നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങളെ വിമർശിക്കുക തന്നെ വേണമെന്നും ശാരദ മുരളീധരൻ വഹിക്കുന്ന പദവി പോലും മനസിലാക്കാതെയാണ് ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നതെന്നും അഴിമുഖത്തോട് പ്രതികരിച്ച് എഴുത്തുകാരനായ എസ്. ജോസഫ്. നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ച പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
‘ജാതി, മതം, നിറം, ലിംഗഭേദം തുടങ്ങി വിശ്വാസത്തിന്റേതായ ചില ആശയങ്ങളുണ്ട്. ഇവയെല്ലാം നമ്മുടെ ഉള്ളിൽ അടിയുറച്ച് പോയ ചില സങ്കൽപങ്ങളാണ്, അതിനെ പ്രത്യയശാസ്ത്രമെന്ന് പറയാൻ കഴിയും . ഇത് പൂർണമായും മാറ്റുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. 90 ശതമാനം മനുഷ്യരുടെ ഉള്ളിലും ഇതുണ്ട്. വിദ്യാസമ്പന്നരും സംസ്കാര സമ്പന്നരുമായ വ്യക്തികൾ അത് ഉള്ളിൽ തോന്നിയാലും അതിനെ നിയന്ത്രിച്ച് വിസ്മരിക്കുകയാണ് ചെയ്യുന്നത്. നിറത്തിന്റെയും ജാതിയുടെയും പേരിലുള്ള അധിക്ഷേപങ്ങളെ വിമർശിക്കുക തന്നെ വേണം. എന്നാൽ ഇത് പൂർണമായും മാറ്റാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.
എല്ലാ കാര്യങ്ങളിലും വളരെ ഫോർവേർഡ് ആയിട്ടുള്ള രാജ്യമാണ് അമേരിക്ക. എന്നാൽ നിറത്തിന്റെ പേരിൽ യുഎസിൽ ഇപ്പോഴും എന്തെല്ലാം പ്രശ്നങ്ങളാണ് നടക്കുന്നത്. എല്ലായിടത്തും ഇത് സംഭവിക്കുന്നു എന്നാണ് നമ്മൾ മനസിലാക്കേണ്ടത്. എന്നാൽ ഇതിനെ ചെറുത്തു നിൽക്കാതിരിക്കാൻ കഴിയില്ല. ശാരദ മുരളീധരന്റെ കാര്യം നോക്കുമ്പോൾ അവർ വഹിക്കുന്ന പദവിയുണ്ട്. അതിന് പോലും മര്യാദ നൽകാതെയാണ് ഇത്തരത്തിലുള്ള കമന്റുകൾ പറയുന്നത്.
കറുപ്പിനെയും വെളുപ്പിനെയും സംബന്ധിച്ച് പ്രാകൃതമായ ചിന്ത പിന്തുടരുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ളത്. വെളുത്ത നിറമെന്നുള്ളത് പാശ്ചാത്തരുടെ സങ്കൽപമാണ്. വെള്ളക്കാരനാണ് ലോകത്തിലെ ഉത്തമ പുരുഷൻ എന്നത് അവരുടെ ചിന്താഗതിയാണ്. അതിനെ ചേർത്തുപിടിച്ച് ജീവിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ളതെന്നാണ് ഇത്തരം സംഭവങ്ങൾ ഓർമിപ്പിക്കുന്നത്. വിദ്യാസമ്പന്നയായ ഉയർന്ന പദവിലിരിക്കുന്ന ശാരദ മുരളീധരെ പോലുള്ളവരെ ബുദ്ധിയുപയോഗിച്ച് തോൽപ്പിക്കാൻ ഇങ്ങനെയുള്ളവർക്ക് കഴിയില്ല. അതുകൊണ്ടാണ് ഇത്തരത്തിലുള്ള കമന്റുകൾ പറഞ്ഞ് അവരെ തളർത്താൻ ശ്രമിക്കുന്നത്’, എസ്. ജോസഫ് അഴിമുഖത്തോട് പറഞ്ഞു.
സമൂഹത്തിന്റെ പ്രാകൃതമായ ചിന്തകൾക്ക് ഇതുവരെയും മാറ്റം സംഭവിച്ചിട്ടില്ലെന്നും കേരളത്തിൽ ഇപ്പോഴും ഇതെല്ലാം നടക്കുന്നുവെന്നും വിഷയത്തിൽ അരിക് സിനിമയുടെ സംവിധായകൻ വി. എസ് സനോജും അഴിമുഖത്തോട് പ്രതികരിച്ചു.
‘ഞങ്ങൾ അരിക് സിനിമ ചെയ്യുന്ന സമയത്ത് പലരും ചോദിച്ച ഒരു കാര്യമുണ്ട്. നിറത്തിന്റെ പേരിലുള്ള അധിക്ഷേപവും ഒറ്റപ്പെടുത്തലുമെല്ലാം ഇപ്പോഴും കേരളത്തിൽ ഉണ്ടോയെന്ന്? ഇതെല്ലാം അതിശയോക്തി ചേർത്ത് എഴുതി ചേർത്ത കാര്യങ്ങളാണെന്ന് വരെ ചിലർ പറഞ്ഞിട്ടുണ്ട്. സിനിമ കണ്ടതിന് ശേഷം ഭൂരിഭാഗം പേരും മികച്ച് അഭിപ്രായങ്ങൾ പറഞ്ഞപ്പോഴും ചുരുക്കം ചിലരാണെങ്കിൽ കൂടി ഇങ്ങനെയൊരു ചോദ്യം എന്നോട് ചോദിച്ചിരുന്നു. അവരുടെ അഭിപ്രായത്തിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാൻ സാധ്യത യുപിയിലും തമിഴ്നാട്ടിലമൊക്കെയാണ്. പുരോഗമനം പറയുന്ന കേരളത്തിൽ നടക്കില്ലായെന്ന് അവർ ഇപ്പോഴും വിശ്വസിക്കുന്നു. ശാരദ മുരളീധരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്, ചോദ്യം ഉന്നയിച്ചവർക്ക് കൃത്യമായ മറുപടി നൽകി കാണുമെന്ന് ഞാൻ കരുതുന്നു.
നിറത്തിന്റെ പേരിൽ കേരളത്തിൽ വേർതിരിവ് ഇപ്പോഴും നടക്കുന്നുണ്ടോയെന്ന ആശ്ചര്യം, സാമൂഹികപരമായ പഠനത്തിന്റെ ഒരു പ്രശ്നത്തെയാണ് സൂചിപ്പിക്കുന്നത്. കാരണം ഇങ്ങനെയൊരു ആശ്ചര്യത്തിന് യാതൊരു പ്രസക്തിയുമില്ല. ലോകത്തിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയുന്ന ഒരാൾ ഇതിൽ അത്ഭുതപ്പെടുമെന്ന് തോന്നുന്നില്ല. വളരെ അപകടകരമായ രീതിയിൽ നമ്മുടെ സമൂഹത്തിൽ നടക്കുന്ന ഒന്നാണ് നിറത്തിന്റെ പേരിലുള്ള വിവേചനം. ഇത്രയും വലിയൊരു പദവിയിലിരിക്കുന്ന ശാരദ മുരളീധരനെ പോലൊരാൾ കാലങ്ങളായി ഇങ്ങനെയുള്ള അധിക്ഷേപങ്ങൾ നേരിടുന്നു എന്ന് പറയുന്നത് ഖേദകരമായ കാര്യമാണ്. ലോകം ഒരുപാട് മാറിയിട്ടും പ്രാകൃതമായ ചിന്തകൾക്ക് മാറ്റമില്ലായെന്നത് വേദനാജനകം തന്നെയാണ്’, വി. എസ് സനോജ് പറഞ്ഞു.
ശാരദ മുരളീധരന്റെയും ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാൾ നടത്തിയ മോശം പരാമർശത്തെ കുറിച്ചായിരുന്നു ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നതെന്നും ശാരദ മുരളീധരൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
Content Summary: Disrespect Towards Chief Secretary Shows Disregard for the Position; sarada muraleedharan colour discrimination issue