UPDATES

വിദേശം

മ്യാന്മറില്‍ വീണ്ടും രോഹിങ്ക്യന്‍ കൂട്ടക്കൊല

ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് കുട്ടികളടക്കം 200 ലധികം മനുഷ്യര്‍

                       

മ്യാന്മറില്‍ കുട്ടികള്‍ ഉള്‍പ്പെടെ 200 ഓളം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ കൂട്ടക്കുരുതി നടത്തി. ടാങ്കുകളും ഡ്രോണുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. ജീവഭയം കൊണ്ട് മ്യാന്മാറില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവരെ ലക്ഷ്യം വച്ചായിരുന്നു ആക്രമണം. ആരാണിതിന് പിന്നിലെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

റാഖൈന്‍ സംസ്ഥാനത്തെ മൗങ്‌ഡോ നഗരത്തിലെ സംഘര്‍ഷങ്ങളില്‍ നിന്നും രക്ഷപെടാന്‍ നാഫ് നദി കടന്ന് ബംഗ്ലാദേശിലേക്ക് പോകാന്‍ ശ്രമിച്ചവരാണ് ചിന്നിച്ചിതറിയത്. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് രോഹിങ്ക്യകള്‍ കൂട്ടമരണത്തിന് വിധേയരായത്. ആക്രമണം നടന്ന പ്രദേശത്ത് ശരീരഭാഗങ്ങളും ബാഗുകളുമെല്ലാം ചിതറിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

മൗങ്ഗ് നി, മ്യോമ തൗങ്ഗ്, മ്യോമ കയിന്‍ ഡാന്‍ എന്നീ ഗ്രാമങ്ങളില്‍ നിന്നും അതിര്‍ത്ത് കടക്കാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്ന്, ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവരില്‍ ചിലര്‍ രോഹിങ്ക്യകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഫ്രീ രോഹിങ്ക്യ കൊലീഷന്‍ സഹ സ്ഥാപക നേ സാന്‍ ല്വിനിനോട് പറയുന്നുണ്ട്. വൈകുന്നേരം അഞ്ചു മണിയോടെയാണ് തങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ആരംഭിക്കുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ഏകദേശം 40 ഡ്രോണുകള്‍ രോഹിങ്ക്യകള്‍ക്കെതിരേ പ്രയോഗിച്ചിട്ടുണ്ടെന്നും ആക്രമണത്തില്‍ 200 പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മരണത്തെ അതിജീവിച്ചവര്‍ തന്നോട് പങ്കുവച്ച വിവരമെന്നാണ് നേ സാന്‍ ല്വിന്‍ ദ ഗാര്‍ഡിയനോട് പറഞ്ഞത്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അനാഥമായി കിടക്കുകയാണെന്നും, എല്ലാവരും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള പരക്കം പാച്ചിലിലായിരുന്നുവെന്നും ല്വിന്‍ പറയുന്നു. ചിലര്‍ക്കൊക്കെ രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്താന്‍ സാധിച്ചു.

മരണ സംഖ്യയില്‍ കൃത്യമായൊരു കണക്ക് ഇതുവരെ പുറത്തു വന്നിട്ടില്ല. ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറയുന്നത് 200 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ്. അതേസമയം അസോഷ്യേറ്റ് പ്രസ് നല്‍കുന്ന കണക്ക് 150 ആണ്.

റാഖൈന്‍ സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ഇപ്പോള്‍ കൈയടക്കി വച്ചിരിക്കുന്നത് അറക്കാന്‍ സൈന്യമാണ്. ഭരണകൂട പിന്തുണയുള്ള ജുണ്ടകളെ തുരത്തിയാണ് അറക്കാന്‍ ആര്‍മി റാഖൈന്‍ കൈക്കലാക്കിയിരിക്കുന്നത്. എന്നാല്‍ രോഹിങ്ക്യകള്‍ക്കെതിരേ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ആക്രമണത്തില്‍ സൈന്യവും വിഘടനവാദികളും പരസ്പരം പാഴിചാരുകയാണ്.

ചില മനുഷ്യാവകാശ സംഘടനകള്‍ ആക്രമണത്തിന്റെ ഉത്തരവാദികളായി വിരല്‍ ചൂണ്ടുന്നത് അറക്കാന്‍ സൈന്യത്തെയാണ്. എന്നാല്‍ അവരത് നിഷേധിക്കുകയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി അറക്കാന്‍ സൈന്യം രോഹിങ്ക്യകളെ ലക്ഷ്യം വയ്ക്കുന്നുണ്ട്. അവരെ കൂട്ടമായി കൊല്ലുകയും, ഗ്രാമങ്ങളില്‍ ചെന്ന് ക്രൂര പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും, യുവാക്കളെ നിര്‍ബന്ധപൂര്‍വം സൈന്യത്തില്‍ ചേര്‍ക്കുകയുമൊക്കെ നടന്നു വരികയാണെന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

മ്യാന്മര്‍ സൈന്യത്തിനെതിരേയും രോഹിങ്ക്യകള്‍ക്കെതിരായ ക്രൂരതയില്‍ ആരോപണമുണ്ട്. 2016, 2017 കാലങ്ങളില്‍ നടത്തിയ വംശഹത്യകളുടെ പേരില്‍ ഹേഗിലെ അന്താരാഷ്ട്ര കോടതിയില്‍ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. രോഹിങ്ക്യകള്‍ കാലങ്ങളായി മ്യാന്‍മാറില്‍ അടിച്ചമര്‍ത്തല്‍ നേരിട്ടു കൊണ്ടിരിക്കുകയാണ്, അവര്‍ക്ക് പൗരത്വം നല്‍കാന്‍ വിസമ്മതിക്കുകയും അവരുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയുമാണ്. കുട്ടികളെയടക്കം ക്രൂരമായ കൂട്ടക്കൊലകള്‍ക്കും വിധേയരാക്കി കൊണ്ടിരിക്കുന്നു.

അറക്കാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമത്തില്‍ നിന്നു വന്ന ഡ്രോണുകളാണ് തങ്ങളെ ആക്രമിച്ചതെന്നാണ് ബംഗ്ലാദേശില്‍ എത്തപ്പെട്ട ഒരു ദൃക്‌സാക്ഷി ദ ഗാര്‍ഡിയനോട് വെളിപ്പെടുത്തിയത്. ഇയാള്‍ ഒരു ബോട്ട് സംഘടിപ്പിച്ച ചൊവ്വാഴ്ച്ച പുലര്‍ച്ചെ നാല് മണിയോടെ തന്റെ കുടുംബവുമായി ബംഗ്ലാദേശില്‍ എത്തിച്ചേരുകയായിരുന്നു.

ഈ രാജ്യത്ത് ഇനിയും നിന്നാല്‍ ഞങ്ങളും കൊല്ലപ്പെടുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് ഒരു ബോട്ട് സംഘടിപ്പിച്ച് പിറ്റേദിവസം പുലര്‍ച്ചെ ഞങ്ങള്‍ നദി കടന്നത്. അവിടെ മുഴുവന്‍ മൃതദേഹങ്ങള്‍ ചിതറി തെറിച്ചു കിടക്കുകയാണ്. ഒരാളും പേടികൊണ്ട് അവിടെ മുറിവേറ്റ് കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ അങ്ങോട്ട് വരുമെന്ന് തോന്നുന്നില്ല’ ആ മനുഷ്യന്‍ ഗാര്‍ഡിയനോടു പറയുന്ന കാര്യങ്ങളാണ്.

ഇപ്പോഴും ആ പ്രദേശത്ത് മനുഷ്യര്‍ ജീവനോടെ ബാക്കിയുണ്ടെന്നാണ് പറയുന്നത്. എന്നാല്‍ പ്രാണന്‍ ശേഷിച്ചു കിടക്കുന്ന മനുഷ്യരെ രക്ഷപ്പെടുത്താന്‍ ആരും തയ്യാറാകുന്നില്ല. ‘ ഞങ്ങള്‍ അവിടെയെത്തുമ്പോഴും ഇതുപോലെ ജീവന്‍ പോകാത്ത മനുഷ്യരെ കണ്ടിരുന്നു. ഞാന്‍ മരിച്ചിട്ടില്ല, എന്നെ രക്ഷിക്കൂ എന്നൊരാള്‍ കരഞ്ഞപേക്ഷിക്കുന്നത് ഞാന്‍ കേട്ടിരുന്നു. പക്ഷേ, ആരും അയാളെ രക്ഷിക്കാന്‍ പോയില്ല, കാരണം. ഓരോരുത്തരും അവരവരുടെ ജീവന്‍ രക്ഷിക്കാന്‍വേണ്ടിയുള്ള പരക്കം പാച്ചിലിലായിരുന്നു’.

നദി കടക്കാന്‍ ആവശ്യത്തിന് ബോട്ട് കിട്ടാത്തതിന്റെ പ്രശ്‌നവുമുണ്ട്. ചെറിയ ബോട്ടുകളില്‍ പോലും ആളുകള്‍ കുത്തി നിറച്ച് കയറുകയാണ്. അതുപോലൊരു ചെറിയ ബോട്ട് ഭാരം താങ്ങാനാകാതെ മുങ്ങി അഞ്ചു കുട്ടികള്‍ മുങ്ങി മരിച്ചതിന്റെ കഥകളും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സ്വന്തം രാജ്യത്ത്, സ്വന്തം നാട്ടില്‍, ഒരു സാധാരണ ജീവിതം നയിക്കാന്‍ മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്, അതിനു പോലും അവസരം കിട്ടുന്നില്ലെന്നാണ് രോഹിങ്ക്യകള്‍ കണ്ണീരോടെ പറയുന്നത്.

തീവ്രവാദികളുടെ കുടുംബാംഗങ്ങള്‍ ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ജുണ്ടകള്‍ അവര്‍ക്കെതിരേ ബോംബാക്രമണം നടത്തിയെന്നാണ് തങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായതെന്ന് അറകാന്‍ സൈനിക വക്താവ് റോയിട്ടേഴ്‌സിനോട് പറയുന്നു. അനുവാദമില്ലാതെ പോകാന്‍ ശ്രമിച്ചതിനാണ് ആക്രമിച്ചത്. മുസ്ലിങ്ങള്‍ രോഹിങ്ക്യന്‍ സായുധ സംഘത്തോടൊപ്പം ചേര്‍ന്ന് ഞങ്ങള്‍ക്കെതിരേ ആക്രമണം നടത്തുന്നുണ്ടെന്ന ആരോപണവും വക്താവ് ഉയര്‍ത്തിയിട്ടുണ്ട്.  Drone attack children among up to 200 rohingya killed in myanmar

Content Summary; Drone attack children among up to 200 rohingya killed in myanmar

Share on

മറ്റുവാര്‍ത്തകള്‍