നെപ്പോളിയനുമായി താരതമ്യം ചെയ്തുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരേ വ്യാപക പ്രതിഷേധം. ഫ്രഞ്ച് ചക്രവര്‍ത്തിയുടെ ഒരു വാചകം കൂടി പോസ്റ്റ് ചെയ്തായിരുന്നു ട്രംപിന്റെ താരതമ്യം ചെയ്യല്‍. ‘തന്റെ രാജ്യത്തെ രക്ഷിക്കുന്നവന്‍ ഒരു നിയമവും ലംഘിക്കുന്നില്ല’ എന്ന നെപ്പോളിയന്റെ ഉദ്ധരണി പങ്കുവയ്ക്കുക വഴി ട്രംപ് പ്രകടമാക്കിയിരിക്കുന്നത് അദ്ദേഹത്തിന്റെ സ്വേച്ഛാധിപത്യ പ്രവണതകളും, നിയമങ്ങളും മാനദണ്ഡങ്ങളും അവഗണിക്കാനുള്ള സന്നദ്ധതയുമാണെന്ന് വിമര്‍ശകര്‍ ആശങ്കപ്പെടുന്നു.
ട്രംപിന്റെ രണ്ടാം ടേമിന്റെ തുടക്കത്തിലുള്ള മറ്റൊരു പ്രക്ഷുബ്ധമായ ആഴ്ചയുടെ അവസാനത്തിലാണ് ഈ വിവാദ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നിരിക്കുന്നത്. ഫെഡറല്‍ സ്ഥാപനങ്ങളിലും ബജറ്റുകളിലും മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ തുടര്‍ച്ചയായി തടയുന്ന ജഡ്ജിമാരെ ട്രംപ് അനുകൂലികള്‍(അക്കലൈറ്റുകള്‍) ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ തന്നെയാണ് ട്രംപിന്റെ ‘ നെപ്പോളിയന്‍’ താരതമ്യവും വന്നിരിക്കുന്നത്. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് ട്രംപ് അനുകൂലികള്‍ ജഡ്ജിമാര്‍ക്കെതിരേ പ്രതിഷേധിക്കുന്നത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് പോലുള്ള സ്ഥാപനങ്ങള്‍ക്ക് ധനസഹായം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടത് ഉള്‍പ്പെടെയുള്ള പല കോടതി ഉത്തരവുകളും പ്രസിഡന്റ് ലംഘിക്കുകയാണ്. ഇത്തരം പ്രവണത ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നതാണെന്നാണ് ട്രംപ് വിമര്‍ശകര്‍ ഉയര്‍ത്തുന്ന ആശങ്ക.
യു എസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമവിരുദ്ധനായ പ്രസിഡന്റാണ് ട്രംപ് എന്നായിരുന്നു മുന്‍ തൊഴില്‍ സെക്രട്ടറി റോബര്‍ട്ട് റീച്ച് ദി ഗാര്‍ഡിയനില്‍ എഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തിയത്. യുഎസ് ഭരണസംവിധാനത്തില്‍, പ്രസിഡന്റ് അധികാരം നിയമാനുസൃതമായി വിനിയോഗിക്കുന്നുണ്ടോ എന്ന് തീരുമാനിക്കേണ്ടത് കോടതികളുടെ ചുമതലയാണ്, അല്ലാതെ പ്രസിഡന്റല്ല എന്നാണ് റീച്ച് പറയുന്നത്.
ഫ്‌ളോറിഡയിലെ തന്റെ റിസോര്‍ട്ടില്‍ ഒരു റൗണ്ട് ഗോള്‍ഫ് കളിച്ചശേഷം ശനിയാഴ്ച ഉച്ചകഴിഞ്ഞ് പോസ്റ്റ് ചെയ്ത ട്വീറ്റിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ രാജ്യത്തെ സംരക്ഷിക്കുന്നവന്‍ ഒരു നിയമവും ലംഘിക്കുന്നില്ല എന്ന വാചകം നെപ്പോളിയന്റെതാണെന്ന് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ കണ്ടെത്തിയിരുന്നു. 1970ല്‍ പുറത്തിറങ്ങിയ, റോഡ് സ്റ്റീഗര്‍ നെപ്പോളിയന്റെ വേഷമിട്ട ‘വാട്ടര്‍ലൂ’ എന്ന സിനിമയില്‍ നെപ്പോളിയന്‍, വാട്ടര്‍ലൂ യുദ്ധത്തില്‍ തോല്‍ക്കുന്നതുവരെ ഭരണഘടനയും നിയമവുമെല്ലാം അവഗണിച്ച് ചക്രവര്‍ത്തിയാകുന്നതും ലോകത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതും കാണിക്കുന്നുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ പരാമര്‍ശങ്ങള്‍ ഉയര്‍ന്നു.
ഡെമോക്രാറ്റുകള്‍ ശക്തമായ പ്രതിഷേധമാണ് ട്രംപിന്റെ പരാമര്‍ശത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. വൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം കോടതികളെ അവഗണിക്കാനുള്ള അധികാരമായി കരുതരുതെന്നായിരുന്നു ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും വിര്‍ജീനിയയില്‍ നിന്നുള്ള യുഎസ് സെനറ്ററുമായ ടിം കെയ്ന്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചത്. പ്രസിഡന്റിന് അധികാരങ്ങളുണ്ട്, എന്നാല്‍ നിയമങ്ങളെ അനുസരിക്കാനുള്ള ബാധ്യതയും പ്രസിഡന്റിനുണ്ട് എന്നാണ് കെയ്ന്‍ ചൂണ്ടിക്കാണിച്ചത്.
അസോഷ്യേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, നിലവില്‍ 70 ഓളം കോടതി വ്യവഹാരങ്ങള്‍ ട്രംപ് ഭരണകൂടം രാജ്യത്തെ വിവിധ കോടതികളിലായി നേരിടുന്നുണ്ട്. ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള ശ്രമം മുതല്‍ ഫെഡറല്‍ ഗ്രാന്റുകളും ഫണ്ടുകളും മരവിപ്പിക്കല്‍, അനൗദ്യോഗിക സ്ഥാപനങ്ങള്‍ക്ക്(മസ്‌കിനെ ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഡോഗേ) പൗരന്മാരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ അനുമതി കൊടുത്തതുവരെ പലതരം കേസുകളാണ് ട്രംപ് ഭരണകൂടത്തിനെതിരേ കോടതികളിലുള്ളത്. Donald Trump likening himself to Napoleon in a dictatorial social media post
Content Summary; Donald Trump likening himself to Napoleon in a dictatorial social media post