June 26, 2026 |
Share on

യുക്രെയ്‌നുള്ള സൈനിക സഹായങ്ങള്‍ നിര്‍ത്തിവെച്ച് യുഎസ്

സെലന്‍സ്‌കിയുമായുള്ള തര്‍ക്കത്തില്‍ കലിയടങ്ങാതെ ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ വെച്ച് നടന്ന വാക്കുതര്‍ക്കത്തിന് പിന്നാലെ, യുക്രെയ്‌നിലേക്കുള്ള സൈനിക സഹായങ്ങള്‍ നിര്‍ത്തിവെച്ച് ട്രംപ് ഭരണകൂടം. ഒരു ബില്ല്യണ്‍ ഡോളറിലധികം വരുന്ന ആയുധങ്ങളാണ് ട്രംപിന്റെ പുതിയ ഉത്തരവിലൂടെ യുക്രെയ്‌ന് നഷ്ടമാകുന്നത്.

ട്രംപ്-സെലന്‍സ്‌കി കൂടിക്കാഴ്ചയില്‍ നടന്ന സംഭവവികാസങ്ങളെ തുടര്‍ന്നാണ് ട്രംപിന്റെ നീക്കമെന്നും റഷ്യയുമായുള്ള സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ വിശ്വാസം അര്‍പ്പിക്കുന്നത് വരെ ഈ ഉത്തരവ് നിലനില്‍ക്കുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായി ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ട്രംപിന്റെ തീരുമാനം യുഎസും യുക്രെയ്നും തമ്മിലുള്ള ഭിന്നത കൂടുതല്‍ വഷളാകാന്‍ സാധ്യതയുണ്ട്. ട്രംപും സെലന്‍സ്‌കിയും തമ്മിലുള്ള ഭിന്നതയില്‍ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കുന്നത് റഷ്യന്‍ പ്രഡിഡന്റ് വ്‌ലോഡിമിര്‍ പുടിനാണ്. ട്രംപും സെലെന്‍സ്‌കിയും തമ്മിലുള്ള ദീര്‍ഘകാല തര്‍ക്കം കൂടുതല്‍ യുക്രെയ്ന്‍ പ്രദേശങ്ങള്‍ പിടിച്ചെടുക്കാനും ചര്‍ച്ചകളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കാനും പുടിനെ സഹായിക്കുന്നു.

യുക്രെയ്‌നിനുള്ള ചില ആയുധ വിതരണങ്ങള്‍ യുഎസ് മുമ്പ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ഇത്തരമൊരു നീക്കം ആദ്യമായാണ്. ട്രംപിന്റെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ സെലന്‍സ്‌കി അംഗീകരിച്ചില്ലെങ്കില്‍ യുദ്ധത്തില്‍ വലിയ നഷ്ടങ്ങള്‍ യുക്രെയ്‌ന് നേരിടേണ്ടിവരുമെന്നുള്ള യുഎസിന്റെ അന്ത്യശാസനം കൂടിയാണ് സൈനിക സഹായങ്ങള്‍ തടഞ്ഞുകൊണ്ടുള്ള നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

യുഎസിന്റെ ഈ തീരുമാനം നാറ്റോ സഖ്യകക്ഷികളായ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായി എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ നാറ്റോ സഖ്യകക്ഷികള്‍ യുക്രെയിനിന് കൂടുതല്‍ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും യുഎസ് സഹായത്തിന് പകരം വയ്ക്കാന്‍ ആവശ്യമായ സൈനിക സഹായങ്ങള്‍ നല്‍കാന്‍ കഴിയില്ല.

യുദ്ധം ആരംഭിച്ചതിന് യുക്രെയ്നെ കുറ്റപ്പെടുത്തുകയും സെലന്‍സ്‌കിയെ സ്വേച്ഛാധിപതി എന്ന് വിളിക്കുകയും ചെയ്ത ട്രംപ് പുടിന്റെ വീക്ഷണങ്ങള്‍ ശരിയാണെന്ന് വാദിച്ചു.

അപൂര്‍വ ധാതുക്കരാറില്‍ ഒപ്പുവെയ്ക്കാന്‍ യു എസിലെത്തിയപ്പോഴാണ് വ്ലാഡിമിര്‍ സെലന്‍സ്‌കിയും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തിയത്. ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന് കരാറില്‍ ഒപ്പുവെക്കാതെ സെലന്‍സ്‌കി വൈറ്റ്ഹൗസില്‍ നിന്ന് മടങ്ങി. യുക്രൈന്റെ അത്യപൂര്‍വ ധാതുസമ്പത്തില്‍ ഒരു പങ്കിന്റെ അവകാശം യു എസിന് നല്‍കുന്നതിനുള്ള കരാറായിരുന്നു ഒപ്പിടേണ്ടിയിരുന്നത്.

ഏകദേശം 45 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയുടെ അവസാന 10 മിനിറ്റ് സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ട്രംപും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സെലെന്‍സ്‌കിയെ ആക്രമിച്ചു.

മാധ്യമങ്ങള്‍ക്കുമുന്നില്‍ നടന്ന ചര്‍ച്ചകളില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വൈസ് പ്രസിഡന്റ് ജെഡി വാന്‍സും അതിരൂക്ഷമായ വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലാണ് സെലന്‍സ്‌കിക്ക് നേരെ ഉന്നയിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ നയതന്ത്രപരമായ പോരായ്മയെക്കുറിച്ച് വാന്‍സിനോട് വിശദീകരിക്കാന്‍ സെലന്‍സ്‌കി ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായത്.

Content Summary: Donald Trump – Volodymyr Zelensky Oval Office Clash, US Freezes Military Aid to Ukraine
Volodymyr Zelensky Military Aid us

Leave a Reply

Your email address will not be published. Required fields are marked *

×