യുഎസിന് പുറത്ത് നിർമിക്കുന്ന ഐ ഫോണുകൾക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കേണ്ടതില്ലെന്ന ട്രംപിന്റെ നിർദേശം ആപ്പിൾ അവഗണിച്ചതിന് പിന്നാലെയാണ് പ്രസിഡന്റിൻ്റെ പുതിയ താരിഫ് ഭീഷണി.
യുഎസിൽ വിൽക്കുന്ന ഐഫോണുകൾ ഇന്ത്യയിൽ മാത്രമല്ല, ലോകത്ത് മറ്റൊരു രാജ്യത്തും നിർമിക്കരുതെന്ന വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അറിയിച്ചത്. പോസ്റ്റിന് പിന്നാലെ ആപ്പിളിന്റെ ഓഹരി വില ഏകദേശം 70 ബില്യൺ ഡോളർ ഇടിഞ്ഞതായി ദി ഗാർഡിയൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഉത്തരവ് പാലിച്ചില്ലെങ്കിൽ 25 ശതമാനം തീരുവ നേരിടേണ്ടി വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഐ ഫോണുകൾ മാത്രമല്ല, സാംസങിനും ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫോൺ നിർമാതാക്കൾ അവരുടെ ഉത്പ്പന്നങ്ങൾ യുഎസിന് പുറത്ത് നിർമ്മിക്കുകയാണെങ്കിൽ താരിഫ് ബാധകമാകുമെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യയിൽ പ്ലാന്റുകൾ നിർമിക്കരുതെന്ന് ആപ്പിൾ സിഇഒയോട് കഴിഞ്ഞ ആഴ്ച ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ഉയർന്ന താരിഫുകൾ ചൂണ്ടിക്കാട്ടിയ ട്രംപ് ഇന്ത്യക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൽ കഴിയുമെന്നും ആപ്പിൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിൽ തനിക്ക് താൽപര്യമില്ലെന്നും ട്രംപ് അറിയിച്ചിരുന്നു. ഐ ഫോണുകളുടെ പ്രധാന ഉത്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റാനുള്ള ആപ്പിളിന്റെ നീക്കത്തിനിടെയാണ് ട്രംപിന്റെ പരാമർശം.
എന്നാൽ ട്രംപിന്റെ നിർദേശം തള്ളിക്കളഞ്ഞ ആപ്പിൾ, നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇന്ത്യയിലെ ആപ്പിളിന്റെ നിക്ഷേപ പദ്ധതികളിൽ ഒരു മാറ്റവുമില്ല. ഇന്ത്യയെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി ഉപയോഗിക്കുന്നതിനുള്ള പ്രതിബദ്ധത കമ്പനി ഇന്ത്യൻ സർക്കാരിന് ഉറപ്പുനൽകുകയും ചെയ്തു. കോടികൾ മുടക്കിയിട്ട് പെട്ടെന്ന് പദ്ധതി വഴിയിൽ ഉപേക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ആപ്പിൾ കമ്പനി ട്രംപിന്‍റെ ആവശ്യം തള്ളിയത്. ഇന്ത്യയെ ഒഴിവാക്കി അമേരിക്കയിൽ ഐഫോണുകൾ നിർമ്മിക്കാൻ തുടങ്ങിയാൽ അത് വലിയ നഷ്ടമായിരിക്കുമെന്ന് വിദഗ്ധരും ചൂണ്ടികാട്ടിയിരുന്നു. അമേരിക്കയിൽ ഫോൺ നിർമിക്കുന്നത് ചെലവേറുമെന്നും ഐഫോണിന്റെ വില കുത്തനെ ഉയരുമെന്നും വ്യവസായ രംഗത്തെ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞുകൊണ്ടാണ് ആപ്പിൾ കമ്പനിക്ക് 25 ശതമാനം താരിഫ് ഭീഷണിയുമായി ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
മിക്ക ആപ്പിൾ ഐഫോണുകളും ദക്ഷിണേന്ത്യയിലെ ഫോക്‌സ്‌കോൺ ടെക്‌നോളജി ഗ്രൂപ്പിന്റെ ഫാക്ടറിയിലാണ് അസംബിൾ ചെയ്യുന്നത്. കൂടാതെ, ഇന്ത്യയിൽ ഐഫോൺ അസംബ്ലി പ്ലാന്റുകൾ സ്ഥാപിക്കുന്നതിലും ടാറ്റ ഗ്രൂപ്പ് പങ്കാളിയാണ്. നിലവിൽ മൂന്ന് ആപ്പിൾ പ്ലാന്റുകളാണ് ഇന്ത്യയിലുള്ളത്.
Content Summary: Donald Trump threatens 25% of tariffs on iPhone and Samsung
Leave a Comment