July 17, 2025 |
Share on

റഡാറിനെ വെട്ടിച്ച നിശബ്ദത, പതിച്ചത് ആരുമറിയാതെ; ബി2 സ്റ്റെൽത്ത് ബോംബറെന്ന യുഎസിന്റെ വജ്രായുധം

ആറ് ബി-2 സ്റ്റെൽത്ത് ബോംബറുകളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പതിച്ചത്

ഭൂമിയ്ക്കടിയിൽ ആഴത്തിൽ തുളച്ച് കയറുന്ന തരത്തിൽ രൂപകല്പന ചെയ്ത ബി-2 സ്റ്റെൽത്ത് ബോംബറുകൾ ഉപയോ​ഗിച്ച് കൃത്യമായ ആസൂത്രണത്തോടെ ആയിരുന്നു ഇറാന്റെ ആണവകേന്ദ്രങ്ങൾ യുഎസ് ആക്രമിക്കുന്നത്. ഏകദേശം 37 മണിക്കൂറുകളോളമാണ് യുഎസിന്റെ ഈ വജ്രായുധം ആകാശത്ത് വട്ടമിട്ട് പറന്നത്. മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ നിന്ന് ആറ് ബി-2 സ്റ്റെൽത്ത് ബോംബറുകളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പതിച്ചത്. ഇറാനെ ആണവായുധങ്ങൾ കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാക്കുകൾക്ക് അനുസൃതമായിട്ട് ആയിരുന്നു ഇറാന്റെ ആണവ കേന്ദ്രത്തെ ലക്ഷ്യം വച്ചുള്ള ഈ ആക്രമണം. ഫൈറ്റർ ജെറ്റുകൾ, ഏരിയൽ ടാങ്കറുകൾ, അന്ത‌ർവാഹിനികൾ എന്നിവയുടെ സഹായത്തോടെയാണ് ബോംബർ വാഹനങ്ങൾ തന്ത്രപ്രധാനമായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളെ ആക്രമിക്കുന്നത്. ആക്രമണത്തിന് പിന്നാലെ ഇറാന്റെ ആണവ പദ്ധതി ഞങ്ങൾ തകർത്തുവെന്ന് യുഎസിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ​ഗ്സെത്ത് പറയുകയുണ്ടായി.

വഞ്ചനയിലൂടെയാണ് യുഎസ് ദൗത്യം പൂർത്തീകരിച്ചതെന്ന് പറയാം. സാങ്കേതികമായി ഏറ്റവും മുന്നിട്ട് നിൽക്കുന്ന യുദ്ധവിമാനമാണ് അമേരിക്കയുടെ ബി 2 സ്റ്റെൽത്ത് ബോംബർ. വ്യോമയുദ്ധരം​ഗത്തെ അസാധാരണ യു​ദ്ധപോരാളിയെന്നും ബി2 ബോംബറുകൾ അറിയപ്പെടുന്നു. മിസോറിയിലെ വൈറ്റ്മാൻ വ്യോമതാവളത്തിൽ നിന്ന് ആറ് ബി-2 സ്റ്റെൽത്ത് ബോംബറുകളാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ പതിച്ചതിനൊപ്പം തന്നെ മറ്റൊരു സെറ്റ് ബോംബറുകൾ എതിർ ദിശയിലേക്കും പതിച്ചിരുന്നു. ശ്രദ്ധ തിരിക്കാനുള്ള യുഎസ് തന്ത്രമായിരുന്നു ഇത്. സ്റ്റെൽത്ത് ഫൈറ്ററുകളുടെയും എയർക്രാഫ്റ്റുകളുടെയും പിന്തുണയോടെ അറ്റ്ലാറ്റിക് മെഡിറ്റേറിയൻ കടലുകൾക്ക് മീതെ പറന്നു. ഈ ആക്രമണം ആസൂത്രിതമായിരുന്നെങ്കിലും അതീവ രഹസ്യ സ്വഭാവം കാത്തു സൂ​ക്ഷിച്ചിരുന്നുവെന്ന് യുഎസ് എയർഫോഴ്സ് ജനറൽ ഡാൻ കെയ്ൻ പറയുകയുണ്ടായി. ലോകത്തിന് പോലും അറിയാൻ കഴിയാത്ത നിശബ്ദതയോടെയാണ് ഞങ്ങളുടെ ബി-2 ബോംബറുകൾ ഇറാനിൽ പതിച്ചതെന്ന് പീറ്റ് ഹെ​ഗ്സെത്ത് വ്യക്തമാക്കി. ബോംബറുകൾ ഇറാനെ സമീപിക്കുന്ന ആ കൃത്യസമയത്ത് തന്നെ രണ്ട് ഡസനിലധികം ടോമോഹോക്ക് ക്രൂയിസ് മിസൈലുകളും ഇഫ്സഹാനിലേക്ക് യുഎസ് വിക്ഷേപിച്ചു. ശനിയാഴ്ച വൈകിട്ട് 6.40ന് ആറോളം ജിബിയു-57 ബങ്കർ-ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചാണ് B-2 ബോംബറുകൾ ഇറാന്റെ ഫോർഡോ ആണവ കേന്ദ്രത്തിൽ പതിച്ചത്. ബാക്കിയുള്ളവ ഫോർഡോയിലും നടാൻസിലുമായി പതിച്ചു. ടോമ്ഹോക്ക് മിസൈലുകളാവട്ടെ ലക്ഷ്യം വച്ചത് ഇസ്ഫഹാനെയും.

ഓരോ ബി 2 ബോംബറിനും ഏകദേശം 2.1 ബില്യൺ ഡോളറോളം വിലവരും. 172 അടിയാണ് അവയുടെ വീതി. 1980കളുടെ അവസാനത്തിൽ രൂപകല്പന ചെയ്ത് ബി2 വിമാനം 12 എണ്ണം മാത്രമേ നിർമ്മിച്ചിട്ടുള്ളൂ. 15,000 മീറ്റർ വരെ ഉയരത്തിൽ ആക്രമണ ദൗത്യങ്ങൾ നടത്താൻ ഇതിന് സാധിക്കും. പറക്കും ചിറക് അഥവാ ഫ്ളൈയിങ് വിംഗ് രൂപകല്‍പ്പനയാണ് ബി 2-വിമാനത്തിന്റേത്. രണ്ട് പൈലറ്റുമാരാണ് ഈ ബോംബര്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ വേണ്ടിയാണ് ബി-2 ബോംബറിനെ രൂപകല്‍പ്പന ചെയ്തത്. 1989-ല്‍ ആദ്യമായി പറന്നുയര്‍ന്ന ഈ വിമാനം, 1997-ല്‍ അമേരിക്കന്‍ വ്യോമസേനയുടെ ഭാഗമായി. കൊസോവോ യുദ്ധം, അഫ്ഗാനിസ്ഥാന്‍ യുദ്ധം, ഇറാഖ് യുദ്ധം തുടങ്ങിയ നിരവധി സംഘര്‍ഷങ്ങളില്‍ ബി -2 വിമാനം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നലെ രാത്രി അമേരിക്ക ബി-2 ബോംബറുകള്‍ പസഫിക് മേഖലയിലെ ഗുവാമിലേക്ക് വിന്യസിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

content summary: The U.S. launched a silent attack on Iran using the B-2 stealth bomber one of the most powerful weapons in America’s arsenal

Leave a Reply

Your email address will not be published. Required fields are marked *

×