February 13, 2025 |
Share on

എന്താണ് ജയിലില്‍ പോകാതെ ട്രംപ് രക്ഷപ്പെട്ട ഹഷ് മണി കേസ്?

ശിക്ഷയൊന്നുമില്ലെങ്കിലും ഒരിക്കലും മാറാത്തൊരു നാണക്കേടുമായാണ് ട്രംപ് വൈറ്റ് ഹൗസിലെത്തുന്നത്

കുറ്റം മറച്ചു വയ്ക്കാന്‍ കൈക്കൂലിപ്പണം(ഹഷ് മണി) നല്‍കിയ കേസില്‍ കുറ്റവാളിയായി കണ്ടെത്തിയെങ്കിലും, നിയുക്ത അമേരിക്കന്‍ പ്രസിഡന്റിനെ ശിക്ഷാ വിധികളില്‍ നിന്നെല്ലാം നിരുപാധികം മോചിപ്പിച്ച് കോടതി വിധി. കുറ്റക്കാരനാണെങ്കിലും ജയില്‍ ശിക്ഷയോ, പിഴയോ, പ്രൊബേഷനോ, നിര്‍ബന്ധിത സാമൂഹിക സേവനങ്ങളോ ഒന്നും ട്രംപിന് നേരിടേണ്ടി വരില്ലെന്നാണ് ജഡ്ജി ജുവാന്‍ മെര്‍ച്ചന്റെ വിധിയില്‍ പറയുന്നത്. ചുരുക്കി പറഞ്ഞാല്‍, യാതൊരു പ്രത്യാഘാതവും നേരിടേണ്ടി വരാത്തവിധം ട്രംപിനെ വെറുതെ വിടുകയും കേസ് അവസാനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നത്. വളരെ അപൂര്‍വമായാണ് ഇത്തരം വിധികള്‍ കോടതികളില്‍ നിന്നുണ്ടാകുന്നത്.

ജനുവരി 20 നാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. 10 ദിവസം മുമ്പ് വന്നിരിക്കുന്ന ഈ വിധി ട്രംപിന് വളരെയേറ ആശ്വാസം ഏകുന്നതാണെങ്കിലും, നാണംകെട്ടൊരു ചരിത്രം കൂടി പേറിയാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് പോകുന്നത്. ശിക്ഷകളൊന്നും നേരിടേണ്ടി വരില്ലെങ്കിലും കുറ്റവാളിയായി പ്രഖ്യാപിക്കപ്പെട്ട ആദ്യ അമേരിക്കന്‍ പ്രസിഡന്റ് എന്ന അപഖ്യാതി ട്രംപിന് മേലുണ്ടാകും.

കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്ന് കഴിഞ്ഞാഴ്ച്ച ജഡ്ജി ജുവാന്‍ മെര്‍ച്ചന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ, നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്രംപ് സുപ്രിം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ആവശ്യം യു എസ് സുപ്രിം കോടതി തള്ളുകയാണുണ്ടായത്. നിയുക്ത പ്രസിഡന്റെന്ന നിലയില്‍ ട്രംപിന് പ്രത്യേക അവകാശങ്ങളുണ്ടെന്ന് വാദിച്ച് ശിക്ഷാവിധി വൈകിപ്പിക്കണമെന്നായിരുന്നു ട്രംപിന്റെ അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും 5-4 ന്റെ ഭൂരിപക്ഷത്തില്‍ കോടതി ഈ ആവശ്യം നിരസിക്കുകയായിരുന്നു.

എന്താണ് ഹഷ് മണി കേസ്‌
2016ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കവെ തനിക്കെതിരേ ഉയര്‍ന്നു വന്ന ലൈംഗിക ആരോപണ കേസ് ഒതുക്കി തീര്‍ക്കാന്‍ പണം നല്‍കിയ ട്രംപ് പണ ഇടപാട് നിയമവിധേയമാക്കാന്‍ രേഖകളില്‍ കൃത്രിമത്വം കാണിച്ചുവെന്നതാണ് ഹഷ് മണി കേസ്. 2006ല്‍ തന്നെ പീഡിപ്പിച്ചെന്ന സ്റ്റോമി ഡാനിയേല്‍സിന്റെ ആരോപണം പുറംലോകം അറിയാതിരിക്കാനായി അവര്‍ക്ക് 1.30 ലക്ഷം ഡൊണാള്‍ഡ് ട്രംപ് നല്‍കി. ഇതിനായി 34 ബിസിനസ് രേഖകള്‍ വ്യാജമായി തയ്യാറാക്കി. ഇതാണ് ട്രംപിനെതിരായ കുറ്റങ്ങളായി പറയുന്നത്. വിചാരണ വേളയില്‍ കോടതിയില്‍ ഹാജരായ സ്റ്റോമി ട്രംപിനെതിരെ മൊഴി നല്‍കിയിരുന്നു. 2006ല്‍ ഡൊണാള്‍ഡ് ട്രംപുമായി പരിചയത്തിലായ സ്റ്റോമിയെ റിയാലിറ്റി ഷോയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് വിധേയയാക്കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ട്രംപ് ദ അപ്രന്റിസ് എന്ന റിയാലിറ്റി ഷോ അവതാരകനായിരുന്നു. ട്രംപ് ചതിച്ചതാണെന്ന് മനസിലാക്കിയ സ്‌റ്റോമി ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് സ്‌റ്റോമി തന്റെ കഥ അടങ്ങുന്ന പുസ്തക രൂപത്തില്‍ പുറത്തിറക്കാന്‍ തീരുമാനിച്ചു. പുസ്തകത്തിന്റെ വില്‍പ്പനയ്ക്ക് ട്രംപുമായുള്ള ബന്ധം ഗുണം ചെയ്യുമെന്ന് മനസിലാക്കി സ്‌റ്റോമി അതും എഴുതാന്‍ തീരുമാനിച്ചു. ഇതോടെയാണ് ട്രംപ് സ്‌റ്റോമിയെ നിശബ്ദയാക്കാന്‍ അഭിഭാഷകനായ മൈക്കല്‍ കോഹന്‍ ഡേവിസണ്‍ വഴി ശ്രമിക്കുന്നത്. ഒതുക്കി തീര്‍ക്കുന്നതിന്റെ ഭാഗമായി തനിക്ക് 1.30 ലക്ഷം ഡോളര്‍ ലഭിച്ചെന്നുമാണ് സ്‌റ്റോമിയുടെ മൊഴി.  Donald Trump escape from jail, unconditional discharge from Hush money case-court verdict 

Content Summary; Donald Trump escape from jail, unconditional discharge from Hush money case-court verdict

×