ഗ്രീന്‍ലാന്‍ഡ്; വാശി പിടിച്ച് ട്രംപ്, ഡെന്മാര്‍ക്ക്-യുഎസ് പോര് മുറുകുന്നു

മൂന്നു കാരണങ്ങളാണ് ഗ്രീന്‍ലാന്‍ഡിനുമേലുള്ള അവകാശവാദത്തിന് പിന്നില്‍ അമേരിക്കയ്ക്കുള്ളത്

Greenland

കഴിഞ്ഞാഴ്ച്ച വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അധികാരത്തില്‍ നിന്നും പുറത്താക്കി, ആ രാജ്യത്തിന്റെ നിയന്ത്രണം തങ്ങളുടെ കൈയിലാക്കിയതിന് പിന്നാലെ അമേരിക്കയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അടുത്തതായി ലക്ഷ്യമിട്ടിരിക്കുന്നത് ആര്‍ട്ടിക് പ്രദേശമായ ഗ്രീന്‍ലന്‍ഡ് പിടിച്ചെടുക്കാനാണ്. അതിനുള്ള നീക്കങ്ങള്‍ അവര്‍ ശക്തമാക്കിയിട്ടുമുണ്ട്. ഗ്രീന്‍ലന്‍ഡ് തനിക്ക് ‘അത്യന്താപേക്ഷിതമാണ്’ എന്നായിരുന്നു ഞായറാഴ്ച ട്രംപ് പ്രസ്താവിച്ചത്. ഇതോടെ യുഎസും ഡെന്മാര്‍ക്കും ഗ്രീന്‍ലന്‍ഡും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വലിയ വിള്ളലുകള്‍ വീണിരിക്കുകയാണ്.

എന്താണ് ഗ്രീന്‍ലന്‍ഡിന്റെ പദവി?

ഡെന്മാര്‍ക്കിന്റെ ഭാഗമാണ് ഗ്രീന്‍ലന്‍ഡ്. മുന്‍പ് ഡെന്മാര്‍ക്കിന്റെ കോളനിയായിരുന്ന ഈ പ്രദേശത്തിന്റെ വിദേശകാര്യ, സുരക്ഷാ നയങ്ങള്‍ ഇപ്പോഴും നിയന്ത്രിക്കുന്നത് ഡെന്മാര്‍ക്കാണ്. നാറ്റോ സഖ്യകക്ഷിയായ ഡെന്മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡിന് മേല്‍ യുഎസ് നടത്തുന്ന ഏതൊരു നീക്കവും നാറ്റോ സഖ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ‘അധിനിവേശത്തെക്കുറിച്ചുള്ള വ്യാമോഹങ്ങള്‍’ ട്രംപ് ഉപേക്ഷിക്കണമെന്ന് ഗ്രീന്‍ലന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സണും ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഗ്രീന്‍ലന്‍ഡ് അവിടുത്തെ ജനങ്ങളുടേതാണ്’ എന്നണ് യൂറോപ്യന്‍ നേതാക്കളുടെ നിലപാട്.

ട്രംപിന്റെ വാശിക്കു പിന്നില്‍?

നേരത്തെ ഇതൊരു ‘റിയല്‍ എസ്റ്റേറ്റ് ഇടപാട്’ പോലെയാണെന്നായിരുന്നു ഗ്രീന്‍ലാന്‍ഡിനു മേലുള്ള അവകാശവാദത്തെ ട്രംപ് വിളിച്ചിരുന്നത്. പിന്നീട് അത് തിരുത്തി, അമേരിക്കയുടെ സാമ്പത്തിക സുരക്ഷയ്ക്കും ദേശീയ സുരക്ഷയ്ക്കും ഗ്രീന്‍ലാന്‍ഡ് അത്യാവശ്യമാണെന്ന വാദമാണ് ഉന്നയിക്കുന്നത്. ഇതിന് പിന്നില്‍ പ്രധാനമായും മൂന്ന് കാരണങ്ങളാണ് പറയുന്നത്; പ്രതിരോധം, പ്രകൃതി വിഭവങ്ങള്‍, പുതിയ കപ്പല്‍ പാതകള്‍.

പ്രതിരോധം

അമേരിക്കയ്ക്കും റഷ്യയ്ക്കും ഇടയിലുള്ള തന്ത്രപ്രധാനമായ സ്ഥാനമാണ് ഗ്രീന്‍ലന്‍ഡിനുള്ളത്. ശീതയുദ്ധകാലം മുതല്‍ പിറ്റുഫിക്കില്‍ (പഴയ തൂള്‍) യുഎസിന് സൈനിക താവളമുണ്ട്.

പ്രകൃതിവിഭവങ്ങള്‍

എണ്ണ, വാതകം എന്നിവയ്ക്ക് പുറമെ ഹരിത സാങ്കേതികവിദ്യയ്ക്ക് ആവശ്യമായ ചെമ്പ്, ലിഥിയം, കൊബാള്‍ട്ട്, നിക്കല്‍ തുടങ്ങിയ അമൂല്യ ധാതുക്കളുടെ വന്‍ ശേഖരം ഇവിടെയുണ്ട്. ചൈനയെ ഈ മേഖലയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കുന്നത് വഴി യുഎസിന് സാധിക്കും.

പുതിയ കപ്പല്‍ പാതകള്‍

ആര്‍ട്ടിക് മഞ്ഞുപാളികള്‍ ഉരുകുന്നതോടെ, സൂയസ് കനാലിന് പകരമായി പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്ന് കിഴക്കന്‍ ഏഷ്യയിലേക്കുള്ള ദൂരം പകുതിയോളം കുറയ്ക്കുന്ന പുതിയ കപ്പല്‍ പാതകള്‍ ഗ്രീന്‍ലന്‍ഡ് വഴി തുറക്കപ്പെടും.

ഡെന്മാര്‍ക്ക്-ഗ്രീന്‍ലന്‍ഡ് തര്‍ക്കങ്ങള്‍

ഗ്രീന്‍ലന്‍ഡില്‍ സ്വാതന്ത്ര്യത്തിനായുള്ള മുറവിളികള്‍ ശക്തമാണ്. 1960-കളിലും 70-കളിലും ഗ്രീന്‍ലന്‍ഡിലെ സ്ത്രീകള്‍ക്ക് അവരുടെ അറിവോ സമ്മതമോ ഇല്ലാതെ ഗര്‍ഭനിരോധന ഉറകള്‍ നിര്‍ബന്ധപൂര്‍വ്വം ഘടിപ്പിച്ച സംഭവം വലിയ വിവാദമായിരുന്നു. ഇതിനെ ‘വംശഹത്യ’ എന്നാണ് മുന്‍ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തുന്നതടക്കമുള്ള ഡാനിഷ് നടപടികളില്‍ വലിയ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

ഈ അതൃപ്തി മുതലെടുത്ത് ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍ കഴിഞ്ഞ ജനുവരിയില്‍ ഗ്രീന്‍ലന്‍ഡ് സന്ദര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധം മെച്ചപ്പെടുത്താന്‍ ഡെന്മാര്‍ക്ക് ഔദ്യോഗികമായി മാപ്പ് പറയുകയും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുകയും ചെയ്തു.

നിലവിലെ സാഹചര്യം

ട്രംപിന്റെ ഭീഷണിയെത്തുടര്‍ന്ന് ദേശീയ ഐക്യം പ്രഖ്യാപിച്ചുകൊണ്ട് ഗ്രീന്‍ലന്‍ഡില്‍ പുതിയ നാലുകക്ഷി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ‘ഗ്രീന്‍ലന്‍ഡ് നമ്മുടേതാണ്’ എന്നാണ് അവരുടെ ഉടമ്പടിയിലെ പ്രധാന വാചകം. അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ അത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സുരക്ഷാ സംവിധാനങ്ങളുടെ അവസാനമായിരിക്കുമെന്ന് ഡാനിഷ് പ്രധാനമന്ത്രി വ്യക്തമാക്കി. തന്റെ പുതുവത്സര പ്രസംഗത്തില്‍ ഡെന്മാര്‍ക്കിലെ ഫ്രെഡറിക് രാജാവും ഗ്രീന്‍ലന്‍ഡ് ജനതയുടെ കരുത്തിനെ പ്രശംസിച്ചിരുന്നു.

Content Summary; Donald Trump Vows to Take Over Greenland; Tensions Rise Between US and Denmark

This post was last modified on January 7, 2026 9:13 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment