June 04, 2026 |
Share on

നടിക്കെതിരെ ആക്രമണം: തനിക്ക് നേരെ നടന്നത് ക്വട്ടേഷന്‍- ദിലീപ്

ജനങ്ങളുടെ മനസില്‍ തനിക്കെതിരെ വിഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്

യുവനടി ഓടുന്ന വാഹനത്തില്‍ വച്ച് അതിക്രമിക്കപ്പെട്ട സംഭവത്തില്‍ തന്നെ പ്രതിയാക്കാന്‍ ഗൂഢാലോചന നടന്നതായി നടന്‍ ദിലീപ്. ജനങ്ങളുടെ മനസില്‍ തനിക്കെതിരെ വിഷം കുത്തിവയ്ക്കാനുള്ള ശ്രമങ്ങളാണ് നടന്നത്. തന്റെ പ്രതിച്ഛായയും സിനിമ ജീവിതവും തകര്‍ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

സംഭവത്തിലെ കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് അതിനാല്‍ തന്നെ തന്റെ ആവശ്യമാണ്. മാധ്യമങ്ങളല്ല, പ്രേക്ഷകരാണ് തന്നെ വളര്‍ത്തി വലുതാക്കിയതെന്നും ദിലീപ് പുതിയ ചിത്രമായ ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ഓഡിയോ റിലീസിനിടെ പറഞ്ഞു. പ്രേക്ഷകരെ തന്നില്‍ നിന്നും അകറ്റാനുള്ള ക്വട്ടേഷനാണ് ഇവിടെ നടന്നത്. തനിക്ക് ഇത്രമാത്രം ശത്രുക്കളുണ്ടായിരുന്നെന്ന് അറിയില്ലായിരുന്നെന്നും അദ്ദേഹം വികാരനിര്‍ഭരനായി പറഞ്ഞു. എനിക്കും അമ്മയും മകളും സഹോദരിയുമുണ്ട്. മനസ് തകര്‍ന്ന് ജീവിതം മടുത്ത അവസ്ഥയിലായിരുന്നു ഈ ദിവസങ്ങളില്‍. ഇങ്ങനെ ഉപദ്രവിക്കാന്‍ താന്‍ എന്ത് തെറ്റാണ് ചെയ്തതെന്ന് അറിയില്ല.

ദൈവത്തിലും പ്രേക്ഷകരിലും രാജ്യത്തെ നിയമത്തിലും മാത്രമാണ് തനിക്ക് വിശ്വാസമുള്ളത്. കുറെനാളുകള്‍ക്ക് ശേഷമാണ് താന്‍ പൊതുവേദിയിലെത്തുന്നത്. അതിനാലാണ് ഇപ്പോള്‍ ഇതേക്കുറിച്ച് സംസാരിക്കുന്നതെന്നും ദിലീപ് കൂട്ടിച്ചേര്‍ത്തു. തനിക്കൊപ്പം ഏറ്റവുമധികം ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് ആക്രമിക്കപ്പെട്ടത്. എല്ലാവരെയും പോലും താനും അത് കേട്ട് ഞെട്ടി. താനവരെ വിളിച്ച് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു.

എന്നാല്‍ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ആരോപണങ്ങളെല്ലാം തനിക്കെതിരെയായി. തീര്‍ത്തും പ്രതീക്ഷിക്കാത്തവര്‍ പോലും തന്നെ സംശയത്തോടെ നോക്കുന്നത് കണ്ടു. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയാണ് ക്വട്ടേഷനാണ് എന്നൊക്കെ കേട്ടു. പിന്നീട് മനസിലായി ക്വട്ടേഷന്‍ തനിക്കെതിരെ ആയിരുന്നെന്ന്- ദിലീപ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

×