June 26, 2026 |
Share on

ആസ്പിരിനേക്കാൾ ഫലപ്രദം; ഹൃദയാഘാതവും പക്ഷാഘാതവും തടയാൻ മികച്ചത് ക്ലോപിഡോഗ്രലെന്ന് പഠനം

ഏഴ് ക്ലിനിക്കൽ ട്രയലുകളുടെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.

ഹൃദയാഘാതവും പക്ഷാഘാതവും തടയുന്നതിനായി ആസ്പിരിനേക്കാൾ മികച്ച മരുന്ന് കണ്ടെത്തിയതായി റിപ്പോർട്ട്. ഹൃദയാഘാതവും പക്ഷാഘാതവും തടയുന്നതിൽ ആസ്പിരിനേക്കാൾ മികച്ച ഒരു മരുന്ന് ഡോക്ടർമാർ കണ്ടെത്തി. പതിറ്റാണ്ടുകളായി ഈ രോഗങ്ങളെ പ്രതിരോധിക്കാൻ ആളുകൾ ആസ്പിരിൻ ഉപയോഗിച്ചുവരികയായിരുന്നു. ആരോ​ഗ്യ മേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കണ്ടെത്തൽ സഹായകമായേക്കുമെന്നാണ് വിലയിരുത്തൽ.

ഹൃദയാഘാതവും പക്ഷാഘാതവും തടയുന്നതിൽ കൂടുതൽ ഫലപ്രദം ‘ക്ലോപിഡോഗ്രൽ’ (Clopidogrel) എന്ന മരുന്നാണെന്ന് പഠനം പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്മേളനങ്ങളിൽ ഒന്നായ ഹാർട്ട് കോൺഫറൻസിൽ അവതരിപ്പിച്ച പഠനത്തിലാണ് ഈ നിർണ്ണായകമായ കണ്ടെത്തൽ നടന്നത്. 29,000ത്തോളം രോഗികളിൽ നടത്തിയ ഏഴ് ക്ലിനിക്കൽ ട്രയലുകളുടെ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്. ക്ലോപിഡോഗ്രൽ രക്തം കട്ടപിടിക്കുന്നത് തടയുന്നതിൽ ആസ്പിരിനേക്കാൾ കൂടുതൽ ഫലപ്രദമാണെന്ന് പഠനം തെളിയിക്കുന്നു. ഈ കണ്ടെത്തൽ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും സാധ്യതയുള്ള രോഗികൾക്ക് പുതിയ ചികിത്സാ സാധ്യതകൾ തുറന്നു നൽകും.

യുഎസ്, യുകെ, ഓസ്‌ട്രേലിയ, സ്വിറ്റ്‌സർലൻഡ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർ ഉൾപ്പെട്ട അന്താരാഷ്ട്ര സംഘമാണ് പഠനത്തിന് നേതൃത്വം നൽകിയത്. കൊറോണറി ആർട്ടറി രോഗം (CAD) ബാധിച്ച ഏകദേശം 29,000 രോഗികളിൽ നടത്തിയ സമഗ്രമായ വിശകലനത്തിൽ, ഗുരുതരമായ ഹൃദയാഘാതവും പക്ഷാഘാതവും തടയുന്നതിൽ ക്ലോപിഡോഗ്രൽ ആസ്പിരിനേക്കാൾ ഫലം ചെയ്യുമെന്ന് കണ്ടെത്തി. ക്ലോപിഡോഗ്രൽ ഉപയോഗിക്കുന്നതിലൂടെ അമിത രക്തസ്രാവം തടയാൻ സാധിക്കുമെന്നും പഠനം പറയുന്നു.

ഹൃദ്രോഗങ്ങളിൽ ഏറ്റവും സാധാരണമായ ഒന്നാണ് കൊറോണറി ആർട്ടറി രോഗം. ലോകമെമ്പാടുമുള്ള മരണങ്ങൾക്കും ശാരീരിക വൈകല്യങ്ങൾക്കും ഒരു പ്രധാന കാരണം കൂടിയാണിത്. യുകെയിൽ നിന്നുള്ള 2.3 ദശലക്ഷം ആളുകൾ ഉൾപ്പെടെ 30 കോടിയിലധികം ആളുകളാണ് നിലവിൽ ഈ രോഗം മൂലം ദുരിതം അനുഭവിക്കുന്നത്.

ഹൃദയധമനികളുടെ ഭിത്തികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി ധമനികൾ ചുരുങ്ങുമ്പോഴാണ് ഈ രോഗം ഉണ്ടാകുന്നത്. ഇങ്ങനെ ധമനികൾ ചുരുങ്ങുമ്പോൾ അനുഭവപ്പെടുന്ന വേദനയെയോ അസ്വസ്ഥതയെയോ ആൻജീന എന്ന് വിളിക്കുന്നു. ധമനികൾ ചുരുങ്ങുന്നതോടെ പൂർണ്ണമായ തടസ്സമുണ്ടായാൽ അത് ഹൃദയാഘാതത്തിന് കാരണമാകും.

കൊറോണറി ആർട്ടറി രോഗം ബാധിച്ച രോഗികൾക്ക് ഗുരുതരമായ ഹൃദയാഘാതം തടയുന്നതിനുള്ള ചികിത്സയായി കാലങ്ങളായി ആസ്പിരിൻ ആണ് നിർദ്ദേശിച്ചിരുന്നത്. ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയസംബന്ധമായ മറ്റ് മരണങ്ങൾ എന്നിവ തടയുന്നതിന് കൊറോണറി ആർട്ടറി രോഗത്തിന് ആജീവനാന്ത ചികിത്സ ആവശ്യമാണ്. ഈ അവസ്ഥയിലുള്ള രോഗികൾ കാലങ്ങളായി ആസ്പിരിൻ ആണ് ഉപയോഗിച്ച് വരുന്നത്. ആസ്പിരിൻ കഴിക്കുന്ന രോഗികളെ അപേക്ഷിച്ച് ക്ലോപിഡോഗ്രൽ കഴിക്കുന്ന രോഗികൾക്ക് ഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ സംബന്ധമായ മരണം എന്നിവ ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത 14 ശതമാനം കുറവാണെന്ന് പഠനം പറയുന്നു.

content summary: Doctors discover a drug more effective than aspirin in preventing heart attacks

Leave a Reply

Your email address will not be published. Required fields are marked *

×