July 16, 2026 |
Share on

വീണ്ടുമൊരു കായിക താരത്തെ തൂക്കിലേറ്റാന്‍ ഇറാന്‍

ഈ ക്രൂരത കണ്ടു നില്‍ക്കരുത്; പ്രതിഷേധവുമായി കായിക ലോകം

ഇറാനിലെ ബോക്സിംഗ് ചാമ്പ്യനും പരിശീലകനുമായ മുഹമ്മദ് ജവാദ് വഫായി സാനിയുടെ വധശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് 20 ലധികം അന്താരാഷ്ട്ര കായികതാരങ്ങള്‍ ഒപ്പിട്ട കത്ത് പുറത്തിറക്കി.

ടെന്നീസ് ഇതിഹാസം മാര്‍ട്ടിന നവരത്തിലോവ, നീന്തല്‍ താരം ഷാരോണ്‍ ഡേവിസ് എന്നിവരുള്‍പ്പെടെ ഒളിമ്പിക് മെഡല്‍ ജേതാക്കളും പരിശീലകരുമാണ് വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

അടിച്ചമര്‍ത്തലിനായുള്ള ആയുധമായി ഇറാന്‍ ഭരണകൂടം വധശിക്ഷയെ ആയുധമാക്കുന്നതിനെതിരെ ആഗോള തലത്തില്‍ രോഷം വര്‍ധിക്കുന്നതിനിടെയാണ്, വഫായി സാനിയുടെ വധശിക്ഷ ശരിവെക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തെ കത്തിലൂടെ താരങ്ങള്‍ അപലപിക്കുന്നത്.

രാജ്യവ്യാപക പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ 2019 ലാണ് വടക്കുകിഴക്കന്‍ ഇറാനിലെ മഷാദ് സ്വദേശിയായ മുഹമ്മദ് ജവാദ് വഫായി സാനി (30) അറസ്റ്റിലായത്. പ്രതിപക്ഷ ഗ്രൂപ്പായ എംഇകെ (പീപ്പിള്‍സ് മൊജാഹിദിന്‍ ഓര്‍ഗനൈസേഷന്‍) നെ പിന്തുണച്ചു എന്നാരോപിച്ചാണ് താരത്തെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ അഞ്ച് വര്‍ഷമായി തടവില്‍ കഴിയുന്ന മുഹമ്മദ് ജവാദ് വഫായി സാനി, ഈ കാലയളവില്‍ പീഡനത്തിനും ഏകാന്ത തടവിനും ഇരയായി.

”പ്രതീക്ഷ, ഐക്യം, ധൈര്യം എന്നീ കായിക മൂല്യങ്ങളെ വെല്ലുവിളിക്കുന്ന നടപടിയാണ് കായിക താരത്തിന്റെ വധശിക്ഷ വിധിച്ചതിലൂടെ ഭരണകൂടം തുറന്നുകാണിക്കുന്നത്. രാഷ്ട്രീയ നിലപാട് കാരണം ഒരു ചാമ്പ്യനെ വധിക്കുന്നത് ശബ്ദമുയര്‍ത്താന്‍ ധൈര്യപ്പെടുന്ന എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പായി കണക്കാക്കണം” കത്തില്‍ ഒപ്പിട്ട കായികതാരങ്ങള്‍ പ്രതികരിച്ചു.

”മുഹമ്മദ് ജവാദിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉടനടി ഇടപെടണമെന്ന് ഞങ്ങള്‍ ഐക്യരാഷ്ട്രസഭയോടും അന്താരാഷ്ട്ര കായിക ഫെഡറേഷനുകളോടും വിവിധ സര്‍ക്കാരുകളോടും ആവശ്യപ്പെടുന്നു. ഇറാന്‍ തങ്ങളുടെ ചാമ്പ്യന്‍മാരെ നിശ്ശബ്ദരാക്കുമ്പോള്‍ ലോകം നോക്കിനില്‍ക്കരുത്.’

വഫായി സാനിയുടെ കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ദേശീയ ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഹബീബ് ഖബിരി, ദേശീയ വനിതാ വോളിബോള്‍ ടീം ക്യാപ്റ്റനായിരുന്ന ഫൗറൂസന്‍ അബ്ദി എന്നിവരുള്‍പ്പെടെയുള്ള താരങ്ങളെ തങ്ങളുടെ വിശ്വാസങ്ങളുടെ പേരില്‍ വധശിക്ഷയ്്ക്ക് വിധേയമാക്കിയ ഇറാന്റെ ചരിത്രവും കത്തില്‍ പരാമര്‍ശിക്കുന്നു. 2020-ല്‍ 27 വയസ്സുള്ള ഇറാനിയന്‍ ഗുസ്തി ചാമ്പ്യന്‍ നവിദ് അഫ്കാരിയെയും വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു.

വഫായി സാനിയെ 2020 മാര്‍ച്ചിലാണ് അറസ്റ്റ് ചെയ്തത്. ‘തീവെപ്പ്, പൊതുമുതല്‍ നശിപ്പിക്കുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. രണ്ട് തവണ വധശിക്ഷ റദ്ദാക്കിയെങ്കിലും 2024 ഒക്ടോബര്‍ 4-ന് വധശിക്ഷ ശരിവെക്കുകയായിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തിന്റെ വിചാരണയെ ‘ക്രൂരമായ അനീതി’ എന്ന് വിശേഷിപ്പിച്ച് അപലപിച്ചു.

വഫായി സാനിയുടെ വധശിക്ഷ തടയണമെന്നുള്ള അപ്പീല്‍, 2023 ല്‍ നൂറിലധികം മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ചേര്‍ന്ന് യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്കിന് നല്‍കിയ കത്തിന് പിന്നാലെയാണ്.

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച്, ഇറാനില്‍ ഭയാനകമായ തോതിലുള്ള വധശിക്ഷയാണ് നിലനില്‍ക്കുന്നത്. 2023-ല്‍, കുറഞ്ഞത് 853 പേരെ വധിച്ചുഇത് 2022-നെ അപേക്ഷിച്ച് 48% വര്‍ദ്ധനവാണ്. കഴിഞ്ഞ വര്‍ഷം ആംനസ്റ്റി 972 വധശിക്ഷകള്‍ രേഖപ്പെടുത്തി, ഇത് 2015 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണ്. 2025-ല്‍ ഇതുവരെ 800-ല്‍ അധികം ആളുകളെ വധശിക്ഷയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.

2022-ലെ ‘സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം’ പ്രക്ഷോഭത്തിന് ശേഷം രാഷ്ട്രീയ തടവുകാരും വിമതരുമാണ് ഇറാന്‍ ഭരണകൂടത്തിന്റെ പ്രധാന ലക്ഷ്യം. ഇറാനിയന്‍ അധികാരികള്‍ വിയോജിപ്പുകളെ അടിച്ചമര്‍ത്താനും ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ത്താനും അധികാരം മുറുകെ പിടിക്കാനുമാണ് വധശിക്ഷ ഉപയോഗിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.

Content Summary: Iran set to execute another athlete; the sports world protests

Leave a Reply

Your email address will not be published. Required fields are marked *

×