ഇറാനില്‍ ആളിക്കത്തുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്. ഈ സഹാചര്യം മുതലെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. ഇറാന് ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കുള്ള മറുപടിയായി ആ രാജ്യത്തിന് നേരെ സൈനിക ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട വിവിധ സൈനിക മാര്‍ഗങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ വൈറ്റ് ഹൗസിന് മുന്നില്‍ സമര്‍പ്പിച്ചു. സിവിലിയന്‍ പ്രതിഷേധങ്ങള്‍ക്കെതിരെ ഇറാന് ഭരണകൂടം ബലപ്രയോഗം തുടര്‍ന്നാല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നീക്കം.
നിര്‍ണായക തീരുമാനത്തിലേക്ക് ട്രംപ്
ആക്രമണത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, ഇറാന്റെ സുരക്ഷാ സേനയെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങള്‍ ട്രംപിന്റെ സജീവ പരിഗണനയിലാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ടെഹ്റാനിലെ സൈനികേതര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുടെ പട്ടിക പ്രസിഡന്റിന് കൈമാറിയിട്ടുണ്ട്.
‘ഇറാന് സ്വാതന്ത്ര്യം കൊതിക്കുകയാണ്, അവരെ സഹായിക്കാന്‍ അമേരിക്ക തയ്യാറാണ്,’ എന്ന് ശനിയാഴ്ച ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. മുന്‍പ് നടന്ന പ്രതിഷേധങ്ങളില്‍ ആളുകള്‍ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി, ഇത്തവണയും അത് ആവര്‍ത്തിച്ചാല്‍ ‘അവര്‍ക്ക് വേദനിക്കുന്ന ഇടങ്ങളില്‍ തന്നെ അമേരിക്ക പ്രഹരിക്കും’ എന്ന് ട്രംപ് എണ്ണക്കമ്പനി മേധാവികളുമായുള്ള കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിരുന്നു. ഇത് കരസേനാ നീക്കമായിരിക്കില്ല, മറിച്ച് അതിശക്തമായ മിസൈല്‍-വ്യോമാക്രമണങ്ങള്‍ ആയിരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
നയതന്ത്ര നീക്കങ്ങളും ഇസ്രയേല്‍ ബന്ധവും
ഇറാന് വിഷയത്തില്‍ അമേരിക്ക നയതന്ത്ര നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ശനിയാഴ്ച രാവിലെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചു. ഇറാനിലെ പ്രതിഷേധങ്ങള്‍, സിറിയയിലെ സാഹചര്യം, ഗാസ സമാധാന കരാര്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം. ‘ധീരരായ ഇറാനിയന്‍ ജനതയ്ക്കൊപ്പം അമേരിക്ക നില്ക്കുന്നു’ എന്ന് റൂബിയോ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം മാര്‍-എ-ലാഗോയില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയില്‍ ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങളെക്കുറിച്ച് ട്രംപും നെതന്യാഹുവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇറാന്റെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക് അമേരിക്കന്‍ പിന്തുണയുണ്ടാകുമെന്ന് ട്രംപ് അന്ന് ഉറപ്പ് നല്‍കിയിരുന്നു.
തുടര്‍ച്ചയായ സൈനിക നടപടികള്‍
രണ്ടാം തവണ അധികാരമേറ്റ ശേഷം ട്രംപ് നടത്തുന്ന സൈനിക ഇടപെടലുകളുടെ തുടര്‍ച്ചയായാണ് ഇറാന് നീക്കത്തെയും ലോകം നോക്കിക്കാണുന്നത്.
ജനുവരി മൂന്നിന് വെനസ്വേലയില്‍ നടത്തിയ മിന്നല്‍ ആക്രമണത്തിലൂടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം പിടികൂടിയിരുന്നു. ട്രംപ് നല്കുന്ന മുന്നറിയിപ്പുകള്‍ വെറും വാക്കല്ലെന്ന് തെളിയിക്കാനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഈ ആക്രമണത്തിന്റെ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
ആറുമാസം മുന്‍പ് ഇറാന്റെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ‘മിഡ്നൈറ്റ് ഹാമര്‍’ എന്ന് പേരിട്ട ആ നീക്കത്തില്‍ ബി-2 ബോംബറുകളും മിസൈലുകളും ഉപയോഗിച്ച് ഫോര്‍ഡോ, നടാന്‍സ്, ഇസ്ഫഹാന് എന്നിവിടങ്ങളിലെ കേന്ദ്രങ്ങള്‍ തകര്‍ത്തിരുന്നു.
ഇതുകൂടാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിറിയ, യമന്‍, സൊമാലിയ, നൈജീരിയ എന്നിവിടങ്ങളിലും അമേരിക്ക സൈനിക നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്.
ആശങ്കകളും വെല്ലുവിളികളും
സൈനിക നീക്കത്തിന് ട്രംപ് ഒരുങ്ങുമ്പോഴും പെന്റഗണിലെ ചില ഉദ്യോഗസ്ഥര്‍ ജാഗ്രത നിര്‍ദ്ദേശിക്കുന്നുണ്ട്. അമേരിക്കന്‍ ആക്രമണം ഇറാനിലെ ജനങ്ങള്‍ക്കിടയില്‍ വിപരീത ഫലം ഉണ്ടാക്കുമോ എന്നും, അത് ഭരണകൂടത്തിന് അനുകൂലമായ ദേശീയ വികാരം വളര്‍ത്തുമോ എന്നും ആശങ്കയുണ്ട്. കൂടാതെ മേഖലയിലെ യുഎസ് നയതന്ത്രജ്ഞര്‍ക്ക് നേരെ ഇറാന്റെ ഭാഗത്ത് നിന്ന് തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയും സൈന്യം കണക്കിലെടുക്കുന്നു. ഏതൊരു ആക്രമണത്തിന് മുന്‍പും പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ സമയം വേണമെന്നാണ് സൈനിക കമാന്‍ഡര്‍മാരുടെ നിലപാട്.
സാമ്പത്തിക തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ഡിസംബറില്‍ തുടങ്ങിയ പ്രക്ഷോഭം ഇപ്പോള്‍ ഇറാന്റെ ഏകാധിപത്യ ഭരണത്തിനെതിരെയുള്ള പോരാട്ടമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ട്രംപിന്റെ അടുത്ത നീക്കം ഇറാന് ഭരണകൂടത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിച്ചേക്കാം.
Content Summary; Donald Trump discusses options for military action in Iran amid ongoing civilian protests
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.