അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ 800 ലധികം ആളുകള്‍ മരിക്കുകയും 2,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6 തീവ്രത രേഖപ്പെടുത്തിയ ഈ ഭൂകമ്പം തെക്കന്‍ അഫ്ഗാനിസ്ഥാനിലാണ് നാശം വിതച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമുള്ള കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ കനത്ത നാശനഷ്ടമുണ്ടായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരവധി ഗ്രാമങ്ങളും കെട്ടിടങ്ങളും പൂര്‍ണമായി തകര്‍ന്നു.
വിനാശകരമായ ഭൂകമ്പത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞായറാഴ്ച രാത്രി 11.47-നായി ശക്തമായ ഭൂചലനം ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം 8 കിലോമീറ്റര്‍ ആഴത്തിലായിരുന്നു. ആഴം കുറഞ്ഞ ഭൂകമ്പങ്ങള്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂകമ്പത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിന് ആളുകളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച മോദി, പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ചു. ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ മാനുഷിക സഹായവും ദുരിതാശ്വാസവും നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു. ‘ഈ ദുരിതസമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ദുരിതത്തിലായ കുടുംബങ്ങള്‍ക്കൊപ്പമാണ്,’ പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
മരണസംഖ്യ ഉയരാന്‍ സാധ്യത
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തില്‍ മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും ഇനിയും വര്‍ധിച്ചേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിരവധി ഗ്രാമങ്ങള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കുനാര്‍, നംഗര്‍ഹാര്‍, കാബൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മെഡിക്കല്‍ സംഘങ്ങള്‍ ദുരന്തമേഖലയില്‍ എത്തിയിട്ടുണ്ട്.
‘മരണപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കണക്കുകള്‍ മാറിക്കൊണ്ടിരിക്കുകയാണ്. പല പ്രദേശങ്ങളിലും ആളപായം ഇതുവരെയും കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞിട്ടില്ല,’ പൊതുജനാരോഗ്യ മന്ത്രാലയ വക്താവ് ഷറഫത് സമാന്‍ പറഞ്ഞു. ജലാലാബാദിനടുത്തുള്ള കുനാര്‍ പ്രവിശ്യയിലെ പല പട്ടണങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.
ദുരന്തം വിവരിച്ച് അതിജീവിതര്‍
ഭൂകമ്പം ഏറ്റവും കൂടുതല്‍ നാശം വിതച്ച നുര്‍ഗല്‍ ജില്ലയിലെ ഒരു ഗ്രാമം പൂര്‍ണ്ണമായും നശിച്ചതായി എപി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘കുട്ടികളും പ്രായമായവരും യുവാക്കളും എല്ലാം അവശിഷ്ടങ്ങള്‍ക്കടിയിലാണ്’ ഗ്രാമവാസി എപി ന്യൂസിനോട് വ്യക്തമാക്കി. ‘ഞങ്ങള്‍ക്ക് സഹായം ആവശ്യമാണ്. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാന്‍ ആളുകള്‍ എത്തണം. ഇവിടെ ആരും മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ പോലുമില്ല,’ അദ്ദേഹം പറയുന്നു.
ദുരത്തില്‍ അതിജീവിച്ച മറ്റൊരാള്‍ തനിക്ക് നേരിട്ട ഭീകരാനുഭവം പങ്കുവെച്ചു. വലിയൊരു ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും, ഉടന്‍തന്നെ മക്കളെ രക്ഷിക്കാന്‍ ഓടിയെന്നും അദ്ദേഹം പറഞ്ഞു. തിരികെ കുടുംബാംഗങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ വീടിന്റെ മുറി തന്റെ മുകളിലേക്ക് വീണു. ‘ഞാന്‍ പകുതിയോളം മണ്ണിനടിയിലായി, പുറത്തുവരാന്‍ കഴിഞ്ഞില്ല. എന്റെ ഭാര്യയും രണ്ട് മക്കളും മരിച്ചു. എനിക്ക് പരിക്കേറ്റ് ആശുപത്രിയിലാണ്, എന്റെ അച്ഛനും എന്നോടൊപ്പം ആശുപത്രിയിലുണ്ട്. മൂന്നോ നാലോ മണിക്കൂര്‍ ഞങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടന്നു, പിന്നീട് മറ്റ് സ്ഥലങ്ങളില്‍നിന്ന് ആളുകളെത്തിയാണ് ഞങ്ങളെ പുറത്തെടുത്തത്,’ അദ്ദേഹം പറഞ്ഞു. ഭൂകമ്പസമയത്ത് ആ മല മുഴുവന്‍ കുലുങ്ങുന്നതുപോലെ തനിക്ക് അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. Earthquake in Afghanistan; over 800 dead, 2,500 injured
Content Summary: Earthquake in Afghanistan; over 800 dead, 2,500 injured
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.