April 20, 2025 |
Share on

വ്യാപകമാകുന്ന സ്വർണ്ണ തട്ടിപ്പുകൾ; നിശബ്ദത പാലിച്ച് മാധ്യമങ്ങളും നിയമപാലകരും

കബളിപ്പിക്കപ്പെടുന്നത് സാധാരണക്കാർ

പല തട്ടിപ്പിന്റെ കഥകളും കണ്ടും കേട്ടും അറിഞ്ഞിട്ടും വീണ്ടും പറ്റിക്കപ്പെടലിന് ഇരയാകുന്നവരാണ് ഭൂരിഭാഗം മലയാളികളും. എന്നാൽ ഇത്തരം തട്ടിപ്പ് വാർത്തകളൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് മാധ്യമങ്ങൾ കച്ചവടം ചെയ്യുന്നതും പതിവാണ്. എന്നാൽ കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആതിര ​ഗ്രൂപ്പ് എന്ന സ്ഥാപനം കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയെന്ന വാർത്തക്ക് കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളൊന്നും തന്നെ കാര്യമായ ശ്രദ്ധ നൽകിയിട്ടില്ല. 115 കോടിയുടെ നിക്ഷേപ തട്ടിപ്പ് ആതിര ​ഗ്രൂപ്പ് നടത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തങ്ങളുടെ പണം തിരികെ കിട്ടുന്നതിനായി നിക്ഷേപകർ ആതിര ഗ്രൂപ്പ് ഉടമ ആന്റണിയുടെ പള്ളിപ്പുറത്തെ വീടിനു മുന്നിൽ കൂട്ടമായെത്തി പ്രതിഷേധിക്കുകയും ചെയ്തു.

സാധാരണക്കാരായ ദിവസവേതനക്കാരാണ് തട്ടിപ്പിനിരയായതിൽ അധികവും എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് ആതിര ഗ്രൂപ്പിന്റെ കൊച്ചിയിലുള്ള ജ്വല്ലറി പൊലീസ് ജപ്തി ചെയ്തത്. പിന്നാലെ സ്വർണ്ണം പണയം വെച്ചവരും ചിട്ടി ചേർന്നവരും നിക്ഷേപം തിരികെ ലഭിക്കാൻ ഓഫിസിലും ഉടമയുടെ ഓഫിസിലും എത്തി. എന്നാൽ പണം തിരികെ കിട്ടാൻ ഒരു മാർഗവുമില്ലെന്ന് അറിഞ്ഞതോടെ നിക്ഷേപകർ പരിഭ്രാന്തരായി. കല്ല്യാണ ആവശ്യത്തിനായി 40 പവൻ സ്വർണം കിട്ടാനുള്ളവർ ഉൾപ്പെടെ ഇപ്പോൾ സ്വന്തം നിക്ഷേപത്തിനായി നെട്ടോട്ടമോടുകയാണ്. 115 കോടിയുടെ തട്ടിപ്പാണ് നടന്നതെങ്കിൽ 70 കോടിയുടെ ആസ്തി മാത്രമാണ് ആതിര ഗ്രൂപ്പ് ഉടമകൾക്കുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല.

അടുത്തിടെ രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയ അൽ മുക്താദിർ ജ്വല്ലറിയുടെ തട്ടിപ്പ് സംബന്ധിച്ച വാർത്തകൾ മാധ്യമങ്ങളിൽ വന്നത് തന്നെ വിരളമാണ്. മുഖ്യധാര മാധ്യമങ്ങൾ പലതും ഈ വാർത്ത കണ്ടില്ലെന്ന് തന്നെ നടിച്ചു. കാരണം മറ്റൊന്നുമല്ല കോടിക്കണക്കിന് രൂപ പരസ്യവരുമാനം കിട്ടിയത് കൊണ്ട് തന്നെ കേരളത്തിലെ പത്ര, ദൃശ്യ മാധ്യമങ്ങൾ ഇത് വാർത്തയാക്കാതെ നിശബ്ദരായി. നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് വാദിക്കുന്ന പ്രതിഷേധ വീഡിയോകളും മറ്റും പുറത്തുവന്നിരുന്നു. എന്നാൽ ആരും ഇതിനെക്കുറിച്ച് മിണ്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

ഇതിലെല്ലാം കുടുങ്ങി പോകുന്നത് സാധാരണക്കാരാണ്. ദിവസ വേതനത്തിന് പണിയെടുത്തും കൂട്ടിവെച്ചും ഉണ്ടാക്കുന്ന പണമാണ് വിവാഹത്തിനും മറ്റ് ആവശ്യങ്ങൾക്കും മറ്റുമായി സ്വർണക്കടകളിൽ നിക്ഷേപിക്കുന്നത്. എന്നാൽ ഇത്തരം സംഭവങ്ങളിൽ നടക്കുന്നതോ? തട്ടിപ്പ് നടത്തുന്നവർ ഒന്നുകിൽ വിദേശത്തേക്ക് പോകുന്നു. അല്ലെങ്കിൽ ആരോപണങ്ങൾ നിഷേധിച്ച് നാട്ടിൽ തന്നെ വീണ്ടും കഴിയുന്നു. നഷ്ടപ്പെടുന്നത് സാധാരണക്കാരന് മാത്രം.

ജ്വല്ലറികളിൽ പണം നിക്ഷേപിക്കുന്നതിന് ഔദ്യോഗിക നിയമനിർമാണം സർക്കാർ വരുത്തണം. എന്നാൽ നിക്ഷേപകർക്ക് പറ്റിക്കപ്പെട്ടാൽ കേസിലെങ്കിലും പോകാനുള്ള നിയമപരമായ വശം ലഭ്യമാകും.യാതൊരുവിധ മാനദണ്ഡവും ഇല്ലാതെ കേവലം ജ്വല്ലറിയുടെ പേരും ഫോട്ടോയും ഉള്ള ഒരു പാസ് ബുക്കിൽ പണം നിക്ഷേപിക്കുന്നത് രേഖപ്പെടുത്തുന്ന രീതിയാണ് എല്ലാ ജ്വല്ലറികളിലും. ഇതിൽ യാതൊരുവിധ സുരക്ഷിതത്വവുമില്ല. പലതരത്തിലുള്ള ജ്വല്ലറി തട്ടിപ്പുകൾ മുമ്പിൽ വന്നിട്ടും ഭരിച്ച സർക്കാറുകൾ അതിനെതിരെ നിയമനിർമാണം വരുത്തുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

Content Summary: athira jwellery scam, rampant gold scams; The media and law enforcement remain silent

Leave a Reply

Your email address will not be published. Required fields are marked *

×