April 20, 2025 |
Share on

ജൂനിയര്‍ താരത്തെ ചുംബിച്ച കൊപ്പോള

‘ഗോഡ്ഫാദര്‍’ സംവിധായകനെ വിവാദത്തിലാക്കി ഷൂട്ടിംഗ് സെറ്റിലെ വീഡിയോ

‘ഗോഡ്ഫാദര്‍ സംവിധായകന്‍ ഫ്രാന്‍സിസ് ഫോര്‍ഡ് കൊപ്പോളയുടെ ഒരു വീഡിയോ ആണ് ഇപ്പോള്‍ ഹോളിവുഡിന് പുറത്തും ചര്‍ച്ച വിഷയം. തന്റെ ഏറ്റവും പുതിയ ചിത്രമായ മെഗലോപോളിസിന്റെ സെറ്റില്‍വച്ച് കൊപ്പോള ഒരു ജൂനിയര്‍ നടിയെ ചുംബിക്കുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.

85 കാരനായ കൊപ്പോളയുടെ ഏറ്റവും പുതിയ ചിത്രമാണ് മെഗലോപോളിസ്. തന്റെ സ്വ്പന ചിത്രമെന്ന് കപ്പോള വിശേഷിപ്പിച്ച സിനിമ. ഏകദേശം 40 വര്‍ഷത്തോളം മനസില്‍ കൊണ്ടുനടന്ന പ്രമേയം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഈ വര്‍ഷം സെപ്തംബര്‍ 27 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ഈ സയന്‍സ് ഫിക്ഷന്‍ എപിക് സിനിമയുടെ കഴിഞ്ഞ വര്‍ഷം നടന്ന ഷൂട്ടിംഗിനിടയിലാണ് വിഖ്യാത സംവിധായകന്‍ യുവതിയായ ഒരു ജൂനിയര്‍ നടിയെ ചുംബിക്കുന്നത്. ഒരു നൈറ്റ് ക്ലബ്ബ് സീന്‍ ചിത്രീകരിക്കുന്ന സെറ്റില്‍ വച്ചായിരുന്നു കെപ്പോളയുടെ ചുംബനം.

കെപ്പോളയുടെ കാര്യത്തില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആദ്യമായിട്ടല്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നത്. ഷൂട്ടിംഗ് സെറ്റില്‍ സ്ത്രീകളോടുള്ള സംവിധായകന്റെ ഇടപെടല്‍ മുമ്പും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. നടിമാരെ തന്റെ മടിയില്‍ ബലമായി പിടിച്ചിരുത്തുന്ന, ‘കഥാപാത്രത്തിന്റെ മാനസിക നിലയിലേക്ക്’ എത്തിക്കാന്‍ അവരെ ചുംബിക്കുന്ന തരത്തിലുള്ള അപമര്യാദകള്‍ കെപ്പോള ഇതിനു മുമ്പും കാണിച്ചിട്ടുണ്ടെന്നാണ് പരാതി.

കെപ്പോള തന്നെയായിരുന്നു 120 മില്യണ്‍ ഡോളര്‍ ചെലവിട്ട് മെഗലോപോളിസ് നിര്‍മിച്ചത്. അതുകൊണ്ട് മറ്റാരും തന്നെ സാധാരണ സെറ്റുകളില്‍ ഉള്ളതുപോലെ സംവിധായകനെ നിയന്ത്രിക്കാനോ, സെറ്റിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനോ മറ്റ് സംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ലെന്നാണ് പിന്നണിയില്‍ ഉണ്ടായിരുന്നവര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഗാര്‍ഡിയന്‍ മുമ്പ് പ്രസിദ്ധീകരിച്ചൊരു റിപ്പോര്‍ട്ടില്‍ കെപ്പോള അല്‍പവസ്ത്രധാരികളായിരുന്ന എക്സ്ര്ട നടിമാരെ ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിച്ചിരുന്നതായി പറയുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍, സംവിധായകന്‍ പറയുന്ന ന്യായം, താന്‍ അവരുടെ മാനസിക നില ശരിയാക്കാന്‍ ശ്രമിക്കുകയാണെന്നാണ്.

വെറയ്റ്റിയോട് സംസാരിച്ച ചില കേന്ദ്രങ്ങള്‍, കെപ്പോളയുടെ പ്രവര്‍ത്തി തൊഴില്‍ മര്യാദ ലംഘിച്ചുള്ളതാണെന്നാണ് കുറ്റപ്പെടുത്തുന്നത്. എക്‌സ്ട്രാ താരങ്ങളും അണിയറ പ്രവര്‍ത്തകരുമായി 200 ഓളം പേര്‍ നൈറ്റ് ക്ലബ് ചിത്രീകരണ സമയത്തുണ്ടായിരുന്നു. സെറ്റില്‍ ഉണ്ടായിരുന്ന പല സ്ത്രീകളെയും സംവിധായകന്‍ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തിരുന്നു. പലപ്പോഴും അശ്രദ്ധമായി ഷോട്ടുകള്‍ എടുക്കുകയും ചിത്രീകരണം അദ്ദേഹം തന്നെ മോശമാക്കുകയും ചെയ്തിരുന്നതായും അന്ന് സെറ്റില്‍ ഉണ്ടായിരുന്ന വ്യക്തി വെറയ്റ്റിയോട് പറയുന്നു. ഞാന്‍ പല പ്രമുഖ സംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്, അവരിലൊന്നും കാണാത്ത തരത്തിലുള്ള പ്രവര്‍ത്തികളാണ് ഇവിടെ കണ്ടത്. എല്ലാവരും നല്ല ഊര്‍ജ്ജത്തോടെ നില്‍ക്കാന്‍ മാത്രമാണ് പൊതുവില്‍ സംവിധായകര്‍ ആവശ്യപ്പെടുന്നത്. പരമാവധി ഛായാഗ്രഹകരെയല്ലാതെ നടീനടന്മാരെ തൊടുകയും പിടിക്കുകയും ചെയ്യുന്ന സംവിധായകരെ ഞാനിതുവരെ കണ്ടിട്ടുമില്ല’ എന്നാണ് സിനിമയുടെ ഭാഗമായിരുന്ന വ്യക്തി അഭിപ്രായപ്പെട്ടത്.

ഞാന്‍ നിങ്ങളുടെ അടുത്ത് വന്ന് ചുംബിക്കുന്നുണ്ടെങ്കില്‍ അതെന്റെ സന്തോഷത്തിന് വേണ്ടി മാത്രമാണെന്ന് അറിയുക’ എന്ന് ഒരു മൈക്രോഫോണിലൂടെ ആ മുറിയില്‍ ഉണ്ടായിരുന്നവരെല്ലാം കേള്‍ക്കാന്‍ വേണ്ടി കെപ്പോള വിളിച്ചു പറഞ്ഞിരുന്നതായും വെറയ്റ്റിയോട് സംസാരിച്ച വ്യക്തി വെളിപ്പെടുത്തുന്നു.

വീഡിയോയുമായി ബന്ധപ്പെട്ടും സംവിധായകന്‍ അപമര്യാദയായി പെരുമാറിയെന്ന വിവാദത്തിലും മാധ്യമങ്ങളോട് പ്രതികരിക്കാന്‍ കെപ്പോളയുടെ വക്താവ് തയ്യാറായിട്ടില്ല. കഴിഞ്ഞ ഏപ്രിലിലാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കെപ്പോളയുടെ ഭാര്യ എലനോര്‍ കെപ്പോള അന്തരിച്ചത്. ഭാര്യയുടെ മരണത്തിനിടയിലും പറഞ്ഞ സമയത്ത്, നിശ്ചയിച്ച ബജറ്റില്‍ തന്നെ മെഗലോപോളിസ് സംവിധായകന്‍ തീര്‍ത്തുവെന്നതാണ് മറ്റൊരു കാര്യം.

അതേസമയം കെപ്പോളയുടെ പ്രവര്‍ത്തിയെ ന്യായീകരിച്ച് രംഗത്ത് വന്നവരുമുണ്ട്. നൈറ്റ് ക്ലബ്ബിന്റെതായൊരു അന്തരീക്ഷം സൃഷ്ടിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. മോശം പെരുമാറ്റത്തിനോ അപമാനിക്കപ്പെട്ടതിനോ സംവിധായകനെതിരേ ആരെങ്കിലും പരാതി പറഞ്ഞതായി ഇതുവരെ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡാരന്‍ ദിമിത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. തികച്ചും പ്രൊഫഷണലായ, പ്രസാദാത്മകമവും ഊര്‍ജസ്വലവുമായ അന്തരീക്ഷമായിരുന്നു ചിത്രീകരണത്തിനിടയില്‍ ഉണ്ടായിരുന്നതെന്നാണ് സിനിമയുടെ ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടറായ മരിയേല കൊമിറ്റിനി അഭിപ്രായപ്പെട്ടത്.

1997 ന് ശേഷം ആകെ മൂന്നു സിനിമകളാണ് കെപ്പോള സംവിധാനം ചെയ്തിരിക്കുന്നത്. പ്രായം തളര്‍ത്തുമ്പോഴും മെഗലോപോളിസ് സിനിമയാക്കുക എന്ന തന്റെ ലക്ഷ്യത്തില്‍ നിന്നും കെപ്പോള വ്യതിചലിച്ചിരുന്നില്ല. ഏതാണ്ട് 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് തന്റെ സ്വപ്‌ന ചിത്രം അദ്ദേഹം സാക്ഷാത്കരിച്ചത്. അതിനിടയില്‍ 300 തവണ സിനിമയുടെ സ്‌ക്രിപ്റ്റ് അദ്ദേഹം തിരുത്തിയെഴുതിയെന്നും പറയുന്നു. 2022 ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.  Director Francis Ford Coppola kissing female extra actress on shooting set of Megalopolis

Content Summary; Director Francis Ford Coppola kissing female extra actress on shooting set of Megalopolis

Leave a Reply

Your email address will not be published. Required fields are marked *

×