തമിഴ്നാട്ടില്‍ ഡിഎംകെ-കോണ്‍ഗ്രസ് ബന്ധത്തിന് പൂര്‍ണ അന്ത്യമായിരിക്കുന്നു! ദീര്‍ഘകാലമായി നിലനിന്നിരുന്ന ഏറ്റവും ശക്തമായ ഒരു രാഷ്ട്രീയ കൂട്ടുകെട്ട് അവസാനിച്ചിരിക്കുന്നു എന്നതിനുള്ള തെളിവായിട്ടാണ് ഡി.എം.കെയുടെ ഔദ്യോഗിക മുഖപത്രമായ ‘മുരശൊലി’യില്‍ ഞായറാഴ്ച പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ വിലയിരുത്തപ്പെടുന്നത്. ഈ എഡിറ്റോറിയല്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്കും നേരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്. ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധം എത്രത്തോളം വഷളായെന്ന് വ്യക്തമാക്കുന്ന വിമര്‍ശനം. വെറുമൊരു രാഷ്ട്രീയ ആക്രമണത്തിനപ്പുറം, ബന്ധം പിരിയലിനെ വൈകാരികമായും രാഷ്ട്രീയമായും ന്യായീകരിക്കാനുള്ള ഡി.എം.കെയുടെ ശ്രമമായും ഈ ലേഖനത്തെ വായിക്കാം.
തമിഴകത്തെ കോണ്‍ഗ്രസ്
കാലങ്ങളായി തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്സിന് അവരുടെതായൊരു സ്ഥാനമുണ്ടായിരുന്നു. അതാകട്ടെ, ഡി.എം.കെയ്ക്ക് ഭീഷണിയാകാന്‍ കഴിയാത്തതും, എന്നാല്‍ തഴയാന്‍ പറ്റാത്തവിധവുമായിരുന്നു. ദേശീയ-സംസ്ഥാന രാഷ്ട്രീയ വേദികളില്‍ ഇരു പാര്‍ട്ടികളും അവരവരുടെതായ റോളുകള്‍ പ്രധാന്യത്തോടെ കളിച്ചു. ദേശീയതലത്തില്‍ കോണ്‍ഗ്രസായിരുന്നു സഖ്യത്തിന്റെ മുഖം, അതേസമയം തമിഴ്‌നാട്ടില്‍ നിന്നും ഈ സഖ്യത്തിനാവശ്യമായ ഭൂരിപക്ഷം വോട്ടുകളും ഡി.എം.കെയാണ് സമാഹരിച്ചിരുന്നത്. ഇരുവിഭാഗവും ഈ പരസ്പര ആശ്രയത്വത്തിന്റെ യുക്തി മനസ്സിലാക്കിയതിനാല്‍ തിരഞ്ഞെടുപ്പുകളില്‍ ഈ സഖ്യം വിജയം കണ്ടു. എന്നാല്‍ 2026-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തമിഴക രാഷ്ട്രീയത്തിന്റെ കഥ മാറി.
പരാജയം, വഞ്ചന, ഒറ്റപ്പെടല്‍
കോണ്‍ഗ്രസാണ് അതുവരെയുണ്ടായിരുന്ന കളി നിയമം തെറ്റിച്ചത്. തിരഞ്ഞെടുപ്പില്‍ ഡി.എം.കെയുടെ സഹായത്തില്‍ അഞ്ച് സീറ്റുകള്‍ അവര്‍ സ്വന്തം പേരിലാക്കി. ഡിഎംകെ വന്‍ പരാജയം ഏറ്റുവാങ്ങിയതോടെ കോണ്‍ഗ്രസിന്റെ ബുദ്ധി മറ്റൊരുതരത്തില്‍ പ്രവര്‍ത്തിച്ചു. തമിഴ്‌നാട് ഭരിക്കാനുള്ള വിജയ്‌യുടെ ടിവികെയുടെ പദ്ധതികള്‍ക്ക് അവര്‍ സഹായം വാഗ്ദാനം ചെയ്തു. നിലതെറ്റി വീണ ഡിഎംകെയെ പിന്നില്‍ ഉപേക്ഷിച്ച് ടിവികെ നേതൃത്വത്തിലുള്ള പുതിയ മുന്നണിയിലേക്ക് ചേക്കേറി. പ്രതിഫലമായി മന്ത്രിസ്ഥാനങ്ങളും നേടിയെടുത്തു. പരാജയത്തില്‍ തളര്‍ന്നു നില്‍ക്കുകയായിരുന്ന ഡി.എം.കെയെ സംബന്ധിച്ചിടത്തോളം അതൊരു കേവല രാഷ്ട്രീയ കൂടുമാറ്റമായല്ല, മറിച്ച് കടുത്ത വഞ്ചനയും ഒറ്റപ്പെടുത്തലുമായാണ് അനുഭവപ്പെട്ടത്. പാര്‍ട്ടിയുടെ പ്രാദേശിക ഘടകത്തിന്റെതല്ല, ആ കളം മാറല്‍ കോണ്‍ഗ്രസ്സ് കേന്ദ്ര നേതൃത്വത്തിന്റെ അറിവോടും അനുഗ്രഹത്തോടും കൂടിയാണ് നടന്നതെന്നു തന്നെ സ്റ്റാലിനും കൂട്ടരും വിശ്വസിച്ചു. ഈ വഞ്ചനയ്‌ക്കെതിരേ ഇതുവരെ നടത്തി വന്നതില്‍ വച്ച് ഏറ്റവും രൂക്ഷമായ വിമര്‍ശനമാണ് മുരശൊലിയില്‍ കണ്ടത്.
ഉദ്ദാഹരണമായി കേരളം
ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യത്തെക്കുറിച്ച് സംസാരിക്കുന്ന രാഹുല്‍ ഗാന്ധി, സംസ്ഥാനങ്ങളില്‍ അതില്‍ നിന്നും തികച്ചും വിഭിന്നമായ രാഷ്ട്രീയമാണ് പ്രായോഗികമാക്കുന്നതെന്നാണ് മുരശൊലിയിലെ ആരോപണം. ഇതിനുള്ള തെളിവ് കേരളത്തില്‍ കണ്ടതാണെന്നു പത്രം പറയുന്നു. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിണറായി വിജയനും സിപിഎമ്മിനുമെതിരെ രാഹുല്‍ ഗാന്ധി നടത്തിയ നിരന്തരമായ ആക്രമണങ്ങളും, ഇടതുപക്ഷവും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണവും എഡിറ്റോറിയലില്‍ എടുത്തുപറയുന്നുണ്ട്.
അടുത്തിടെ നടന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ ചര്‍ച്ചകളില്‍ ഇടതുപക്ഷ നേതാക്കള്‍ ഈ വിഷയത്തില്‍ രാഹുലിനെ നേരിട്ട് ചോദ്യം ചെയ്ത കാര്യവും ലേഖനത്തിലുണ്ട്. തങ്ങളുടെ ബി.ജെ.പി വിരുദ്ധ നിലപാടിന് കോണ്‍ഗ്രസ്സിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയ സിപിഎം രാജ്യസഭാ എം.പി ജോണ്‍ ബ്രിട്ടാസിന്റെ പ്രതികരണവും, രാഹുലിന്റെ പ്രസ്താവനകള്‍ ‘രാഷ്ട്രീയ അപര്യാപ്തതയുടെ’ ലക്ഷണമാണെന്ന സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ വിമര്‍ശനവും ഡി.എം.കെ പത്രം ഉദ്ധരിക്കുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ തേടുകയും, സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ അവരെത്തന്നെ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിന്റെ ഇരട്ടത്താപ്പാണ് ഡിഎംകെ മുഖപത്രം ചോദ്യം ചെയ്യുന്നത്.
ആരാണ് ‘ വിഷം’ സൃഷ്ടിക്കുന്നത്?
കോണ്‍ഗ്രസ് ഇത്തരം ചതി ചെയ്യുന്നത് കേരളത്തിലോ തമിഴ്‌നാട്ടിലോ മാത്രമല്ലെന്നാണ് ഡിഎംകെ പത്രം പറയുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രാദേശിക പാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനെ കുറിച്ച് സമാന പരാതിയുണ്ടെന്നും ഡി.എം.കെ പറഞ്ഞുവയ്ക്കുന്നു. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ക്ക് കോണ്‍ഗ്രസ്സ് ശൈലിയിലുള്ള വിയോജിപ്പുകള്‍ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതിപക്ഷ സഖ്യത്തിലെ വിമര്‍ശനങ്ങള്‍ ശിവന്‍ വിഷം കുടിക്കുന്നതുപോലെ കോണ്‍ഗ്രസ്സ് സഹിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ മുന്‍ പ്രസ്താവനയെ കടുത്ത പരിഹാസത്തോടെയാണ് എഡിറ്റോറിയല്‍ നേരിടുന്നത്. പുരാണത്തില്‍ ശിവന്‍ വിഷം സൃഷ്ടിക്കുകയല്ല, മറിച്ച് അത് കുടിക്കുക മാത്രമാണ് ചെയ്തതെന്ന് പത്രം ഓര്‍മ്മിപ്പിക്കുന്നു. പ്രതിപക്ഷ സഖ്യത്തില്‍ ഇപ്പോള്‍ വിഷം പടരുന്നുണ്ടെങ്കില്‍ അത് സൃഷ്ടിച്ചത് ആരാണെന്ന ചോദ്യമാണ് ഡി.എം.കെ ഉന്നയിക്കുന്നത്. മുന്‍കാലങ്ങളില്‍ ബി.ജെ.പിക്കും എ.ഐ.എ.ഡി.എം.കെയ്ക്കുമെതിരെ ഉപയോഗിച്ചിരുന്ന കടുത്ത ഭാഷയിലാണ് ഇപ്പോള്‍ ഡി.എം.കെ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുന്നത്.
നിലനില്‍പ്പിനായുള്ള ശ്രമം
സിനിമയില്‍ നിന്നുള്ള വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും ടി.വി.കെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണവും തമിഴ്നാട്ടിലെ പരമ്പരാഗത രാഷ്ട്രീയ സമവാക്യങ്ങളെയാകെ പൊളിച്ചു. എ.ഐ.എ.ഡി.എം.കെയിലെ പിളര്‍പ്പും, കോണ്‍ഗ്രസ്സിന്റെ മുന്നണി മാറ്റവും, വി.സി.കെ, ഐ.യു.എം.എല്‍, ഇടതുപക്ഷ പാര്‍ട്ടികള്‍ തുടങ്ങിയവരുടെ പുതിയ രാഷ്ട്രീയ ചുവടുവെപ്പുകളും എല്ലാം ചേര്‍ന്ന് ഡി.എം.കെയെ മുന്‍പെന്നത്തേക്കാളും ഒറ്റപ്പെടുത്തിക്കളഞ്ഞു.
തമിഴക രാഷ്ട്രീയത്തിന്റെ അച്ചുതണ്ടായി സ്വയം കരുതിയിരുന്നു ഡിഎംകെ. അങ്ങനെ നിന്നിരുന്ന ഒരു പാര്‍ട്ടിയെ അധികാരം പോയതു മാത്രമല്ല, പൊടുന്നനെ നേരിടേണ്ടി വന്ന ഒറ്റപ്പെടലും ആഘാതമായി. എന്നാല്‍ പാര്‍ട്ടി തകര്‍ന്നെന്ന് പ്രതീതി സൃഷ്ടിക്കാതിരിക്കാനും, സ്വയം പ്രതിരോധിക്കാനും, സ്വന്തം അണികള്‍ക്ക് മുന്നില്‍ ഇതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസ്സിന്റെ മേല്‍ കെട്ടിവെക്കാനുമുള്ള ശ്രമം കൂടിയായി മുരശൊലി മുഖപ്രസംഗം കാണാം.
വഴിപിരിയുന്ന സുഹൃത്തുക്കള്‍
ഈ നിയമസഭ തിരഞ്ഞെടുപ്പ് വരെ സഖ്യശക്തിയായി കണ്ടിരുന്ന കോണ്‍ഗ്രസിനെ, കൂടെ നില്‍ക്കുന്നവരെ പിന്നില്‍ നിന്ന് തള്ളിവീഴ്ത്തുന്ന അവിശ്വസ്തനായ സുഹൃത്തായി ഡിഎംകെ ചിത്രീകരിക്കുന്നു. ഇനിയൊരു അനുരഞ്ജനത്തിന് വഴിയില്ലാത്ത വിധം പഴയ സുഹൃത്തിനെ ഉപേക്ഷിക്കാന്‍ സ്റ്റാലിന്‍ തീരുമാനിച്ചിരിക്കുന്നു. ആ രാഷ്ട്രീയബന്ധം പൂര്‍ണ്ണമായും അവസാനിച്ചുവെന്നുമുള്ള പ്രഖ്യാപനമായി തന്നെ മുരശൊലിയിലെ എഡിറ്റോറിയല്‍ വായിക്കാം.
Content Summary; Analysis of the major political split in Tamil Nadu as DMK’s official mouthpiece ‘Murasoli’ launches a scathing attack on Rahul Gandhi. Discover how the rise of Vijay’s TVK and the exit of Congress legislators have shattered the old DMK-Congress alliance after the 2026 Assembly elections.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.