരും എന്റെ കൂടെ നില്‍ക്കുകയായിരുന്നു’.

content summary; ‘ die with dignity ‘ living will and its relevance

സമരിയ സൈമണ്‍

സമരിയ സൈമണ്‍

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍