June 26, 2026 |
Share on

വിനയനെ വിലക്കിയതിന് അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ ശിക്ഷ

ഇന്നസെന്റും സിബി മലയിലും പിഴയൊടുക്കണം

സംവിധായകന്‍ വിനയനെ സിനിമയില്‍ നിന്നും വിലക്കിയ സംഭവത്തില്‍ അഭിനേതാക്കളുടെ സംഘടനകളായ ‘അമ്മ’യ്ക്കും ‘ഫെഫ്ക’യ്ക്കും പിഴ. കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് വിനയന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പിഴ ചുമത്തിയത്. രാജ്യത്തെ അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും പ്രവര്‍ത്തന രീതി പരിശോധിക്കാന്‍ രൂപീകരിച്ച സംവിധാനമാണ് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ.

വിനയനു വിലക്കേര്‍പ്പെടുത്തുന്ന സമയത്ത് സിനിമ സംഘടനകളുടെ ഭാരവാഹികളായിരുന്ന ഇന്നസെന്റ്, ഇടവേള ബാബു, സിബി മലയില്‍, ബി.ഉണ്ണികൃഷ്ണന്‍ എന്നിവരും പിഴയടയ്ക്കണം. അമ്മ നാല് ലക്ഷം രൂപയും ഫെഫ്ക 81,000 രൂപയുമാണ് പിഴയായി നല്‍കേണ്ടത്. ഇന്നസെന്റ് 51,000 രൂപയും സിബി മലയില്‍ 61,000 രൂപയും നല്‍കണം. അപ്രഖ്യാപിത വിലക്കാണ് മലയാള സിനിമയില്‍ വിനയന് നിലനിന്നിരുന്നത്. ചലച്ചിത്ര താരങ്ങളോട് അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ അഭിനയിക്കരുതെന്ന് നിര്‍ദേശിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

അതേസമയം പിഴ ചുമത്തിയ വിധിക്കെതിരേ അപ്പീല്‍ പോകുമെന്നു സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

×