July 12, 2025 |
Share on

വിധി അനുകൂലമാക്കി ബിജെപി, ഡോലക്കുകള്‍ നിശബ്ദമാക്കി കോണ്‍ഗ്രസ്

എല്ലാ പ്രവചനങ്ങളും ഹരിയാനയില്‍ കോണ്‍ഗ്രസിന് അനുകൂലമായിരുന്നു
az

വോട്ടെണ്ണല്‍ തുടങ്ങുമ്പോള്‍ തന്നെ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ ആഘോഷങ്ങളും ആരംഭിച്ചിരുന്നു. എക്‌സിറ്റ് പോളുകള്‍ എല്ലാം തന്നെ പ്രവചിച്ചിരുന്നത് കോണ്‍ഗ്രസ് വിജയമായിരുന്നു. പത്തു വര്‍ഷത്തിനുശേഷം ഭരണത്തില്‍ തിരിച്ചുവരുമെന്ന് തന്നെ കോണ്‍ഗ്രസ് വിശ്വസിച്ചു. ആദ്യത്തെ രണ്ടു മണിക്കൂറില്‍ വന്ന ലീഡ് നിലയും പ്രവചനങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപി കളത്തിലേ ഇല്ലെന്ന അവസ്ഥയായിരുന്നു. പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്. നാടകീയമായ മാറിമറിയല്‍.

നിലവിലെ ലീഡ് നിലയനുസരിച്ച് 46 എന്ന മാന്ത്രിക സഖ്യ കടന്നിരിക്കുകയാണ് ബിജെപി. 48 സീറ്റുകളിലാണ് ഭരണകക്ഷി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് 35 സീറ്റുകളിലും. 90 സീറ്റുകളാണ് ആകെയുള്ളത്. ബിജെപി മൂന്നാം തവണയും ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രി നയീബ് സിംഗ് സെയ്‌നി ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുന്നത്. ഇപ്പോള്‍ പുറത്തു വരുന്ന വിവരമനുസരിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ നേതാവുമായ ഭൂപേന്ദര്‍ ഹൂഡ പിന്നിലാണ്.

ഏഴ് എക്‌സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിന് 55 സീറ്റുകളായിരുന്നു പറഞ്ഞിരുന്നത്. അതേസമയം ബിജെപിക്ക് പറഞ്ഞതാകട്ടെ ശരാശരി 26 സീറ്റുകള്‍. രണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ മാത്രമാണ് ബിജെപി 30 കടന്നത്. ഹരിയാനയില്‍ ഹാട്രിക് അടിക്കാമെന്ന ബിജെപിയുടെ മോഹം തകരുമെന്ന് തന്നെയായിരുന്നു പ്രവചനങ്ങള്‍ എല്ലാം അടിവരയിട്ടത്. പക്ഷേ, യഥാര്‍ത്ഥ ഫലങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കേ ഒരിക്കല്‍ കൂടി എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ വിശ്വാസ്യത രാജ്യത്ത് വലിയൊരു ചോദ്യമായി മാറുകയാണ്.

ലീഡ് നില മാറി മറിഞ്ഞതോടെ കോണ്‍ഗ്രസിന്റെ ആഘോഷങ്ങള്‍ തത്കാലത്തേക്ക് അവസാനിപ്പിച്ചിരിക്കുകയാണ്. രാവിലെ ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്തിന് പുറത്ത് പ്രവര്‍ത്തകര്‍ ഡോലക്കുകള്‍ കൊട്ടിയും നൃത്തച്ചുവടുകള്‍ വച്ചും വലിയ ആഘോഷത്തിലായിരുന്നു. എന്നാല്‍ പ്രതീക്ഷ കൈവിട്ടില്ലെന്നാണ് നേതാക്കളും പ്രവര്‍ത്തകരും ഒരുപോലെ പറയുന്നത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹരിയാനയില്‍ ഉണ്ടാകുമെന്നാണ് ഭൂപേന്ദര്‍ ഹൂഡ പറഞ്ഞത്.

2019 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി 40 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസിന് കിട്ടിയത് 31 സീറ്റുകളും. ജനനായക് ജനത പാര്‍ട്ടി(ജെജെപി) 10 സീറ്റുകള്‍ നേടി നിര്‍ണായക കക്ഷിയായി. ജെജെപിയുടെ പിന്തുണയോടെയാണ് ബിജെപി രണ്ടാം തവണ സര്‍ക്കാര്‍ രൂപീകരിച്ചത്. ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയ്ക്ക് ബിജെപി ഉപമുഖ്യമന്ത്രി സ്ഥാനവും നല്‍കി. എന്നാല്‍ മനോഹര്‍ ലാല്‍ ഖട്ടറിനെ മാറ്റി സെയ്‌നിയെ ബിജെപി മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് ജെജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് സഖ്യം അവസാനിപ്പിക്കുകയായിരുന്നു.  dramatic turnaround in haryana bjp leads to hattric win in haryana 

Content Summary; dramatic turnaround in haryana bjp leads to hattric win in haryana

Leave a Reply

Your email address will not be published. Required fields are marked *

×