കള്ളപ്പണം വെളുപ്പിക്കൽ കേസ്; പ്രിയങ്ക ​ഗാന്ധിയുടെ ഭർത്താവിനെതിരെ ഇഡി കുറ്റപത്രം

കേസിൽ വാദ്രയെ പ്രതിയാക്കുന്നത് ഇതാദ്യമായാണ്

യുകെ ആസ്ഥാനമായുള്ള പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവും വ്യവസായിയുമായ റോബർട്ട് വാദ്രയ്‌ക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പുതിയ കുറ്റപത്രം സമർപ്പിച്ചു.

കേസിൽ വാദ്രയെ പ്രതിയാക്കുന്നത് ഇതാദ്യമായാണ്. ജൂലൈയിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) വാദ്രയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിലാണ് പ്രോസിക്യൂഷൻ പരാതി ഫയൽ ചെയ്തത്. കഴിഞ്ഞ മാസം രണ്ടുതവണ ഈ കേസിൽ ചോദ്യം ചെയ്യലിനായി വാദ്രയെ ഇഡി വിളിപ്പിച്ചിരുന്നു. എന്നാൽ ആദ്യ സമൻസ് സമയത്ത് സുഖമില്ലെന്നും പിന്നീട് പ്രാദേശിക കോടതിയിൽ നിന്ന് അനുമതി നേടിയ ശേഷം വിദേശത്തേക്ക് പോയതിനാലും ചോദ്യം ചെയ്യലിനായി ഹാജരായില്ലായിരുന്നു.

സഞ്ജയ് ഭണ്ഡാരിക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ വാദ്രയെ പ്രതി ചേർത്ത് ഇ.ഡി. സമർപ്പിച്ച ഈ സപ്ലിമെന്ററി പ്രോസിക്യൂഷൻ പരാതി കേസിന്റെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവാകുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരമുള്ള അന്വേഷണത്തിലാണ് വാദ്രയെ പ്രതിചേർക്കാൻ കാരണമായ തെളിവുകൾ ഇഡി കണ്ടെത്തിയത്

ലണ്ടനിലെ ബ്രയാൻസ്റ്റൺ സ്ക്വയറിലുള്ള ഒരു ആഡംബര വസ്തുവിന്റെ യഥാർത്ഥ ഉടമ റോബർട്ട് വാദ്രയാണെന്നാണ് ഇ.ഡി.യുടെ പ്രധാന ആരോപണം. ഈ വസ്തു സഞ്ജയ് ഭണ്ഡാരിയാണ് വാങ്ങിയതെങ്കിലും, വാദ്രയുടെ നിർദ്ദേശപ്രകാരമാണ് ഇത് മോടിപിടിപ്പിച്ചതെന്നും, ഇതിനായുള്ള പണം നൽകിയത് വാദ്രയാണെന്നും ഏജൻസി ആരോപിക്കുന്നു. ഭണ്ഡാരി, സി.സി. തമ്പി എന്നിവരുൾപ്പെടെയുള്ളവരുടെ ബിനാമി പേരുകളിൽ വസ്തുവിന്റെ ഉടമസ്ഥാവകാശം മാറിയെങ്കിലും, ഈ കാലയളവിലുടനീളം വാദ്രയാണ് വസ്തു വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നതെന്നും ഇ.ഡി. പറയുന്നു.

ഈ കേസിൽ മൊഴി രേഖപ്പെടുത്തുന്നതിനായി ഇ.ഡി. നേരത്തെ പലതവണ വാദ്രയെ ചോദ്യം ചെയ്തിരുന്നു. ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വാദ്രക്കെതിരെ ഇ.ഡി. ഫയൽ ചെയ്യുന്ന രണ്ടാമത്തെ കള്ളപ്പണക്കേസാണിത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും, തനിക്ക് ലണ്ടനിലോ വിദേശത്തോ മറ്റ് സ്വത്തുക്കളോ വസ്തുക്കളോ ഒന്നും തന്നെയില്ലെന്ന് റോബർട്ട് വാദ്ര മുൻപ് പ്രതികരിച്ചിരുന്നു.

ഇന്ത്യൻ പ്രതിരോധ ഇടപാടുകളുമായി ബന്ധമുള്ള സഞ്ജയ് ഭണ്ഡാരി, 2016ൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെ രാജ്യത്തുനിന്ന് കടന്ന് ലണ്ടനിലാണ് നിലവിലുള്ളത്. ഇയാളെ ഡൽഹി കോടതി നേരത്തെ ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫൻഡർ ആയി പ്രഖ്യാപിച്ചിരുന്നു. ഇയാളെ ഇന്ത്യയിലേക്ക് കൈമാറാനുള്ള നടപടികൾ നിലവിൽ യുകെ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ കേസിന്റെ അടുത്ത വാദം ഡിസംബർ 6ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വാദ്രയ്ക്കെതിരെ മൂന്ന് വ്യത്യസ്ത കള്ളപ്പണം വെളുപ്പിക്കൽ കേസുകളാണ് ഇഡിയുടെ അന്വേഷണ പരിധിയിലുള്ളത്.അതിൽ രണ്ടെണ്ണം ഹരിയാനയിലും രാജസ്ഥാനിലും നടന്ന ഭൂമി ഇടപാടുകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ്. 2008 ലെ ഹരിയാന ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ഏപ്രിലിൽ തുടർച്ചയായി മൂന്ന് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഭൂമി ഇടപാടിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് മറ്റൊരു കേസ്.

2023-ലെ കുറ്റപത്രത്തിലെ ഇഡി കണ്ടെത്തലുകളുമായി ബന്ധപ്പെട്ടതാണ് നിലവിലെ കേസ്. സഞ്ജയ് ഭണ്ഡാരി 2009-ൽ ലണ്ടനിലെ 12, ബ്രയാൻസ്റ്റൺ സ്ക്വയറിൽ ഒരു വസ്തു സ്വന്തമാക്കിയെന്നും വദ്രയുടെ നിർദ്ദേശപ്രകാരം അത് പുതുക്കിപ്പണിതെന്നും പുനരുദ്ധാരണത്തിനുള്ള ഫണ്ട് റോബർട്ട് വാദ്ര നൽകിയെന്നും ആ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ലണ്ടനിലെ സ്വത്തിന്റെ നേരിട്ടോ അല്ലാതെയോ ഉടമസ്ഥാവകാശം വാദ്ര നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

content summary: ED has charged Robert Vadra, Priyanka Gandhi’s spouse, in connection with a UK-based money-laundering case

This post was last modified on November 21, 2025 10:12 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment