സെമിറ്റിക് വിരുദ്ധ പീഡനങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതില്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ന്യൂയോര്‍ക്കിലെ കൊളംബിയ യൂണിവേഴ്‌സിറ്റിക്കുള്ള 400 മില്യണ്‍ ഡോളറിന്റെ ഫെഡറല്‍ ഗ്രാന്റുകളും കരാറുകളും റദ്ദാക്കി ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം. വെള്ളിയാഴ്ചയാണ് ഇക്കാര്യം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
ഹമാസിന്റെ ഇസ്രയേല്‍ ആക്രമണവും, പിന്നാലെ ഇസ്രയേല്‍ തുടങ്ങിയ ഗാസ യുദ്ധവുമാണ് സര്‍വകലാശാലയെയും ബാധിച്ചത്. ഇസ്രയേല്‍ ഗാസയില്‍ നടത്തുന്ന യുദ്ധത്തിനെതിരേ കൊളംബിയ സര്‍വകലാശാലയില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. ഇതാണ് ജൂത വിദ്യാര്‍ത്ഥികള്‍ക്കെതിരായ സെമിറ്റിക് വിരുദ്ധ പീഡനമായി ചിത്രീകരിക്കപ്പെട്ടത്. ഈ പ്രതിഷേധങ്ങള്‍ക്കെതിരേ സര്‍വകലശാല ഒരു അച്ചടക്ക സമിതിയെ നിയോഗിച്ചു. ഇസ്രയേലിനെതിരേയും, ജൂതരായ വിദ്യാര്‍ത്ഥികള്‍ക്കെതിരേയും വിമര്‍ശനം ഉയര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരേ അന്വേഷണം നടത്താനായിരുന്നു സമിതി. എന്നാല്‍ ഇത്തരമൊരു സമിതിയുടെ രൂപീകരണത്തിലൂടെ കൊളംബിയ സര്‍വകലാശാല അധികൃതര്‍ അഭിപ്രായ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന് വിമര്‍ശനം ഉയര്‍ന്നു.
ജൂത വിദ്യാര്‍ത്ഥികളെ സെമിറ്റിക് വിരുദ്ധ പീഡനങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് കൊളംബിയ സര്‍വകലാശാലയ്‌ക്കെതിരേ കോടതിയില്‍ കേസുകള്‍ വന്നിരുന്നു. ജൂത വിദ്യാര്‍ത്ഥികള്‍ ശാരീരികവും മാനസികവുമായ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള മോശം പെരുമാറ്റങ്ങള്‍ സഹിക്കേണ്ടി വന്നപ്പോള്‍ സര്‍വകലാശാല നിശബ്ദമായി നില്‍ക്കുക മാത്രമാണ് ചെയ്‌തെന്നായിരുന്നു ഒരു ഹര്‍ജിയിലെ ആരോപണം. അതേസമയം, അതേസമയം, ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നാരോപിച്ച് സ്റ്റുഡന്റ്‌സ് ഫോര്‍ ജസ്റ്റിസ് ഇന്‍ പാലസ്തീന്‍ (എസ്‌ജെപി) എന്ന സയണിസ്റ്റ് വിരുദ്ധ വിദ്യാര്‍ത്ഥി സംഘടനയെ സസ്‌പെന്‍ഡ് ചെയ്തതിന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ (എസിഎല്‍യു) കൊളംബിയ യൂണിവേഴ്‌സിറ്റിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
ട്രംപ് ഭരണകൂടവും യാഥാസ്ഥിതികരും ആരോപിക്കുന്നത് അമേരിക്കന്‍ സര്‍വകലാശാലകള്‍ ലിബറല്‍ ശക്തികേന്ദ്രങ്ങളാണെന്നാണ്. ഇത്തരം സര്‍വകലാശാലകള്‍ എതിര്‍ക്കപ്പെടണമെന്ന ആഹ്വാനമാണ് അവര്‍ക്കുള്ളത്. അവയെ നിയന്ത്രിക്കണമെന്ന ആവശ്യവും ശക്തമാണ്. സര്‍വകലാശാലകള്‍ ലിബറല്‍ പ്രത്യയശാസ്ത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും യാഥാസ്ഥിതിക ശബ്ദങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അവര്‍ ആരോപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊളംബിയ സര്‍വകലാശലയ്‌ക്കെതിരേ ട്രംപ് ഭരണകൂടത്തിന്റെ നടപടി വന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കൊളംബിയ തങ്ങളുടെ കാമ്പസില്‍ നടക്കുന്ന ജൂതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കൂടുതല്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഫെഡറല്‍ ഫണ്ടിംഗ് നഷ്ടപ്പെടുമെന്ന് ട്രംപ് ഭരണകൂടത്തിലെ വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹോണ്‍ തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് സര്‍വകലാശാലയുടെ ഫണ്ട് റദ്ദാക്കിയിരിക്കുന്നത്. ഇത് ആദ്യഘട്ട നടപടിയാണെന്നും കൂടുതല്‍ കടുത്ത നടപടികള്‍ പിന്നാലെയുണ്ടാകുമെന്നുമാണ് മുന്നറിയിപ്പ്. കൊളംബിയ സര്‍വകലാശല കുറെക്കാലമായി കാമ്പസിലെ ജൂത വിദ്യാര്‍ത്ഥികളോടുള്ള ഉത്തരവാദിത്തം നടപ്പാക്കാറില്ലെന്നാണ് വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ തന്റെ പ്രസ്താവനയില്‍ ആരോപിക്കുന്നത്. കോളേജ്, യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടന്നുകൊണ്ടിരിക്കുന്ന ‘നിയമവിരുദ്ധ പ്രതിഷേധങ്ങളെ’ക്കുറിച്ചും ലിന്‍ഡയുടെ പ്രസ്താവനയില്‍ പരാമര്‍ശിക്കുന്നുണ്ട്. ചില വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളെ പരാമര്‍ശിക്കാന്‍ ട്രംപും ഇതുപോലെ അനധികൃത പ്രതിഷേധങ്ങള്‍ എന്ന വിമര്‍ശനം ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍, വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍ നടത്തുന്ന പ്രതിഷേധം എങ്ങനെയാണ് നിയമവിരുദ്ധമാകുന്നതെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുമില്ല.
ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനെതിരേ യുഎസിലുടനീളം പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദുവായിരുന്നു കൊളംബിയ സര്‍വകലാശാല. ഏപ്രിലില്‍ പലസ്തീന്‍ അനുകൂല പ്രകടനക്കാര്‍ അവിടെ ഒരു ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. മറ്റ് പല കോളേജുകളിലും സമാനമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുന്നതിന് പ്രചോദനമായതും കൊളംബിയയിലെ പ്രതിഷേധങ്ങളായിരുന്നു.
ചൊവ്വാഴ്ച തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരേ പ്രസിഡന്റ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ തടവിലാക്കുമെന്നും നാടുകടത്തുമെന്നും ട്രംപ് ഭീഷണി മുഴക്കി. ‘പ്രക്ഷോഭകരെ ജയിലിലടയ്ക്കും, അല്ലെങ്കില്‍ അവര്‍ വന്ന രാജ്യത്തേക്ക് സ്ഥിരമായി തിരിച്ചയയ്ക്കും. അമേരിക്കന്‍ വിദ്യാര്‍ത്ഥികളെ കാമ്പസുകളില്‍ നിന്നും എന്നന്നെക്കുമായി പുറത്താക്കുകയോ, കുറ്റകൃത്യത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയോ ചെയ്യും.’- ഇതായിരുന്നു പ്രസിഡന്റിന്റെ ഭീഷണി.
അതേസമയം, ട്രംപ് ഭരണകൂടത്തില്‍ നിന്നും ഇളവ് പ്രതീക്ഷിക്കുകയാണ് കൊളംബിയ സര്‍വകലാശാല അധികൃതര്‍. ‘ഫെഡറല്‍ ഏജന്‍സികളില്‍ നിന്നുള്ള പ്രഖ്യാപനം പുനഃപരിശോധിക്കുകയാണെന്നും കൊളംബിയയുടെ ഫെഡറല്‍ ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതിന് ഫെഡറല്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും’ കൊളംബിയ യൂണിവേഴ്‌സിറ്റി വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നുണ്ട്. Donald Trump administration canceled Federal grants and contracts to Columbia University
Content Summary; Donald Trump administration canceled Federal grants and contracts to Columbia University