June 08, 2026 |
Share on

”എന്നെക്കൊണ്ട് പേരും പ്രശസ്തിയും ഉണ്ടാക്കാന്‍ നോക്കുന്ന അഭിഭാഷകരെ വേണ്ട’; കോടതിയോട് റാണ

റാണയുടെ ആവശ്യത്തില്‍ കോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്

പേരും പ്രശസ്തിയും ഉണ്ടാക്കാന്‍ മാത്രമായി തന്റെ കേസ് വാദിക്കുന്നൊരു അഭിഭാഷകനെ തനിക്ക് നല്‍കരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ച് തഹാവൂര്‍ റാണ. അഭിഭാഷകര്‍ തന്റെ കേസ് എടുക്കുന്നത് അതിലൂടെ അവര്‍ക്ക് പേരും പ്രശസ്തിയും ഉണ്ടാക്കാന്‍ വേണ്ടിയാകരുതെന്നും അതിനവരെ അനുവദിക്കരുതെന്നുമാണ് റാണ കോടതിയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വിചാരണ നേരിടാന്‍ ഒരുങ്ങുകയാണ് തഹാവൂര്‍ റാണ. മുബൈ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളാണ് റാണ. അമേരിക്കയുടെ കസ്റ്റഡിയിലായിരുന്ന ഇയാളെ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യക്ക് വിട്ടുകിട്ടിയത്. വ്യാഴാഴ്ച്ച രാത്രി ഇന്ത്യയിലെത്തിച്ച റാണയെ, അന്ന് 10 മണിക്ക് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പട്യാലയില്‍ പ്രത്യേക കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 18 ദിവസത്തേക്ക് എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

റാണയുടെ അഭ്യര്‍ത്ഥന എന്‍ ഐ എ കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ചന്ദര്‍ ജിത് സിംഗ് ആണ് അറിയിച്ചത്. റാണയുടെ അഭ്യര്‍ത്ഥന പരിഗണിച്ച കോടതി ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആരാണോ കുറ്റാരോപിതന് വേണ്ടി ഹാജരാകുന്നത്, അയാള്‍ കേസുമായി ബന്ധപ്പെട്ട യാതൊരുവിവരവും പുറത്തു പറയരുത്, കുറ്റാരോപിതനായി ഹാജരാകുന്ന അഭിഭാഷകനെ സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും മാധ്യമങ്ങള്‍ അറിഞ്ഞിട്ടില്ലെങ്കില്‍, യാതൊരു കാരണവശാലും അക്കാര്യങ്ങള്‍ ഇനി മാധ്യമങ്ങളെ അറിയിക്കരുത് എന്നുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റീസ് ചന്ദര്‍ ജിത് സിംഗിന്റെ ഉത്തരവില്‍ ഇങ്ങനെയാണ് പറയുന്നത്; ‘താന്‍ മുഖേന പേരും പ്രശസ്തിയും സമ്പാദിക്കുന്നതായി തോന്നുന്ന ഒരു അഭിഭാഷകനും ഉണ്ടാകരുതെന്നാണ് കുറ്റാരോപിതന്‍ ആവശ്യപ്പെടുന്നത്. 1987 ലെ ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിയമപരമായ പദ്ധതി പ്രകാരം ലീഗല്‍ സര്‍വീസ് കൗണ്‍സിലുകള്‍ ഹാജരാണെങ്കിലും, പ്രതിയുടെ അഭ്യര്‍ത്ഥന അംഗീകരിക്കുകയും ഈ കേസിലെ പ്രതികളെക്കുറിച്ച് ലീഗല്‍ സര്‍വീസസ് കൗണ്‍സിലര്‍ മാധ്യമങ്ങളോട് (പ്രിന്റ്/ഡിജിറ്റല്‍/ഇലക്ട്രോണിക്) സംസാരിക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. നിയമ സേവന അഭിഭാഷകന്റെ വിവരങ്ങള്‍ ഇതിനകം മാധ്യമങ്ങള്‍ക്ക് അറിയില്ലെങ്കില്‍, അവ മാധ്യമങ്ങള്‍ക്ക് വെളിപ്പെടുത്തരുതെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്’.

അഭിഭാഷകര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും ഫലപ്രദമായ ആശയവിനിമയം നടത്താനുമായി റാണയ്ക്ക് ചില സൗകര്യങ്ങള്‍ ചെയ്തു കൊടുക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എഴുതാനായി മൃദുവായ അഗ്രമുള്ള എഴുത്ത് ഉപകരണം, സ്‌കെച്ച് പേപ്പറുകള്‍, മറ്റ് ആവശ്യമായ വസ്തുക്കള്‍ എന്നിവ ഉറപ്പാക്കണം. ഏപ്രില്‍ 10 ന് രാത്രി ഏകദേശം 11:50 ന് വാക്കാലുള്ള വാദം കേള്‍ക്കല്‍ അവസാനിപ്പിച്ച ശേഷം, ഏപ്രില്‍ 11 ന് പുലര്‍ച്ചെ 2 മണിയോടെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഏപ്രില്‍ 11 ന് പുലര്‍ച്ചെയാണ് ടൈപ്പ് ചെയ്ത ഉത്തരവില്‍ കോടതി ഒപ്പിട്ടത്.

ന്യൂഡല്‍ഹിയിലെ സിജിഒ കോംപ്ലക്‌സില്‍ സ്ഥിതി ചെയ്യുന്ന തീവ്രവാദ വിരുദ്ധ ഏജന്‍സിയുടെ ഹെഡ് ഓഫീസിനുള്ളില്‍ തയ്യാറാക്കിയിരിക്കുന്ന എയര്‍ കണ്ടീഷനിംഗ് സംവിധാനമുള്ളതും ഉയര്‍ന്ന സുരക്ഷ ഒരുക്കിയിരിക്കുന്നതുമായ സെല്ലിലാണ് റാണയെ പാര്‍പ്പിച്ചിരിക്കുന്നത്. ഗുണ്ടാനേതാവ് ലോറന്‍സ് ബിഷ്ണോയിയും നേരത്തെ ഇവിടെ പാര്‍പ്പിച്ചിരുന്നു.

താഴത്തെ നിലയിലാണ് ലോക്കപ്പ്. ഇവിടെ സി ഐ എസ് എഫ് സൈനികരും രണ്ട് എന്‍ ഐ എ ഉദ്യോഗസ്ഥരും 24 മണിക്കൂറും കാവലിനുണ്ട്.എന്‍ ഐ എ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് ചുറ്റും കര്‍ശന സുരക്ഷയൊരുക്കിയിട്ടുണ്ട്. ഇവിടെയുള്ള കാന്റീനില്‍ നിന്നാണ് റാണയ്ക്ക് ഭക്ഷണം ഏര്‍പ്പാടാക്കിയിരിക്കുന്നത്.

മുംബൈ ആക്രമണം നടന്ന് 11 മാസങ്ങള്‍ കഴിഞ്ഞാണ് തഹാവൂര്‍ റാണ ചിക്കാഗോയില്‍ പിടിയിലാകുന്നത്. ഭീകരാക്രമണത്തിനു ചുക്കാന്‍ പിടിച്ച ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്തത് റാണയാണ്. കൊച്ചിയില്‍ അടക്കം ഇയാള്‍ സന്ദര്‍ശനം നടത്തിയിരുന്നു. റാണയെ ചോദ്യം ചെയ്താല്‍ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ഇന്ത്യക്ക് കിട്ടുമെന്നാണ് പ്രതീക്ഷ. പാകിസ്താന്‍ ആര്‍മിയില്‍ ഡോക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ഇയാള്‍. ആക്രമണം നടന്നശേഷം ഹെഡ്‌ലിയുമായി നടത്തിയ സംഭാഷണത്തില്‍ ഇയാള്‍ പറയുന്നത്, അത് ഇന്ത്യക്കാര്‍ അര്‍ഹിച്ചതായിരുന്നുവെന്നാണ്. ആക്രമണം നടത്തിയ ഭീകരര്‍ക്ക് പാകിസ്താന്‍ ആര്‍മിയുടെ പരമോന്നത പുരസ്‌കാരമായ നിഷാന്‍-ഇ-ഹെയ്ദര്‍ നല്‍കണമെന്നും ഹെഡ്‌ലിയോടായി റാണ പറയുന്നുണ്ട്. യുദ്ധത്തില്‍ വീരമൃത്യു വരിക്കുന്ന സൈനികര്‍ക്കാര്‍ക്ക് നല്‍കുന്ന പുരസ്‌കാരമാണ് നിഷാന്‍-ഇ-ഹെയ്ദര്‍. അതേസമയം പാകിസ്താന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്, റാണ തങ്ങളുടെ പൗരനല്ലെന്നാണ്. രണ്ട് പതിറ്റാണ്ടിലേറെയായി പൗരത്വം അയാള്‍ പുതുക്കിയിട്ടില്ലെന്നാണ് അയല്‍ക്കാരുടെ വാദം. പാക്-കനേഡിയന്‍ പൗരനാണ് ഇപ്പോള്‍ 64 വയസുള്ള തഹാവൂര്‍ റാണ.  Don’t want lawyer who wants to gain name fame through me’ Tahawwur Rana requested to the court

Content Summary; Don’t want lawyer who wants to gain name fame through me’ Tahawwur Rana requested to the court

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×