ദിവ്യ എസ് അയ്യര്‍ ഐഎഎസ് മന്ത്രിയായിരുന്ന രാധാകൃഷ്ണനെ ആലിംഗനം ചെയ്തതിനെതിരേ ദലിതര്‍ക്കിടയില്‍ നിന്ന് ഡോ. ടി എസ് ശ്യാം കുമാര്‍ മുന്നോട്ടു വച്ച നിലപാടിനോടുള്ള വിയോജിപ്പാണ് ഈ കുറിപ്പ്. തന്റെ നവമാധ്യമ കുറിപ്പില്‍ ശ്യാം കുമാര്‍ പറയുന്നത് ഇങ്ങനെയാണ്;
‘ആലിംഗനം ചെയ്ത ദിവ്യ എസ് അയ്യര്‍ക്ക് സല്യൂട്ട് ചെയ്യുന്നതിലൂടെ ആലിംഗനത്തിലെ ശ്രേണീവ്യവസ്ഥയാണ് ചിലര്‍ കൃത്യമായി സ്ഥിരപ്പെടുത്തിയത്. രാധാകൃഷ്ണന് നല്‍കുന്ന സവര്‍ണ ഔദ്യാര്യമാണ് ഈ ആലിംഗനം. പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും കറുത്തവരെയും കെട്ടിപ്പിടിക്കുന്നത് ദിവ്യ എസ് അയ്യരുടെ ജീവിത ശൈലിയാണെന്ന് പ്രചരിപ്പിക്കുന്നവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ദലിതരുടെയം പാര്‍ശ്വവത്കൃതരുടെയും ശരീരം ഹീനമാണെന്ന ബ്രാഹ്മണ്യ രാഷ്ട്രീയം തന്നെയാണ്. ഇത് പാര്‍ശ്വവത്കൃത ജനതയെ കര്‍തൃത്വമില്ലാതാക്കി തീര്‍ക്കുകയും സവര്‍ണ രക്ഷകര്‍തൃത്വത്തെ ഉദാത്ത ബിംബമാക്കി ഉറപ്പിക്കുകയും ചെയ്യുന്നു’.
ബ്രാഹ്‌മണ്യ രാഷ്ട്രീയത്തെക്കുറിച്ചും സവര്‍ണ മേധാവിത്വത്തെ കുറിച്ചും സംസാരിക്കുന്നവര്‍ ഭൂതകാലത്തെ കുറിച്ച് മാത്രം അറിഞ്ഞാല്‍ പോര. ജാതി ഘടനയുടെ വര്‍ത്തമാനത്തെക്കുറിച്ചും സൂക്ഷ്മമായി അറിഞ്ഞിരിക്കണം. പ്രായോഗികമായ ഇത്തരം അറിവുകളുടെ അഭാവത്തിലാണ് ദിവ്യ എസ് അയ്യരുടെ ആലിംഗനത്തെ ഘടനയുടെ സ്ഥാപനവത്കരണമായും ഔദാര്യമായും ദലിതരുടെയും പാര്‍ശ്വവത്കൃതരുടെയും ശരീരത്തെ ഹീനമായി കാണുന്ന ബ്രാഹ്‌മണ്യ രാഷ്ട്രീയമായും സവര്‍ണ രക്ഷകര്‍തൃത്വമായും ശ്യാം കുമാര്‍ ചിത്രീകരിക്കുന്നത്. ഇതിലൂടെ അദ്ദേഹം ദലിതര്‍ക്ക് നല്‍കുന്ന സന്ദേശമെന്താണ്? ജാതികള്‍ക്കിടയില്‍ അകലം പാലിക്കുക, സവര്‍ണ സ്ത്രീകളെ കരുതിയിരിക്കുക, ഇനിയുമൊരു സവര്‍ണ സ്ത്രീ ദലിത് ശരീരം സ്പര്‍ശിക്കാതിരിക്കുക. അപ്പോള്‍ ഡോ. ബി ആര്‍ അംബേദ്കറോടൊപ്പം ജീവിതം പങ്കിട്ട ബ്രാഹ്‌മണ സ്ത്രീയായ ഡോ. സവിതയോ! ഡോ. ശ്യാം കുമാര്‍, ഇത് ശുദ്ധ ജാതിവാദമാണ്. അയിത്താചാരത്തിലേക്ക് നീളുന്ന വേരുകളുണ്ടതിന്.
യാഥാര്‍ത്ഥ്യമെന്താണ്? ദിവ്യ എസ് അയ്യരുടെ തിരഞ്ഞെടുപ്പാണ് രാധാകൃഷ്ണന്റെ ആലിംഗനം. അവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ വിനിയോഗമാണത്. സമത്വ ബോധവും സഹോദര്യ ചിന്തയുമെല്ലാം അതില്‍ സന്നിവേശിക്കപ്പെട്ടിരിക്കുന്നു. ജാതിഘടനയുടെയും പിതൃമേധാവിത്വ ഘടനയുടെയും വിലക്കുകള്‍ ലംഘിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് അതിന്റെ പ്രത്യേകത. ജാതി നിര്‍മിതമായ മാലിന്യക്കൂമ്പാരങ്ങള്‍ക്ക് മുകളില്‍ അന്തിയുറങ്ങുന്നവര്‍ക്ക് അസാധ്യമായൊരു കാര്യം.
ജാതി വ്യവസ്ഥയുടെ കെട്ടുറപ്പില്‍ നിന്നല്ല തകര്‍ച്ചയില്‍ നിന്നാണ് ദിവ്യ എസ് അയ്യര്‍ രാധാകൃഷ്ണനെ ആലിംഗനം ചെയ്തത്. അവരുടെ കുടുംബത്തില്‍ നിന്നോ അവര്‍ അംഗമായിട്ടുള്ള ഉന്നത ജാതിയില്‍ നിന്നോ ഇക്കാര്യത്തില്‍ പ്രകടമായ എതിര്‍പ്പ് ഉണ്ടാകാതിരുന്നത് ഈ തകര്‍ച്ചയുടെ ആഴത്തെയാണ് കാണിക്കുന്നത്. ജാതിഘടനയുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ശൂന്യതയിലാണ് ദിവ്യ എസ് അയ്യര്‍ തന്റെ ഹൃദയത്തിന്റെ ഭാഷ പ്രയോഗിക്കുന്നത്. അതാണ് അതിന്റെ ക്രിയേറ്റിവിറ്റി. അത് ഡെമോക്രസിയുടെ സ്‌പേസാണ്. യാഥാസ്ഥിതിക കേരളം അത് ഉള്‍ക്കൊള്ളുമെന്ന് കരുതരുത്. കാരണം ജാതി വ്യവസ്ഥയുടെ സംരക്ഷകരാണവര്‍.
ശ്യാം കുമാര്‍, തെറ്റിദ്ധരിക്കുന്നതു പോലെ അവിടെ സവര്‍ണരക്ഷകര്‍തൃത്വത്തിന്റെയോ കര്‍തൃത്വ നിഷേധത്തിന്റെയൊ ഔദാര്യത്തിന്റെയൊ ബ്രാഹ്‌മണ്യ രാഷ്ട്രീയത്തിന്റെയോ ഒന്നും പ്രശ്‌നം ഉദിക്കുന്നില്ല. തനിക്ക് മേലുള്ള എല്ലാ നിയന്ത്രണങ്ങളും മറി കടന്ന് ഘടനയുടെ മുകള്‍ത്തട്ടില്‍ നിന്ന് ഒരു സ്ത്രീ ദലിതനെ ആലിംഗനം ചെയ്യുമ്പോള്‍ ദലിതര്‍ അതിനെ എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നതാണ് പ്രശ്‌നം. കാരണം, ജാതി നിര്‍മ്മാര്‍ജ്ജനം ദലിതരുടെ ലക്ഷ്യമാണ്. എന്നാല്‍ ജാതിക്കെതിരായ പോരാട്ടം ദലിതര്‍ക്കു മാത്രമായി പൂര്‍ത്തീകരിക്കാനാവില്ല. അതിനര്‍ത്ഥം തങ്ങളെ ആലിംഗനം ചെയ്യാനെത്തുന്നവരെ ചേർത്ത് പിടിക്കുക എന്നതാണ്. ബ്രാഹ്‌മണരല്ല, ബ്രാഹ്‌മണിസമാണ് ദലിതരുടെ ശത്രു. അവിടെയാണ് ബ്രാഹ്‌മണ സ്ത്രീയായ ഡോ. സവിത ഡോ. ബി ആര്‍ അംബേദ്കറോടൊപ്പം ജീവിക്കുന്നത് ഇന്ത്യ കണ്ടത്. Divya s iyer ias hugging ex-minister k radhakrishnan and dalit perspective km salim kumar writes
Content Summary; Divya s iyer ias hugging ex-minister k radhakrishnan and dalit perspective km salim kumar writes