പുടിന്‍-ട്രംപ് കൂടിക്കാഴ്ച്ച; ചില ‘കൈമാറ്റങ്ങള്‍’ കൊണ്ട് യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ്‌

റഷ്യ-അമേരിക്ക നിര്‍ദേശം യുക്രെയ്ന്‍ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം

യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി വീണ്ടുമൊരു ചര്‍ച്ചയ്‌ക്കൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്. അടുത്തയാഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞത്. മൂന്നര വര്‍ഷത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ‘പ്രദേശങ്ങളുടെ കൈമാറ്റം’ ആവശ്യമായി വരുമെന്നു കൂടി ചര്‍ച്ചയ്ക്ക് മുമ്പായി പ്രസിഡന്റ് ട്രംപ് പറഞ്ഞുവച്ചിട്ടുണ്ട്.

അടുത്ത വെള്ളിയാഴ്ച്ച അലാസ്‌കയില്‍ വച്ച് പുടിനെ കാണുമെന്നാണ് ട്രൂത്ത് സോഷ്യല്‍ വഴി ട്രംപ് അറിയിച്ചിരിക്കുന്നത്. ക്രെലിന്‍ പ്രതിനിധിയെ ഉദ്ധരിച്ച് റഷ്യന്‍ മീഡിയയായ ടാസ്, പുടിന്‍-ട്രംപ് കൂടിക്കാഴ്ച്ചയുടെ സ്ഥലവും തീയതിയും സ്ഥിരീകരിച്ചിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കേണ്ടതിന്റെ കാലതാമസം വന്നതുകൊണ്ടാണ് കൂടിക്കാഴ്ച്ച സമയം നീണ്ടുപോയതെന്നാണ് ട്രംപ് പറയുന്നത്.

യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്‌നും റഷ്യയും അവരവരുടെ കൈവശം ഇരിക്കുന്ന ചില പ്രദേശങ്ങള്‍ പരസ്പരം കൈമാറണമെന്ന ആവശ്യം ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണത്തിന് തയ്യാറായിട്ടില്ല.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം ഈ കൂടിക്കാഴ്ച്ച കൊണ്ട് റഷ്യയ്ക്ക് ഗുണം കിട്ടുമെന്നാണ്. സാധ്യതയുള്ള കരാര്‍ പ്രകാരം യുക്രെയ്‌നിലെ ചില പ്രദേശങ്ങളില്‍ റഷ്യയുടെ പ്രദേശിക നിയന്ത്രണം ഉറപ്പിക്കപ്പെടും. അതുപോലെ ഏറെ നിര്‍ണായക പ്രാധാന്യമുള്ള കെര്‍സണ്‍, സപോരിജിയ മേഖലകളില്‍ തുടരുന്ന ഏറ്റുമുട്ടല്‍താത്കാലികമായി നിര്‍ത്തുകയോ സ്ഥിരമായി അവസാനിപ്പിക്കുകയോ ചെയ്യാം. എന്നാല്‍ ഈ മേഖലകളില്‍ റഷ്യയുടെ സ്വാധീനം അംഗീകരിക്കപ്പെടുകയോ നിയമവിധേയമാക്കപ്പെടുകയോ ചെയ്‌തെക്കാം. യുക്രെയ്‌നിന്റെ കീഴിലുള്ള നാല് പ്രദേശങ്ങള്‍ക്ക് പുടിന്‍ അവകാശവാദം പറയുന്നുണ്ട്. എന്നാല്‍ മൂന്നുര വര്‍ഷത്തോളമായി തുടരുന്ന യുദ്ധത്തിലും ഈ പ്രദേശങ്ങളുടെ നിയന്ത്രണം യുക്രെയ്‌ന്റെ കീഴിലാണ്.

യുഎസും റഷ്യയും ഇപ്പോള്‍ ആസൂത്രണം ചെയ്യുന്ന ഒരു കരാര്‍, ക്രെംലിന് താത്പര്യമുള്ള പ്രദേശങ്ങളുടെ അധികാരം അവര്‍ക്ക് വിട്ടുകൊടുക്കുകയും പകരമായി യുദ്ധം അവസാനിപ്പിക്കുകയും ചെയ്യുക എന്നതാണ്. എന്നാല്‍ ഇത്തരമൊരു നിര്‍ദേശം യുക്രെയ്ന്‍ അംഗീകരിക്കില്ലെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘര്‍ഷം മരവിപ്പിക്കപ്പെടാമെന്ന സൂചന കഴിഞ്ഞ ദിവസം പോളണ്ട് പ്രധാനമന്ത്രിയും പങ്കുവച്ചിരുന്നു. യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുമായും അതുപോലെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളും, അമേരിക്കന്‍ പ്രസിഡന്റുമായൊക്കെ സംസാരിച്ച ശേഷമായിരുന്നു പോളിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. അതിനി പിന്നാലെയാണ് ട്രംപും പുടിനുമായുള്ള കൂടിക്കാഴ്ച്ചയുടെ വിവരം അറിയിച്ചിരിക്കുന്നത്.  Donald Trump-Vladimir Putin will meet next week to discuss Ukraine war

Content Summary; Donald Trump-Vladimir Putin will meet next week to discuss Ukraine war

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment