2014 നു ശേഷം, ഇന്ത്യയുടെ ഡിജിറ്റല്‍ പണമിടപാടുകളില്‍ ഒരു കുതിച്ചുചാട്ടം ഉണ്ടായി. സര്‍ക്കാരിന്റെ പ്രോത്സാഹനവും, ഇന്റര്‍നെറ്റ് ജനകീയമായതും, സ്മാര്‍ട്ട് ഫോണ്‍ കൂടുതല്‍ പേരിലേക്ക് എത്തിയതും, ഇന്ത്യയില്‍ ഇ കോമേഴ്സ് വളര്‍ന്നതുമെല്ലാം ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടാന്‍ സഹായിച്ചു. ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റുകളുടെ മൂല്യം 2019 ല്‍ 1,775 ലക്ഷം കോടിയില്‍ നിന്ന് 2024 അവസാനത്തോടെ 2,830 ലക്ഷം കോടിയായി വളര്‍ന്നു. 2023-24 ല്‍ ഇന്ത്യയിലെ ഡിജിറ്റല്‍ പേയ്മെന്റുകള്‍ 2017-18 നെ അപേക്ഷിച്ച് 44% ആണ് ഇത് കൂടിയിരിക്കുന്നത്. 2024 ഒക്ടോബറില്‍, യുപിഐ 16.58 ബില്യണ്‍ ഇടപാടുകള്‍ നടത്തി. 2023 ഒക്ടോബറിനെ അപേക്ഷിച്ച് 45% വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ആര്‍ബിഐ പ്രസിദ്ധീകരിച്ച ഡിജിറ്റല്‍ പേയ്മെന്റ് സൂചിക 2018 മാര്‍ച്ചില്‍ 100 ല്‍ നിന്ന് 2024 മാര്‍ച്ചില്‍ 445.50 ആയി ഉയര്‍ന്നു. ഇത്രയെല്ലാം ഡിജിറ്റല്‍ പണമിടപാടുകള്‍ ഇന്ത്യയില്‍ കൂടിയിരിക്കുന്നുണ്ടെങ്കിലും, ഇതുമൂലം അസമത്വം കൂടുന്നു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.digital payments increasing inequality in India?
സാമൂഹ്യ-സാമ്പത്തിക സ്വാധീനം
പഠനങ്ങള്‍ പ്രകാരം, സ്മാര്‍ട്ട് ഫോണുകളും ഇന്റര്‍നെറ്റും ഉപയോഗിക്കുന്ന, സാങ്കേതിക വിദ്യയില്‍ കൂടുതല്‍ അറിവുള്ള വിഭാഗമാണ് ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നത്. ഇന്ത്യയിലെ സാധാരണ ഡിജിറ്റല്‍ പേയ്മെന്റ് ഉപയോഗിക്കുന്നവര്‍ പ്രായം കുറഞ്ഞവരും, നഗരങ്ങളില്‍ ഉള്ളവരും, ഉയര്‍ന്ന വരുമാനക്കാരും, നല്ല വിദ്യാഭ്യാസം ഉള്ളവരും ആണ്. ഈ ഒരു കൂട്ടര്‍ക്ക് വൈറ്റ് കോളര്‍ ജോലികള്‍ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഗ്രാമ പ്രദേശങ്ങളില്‍ ഉള്ളവര്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തുന്നില്ല എന്നല്ല ഇതിനര്‍ത്ഥം. ഫോണ്‍ പേ, പേടിഎം പോലുള്ള യുപിഐ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ ഇന്ത്യയിലെ ഗ്രാമ പ്രദേശങ്ങളിലും ധാരാളമുണ്ട്. ഡിജിറ്റല്‍ സാക്ഷരത കൂടുന്നതിനാല്‍ ഗ്രാമ പ്രദേശങ്ങളിലും ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുന്നുണ്ട്. എന്നാല്‍ മൈക്രോ ഫിനാന്‍സ് കമ്പനികളുടെയും മറ്റ് കഴുത്തറപ്പന്‍ വായ്പ ആപ്പുകളിലും പെടുന്നവരില്‍ ഗ്രാമ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ കൂടുതലാണ്.
എങ്ങനെ അസമത്വം കൂട്ടുന്നു?
ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് ആവശ്യമായ സ്മാര്‍ട്ട്ഫോണുകള്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ എല്ലാവര്‍ക്കും ലഭ്യമല്ല. ഇത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെ ഒഴിവാക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷനും, ബാങ്ക് അക്കൗണ്ടും, സ്മാര്‍ട്ട് ഫോണും ഉണ്ടെങ്കില്‍ കൂടി, സാമ്പത്തിക സാക്ഷരത ഇല്ലാത്തതും സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ഡിജിറ്റല്‍ പണമിടപാടുകളില്‍ നിന്നുള്ള നേട്ടമെടുക്കുന്നതില്‍ നിന്ന് തടയുന്നുണ്ട്.

സാമ്പത്തിക സാക്ഷരത ഉള്ളവര്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതുപോലെ തന്നെ സാമ്പത്തിക അവസരങ്ങള്‍ ഉപയോഗിക്കുന്നതിന്റെ വ്യത്യാസമാണ് അസമത്വം ഉണ്ടാക്കുന്നത്. ഉദാഹരണത്തിന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഓരോ പ്രാവശ്യവും കാര്‍ഡ് ഉപയോഗിച്ച ശേഷം റിവാര്‍ഡ് പോയന്റ്റുകള്‍ ലഭിക്കും. അത് ഉപയോഗിച്ച് അവര്‍ക്ക് വീണ്ടും കുറഞ്ഞ തുകയ്ക്ക് സാധനങ്ങള്‍ വാങ്ങാം. അതുപോലെ യുപിഐ ഉപയോഗിക്കുന്നവര്‍ക്കും പല പ്ലാറ്റ് ഫോമുകളിലും ഉപയോഗിക്കാവുന്ന ഓഫറുകള്‍ ഉണ്ട്. അതുകൂടാതെ, ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് നേരിട്ട് വാങ്ങുന്നവരേക്കാള്‍ വില കുറവിന് സാധനങ്ങളും, സേവനങ്ങളും ലഭിക്കുന്നുവെന്ന് പല പഠനങ്ങളിലും സൂചനയുണ്ട്. ഓണ്‍ലൈന്‍ വഴി വാങ്ങുന്നവരില്‍ ഭൂരിഭാഗവും ഓണ്‍ലൈന്‍ ആയി തന്നെ പണമിടപാടുകള്‍ നടത്തുന്നവരാണ് എന്നും മനസിലാക്കണം. ബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കാനും സിബില്‍ സ്‌കോര്‍ നല്ലതായി നിലനിര്‍ത്താനും സാമ്പത്തിക സാക്ഷരത ഉള്ളവര്‍ക്ക് സാധിക്കുന്നു എന്ന കാര്യവും ഇവിടെ കൂട്ടി വായിക്കാം.
ഓണ്‍ലൈന്‍ ഇടപാടുകള്‍ സമ്പത്ത് വളര്‍ത്തുന്നു
പ്രീമിയം സാമ്പത്തിക സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഉള്ള അവസരങ്ങള്‍ പലപ്പോഴും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തുന്നവര്‍ക്കാണ് കൂടുതലായി ലഭിക്കുന്നത്. ഓഹരി വിപണി, ബാങ്കിംഗ് സൗകര്യങ്ങള്‍, കുറഞ്ഞ പലിശയ്ക്കുള്ള വായ്പ, ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ കൂടുതലായി വരുന്നതിനാല്‍ ഇത് സമൂഹത്തിലെ താഴെ തട്ടുകാര്‍ക്ക് അത്രകണ്ട് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ബാങ്കുകളില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുന്നതും, ഇന്‍ഷുറന്‍സ് പ്രീമിയം ഓണ്‍ലൈന്‍ എടുക്കുമ്പോള്‍ കുറഞ്ഞ തുക അടച്ചാല്‍ മതി എന്നതും, ഇന്ത്യയുടെ വളരുന്ന ഓഹരി വിപണിയില്‍ നിന്നും ലഭിക്കുന്ന നേട്ടങ്ങളും ഓണ്‍ലൈന്‍ ആയി ഇടപാട് നടത്തുന്നവരിലേക്ക് കൂടുതലായി എത്തുന്നുണ്ട്. സാങ്കേതിക വിദ്യ പരിജ്ഞാനവും, സാമ്പത്തിക സാക്ഷരതയും ഉണ്ടെങ്കിലേ ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ നിന്ന് നേട്ടമെടുക്കാനാകൂ എന്ന് ചുരുക്കം. സാമ്പത്തിക, സാങ്കേതിക സാക്ഷരത ഇല്ലാത്തത് ഒരു വലിയ അന്തരം സമൂഹത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇതുമൂലം പലര്‍ക്കും, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയില്‍ നിന്ന് നേട്ടമെടുക്കാന്‍ കഴിയാത്ത ഒരു സാഹചര്യം ഉണ്ട്. ഇത് സാമ്പത്തിക അവസരങ്ങളിലെ അസമത്വത്തിലേക്ക് നയിക്കുകയും സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
സൗകര്യങ്ങളുണ്ട്, ഉപയോഗിക്കാനറിയില്ല
സ്മാര്‍ട്ട് ഫോണും, ഇന്റര്‍നെറ്റും, ഉണ്ടായിട്ട് പോലും, ഓണ്‍ലൈന്‍ ആയി ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനാകാത്ത ഒരു വലിയ വിഭാഗവും നമ്മുടെ നാട്ടില്‍ ഉണ്ട്. മുതിര്‍ന്ന പല പൗരന്മാരും ഈ ഒരു വിഭാഗത്തില്‍ വരുന്നവരാണ്. ഇന്‍ഷുറന്‍സ് കൂടി ഡിജിറ്റല്‍ ആക്കുകയും, ഡീമാറ്റ് അക്കൗണ്ടിലൂടെ ഇന്‍ഷുറന്‍സ് ഇടപാടുകള്‍ വേണമെന്ന നിയമം വന്നാല്‍ പോലും ഈ കൂട്ടര്‍ക്ക് മറ്റുള്ളവരെ ആശ്രയിച്ചു മാത്രമേ പണമിടപാടുകള്‍ സാധ്യമാകൂ. സാമ്പത്തിക സാക്ഷരത ഇല്ലാത്തത് മാത്രമല്ല,
സാമ്പത്തിക ആത്മവിശ്വാസം കുറവും ഈ കൂട്ടര്‍ക്ക് ഉണ്ട്. ഓണ്‍ലൈന്‍ ഇടപാടുകളിലെ തട്ടിപ്പുകളും ഇവരെ ഇതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. ബാങ്ക് സ്ഥിര നിക്ഷേപങ്ങളില്‍ മാത്രം ആശ്രയിച്ച് ജീവിക്കുന്നവരാണ് ഇവര്‍. ചിട്ടികള്‍, പോസ്റ്റ് ഓഫീസ് നിക്ഷേപം ചെറുകിട നിക്ഷേപ പദ്ധതികള്‍ എന്നിവയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. പണപ്പെരുപ്പത്തെ മറികടന്നുള്ള സമ്പാദ്യം വളര്‍ത്താനുള്ള വൈദഗ്ധ്യം ഇല്ലാത്തതിനാല്‍, സ്മാര്‍ട്ട് ഫോണും, ഇന്റര്‍നെറ്റും, ബാങ്ക് അക്കൗണ്ടും, ഇഷ്ടം പോലെ പണവും ഉണ്ടെങ്കില്‍ കൂടി ഡിജിറ്റല്‍ പണമിടപാടുകളിലെ നേട്ടം സ്വന്തമാക്കാന്‍ ഇവര്‍ക്ക് ആകുന്നില്ല. പരിമിതമായ സാമ്പത്തിക പരിജ്ഞാനമുള്ള വ്യക്തികള്‍ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനങ്ങളിലെ കൊള്ളയടിക്കുന്ന വായ്പാ രീതികള്‍ക്ക് കൂടുതല്‍ ഇരയാകുന്നുണ്ട്.
എന്താണ് പരിഹാരം?
കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗവും നല്ല വളര്‍ച്ചയും ഉണ്ടായിരുന്നിട്ടും, 2017 ലെ കണക്കുകള്‍ അനുസരിച്ച് 190 ദശലക്ഷം ഇന്ത്യക്കാര്‍ക്ക് ബാങ്കിംഗ് സൗകര്യങ്ങള്‍ ഇല്ലായിരുന്നു. സര്‍ക്കാരിന്റെ ക്ഷേമ നിധി പോലുള്ള പദ്ധതികളിലും കോവിഡ് സമയത്ത് പോലും പലര്‍ക്കും സേവങ്ങള്‍ ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട് ഇല്ലാത്തത് തടസമായി. 2024 ലെ കണക്കുകള്‍ നോക്കുമ്പോള്‍ സുരക്ഷിതവും സാങ്കേതികവിദ്യാധിഷ്ഠിതവുമായ ബാങ്കിംഗ് സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക്
എത്തിയിട്ടുണ്ടെങ്കില്‍ കൂടി അത് സുരക്ഷിതമായി ഉപയോഗിക്കാന്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല. ബാങ്ക് സേവനങ്ങള്‍ ഇല്ലാത്ത കുഗ്രാമങ്ങളില്‍ മൈക്രോ ഫിനാന്‍സ് കമ്പനികള്‍ ഗ്രാമീണരെ ചൂഷണം ചെയ്യുന്ന അവസ്ഥയും ഉണ്ട്.

അതുകൊണ്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളിലേക്കും ഡിജിറ്റല്‍ സാക്ഷരതാ പരിപാടികളിലേക്കും പ്രവേശനം
പ്രോത്സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ കൂട്ടണം. ഡിജിറ്റല്‍ സാക്ഷരത കുറവുള്ള വ്യക്തികള്‍ക്ക് അനുയോജ്യമായ ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസുകളും സവിശേഷതകളും ഉള്ള അടിസ്ഥാന ഓണ്‍ലൈന്‍ പണമിടപാട് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം കൊടുക്കണം.
യുപിഐ പണമിടപാടുകള്‍ ഇന്ത്യയില്‍ ഒരു സാമ്പത്തിക വിപ്ലവം തന്നെ ഉണ്ടാക്കി. റോഡരികില്‍ പച്ചക്കറി വില്‍ക്കുന്നവര്‍ തൊട്ട്, വിദ്യാഭ്യാസം തീരെ ഇല്ലാത്തവര്‍ വരെ ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്തിത്തുടങ്ങി എന്നുള്ളത് അംഗീകരിക്കേണ്ട ഒരു സത്യമാണ്. എന്നാല്‍ ഇന്ത്യയുടെ വളരുന്ന ഓഹരി വിപണിയില്‍ നിന്ന് നേട്ടമെടുക്കാനോ, ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്തി കാര്യക്ഷമതയോടെ പണം കൈകാര്യം ചെയ്യാനോ ഇപ്പോഴും ബഹുഭൂരിപക്ഷത്തിനും അറിയില്ല എന്നതാണ് അവസ്ഥ. സ്വന്തമായി ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്താന്‍ അറിയാത്തതിനാല്‍ തട്ടിപ്പുകാരുടെ വലയില്‍പെട്ട് ജീവിതത്തിലെ സമ്പാദ്യം മുഴുവന്‍ നഷ്ടമാക്കുന്ന അവസ്ഥയും ഓരോ ദിവസവും പത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഓണ്‍ലൈന്‍ പണമിടപാടുകള്‍ സ്വന്തമായി നടത്താന്‍ സാധിച്ചിരുന്നെങ്കില്‍ പലരും ഇത്തരം കെണികളില്‍ വീഴില്ലായിരുന്നു. പലതരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, ഓഹരി വിപണിയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ ആണ്
ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത്. സാധാരണക്കാരുടെ സാമ്പത്തിക സാക്ഷരത കൂട്ടിയാല്‍ ഇത്തരം തട്ടിപ്പുകള്‍ ഒരുപരിധി വരെയെങ്കിലും ഒഴിവാക്കാനാകും.
ഇന്ത്യയില്‍ മാത്രമല്ല യൂറോപ്പിലും, ഡിജിറ്റല്‍ പണമിടപാട് കൂടുതലുള്ള മറ്റ് സമ്പദ് വ്യവസ്ഥകളിലും അസമത്വം കൂടുന്നു എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയില്‍ വളര്‍ച്ച കൂടുന്ന ഈ കാലഘട്ടത്തില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ കൂടുന്നത് തന്നെയാണ് സമ്പദ് വ്യവസ്ഥയ്ക്ക് നല്ലതെങ്കിലും, അസമത്വം കൂടുവാന്‍ ഇത് കാരണമാകുന്നുണ്ടെങ്കില്‍ അതിനുള്ള പരിഹാരങ്ങളെക്കുറിച്ചും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. ഡിജിറ്റല്‍ പണമിടപാടുകള്‍ കൂട്ടുന്നത് മാത്രമല്ല, അത് സുരക്ഷിതമായി ഉപയോഗിക്കാനും, അത് ഉപയോഗിച്ച് സമ്പത്ത് വളര്‍ത്താനും സാധാരണക്കാരെ സര്‍ക്കാര്‍ പ്രാപ്തരാക്കണം.digital payments increasing inequality in India?
Content Summary: digital payments increasing inequality in India?