March 27, 2025 |

അധികതീരുവ ചുമത്തിയാൽ, അതേ നാണയത്തിൽ തിരിച്ചടിക്കും

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പരാമർശം

അമേരിക്കയ്ക്ക് മേൽ ഇന്ത്യ ചുമത്തുന്ന തീരുവ അതേ തോതിൽ തിരികെ ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോദിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും വ്യാപാര നയങ്ങളോടുള്ള തന്റെ സമീപനെത്തെക്കുറിച്ചും ട്രംപ് വ്യക്തമാക്കിയത്. ഇന്ത്യ ഉൾപ്പെടെ പല രാജ്യങ്ങളും ചില അമേരിക്കൻ ഉത്പന്നങ്ങൾക്ക് മേൽ കനത്ത തീരുവയാണ് ചുമത്തുന്നതെന്നും അതേ അളവിൽ തിരിച്ചടിക്കാനാണ് തന്റെ തീരുമാനമെന്നും ട്രംപ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനത്തിന് തൊട്ട് മുമ്പായിരുന്നു ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ബാധിക്കുന്ന ട്രംപിന്റെ പരസ്പര നികുതി പ്രഖ്യാപനം. ഓരോ രാജ്യങ്ങളുടെയും വിശദാംശങ്ങൾ ശേഖരിച്ച ശേഷം ഈ മാസം ഏപ്രിൽ ആദ്യ വാരത്തോടെ ആയിരിക്കും വൈറ്റ് ഹൗസ് പരസ്പര നികുതി നിയമം പ്രാബല്യത്തിൽ കൊണ്ടുവരിക.

ഇതിന് പിന്നാലെ യുഎസ് നൽകി വരുന്ന 2.1 കോടി ഡോളറിന്റെ ധനസഹായം നിർത്തലാക്കാനുള്ള ഡോജിന്റെ തീരുമാനത്തെയും ട്രംപ് ശരിവച്ചിട്ടുണ്ട്. എന്തിനാണ് ഇന്ത്യയ്ക്ക് പണം നൽകുന്നതെന്ന ചോദ്യവും ട്രംപ് ഉന്നയിച്ചു. ഡോജ് തീരുമാനത്തെ ന്യായീകരിക്കുമ്പോഴും ഇന്ത്യയാണ് ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നതെന്ന വിമർശനവും ഉന്നയിക്കാൻ ട്രംപ് മറന്നില്ല.

അമേരിക്കയെ മറ്റു രാജ്യങ്ങൾ വ്യാപാര ആവശ്യങ്ങൾക്കായി പ്രയോജനപ്പെടുത്തുകയാണെന്നും അമേരിക്കയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവയാണ് രാജ്യങ്ങൾ ചുമത്തുന്നതെന്നു ട്രംപ് മുമ്പ് വ്യക്തമാക്കിയിരുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമായി ഇന്ത്യയെ ആണ് ചൂണ്ടിക്കാട്ടിയത്. യുഎസ് മോട്ടോർസൈക്കിളുകൾക്ക് ഇന്ത്യ 100 ശതമാനം തീരുവയാണ് ചുമത്തുന്നത് എന്നാൽ യുഎസ് 2.4 ശതമാനം മാത്രമേ ഈടാക്കുന്നുള്ളൂ. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു കാർ വിൽക്കുന്നത് അസാധ്യമാണെന്ന് ട്രംപ് കൂട്ടിച്ചേ‌‍‍ർത്തു. ഇന്ത്യ സ്വന്തമായി ഫാക്ടറി നിർമ്മിച്ചാൽ അത് ഞങ്ങളോട് ചെയ്യുന്ന അനീതി ആയിരിക്കുമെന്ന് ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിഷയം താൻ പറഞ്ഞിരുന്നു. ഇന്ത്യ ഈടാക്കുന്ന തീരുവ അതേ അളവിൽ തിരികെ ചുമത്താനാണ് അമേരിക്കയുടെ തീരുമാനമെന്നും ലോകത്തിലെ ഏറ്റവും വലിയ തോതിൽ തീരുവ ചുമത്തുന്ന രാജ്യം ഇന്ത്യയാണെന്നും ട്രംപ് പറഞ്ഞു.

25 ശതമാനം തീരുവ രാജ്യങ്ങൾക്ക് മേൽ ചുമത്തുന്നതിന് പകരം അതേ അളവിൽ തീരുവ ചുമത്തുന്നത് രാജ്യങ്ങളെ അമേരിക്കയ്ക്ക് മേൽ ചുമത്തുന്ന സമ്മർദ്ദത്തിൽ നിന്ന് പിൻവലിക്കാമെന്ന പ്രതീക്ഷയിലാണ് ട്രംപ്. യുഎസ് ഇന്ത്യ വ്യാപാര ബന്ധങ്ങളിലെ ഏറ്റവും വലിയ തർക്കവിഷയമാണ് കാറുകൾക്ക് മേൽ ഇന്ത്യ ചുമത്തുന്ന തീരുവ. എന്നാൽ അലൂമിനിയത്തിനും സ്റ്റീലിനും ട്രംപ് പ്രഖ്യാപിച്ച 25 ശതമാനം താരിഫിലും പരസ്പര നികുതിയിലും ഇളവ് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ചില യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ കനത്ത തീരുവയാണ് ചുമത്തുന്നതെന്നും അതേ തീരുവ ചുമത്തി തിരിച്ചടിക്കാൻ അറിയാമെന്നും ഡിസംബറിൽ ഇന്ത്യയ്ക്ക് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു.

content summary: American president Donald Trump on tariff talks with indian prime minister Narendra Modi

 

×