അമേരിക്ക പണം നല്‍കിയത്, ഇന്ത്യക്കോ ബംഗ്ലാദേശിനോ? അമേരിക്കന്‍ സഹായത്തിന്റെ പേരില്‍ ബിജെപി, കോണ്‍ഗ്രസിനെതിരേ രാഷ്ട്രീയ വിരോധം തീര്‍ക്കുമ്പോള്‍ യഥാര്‍ത്ഥ വസ്തുത മറ്റൊന്നാണെന്ന് വ്യക്തമാകുന്നു. 21 മില്യന്‍ ഡോളര്‍(ഏകദേശം 160 കോടി) തിരഞ്ഞെടുപ്പിലെ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ ഇന്ത്യക്ക് നല്‍കിയെന്നായിരുന്നു ട്രംപ് ഉള്‍പ്പെടെ പറഞ്ഞതും, ബിജെപി ഏറ്റു പിടിച്ചതും. എന്നാല്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസ് രേഖകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്യുന്നത്, ആ പണം ഇന്ത്യക്കല്ല ബംഗ്ലാദേശിനാണ് നല്‍കിയതെന്നാണ്. 21 മില്യണ്‍ ഡോളറിന്റെ ഗ്രാന്റ് യഥാര്‍ത്ഥത്തില്‍ ഇന്ത്യയ്ക്കല്ല, 2022 ല്‍ ബംഗ്ലാദേശിനാണ് അനുവദിച്ചതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസിന് ലഭിച്ച രേഖകള്‍ വെളിപ്പെടുത്തുന്നത്.
ഇതില്‍ 13.4 മില്യണ്‍ ഡോളര്‍ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 2024 ജനുവരിയിലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ‘രാഷ്ട്രീയവും നാഗരികവുമായ ഇടപഴകല്‍’ പ്രോത്സാഹിപ്പിക്കുന്നതിനായി 13.4 മില്യണ്‍ ഡോളര്‍ വിതരണം ചെയ്തുവെന്നാണ് വിവരം. അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹാസിനയെ അധികാരത്തില്‍ നിന്നും പുറത്താക്കുന്നതിലേക്ക് നയിച്ച കലാപത്തിന് ഏഴ് മാസം മുമ്പ് ഇത്തരമൊരു ഫണ്ടിംഗ് നടന്നത് പല സംശയങ്ങളും ഉയര്‍ത്തിയിട്ടുണ്ട്.
ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, സദ്ഭരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള സംഘടനയായ കണ്‍സോര്‍ഷ്യം ഫോര്‍ ഇലക്ഷന്‍സ് ആന്‍ഡ് പൊളിറ്റിക്കല്‍ പ്രോസസ് സ്‌ട്രെങ്തനിങ്ങ് (സിഇപിപിഎസ്) വഴി ലഭിച്ച രണ്ട് യുഎസ്എഐഡി ഗ്രാന്റുകളെ ചുറ്റിപ്പറ്റിയാണ് ഇപ്പോള്‍ വിവാദം. ഈ ഗ്രാന്റുകള്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി (ഡോജ്) പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ യുഎസ് ഇടപെടാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് കാരണമായതുമിതാണ്. സിഇപിപിഎസിന് യുഎസ്എഐഡിയില്‍ നിന്ന് 486 മില്യണ്‍ ഡോളര്‍ ലഭിക്കേണ്ടതായിരുന്നു, മോള്‍ഡോവയും ബംഗ്ലാദേശും ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ക്കായി ഈ ഗ്രാന്റുകള്‍ നീക്കിവച്ചിരുന്നു. ഇതില്‍ മോള്‍ഡോവയ്ക്കായി 22 മില്യണ്‍, ബംഗ്ലാദേശിനായി 21 മില്യണ്‍ എന്നിങ്ങനെയായിരുന്നു നീക്കി വച്ചത്. ബംഗ്ലാദേശിനായുള്ള 21 മില്യണാണ് ഇന്ത്യക്കുള്ളതാമെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് ഇപ്പോള്‍ പുറത്തു വന്ന രേഖകള്‍ പറയുന്നത്.
ഡൊണാള്‍ ട്രംപ് ഭരണകൂടത്തിന്റെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോജ്) ഫെബ്രുവരി 16 നാണ് ‘ഇന്ത്യയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനുള്ള 21 മില്യണ്‍ ഡോളര്‍’ യു എസ് ധനസഹായം റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്. ഈ വിഷയത്തില്‍ വിശദീകരണം നടത്തിയ പ്രസിഡന്റ് ട്രംപ് ആരോപിച്ചത്, ഈ പണം ഇന്ത്യയില്‍ ദുര്‍വിനിയോഗം നടത്തുകയായിരുന്നുവെന്നാണ്. മറ്റാരെയോ തിരഞ്ഞെടുക്കാനായിരുന്നു അവര്‍ ഈ പണം ഉപയോഗിച്ചതെന്നും ട്രംപ് ആക്ഷേപിച്ചിരുന്നു. ബുധനാഴ്ച്ച മിയാമിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ”ഇന്ത്യയിലെ വോട്ടര്‍മാരുടെ പങ്കാളിത്തത്തിനായി ഞങ്ങള്‍ എന്തിനാണ് 21 മില്യണ്‍ ഡോളര്‍ ചെലവഴിക്കേണ്ടത്? കൊള്ളാം, 21 മില്യണ്‍ ഡോളര്‍! അവര്‍ മറ്റാരെയെങ്കിലും തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ ഊഹിക്കുന്നു’. മുന്‍ പ്രസിഡന്റ് ജോ ബൈഡനെ ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടാന്‍ ശ്രമിച്ചിരുന്നുവെന്ന ആരോപണം കൂടി ട്രംപ് ഉയര്‍ത്തി.
ട്രംപിന്റെ വിശദീകരണം കൂടി വന്നതോടെ, ഈ വിഷയം ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപി രാഷ്ട്രീയായുധമാക്കി. കോണ്‍ഗ്രസിന് വിദേശ സഹായം തേടി ഇന്ത്യന്‍ ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാണ് അവരുടെ കുറ്റപ്പെടുത്തല്‍. യുപിഎ സര്‍ക്കാരിന്റെ കാലത്ത് രാജ്യതാത്പര്യങ്ങള്‍ മറന്ന് ഇന്ത്യയെ ദുര്‍ബലപ്പെടുത്താന്‍ വിദേശ ശക്തികള്‍ക്ക് അവസരം നല്‍കിയിരുന്നുവെന്നും, അമേരിക്കന്‍ വ്യവസായി ജോര്‍ജ് സോറോസ് ആണ് എല്ലാത്തിനും പിന്നിലെന്നുമായിരുന്നു ബിജെപി ഐടിസെല്‍ തലവന്‍ അമിത് മാളവ്യയുടെ ആരോപണം. അതേസമയം, ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. USAID funding 21 million dollar for Bangladesh not India
Content Summary; USAID funding 21 million dollar for Bangladesh not India
This post was last modified on February 22, 2025 2:13 pm
Leave a Comment