July 13, 2025 |
Avatar
അമർനാഥ്‌
Share on

അപകടം എന്നും സഹയാത്രികന്‍; വിമാനം തകര്‍ന്ന് വീണപ്പോള്‍ രക്ഷപ്പെട്ട യാത്രക്കാരന്‍

വി.കെ. മാധവന്‍ കുട്ടി വാര്‍ത്തയെഴുതി, വാര്‍ത്തയായ്

മദ്രാസിലെ മീനംമ്പാക്കം വിമാനത്താവളത്തില്‍ നിന്ന് വൈകിട്ട് വിമാനം ഏഴരയ്ക്ക് മാതൃഭൂമിയുടെ ഡല്‍ഹിയിലെ മുതിര്‍ന്ന ലേഖകന്‍ വി.കെ. മാധവന്‍ കുട്ടി വിമാനത്തില്‍ കയറി ഇരിപ്പിടത്തില്‍ ഉറച്ചപ്പോള്‍ വിമാനത്തിനകത്ത് നിന്ന് ആദ്യം കേട്ടത് വലിയ ആളുകള്‍ മരിക്കുമ്പോള്‍ റേഡിയോവിലൊക്കെ വെയ്ക്കുന്ന ഷഹനായി സംഗീതം. അത് കേട്ടപ്പോള്‍ വേണ്ടാത്ത ഓര്‍മ്മകള്‍ ഉയര്‍ന്നു. മാധവന്‍ കുട്ടിക്ക് സ്വല്‍പ്പം അസുഖം തോന്നിയെങ്കിലും വിമാനത്തിലെ പതിവ് ചടങ്ങാണല്ലോ എന്ന് കരുതി സമാധാനിച്ചു.

വിമാനം പറന്നു പൊങ്ങിയപ്പോള്‍ വായിക്കാനെടുത്തത് വയലാര്‍ രാമവര്‍മ്മയുടെ ‘ എനിക്ക് മരണമില്ല ‘ എന്ന കവിതാ സമാഹാരമാണ്. കുറച്ച് സമയത്തിന് ശേഷം മരണവുമായി മുഖാമുഖം കാണുമെന്ന് മാധവന്‍ കുട്ടി കരുതിയില്ല. കവിതാ സമാഹാരത്തിന്റെ പേര് തന്റെ കാര്യത്തില്‍ ശരിയാവുമെന്നും വിചാരിച്ചില്ല.

ഒരു പത്രപ്രവര്‍ത്തകന്‍ സഞ്ചരിച്ച വിമാനം തകര്‍ന്നു വീഴുക. അയാള്‍ അത്ഭുതകരമായി രക്ഷപ്പെടുക. വിമാനം തകര്‍ന്ന വാര്‍ത്തയെഴുതി തന്റെ പത്രത്തിന് സംഭവ സ്ഥലത്ത് നിന്ന് അയയ്ക്കുക. അപകടം പലപ്പോഴും ജീവിതത്തില്‍ കെ. മാധവന്‍ കുട്ടിയുടെ സഹയാത്രികനായിരുന്നെന്ന് അദ്ദേഹത്തിന്റെ അനുഭവം പറയുന്നു.

1973 മെയ് 31 ന്, ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലേക്ക് ലാന്‍ഡിങ്ങിന് തൊട്ടു മുന്‍പ് മാധവന്‍ കുട്ടി സഞ്ചരിച്ച വിമാനം, ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 440 തകര്‍ന്നുവീണു. 66 യാത്രക്കാരില്‍ 17 പേരൊഴികെ എല്ലാവരും മരിച്ചു.

53 വര്‍ഷം മുന്‍പാണ്, മാതൃഭൂമി ദിനപത്രത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ മാധവന്‍ കുട്ടി നാട്ടില്‍ എത്തി ഒരു മാസം ലീവില്‍ സുഖതാമസമാഘോഷിക്കുമ്പോഴാണ് അത്യാവശ്യമായി ഡല്‍ഹിയിലക്ക് തിരിച്ച് പോകാന്‍ കോഴിക്കോട് ഹെഡ് ഓഫീസില്‍ നിന്ന് അടിയന്തര വിളി വരുന്നത്. ഉടനെ ഡല്‍ഹിയില്‍ പോണം. മാതൃഭൂമി പത്രം അച്ചടിക്കാന്‍ ന്യൂസ് പ്രിന്റ് ഇല്ല. അത് ശരിയാക്കണം. അല്ലെങ്കില്‍ പത്രം മുടങ്ങും. ‘ഒന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍ നെല്ലായി തന്നെ’ എന്ന പഴയ പരസ്യം പോലെയാണ് മാധവന്‍ കുട്ടിയെന്ന മനുഷ്യന്‍. എന്തിനും ഏതിനും എല്ലാവര്‍ക്കും വേണം മാധവന്‍ കുട്ടിയെ. ഇന്നും ഇന്നലെയൊന്നും തുടങ്ങിയതല്ല. 50 കളില്‍ മാതൃഭൂമിയുടെ ഡല്‍ഹി ലേഖകനായി പത്രപ്രവര്‍ത്തനം തുടങ്ങിയ ആളാണ്. ഡല്‍ഹിയിലെ ഇന്ത്യാഗേറ്റ് പോലെ രാജ്യതലസ്ഥാനത്ത് കേരളത്തിന്റെ സ്വാഗത കമാനമായിരുന്നു വി.കെ മാധവന്‍കുട്ടി. അരനൂറ്റാണ്ടോളം ഡല്‍ഹിയിലെ കേരളത്തിന്റെ അനൗപചാരിക അംബാസഡറായിരുന്ന പത്രപ്രവര്‍ത്തകന്‍. ഡല്‍ഹിയിലെത്തുന്ന ഒരു മലയാളി കാണേണ്ട രണ്ട് കാര്യങ്ങള്‍ ഒന്ന് കുത്തബ് മിനാറും മറ്റൊന്ന് മാധവന്‍കുട്ടിയുമാണെന്ന നിലയിലേക്കെത്തിയ, ഖ്യാതിയുള്ള ആളാണ്. ആര്‍ക്കും സമീപിക്കാവുന്ന സഹായ സെല്ല്.

ഈ വിമാനാപകടത്തിന് പതിവില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കാന്‍ ഒരു കാരണം കേന്ദ്രമന്ത്രി മോഹന്‍ കുമാരമംഗലം, ഏതാനും പാര്‍ലമെന്റ് അംഗങ്ങള്‍, ഒരു പ്രശസ്ത ട്രേഡ് യൂണിയന്‍ നേതാവ്, ഒരു അംബാസിഡര്‍ എന്നിവര്‍ ഈ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതാണ്. ഇത് അപകടത്തിന്റെ കാരണമറിയാന്‍ പലരേയും ഉത്സുകരാക്കി. ഡല്‍ഹിയില്‍ വിമാനമിറങ്ങുമ്പോള്‍ ഉണ്ടായ മൂന്നാമത്തെ വിമാനാപകടമാണ് ഇത്. പിറ്റേന്ന് തന്നെ ഗവണ്‍മെന്റ് ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റീസ് രാജിദര്‍ സച്ചാറിനെ അന്വേഷണ കമ്മീഷനായി നിയമിച്ചു.

vk madhavan kutty

വി.കെ. മാധവന്‍ കുട്ടി

സൈക്കിള്‍ തൊട്ട് വിമാനത്തില്‍ വരെ സഞ്ചരിച്ച ആളാണ് മാധവന്‍ കുട്ടി. അപകടം അന്നുതൊട്ടേ കൂടെ കൂടെ എത്തിനോക്കും. അവന്‍ പിടികൂടാന്‍ തക്കം നോക്കി നടന്നു. പക്ഷേ മാധവന്‍ കുട്ടി പിടി കൊടുത്തില്ല. ഒരിക്കല്‍ ഡല്‍ഹിയിലെ റോഡിലൂടെ ഒരു തണുപ്പ് കാലത്ത് കവിതയും മൂളി സൈക്കിള്‍ ചവിട്ടി പോകുമ്പോള്‍ റോഡില്‍ എന്തോ തട്ടി വീണു. കേബിളിടാന്‍ കുഴിയുണ്ടായിരുന്നു അതിന്റെ മുന്നറിയിപ്പ് വെച്ച ബോഡില്‍ തട്ടിയാണ് വീണത് അല്‍പ്പം മാറിയിരുന്നെങ്കില്‍ തൊട്ടുള്ള ആഴത്തിലുള്ള കുഴിയില്‍ പതിച്ചേനെ. അന്ന് മരണം വഴുതി മാറി.

മാധവന്‍ കുട്ടി സൈക്കിളില്‍ നിന്ന് മോട്ടോര്‍ സൈക്കിളിലേക്ക് മാറി. ഒരു നാള്‍ ഡല്‍ഹി നഗരമദ്ധ്യത്തില്‍ ചുവപ്പ് സിഗ്‌നലില്‍ നിറുത്തിയ വണ്ടി പച്ചയായപ്പോള്‍ മാധവന്‍ കുട്ടി മോട്ടോര്‍ സൈക്കിള്‍ മുന്നോട്ട് എടുത്തപ്പോള്‍ എതിരെ, ചുവപ്പ് സിഗ്‌നല്‍ മറികടന്ന് ഒരു സ്ത്രീ കാറോടിച്ച് വന്ന് ഒറ്റ ഇടി. ഞൊടിയിടയില്‍ ബൈക്ക് മറിഞ്ഞ് മുന്‍ ചക്രം കാറിനിടയിലായി… ജനം ഓടിക്കൂടി. വേദനയുമായി മാധവന്‍ കുട്ടി എഴുന്നേറ്റ് നിന്നപ്പോള്‍ ജനക്കൂട്ടത്തില്‍ നിന്ന് ഒരു സര്‍ദാര്‍ജി ചോദിച്ചു ‘ആപ് സിന്താ ഹെ?’ ( നിങ്ങള്‍ ജീവിച്ചിരിപ്പുണ്ടോ?) പക്ഷേ, അന്നും, മാധവന്‍ കുട്ടി പിടികൊടുത്തില്ല.

പിന്നെ കാറിലായി മാധവന്‍ കുട്ടിയുടെ സഞ്ചാരം. ഡ്രൈവിംഗ് പഠിപ്പിച്ചത് ഒരു പൈലറ്റാണ്. അദ്ദേഹം മാധവന്‍ കുട്ടിയുടെ സ്വതന്ത്ര ഡ്രൈവിംഗ് കണ്ട് ഒരു ഉപദേശം കൊടുത്തു. ‘ആകാശത്തിലേക്ക് പോകാനല്ല, റോഡിലൂടെ പോകാനാണ് ഞാന്‍ പഠിപ്പിച്ചത്’ ഒരു ദിവസം രാവിലെ മാധവന്‍ കുട്ടി കാറോടിച്ച് പോകുകയാണ് കൂടെ മുന്‍സീറ്റില്‍ കേരള കൗമുദി ഉടമയും അന്നത്തെ ഡല്‍ഹി ലേഖകനുമായ എം.എസ്. മണിയുമുണ്ട്. കാറ് ഒരു ഇറക്കം ഇറങ്ങി വരുകയാണ് തരക്കേടില്ലാത്ത സ്പീഡും. പെട്ടെന്ന് കാറിന്റെ സ്റ്റിയറിംഗ് ഊരി മാധവന്‍ കുട്ടിയുടെ കയ്യില്‍ വന്നു. എന്ത് ചെയ്യേണ്ടു എന്നറിയാതെ മാധവന്‍ കുട്ടി ഒരു വാര്‍ത്താ സ്‌ക്കൂപ്പ് കൊടുക്കും പോലെ തൊട്ടിരിക്കുന്ന എം.എസ് മണിയുടെ കയ്യിലേക്ക് സ്റ്റിയറിംഗ് കൊടുത്തു. ഇത് കണ്ട മണി ഉറക്കെ പറഞ്ഞു ‘ മാധവന്‍ കുട്ടി കാറ് നിറുത്തൂ’ ഭാഗ്യത്തിന് റോഡിന്റെ ഒരു വശത്ത് കേറി കാറ് നിന്നു. ഭയങ്കരമായ അപകടത്തില്‍ നിന്ന് രണ്ട് പത്രക്കാര്‍ രക്ഷപ്പെട്ടു. അതിനാല്‍ മാതൃഭൂമിക്കും, കേരള കൗമുദിക്കും പിറ്റേന്ന് ആദരാഞ്ജലി -എഡിറ്റോറിയല്‍ എഴുതേണ്ടി വന്നില്ല.

മാധവന്‍ കുട്ടി വിമാനം പറത്തിയിട്ടില്ല. പക്ഷേ, വിമാനത്തില്‍ ധാരാളം സഞ്ചരിച്ചിട്ടുണ്ട്. ഒരു മഴക്കാലത്ത് കൊച്ചിയില്‍ നിന്ന് ബോംബെയിലേക്ക് പറക്കുമ്പോള്‍ വിമാനം ചാഞ്ചാടാന്‍ തുടങ്ങി. അപ്പോള്‍ വിമാനത്തിനകത്ത് ഒരു പ്രഖ്യാപനം ‘വിമാനത്തിന് ചില തകരാറുകള്‍ ഉള്ളതിനാല്‍ നമ്മള്‍ മടങ്ങുകയാണ്. എല്ലാവരും സീറ്റ് ബെല്‍റ്റ് ഇടുക’. വിമാനത്തിലെ എല്ലാവരും അതുകേട്ട് പ്രതിമകളായി മാറി. ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല. വിമാനം ഇറങ്ങി. അന്ന് വിമാനത്തിലുള്ളവരെല്ലാം ദൈവ വിശ്വാസികളായി മടങ്ങയെത്തിയെന്ന് മാധവന്‍ കുട്ടി പിന്നീട് എഴുതി. നാല് തവണയെങ്കിലും ഇങ്ങനെ വിമാനയാത്രയില്‍ മാധവന്‍ കുട്ടി ‘അവനുമായി’ ഒളിച്ചുകളി നടത്തിയിട്ടുണ്ട്. ആ അനുഭവങ്ങള്‍ക്ക് മുന്‍പില്‍ പേടി മാധവന്‍ കുട്ടിക്ക് നിസ്സാരമാണ്…

അന്ന്, 1973 മെയ് 31 ന് വിമാനം പറന്നു പൊങ്ങിയപ്പോഴെ മാധവന്‍ കുട്ടി ജാഗ്രതയിലാണ്. ‘അവന്‍’ എപ്പോഴാണ് പ്രതൃക്ഷമാവുക എന്നറിയില്ലല്ലോ ശ്രദ്ധ വേണം.. മാധവന്‍ കുട്ടി പത്രക്കാരന്റെ മനസുമായി ഇരുന്നു. നിരീക്ഷണവും ശ്രദ്ധയും മറ്റ് യാത്രക്കാരിലായി. പത്രപ്രവര്‍ത്തകനല്ലേ മാധവന്‍ കുട്ടി. കുറെ അസാധാരണ കാര്യങ്ങള്‍ അന്ന് നിരീക്ഷണത്തില്‍ പതിഞ്ഞു.

വിമാനത്തിലെ പൈലറ്റ് ക്യാപ്റ്റന്‍ ജി.പി. ഭാര്‍ഗവന്‍ നായര്‍ ഒരു മാസമായി ലീവിലായിരുന്നു. ലീവ് അവസാനത്തെ രണ്ട് ദിവസം വെട്ടിച്ചുരുക്കി ഡ്യൂട്ടിക്ക് കയറിയതാണ്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ആദ്യത്തെ ജെറ്റ് പൈലറ്റായെങ്കിലും ലീവ് വെട്ടിച്ചുരുക്കേണ്ടായിരുന്നെന്ന് അദ്ദേഹത്തിനും കുടംബത്തിനും പിന്നീട് തോന്നി. സഹപൈലറ്റ് ക്യാപ്റ്റന്‍ റെഡ്ഡി രക്ഷപ്പെട്ടു. ആശുപത്രിയില്‍ ബോധം വന്ന അദ്ദേഹം ആദ്യം ഓര്‍ത്തത് വിമാനം പറക്കുന്നതിന് മുന്‍പ് ഒരു സഹപ്രവര്‍ത്തകന്‍ കാരണമൊന്നും കൂടാതെ അദ്ദേഹത്തിനോട് അന്ന് പറഞ്ഞു. ‘നിങ്ങള്‍ ഇന്ന് സൂക്ഷിച്ച് പറക്കണം ജാഗ്രതയായിരിക്കണം’ എന്തിനാണ് അയാള്‍ ഇത് പറഞ്ഞതെന്ന് റെഡ്ഡി അപ്പോള്‍ ഗൗനിച്ചില്ല.

കേന്ദ്രഡെപ്യുട്ടി മന്ത്രി ബാല്‍ ഗോവിന്ദ വര്‍മ്മ കേന്ദ്രമന്ത്രിയായ മോഹന്‍ കുമാര മംഗലത്തിനോട് വിമാനത്തില്‍ കയറിയപ്പോള്‍ പറഞ്ഞു. ‘നമുക്ക് മുന്‍സീറ്റുകളിലിരിക്കാം.’ കുമാരമംഗലം ആ ക്ഷണം നിരസിച്ചിട്ട് പറഞ്ഞു ‘ ഞാന്‍ എമര്‍ജന്‍സി സീറ്റിനടുത്താണ് ഇരിക്കുന്നത്. അവിടെ കാല് നീട്ടി വെയ്ക്കാം’. നല്ല ഉയരവും ആകാരവും ഉള്ള ആ മനുഷ്യന്‍ പറഞ്ഞു. എന്നിട്ട് വര്‍മ്മയെ തന്റെ സീറ്റിലേക്ക് ക്ഷണിച്ചു. എന്റെ കയ്യില്‍ രണ്ട് വലിയ പൊതികള്‍ ഉണ്ട് അതുംകൊണ്ട് വരാന്‍ ബുദ്ധിമുട്ടാണ് വര്‍മ്മ പറഞ്ഞു. രണ്ടുപേരും പരസ്പരം ക്ഷണം നിരസിച്ചു. മോഹന്‍ കുമാരമംഗലം അപകടത്തില്‍ മരിച്ചു. വര്‍മ്മ തന്റെ സീറ്റില്‍ തന്നെ തുടര്‍ന്നതിനാല്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

കുമാരമംഗലത്തിന് മെയ് 29 ന് ഡല്‍ഹിയില്‍ ഒരു പ്രധാനപ്പെട്ട മന്ത്രിസഭാ യോഗം വെച്ചിരുന്നു. കൊടൈയ്ക്കനാലില്‍ വിശ്രമിച്ചിരുന്ന അദ്ദേഹം രണ്ടുനാള്‍ കഴിഞ്ഞ് വന്നാല്‍ പോരെയെന്ന് ചോദിച്ചു. യോഗം അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥം ജൂണ്‍ 1 ന് വെയ്ക്കാന്‍ ആവശ്യപ്പെട്ടു. നേരത്തെ നിശ്ചയിച്ച ദിവസം അത് നടന്നിരുന്നെങ്കില്‍ പിന്നീട് നടന്ന ജൂണ്‍ ഒന്നിലെ യോഗം കുമാരമംഗലത്തിന്റെ അനുശോചന യോഗമാകില്ലായിരുന്നു.

വിമാനത്തില്‍ ഉണ്ടായിരുന്ന മൂന്ന് എയര്‍ ഹോസ്റ്റസുകളില്‍ ഒരാള്‍ വിവാഹത്തിന് തയ്യാറെടുക്കുകയായിരുന്നു. ആ പെണ്‍കുട്ടി അന്നത്തെ ഡ്യൂട്ടി ചോദിച്ച് വാങ്ങിയതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അവള്‍ പറന്നത് മരണത്തിലേക്കായി. ‘ ആറ് എം.പി.മാര്‍ ആ വിമാനത്തില്‍ കയറി യാത്ര ചെയ്യാനുള്ളതായിരുന്നു. അവര്‍ വിമാനം പുറപ്പെടാറായിട്ടും എത്തിയില്ല, മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ എയര്‍പോട്ടില്‍ എത്താഞ്ഞത് നന്നായി എന്ന് അവര്‍ക്ക് മനസ്സിലായി.

വിമാനം ഡല്‍ഹി എയര്‍പോര്‍ട്ടിന്റെ മുകളില്‍ എത്തി. സമയം രാത്രി പത്തുമണി കഴിഞ്ഞ് ഒരു മിനിറ്റ്.
‘പൈലറ്റ് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു. വിമാനം ലാന്‍ഡിങ് ക്ലിയറന്‍സ് തേടി. കോക്പിറ്റില്‍ പൈലറ്റുമാര്‍ ആശയവിനിമയം നടത്തുകയാണ്.

‘ റണ്‍വേ നിങ്ങള്‍ക്ക് കാണാമോ? പൈലറ്റ്
‘ഒരു വിധം’ കോ പൈലറ്റ്.
കണ്‍ട്രോള്‍ ശബ്ദങ്ങള്‍ വീണ്ടും ഉച്ചത്തില്‍
‘ഉയരം ആയിരത്തിരുനൂറ് അടി. കോ – പൈലറ്റ്’റോജര്‍ ‘
എഞ്ചിന് വേഗത വര്‍ദ്ധിക്കുകയാണ്.
റണ്‍വേ ഇപ്പോള്‍ കാണാമോ? പൈലറ്റ്
നോ, നോ, നോ നോ കൊ- പൈലറ്റ് ഓപ്പണ്‍ അപ്പ് ക്യാപ്റ്റന്‍, ഓപ്പണ്‍ അപ്പ്.
പെട്ടെന്ന് ഭയങ്കരമായ ഒരു കുലുക്കം. വിമാനം മേലോട്ട് അതിവേഗത്തില്‍ പൊങ്ങുന്നതായി തോന്നി. ഉടന്‍ തന്നെ അതിഭയങ്കരമായ ഒരു കുലുക്കവും പൊട്ടിത്തെറിയുടെ ശബ്ദവും. ഭയങ്കരമായ തകര്‍ച്ചയുടെ ശബ്ദം.
മാധവന്‍ കുട്ടി നോക്കുമ്പോള്‍ വിമാനത്തിന്റെ നടുഭാഗം പിളര്‍ന്നു വശത്തെ സീറ്റിലിരിക്കുന്നവര്‍ എല്ലാവരും കൂട്ടത്തോടെ കസേരകളോടെ ഒഴിഞ്ഞ് പോകുന്ന പോലെ തോന്നി. പൊട്ടിത്തെറിയുടെ ശബ്ദം, തീ നാളങ്ങള്‍. അപ്പോള്‍ മാധവന്‍കുട്ടി തെറിച്ച് വീഴുകയായിരുന്നു.

കണ്‍ട്രോള്‍ റൂം ഉച്ചത്തില്‍ പറയുന്നു. ‘ഞങ്ങള്‍ ഒരു വിമാനത്തകര്‍ച്ച കാണുന്നു. അത് റണ്‍വേയ്ക്ക് അഭിമുഖമായി കത്തിയെരിയുന്നു.’
‘കൃത്യമായി പറയൂ’
മിഡില്‍ മാര്‍ക്കില്‍ നിന്ന് ഒരു മൈലകലെ – അത് ഭയങ്കരമായി കത്തിയെരിയുകയാണ്.’

1973 മെയ് 31 ന്, രാത്രി പത്ത് മണി കഴിഞ്ഞ് ഡല്‍ഹിയിലെ പാലം വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 440, ബോയിംഗ് 737-200 അടുത്തുള്ള വിജനമായ സ്ഥലത്ത് തകര്‍ന്നുവീണു.
മാധവന്‍ കുട്ടി കസേരയോടെ തെറിച്ച് വീഴുമ്പോള്‍ തൊട്ടുത്ത് ‘സാരംഗി’യെന്ന തകര്‍ന്ന ബോയിംഗ് വിമാനം കത്തിയമരുകയായിരുന്നു. കുറെപേര്‍ വിമാനത്തിന്റെ അകത്ത് പെട്ട് ചാമ്പലായി. കെട്ടിടം പണിയാന്‍ മണ്ണ് കുഴിച്ചെടുക്കുന്ന, വിജനമായ സ്ഥലത്താണ് വിമാനം വീണത്. ഒരു സെക്കന്റ് കൂടി വീഴാന്‍ വൈകിയെങ്കില്‍ ഒരു കനാലില്‍ പതിച്ച് സകല യാത്രക്കാരും കരിക്കട്ടയായേനെ, ആ വാര്‍ത്തയെഴുതാന്‍ മാധവന്‍കുട്ടി ഇല്ലാതായേനെ…

news of the plane crash

വിമാനം തകർന്ന വാർത്ത – വിദേശ പത്രത്തിൽ

രക്ഷപെട്ടവര്‍ മരവിച്ച മനസോടെ സ്ഥലകാല ബോധം നഷ്ടപ്പെട്ട് ലക്ഷ്യമില്ലാതെ നടക്കാന്‍ ശ്രമിച്ചു. കഴിയുന്നില്ല… അപകട സ്ഥലത്ത് നിന്ന് എങ്ങനെയെങ്കിലും ആശുപതിയിലെത്തണം. മാധവന്‍ കുട്ടി കസേരയോടെ നിലത്ത് ഇരിക്കുകയാണ്. തൊട്ടടുത്ത് ലണ്ടനില്‍ താമസിക്കുന്ന ജോര്‍ജ് ജോണ്‍ എന്ന യാത്രക്കാരന്‍ നിലത്ത് ഇരിക്കുന്നു. വിമാന ഇന്ധനം തെറിച്ച് വീണ് അയാളുടെ മേലാസകലം പൊള്ളിയത് ആശുപത്രിയിലെത്തിയപ്പോഴെ അയാള്‍ അറിഞ്ഞുള്ളൂ. കൈ കൊണ്ട് മുഖം പൊത്തിയതിനാല്‍ ഉള്ളം കൈയ്യും മുഖവും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

അപ്പോള്‍ അകലെ നിന്ന് ഒരു ടോര്‍ച്ച് വെളിച്ചം കണ്ടു. അപകടം അറിഞ്ഞ് ഓടിയെത്തിവരാകാം. മാധവന്‍ കുട്ടി വിളിച്ച് കൂവാന്‍ ശ്രമിച്ചു. ഒച്ച പൊന്തുന്നില്ല. ഭാഗ്യം അവര്‍ അടുത്തെത്തി. നിങ്ങള്‍ യാത്രക്കാരാണോ? ഒരാള്‍ ചോദിച്ചു. അവര്‍ മാധവന്‍ കുട്ടിയുടെ സീറ്റ് ബെല്‍ട്ട് അഴിച്ചു കൊടുത്തു. എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും പറ്റുന്നില്ല.

മറ്റൊരു യാത്രക്കാരന്‍ മേജര്‍ ജനറല്‍ റാവു കസേരയോടെ തെറിച്ച് വീണ് നിലത്ത് ഇരിപ്പാണ്. വന്നവര്‍ തന്നെ രക്ഷപ്പെടുത്തുമെന്ന് അദ്ദഹം കരുതി. പക്ഷേ, അവര്‍ കിട്ടുന്ന സാധനങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവരായിരുന്നു. അവര്‍ അദ്ദേഹത്തിന്റെ വാച്ച് ഊരിയെടുത്ത് സ്ഥലം വിട്ടു. ഒരു എയര്‍ഹോസ്റ്റസ് പാന്‍ട്രിയില്‍ പെട്ടുപോയി. വിമാനം തകര്‍ന്നപ്പോള്‍ തെറിച്ച് വീണില്ല, ചാടാനും കഴിയില്ല. തീനാളങ്ങള്‍ അടുത്ത് വരുമ്പോള്‍ നിലവിളിയോടെ അവര്‍ കരഞ്ഞു വിളിച്ചു. ആരും രക്ഷയ്‌ക്കെത്തിയില്ല. അവരെ അഗ്‌നിനാളങ്ങള്‍ വിഴുങ്ങുമ്പോള്‍ രക്ഷാപ്രവര്‍ത്തനം എന്ന വ്യാജേന വന്നെത്തിയവര്‍ കൊള്ള സാധനങ്ങള്‍ കടത്തുകയായിരുന്നു.

മറ്റൊരു സഹപൈലറ്റ് ഖന്ന വിമാനത്തില്‍ നിന്ന് ചാടി. രക്ഷപ്പെട്ടു എന്ന് കരുതിയ ഖന്ന ചെന്ന് വീണത് ഒരു കല്ലിന് മീതെയാണ്. മസ്തിഷകം തകര്‍ന്ന് ദാരുണമായി തല്‍ക്ഷണം കൊല്ലപ്പെട്ടു. മാധവന്‍ കുട്ടിയുള്‍പ്പെടെ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട 17 പേര്‍ അങ്ങിങ്ങായി ചിതറിക്കിടക്കുകയാണ്. ഭീകരാന്തരീക്ഷം. അവിടെ നിന്ന് നോക്കിയാല്‍ ഡല്‍ഹി നഗരത്തിന്റെ പ്രകാശം കാണാം. വിമാനത്താവളത്തിലെ ദീപസ്തംഭത്തിന്റെ ഒളിമിന്നല്‍. ഇരുട്ടില്‍ ഉയര്‍ന്ന് നില്‍ക്കുന്ന രണ്ടു കൂറ്റന്‍ വാട്ടര്‍ ടാങ്ക് അന്തരീക്ഷത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. അപകടമേഖലയില്‍ കൊള്ളയടി നടക്കുമ്പോള്‍ ഒരു ഭാഗത്ത് ചിലര്‍ മരിക്കുന്നു. ബോധം കെട്ട് ചിലര്‍ സഹായം കേണ് കരയുന്ന ചിലര്‍. ആ ഭീകരരംഗം പിന്നിട്ട് മാധവന്‍ കുട്ടിയും കൂടെയുള്ളവരും നടന്നു. ഒടുവില്‍ ഭാഗ്യം തുണയ്‌ക്കെത്തി. യൂണിഫോമില്‍ ഒരു സര്‍ദാര്‍ജി കാറില്‍ വന്നു അവരെ കാറില്‍ കേറ്റി ആശുപത്രിയില്‍ എത്തിച്ചു.

കാഷ്വാലിറ്റിയില്‍ ചെന്നപ്പോള്‍ മാധവന്‍ കുട്ടിയിലെ പത്രപ്രവര്‍ത്തകന്‍ ഉണര്‍ന്നു. നേരെ സഹപ്രവര്‍ത്തകനായ എ.എന്‍. പ്രഭുവിനെ ഫോണില്‍ വിളിച്ചു. വാര്‍ത്ത – രക്ഷപ്പെട്ട യാത്രക്കാരന്‍ വി.കെ. മാധവന്‍ കുട്ടി ഡല്‍ഹിയില്‍ നിന്ന് നേരിട്ട് സംഭവസ്ഥലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന എക്‌സ്‌ക്ലൂസീവ് വാര്‍ത്താ സ്‌കൂപ്പ് : ‘ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 440 , വിമാനം തകര്‍ന്നു വീണു. കേന്ദ്ര മന്ത്രി മോഹന്‍ കുമാര മംഗലം വിമാനത്തിലുണ്ടായിരുന്നു. വി.കെ. മാധവന്‍ കുട്ടി മാതൃഭൂമി ലേഖകന്‍ രക്ഷപ്പെട്ടു ആശുപത്രിയിലാണ്.’ ഉടനെ വാര്‍ത്ത പോണം അപ്പോള്‍ സമയം രാത്രി 11 മണി. അപകടത്തിന്റെ ആദ്യത്തെ ദൃക്‌സാക്ഷിവിവരണം മാതൃഭൂമി വാര്‍ത്തയായി.

കാഷ്വാലിറ്റിയില്‍നിന്ന് ഫോണിലൂടെ വാര്‍ത്തയായി പറഞ്ഞ് കൊടുത്തത്. മാധവന്‍ കുട്ടിയുടെ പത്രമായ മാതൃഭൂമി വിമാനം കത്തുന്ന പടവും അത് ലൈവായി റിപ്പോര്‍ട്ട് ചെയ്ത, വിമാനത്തിലുണ്ടായിരുന്ന തങ്ങളുടെ ലേഖകന്റെ പടവും ഒന്നാം പേജില്‍ പ്രാധാന്യത്തോടെ നല്‍കി. മറ്റ് പ്രധാന പത്രങ്ങള്‍, മനോരമയും കേരള കൗമുദിയും മാധവന്‍ കുട്ടി രക്ഷപ്പെട്ടതില്‍ സന്തോഷം രേഖപ്പെടുത്തി കുറിപ്പുകള്‍ കൊടുത്തു.
ഒരു വിമാനം തകരുക അതില്‍ നിന്ന് യാതൊരു സാരമായ പരിക്കും കൂടാതെ രക്ഷപ്പെടുക. അത്ഭുതകരമായ സ്ഥിതിവിശേഷം. ഇന്ത്യയില്‍ ആദ്യമായാണ് ഒരു പത്രപ്രവര്‍ത്തകന് ഈ അപൂര്‍വ്വമായ അവസരം കിട്ടുന്നത്. വിമാനത്തില്‍ മറ്റൊരു പത്രപ്രവര്‍ത്തകന്‍ രക്ഷപ്പെട്ടവരില്‍ ഉണ്ടായിരുന്നെങ്കിലും ഷോക്ക് കാരണം ഒന്നിനും സാധിച്ചില്ല. അവര്‍ക്കൊക്കെ നഷ്ടമായ ഒന്ന് മാധവന്‍ കുട്ടിക്ക് ഉണ്ടായിരുന്നു മനസാന്നിധ്യം, ധൈര്യം! അതിനാല്‍ മാധവന്‍ കുട്ടി വേണ്ടത് പ്രവര്‍ത്തിച്ചു. വാര്‍ത്താ ലോകത്തും രാജ്യാന്തര തലത്തിലും താരമായി.

പിറ്റേന്നാള്‍ ആശുപത്രിയില്‍ വെച്ച് മാധവന്‍ കുട്ടി പത്രങ്ങള്‍ മറിച്ചു നോക്കുമ്പോഴാണ് മനസിലായത്. അപകടത്തെക്കാള്‍ വമ്പനായി താനെന്ന്. മത്സര ബോധത്തോടെ സമീപിക്കുന്ന മറ്റ് പത്രങ്ങള്‍ പോലും മാധവന്‍ കുട്ടിക്ക് പ്രാധാന്യം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നു. മാധവന്‍ കുട്ടി അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് പിന്നീട് പല ചര്‍ച്ചയ്ക്കും വഴിവെച്ചു. ഡല്‍ഹിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനാണല്ലോ!

തന്റെ രക്ഷപ്പെടലിന്റെ ആദ്യ പ്രതികരണമായ, ഒരു സ്‌നേഹിത അയച്ച ടെലിഗ്രാം വായിച്ച് മാധവന്‍ കുട്ടി ആദ്യം ഞെട്ടുകയും പിന്നെ ചിരിക്കുകയും ചെയ്തു. മാധവന്‍ കുട്ടിയെ വളരെ രസിപ്പിച്ച ആ ടെലിഗ്രാം ഇങ്ങനെ:
”നിങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെട്ടത് എന്നെ നടുക്കുന്നു'(Was shocked to learn about your miraculous escape).
ഒരു സായി ബാബ ഭക്തന്‍ എഴുതി. ബാബയാണ് നിങ്ങളെ രക്ഷപ്പെടുത്തിയത്. (മാധവന്‍ കുട്ടി ബാബയെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതിയിരുന്നു.) ബാബ നിങ്ങള്‍ക്ക് പുതിയൊരു ജന്മം നല്‍കിയിരിക്കുന്നു. ഇനിയെങ്കിലും ബാബയെ കുറിച്ച് നല്ല ലേഖനം എഴുതൂ.’ ഒരു കമ്യൂണിസ്റ്റ് സുഹൃത്ത് എഴുതി. ‘രക്ഷപ്പെട്ടത് ശരി തന്നെ ഇനി ദൈവമാണ്, വിധിയാണ് എന്നൊന്നും പറയരുത്’.

indian airlines flight

മാധവന്‍ കുട്ടിയുടെ ഏറ്റവും അടുത്ത ആളും, ഗോഡ് ഫാദറുമൊക്കെയായ വി.കെ. കൃഷ്ണമേനോന്‍ അപ്പോള്‍ ബോംബയിലായിരുന്നു. മാധവന്‍ കുട്ടി വിമാനാപകടത്തില്‍ പെട്ടെന്നും, രക്ഷപ്പെട്ടെന്നും ആരു പറഞ്ഞിട്ടും വിശ്വസിക്കാന്‍ മേനോന്‍ തയ്യാറായില്ല. ‘ഒരു വിമാനം തകര്‍ന്നിട്ട് ഒന്നും പറ്റിയില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ മാത്രം ഞാന്‍ മണ്ടനൊന്നുമല്ല’ മേനോന്‍ പറഞ്ഞു.’ ഒടുവില്‍ കൃഷ്ണമേനോന്‍ തന്നെ പ്രക്ഷേപണ മന്ത്രിയായ ഐ.കെ. ഗുജ്‌റാളിനെ നേരിട്ട് ഫോണില്‍ വിളിച്ചു കാര്യം ചോദിച്ചു. ‘ ഞാന്‍ ആശുപത്രിയില്‍ ചെന്ന് മാധവന്‍ കുട്ടിയെ കണ്ടു. കാര്യമായി ഒന്നും പറ്റിയിട്ടില്ല’ ഗുജ്‌റാള്‍ പറഞ്ഞു. അപ്പോഴാണ് മേനോന്‍ വിശ്വസിക്കാന്‍ തയാറായത്.
മാധവന്‍ കുട്ടി ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരപരിചിതര്‍ ഒരു കത്തുമായി കാണാന്‍ വന്നു. ഒരു ജോലിക്ക് ശുപാര്‍ശ ചെയ്യാനുള്ള ഉന്നതന്റെ കത്താണ്. ‘ വായിച്ചശേഷം മാധവന്‍ കുട്ടി അയാളോട് പറഞ്ഞു. ‘ ആശുപത്രി വിടട്ടെ, എന്നിട്ട് ചെയ്യാം’
അയാള്‍ വിട്ടില്ല. ‘നമ്മുടെ രാമചന്ദ്രനോടോ വിശ്വനാഥനോടോ പറഞ്ഞാല്‍ മതി.’
‘പക്ഷേ, അതൊന്നും ആശുപത്രിയില്‍ നിന്ന് പറ്റില്ലല്ലോ ‘ മാധവന്‍ കുട്ടി.
‘അല്ല അവരൊക്കെ സാറിനെ കാണാന്‍ വരാതിരിക്കില്ല. അപ്പോള്‍ മതി’ അയാള്‍ വിട്ടില്ല. എന്ത് ചെയ്യും? വിമാനാപകടത്തില്‍പെട്ട് കഷ്ടിച്ച് രക്ഷപ്പെട്ട തന്നെക്കാള്‍ മോശം അവസ്ഥയായിരിക്കും ആ തൊഴില്‍രഹിതന്റേത് മാധവന്‍ കുട്ടി അങ്ങനെ വിചാരിച്ച് സമാധാനിച്ചു.

വിമാനാപകടം കഴിഞ്ഞതോടെ മാധവന്‍ കുട്ടി സൂപ്പര്‍ താരമായെങ്കിലും ഒരു പ്രതിക്കൂട്ടില്‍ നിന്ന പോലെയായി അവസ്ഥ. കാണുന്നവരൊക്കെ ചോദ്യങ്ങള്‍ ചോദിച്ച് വശം കെടുത്തി. യാത്രയ്ക്ക് പോകുമ്പോള്‍ കണ്ട ശകുനം ഏത്? എവിടെയാണ് ഇരുന്നത്? പൈലറ്റ് മദ്യപിച്ചിരുന്നോ? ചോദ്യം ചോദിക്കേണ്ട പത്രലേഖകനായ വി.കെ. മാധവന്‍ കുട്ടി ഉത്തരം പറഞ്ഞു കൊണ്ടേയിരുന്നു.

അപകടത്തില്‍ പെട്ട സാധനങ്ങള്‍ക്ക് ഇന്ത്യന്‍ എയര്‍ലൈന്‍സ് നഷ്ടപരിഹാരം നല്‍കും. കിലോയ്ക്ക് 125 രൂപ വെച്ച് മാധവന്‍ കുട്ടിയുടെ പെട്ടിയില്‍ 15 രൂപ വിലയുള്ള രണ്ട് പാക്കറ്റ് കായ വറുത്തത് ഉണ്ടായിരുന്നതിന് 250 രൂപകിട്ടി. ഉടനെ ഡല്‍ഹിയില്‍ വാര്‍ത്ത പരന്നു അപകടത്തില്‍ ഒരു ചുക്കും പറ്റാത്ത മാധവന്‍ കുട്ടിക്ക് നഷ്ടപരിഹാരം കിട്ടി ഇരുപതിനായിരം രൂപ ! എന്ത് ചെയ്യും?
അപകടത്തില്‍ പെട്ട പ്രശസ്തി ഗുണവും ചെയ്തു. ഒരാള്‍ക്ക് മോസ്‌കോവിലേക്ക് അര്‍ജന്റായി പോണം. ടിക്കറ്റിന് കാശില്ല. മാധവന്‍ കുട്ടി ഒരു ട്രാവല്‍ ഏജന്‍സിയെ സമീപിച്ചു. ട്രാവല്‍ ഉടമ ചോദിച്ചു.’ നിങ്ങളാണോ മാധവന്‍ കുട്ടി?
അതെ,
കാപ്പി കുടിക്കൂ എന്നിട്ടാവാം വര്‍ത്തമാനം
എന്താണ് പ്രശ്‌നം? അയാള്‍ ചോദിച്ചു.
മാധവന്‍ കുട്ടി കാര്യം പറഞ്ഞു.
ട്രാവല്‍ ഉടമ ഉടനെ മോസ്‌ക്കോ ടിക്കറ്റ് മാധവന്‍ കുട്ടിക്ക് കൊടുക്കാന്‍ ഉത്തരവ് നല്‍കി.
ശകുനത്തില്‍ വിശ്വാസമില്ലാത്ത മാധവന്‍ കുട്ടി താന്‍ ഒരു ‘ശകുന പിഴ’യായി മാറിയെന്നത് ഒരു സ്‌നേഹിതന്‍ പറഞ്ഞപ്പോഴാണ് അറിയുന്നത്. പാലം അപകടത്തിന് ശേഷം ഒരിക്കല്‍ മദ്രാസില്‍ മാധവന്‍ കുട്ടി താമസിക്കവേ, ഒരാള്‍ക്ക് ഡല്‍ഹിയില്‍ പോണം. പക്ഷേ, മാധവന്‍ കുട്ടി ആ വിമാനത്തില്‍ യാത്ര ചെയ്യുന്നുണ്ടോ എന്ന് അറിയണം. ഉണ്ടെങ്കില്‍ താന്‍ യാത്ര ചെയ്യുന്നില്ല. വിമാനത്താവളത്തില്‍ പേര് അനൗണ്‍സ് ചെയ്തപ്പോള്‍ മാധവന്‍ കുട്ടി എന്ന പേര് ഇല്ല എന്ന് ഉറപ്പ് വരുത്തിയിട്ടാണ് ടിയാന്‍ വിമാനത്തില്‍ കയറിയത്.

മാധവന്‍ കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലെത്തിയപ്പോള്‍ ദാ വരുന്നു. അന്വേഷണ കമ്മീഷന്റെ സമന്‍സ്. അടുത്ത ആഴ്ച ഹാജരാകണമെന്നും അല്ലെങ്കില്‍ ക്രിമിനല്‍ നടപടിയെടുക്കുമെന്ന് ഭീഷണിയും. അപകടത്തില്‍ പെട്ടാല്‍ ഇങ്ങനെ ഒരു ഭീഷണിക്കും വിധേയനാവണോ എന്ന് മാധവന്‍ കുട്ടിക്ക് തോന്നി. പിന്നീട് കമ്മീഷന്‍ മാധവന്‍ കുട്ടിയെ വിസ്തരിച്ചു.

Mohan kumaramangalam

മോഹൻ കുമാരമംഗലം

ഒരു മാസത്തിന് ശേഷം അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കി. അപകടം സംഭവിച്ചത് വിമാനത്തിന്റെയോ യന്ത്രങ്ങളുടെയോ മറ്റു ഉപകരണങ്ങളുടേയോ തകരാറല്ല എന്ന് കമ്മീഷന്‍ വിലയിരുത്തി. 1971 ല്‍ നിര്‍മ്മിച്ച വിമാനം 6,000 മണിക്കൂര്‍ പറന്നിട്ടുണ്ട്. 5119 തവണ ലാന്റഡ് ചെയ്തിട്ടുണ്ട്. നാല് പ്രാവശ്യം പക്ഷികള്‍ തട്ടി ചില്ലറ അപകടം ഉണ്ടായിട്ടും വിമാനത്തിന് ഒന്നും പറ്റിയിട്ടില്ല. അപകടകാരണം താഴുമ്പോള്‍ ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പികളില്‍ തട്ടിയതാണെ വാദവും നിലനിന്നില്ല. കാരണം ദിവസവും ഇതിലെ വിമാനങ്ങള്‍ പറക്കുന്നുണ്ട്.

എയര്‍ ഹോസ്റ്റസിനെ മടിയില്‍ ഇരുത്തിയാണ് പൈലറ്റ് വിമാനം ഇറക്കാന്‍ ശ്രമായതെന്ന വിചിത്രമായ എരിവും പുളിയും കലര്‍ന്ന ഒരു മസാലക്കഥയും പ്രചരിച്ചിരുന്നു. എയര്‍ ഹോസ്റ്റസ് ആ സമയത്ത് ക്യാബിനിലായിരുന്നു. കോക്ക് പിറ്റില്‍ അല്ലായിരുന്നു എന്ന് തെളിവുമുണ്ട്. എന്നിട്ടും കുമാരമമംഗലത്തിന്റെ വക്കീല്‍ പൈലറ്റിനോട് നിര്‍ദ്ദയം ചോദിച്ചു.
‘ഹൂച്ച് എന്നൊരു സ്ത്രീ ശബ്ദം ശബ്ദലേഖിനിയില്‍ കൂടി കേട്ടു ? എവിടെ നുള്ളിയപ്പോഴാണത്?
തെറ്റായ സമീപന കോണ്‍ഫിഗറേഷനും ഫ്‌ലൈറ്റ് ക്രൂവിന്റെ ഭാഗത്തുനിന്നുള്ള മോശം ഫ്‌ലൈറ്റ് പ്ലാനിംഗും’ ആണ് അപകട സാധ്യതക്ക് കാരണം എന്ന് തിരിച്ചറിഞ്ഞു. വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയില്‍ വിമാനത്തിന്റെ ഇറക്കവും സമീപനവും ശരിയായി കൈകാര്യം ചെയ്യുന്നതില്‍ വൈമാനികര്‍ പരാജയപ്പെട്ടതാണ് ഇത് സൂചിപ്പിക്കുന്നത്. ഒടുവില്‍ പൈലറ്റിനെയും സഹപൈലറ്റിനേയും കുറ്റംചുമത്തി പിരിച്ച് വിട്ട് സര്‍ക്കാര്‍ തടിതപ്പി.

ഈ വിമാനാപകടത്തിന് ശേഷം എല്ലാവരും മാധവന്‍ കുട്ടിയോട് ചോദിച്ചത് ഇനി വിമാന യാത്ര ചെയ്യുമോ, യാത്ര ചെയ്യുമ്പോള്‍ പേടിയുണ്ടാകുമോ എന്നാണ്. മാധവന്‍ കുട്ടിയുടെ മറുപടി – പണ്ടൊക്കെ വിമാന യാത്ര ചെയ്യുമ്പോള്‍ എപ്പോഴും പേടിയായിരുന്നു. ഇപ്പോള്‍ അത് എന്നെ വിട്ട് മാറി’.
അതാണ് അപകടത്തെ സഹയാത്രികനായി കണ്ടിരുന്ന പത്രപവര്‍ത്തകന്‍ ‘ ‘വീട്ടിക്കാട്ട് കുണ്ടുതൊടിയില്‍ മാധവന്‍ കുട്ടി’ യെന്ന വി.കെ. മാധവന്‍ കുട്ടി. Journalist V. K. Madhavankutty was always a fellow passenger in the plane crash

Content Summary: Journalist V. K. Madhavankutty was always a fellow passenger in the plane crash

Leave a Reply

Your email address will not be published. Required fields are marked *

×