June 06, 2026 |
Share on

എണ്ണ ടാങ്കറുകള്‍ക്ക് സമ്പൂര്‍ണ ഉപരോധം; മഡുറോയെ വീഴ്ത്താന്‍ നീക്കം ശക്തമാക്കി ട്രംപ്

വെനസ്വേലയിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്കു പോവുകയും ചെയ്യുന്ന ടാങ്കറുകളെല്ലാം തടയും

വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരഭൃഷ്ടനാക്കാനുള്ള അമേരിക്കന്‍ സമ്മര്‍ദ്ദം പുതിയ തലത്തിലേക്ക് കടക്കുന്നു. അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്ന എണ്ണ ടാങ്കറുകള്‍ വെനസ്വേലയിലേക്ക് പ്രവേശിക്കുന്നതോ അവിടെ നിന്നും പുറത്തേക്കു പോവുകയോ ചെയ്യുന്നത് തടയാനായി സമ്പൂര്‍ണ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉപരോധം ലംഘിക്കുന്ന ടാങ്കറുകള്‍ക്കെതിരേ സൈനിക നടപടിയുണ്ടാകുമെന്നാണ് ഭീഷണി.

സമീപ കാലത്തായി പ്രദേശത്ത് അമേരിക്കന്‍ സൈനിക സാന്നിധ്യം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വെനസ്വേലക്ക് സമീപമുള്ള പസഫിക് സമുദ്രത്തിലും കരീബിയന്‍ കടലിലുമായി ഇരുപതിലധികം സൈനികാക്രമണങ്ങളാണ് അടുത്ത കാലത്തായി വെനസ്വേലയിലേക്കുള്ള എണ്ണ കപ്പലുകള്‍ക്കെതിരേ ഉണ്ടായിട്ടുള്ളത്. ഈ ആക്രമണങ്ങളില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മഡുറോയ്ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ വര്‍ധിച്ചു വരുന്ന നീക്കങ്ങള്‍ക്കിടയിലാണ് ഇപ്പോഴത്തെ സമ്പൂര്‍ണ ഉപരോധം.

കഴിഞ്ഞ ആഴ്ച, യുഎസ് സൈന്യം കരീബിയന്‍ കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു എണ്ണ ടാങ്കര്‍ വെനസ്വേലന്‍ തീരത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. ഏകദേശം 20 ലക്ഷം ബാരല്‍ വെനസ്വേലന്‍ ക്രൂഡ് ഓയില്‍ ടാങ്കറില്‍ ഉണ്ടായിരുന്നുവെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

ടാങ്കര്‍ പിടിച്ചെടുത്തതിനെതിരേ വെനസ്വേല രംഗത്തു വന്നിരുന്നു. ഇത് ‘നഗ്‌നമായ മോഷണം’ ആണെന്നായിരുന്നു അവിടുത്തെ സര്‍ക്കാര്‍ ആരോപിച്ചത്. അമേരിക്കയുടെത് അന്താരാഷ്ട്ര കടല്‍ക്കൊള്ളയാണെന്നും അവര്‍ ആരോപിച്ചു. ഈ സംഭവം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമായിരുന്നു.

ചൊവ്വാഴ്ച രാത്രി തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രംപ് ഉപരോധം പ്രഖ്യാപിച്ച വിവരം പുറത്തു വിട്ടത്. എണ്ണയില്‍ നിന്നു കിട്ടുന്ന പണം വെനസ്വേല മയക്കുമരുന്ന് കടത്തിനും മറ്റ് കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ടെന്നാണ് ട്രംപ് ആരോപിച്ചത്. മേഖലയില്‍ സൈനിക സന്നാഹം വര്‍ദ്ധിപ്പിക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്.

‘ദക്ഷിണ അമേരിക്കയുടെ ചരിത്രത്തില്‍ ഇന്നുവരെ ഒരുമിച്ചുകൂടിയതില്‍ വെച്ച് ഏറ്റവും വലിയ കപ്പല്‍ വ്യൂഹത്താല്‍ വെനസ്വേല പൂര്‍ണ്ണമായും വലയം ചെയ്യപ്പെട്ടിരിക്കുകയാണ്, എന്നാണ് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പറഞ്ഞു. ‘ഇത് കൂടുതല്‍ വലുതാവുകയേ ഉള്ളൂ, അവര്‍ ഇതുവരെ കണ്ടിട്ടില്ലാത്തതുപോലെയുള്ള ഞെട്ടല്‍ അവര്‍ക്കുണ്ടാകും… ഇന്ന്, വെനസ്വേലയിലേക്ക് പോകുന്നതും പുറത്തുകടക്കുന്നതുമായ, ഉപരോധമേര്‍പ്പെടുത്തിയ എല്ലാ എണ്ണ ടാങ്കറുകള്‍ക്കും സമ്പൂര്‍ണ ഉപരോധത്തിന് ഞാന്‍ ഉത്തരവിടുകയാണ്.’- ഇതായിരുന്നു ട്രംപിന്റെ വാക്കുകള്‍.

സമീപ മാസങ്ങളിലായി വെനസ്വേലയ്‌ക്കെതിരായ നീക്കങ്ങളില്‍ ട്രംപ് കൂടുതല്‍ കരുത്തു കാട്ടുകയാണ്. ചൊവ്വാഴ്ച, മയക്കുമരുന്ന് കടത്തിയെന്ന് ആരോപിച്ച് പസഫിക്കില്‍ വച്ച് മൂന്ന് ബോട്ടുകള്‍ക്കു നേരെ ആക്രമണം നടത്തിയിരുന്നു. എട്ട് പേര്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ രണ്ടു മുതല്‍, 20-ല്‍ അധികം ആക്രമണങ്ങളിലായി കുറഞ്ഞത് 95 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ മിക്കതും വെനസ്വേലന്‍ തീരത്താണ് നടന്നത്.

സെപ്തംബര്‍ രണ്ടിന് നടന്ന ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അത് നിരസിച്ചു. വീഡിയോ ‘അതിരഹസ്യം’ ആണെന്നും അത് പരസ്യപ്പെടുത്തുന്നത് ‘യുദ്ധവകുപ്പിന്റെ ദീര്‍ഘകാല നയം’ ലംഘിക്കുമെന്നുമാണ് ഹെഗ്‌സെത്ത് വാദിക്കുന്നത്.

മയക്കുമരുന്ന് അമേരിക്കന്‍ തീരങ്ങളില്‍ എത്തുന്നത് തടയുന്ന ശ്രമങ്ങള്‍ വിജയിക്കുന്നുണ്ടെന്നാണ് ട്രംപ് ഭരണകൂടം അവകാശപ്പെടുന്നത്. കാര്യങ്ങള്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങില്ലെന്ന ഉറപ്പും അവര്‍ നല്‍കുന്നുണ്ട്.

യുഎസിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനാണ് ശ്രമിക്കുന്നതെന്നു പറയുമ്പോഴും, നിക്കോളാസ് മഡുറോയെ പുറത്താക്കാനാണിതെല്ലാമെന്ന് ട്രംപിന്റെ ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈല്‍സ് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച വാനിറ്റി ഫെയര്‍ അഭിമുഖത്തില്‍ സ്ഥിരീകരിക്കുന്നുണ്ട്. മഡുറോ മുട്ടുമടക്കുന്നതുവരെ കപ്പലുകള്‍ തകര്‍ക്കുന്നത് തുടരാന്‍ ട്രംപ് ആഗ്രഹിക്കുന്നുവെന്നാണ് വൈല്‍സ് പറഞ്ഞത്.

Content Summary; Donald Trump ordered complete blockade of all sanctioned oil tankers entering and leaving Venezuela

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×