എൽ നിനോ! മൺസൂൺ മഴ കുറയുമോ?

മൺസൂൺ മഴയെക്കുറിച്ചും എൽ നിനോ യെക്കുറിച്ചുമുള്ള പുതിയ വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് കാലാവസ്ഥാ വിദഗ്ദ്ധനായ രാജീവൻ എരിക്കുളം.

വേനൽക്കാലങ്ങളിലെ പൊള്ളുന്ന വെയിലും ഉരുകുന്ന ചൂടും സഹിക്കുമ്പോൾ ഓരോ മലയാളിയുടെയും മനസ്സിൽ ഒരു പ്രതീക്ഷയുണ്ട്. അത് കാലം തെറ്റാതെയുള്ള മൺസൂൺ മഴയുടെ വരവാണ്.  കൃത്യമായ തോതിലുള്ള മൺസൂൺ മഴ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെയൊക്കെ ജീവിതം മുന്നോട്ട് പോകുന്നത്. ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. കൃഷിക്കും വൈദ്യുതോത്പാദനത്തിനുമൊക്കെ നമ്മൾ മൺസൂൺ മഴയെയാണ് കൂടുതലായും ആശ്രയിക്കുന്നത്.

“ഇപ്രാവശ്യം മൺസൂൺ മഴ കുറയുമോ?” “കുറയുമെങ്കിൽ എത്രത്തോളം കുറവുണ്ടാകും?” ജൂൺ  മാസം വന്നെത്തിയതോടെ നമ്മളെല്ലാവരുടെയും മനസ്സിൽ ഉള്ള ചോദ്യങ്ങളായിരിക്കും ഇവ. എൽ-നിനോ പ്രതിഭാസം ഈ വർഷം മൺസൂണിനെ ബാധിക്കുമെന്ന് മുൻപേ തന്നെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് തന്നതാണ്. ഈ സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള പുതിയ വിവരങ്ങൾ പങ്കുവെയ്ക്കുകയാണ് കാലാവസ്ഥാ വിദഗ്ദ്ധനായ രാജീവൻ എരിക്കുളം.

ഇനി മൺസൂൺ കാലമാണ്. ഇത്തവണ കാലവർഷം കുറയും എന്നാണ് മുൻപേയുള്ള അറിയിപ്പ്. എന്തൊക്കെയാണ് കാലാവസ്ഥാ വകുപ്പിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ?

ജൂൺ മുതൽ സെപ്റ്റംബർ വരെയാണ് നമുക്ക് മൺസൂൺ മഴ കിട്ടുന്നത്. ആ സീസണിൽ സാധാരണ പെയ്യേണ്ട മഴയേക്കാളും കുറവായിരിക്കും ഇത്തവണ ലഭിക്കുക. കേരളത്തിന്റെ കാര്യത്തിൽ പ്രത്യേകം അറിയിപ്പുകൾ വന്നിട്ടില്ല. പൊതുവേ ഇന്ത്യയിൽ മഴ കുറവായിരിക്കും. മൺസൂണിന്റെ ദീർഘകാല ശരാശരിയുടെ 94% മഴയായിരിക്കും കേരളവും തമിഴ്നാടുമൊക്കെ അടങ്ങുന്ന തെക്കേ ഇന്ത്യയിൽ ലഭിക്കുക. അതായത്, മഴ 6% വരെ കുറയാം. അങ്ങനെ നോക്കുമ്പോൾ കേരളത്തിലും സാധാരണ കിട്ടുന്ന മഴയേക്കാൾ ഇത്തവണ കുറവുണ്ടാകും. നാല് മാസത്തേക്കുള്ള പ്രവചനമാണിത്. കേരളത്തിൽ ജൂണിൽ കിട്ടേണ്ട മഴയിലും കുറവുണ്ടാകും. എന്നാൽ, തീരെ മഴ ഉണ്ടാകില്ല എന്നല്ല അർത്ഥം. നമുക്ക് മൺസൂണിൽ കിട്ടുന്ന ശരാശരി മഴയായ  2018 മില്ലിമീറ്ററിനെക്കാളും കുറവായിരിക്കും ഇത്തവണ എന്നാണ് ഉദ്ദേശിക്കുന്നത്.  മൺസൂൺ ലഭ്യതയിൽ ഇത്തവണത്തെ ഏറ്റവും വലിയ ഭീഷണി എന്ന് പറയുന്നത് എൽ-നിനോ പ്രതിഭാസം ആണ്. ഇതാണ് മഴ കുറയാനുള്ള പ്രധാന കാരണം. നമ്മൾ മുൻപ് പ്രതീക്ഷിച്ചിരുന്നത് എൽ-നിനോ പ്രഭാവം മൺസൂൺ കാലത്തിന്റെ പകുതിയാവുമ്പോൾ മാത്രമായിരിക്കും മഴയെ ബാധിക്കുന്ന തരത്തിൽ വികസിക്കുക എന്നതാണ്. അതുകൂടാതെ, ഏപ്രിൽ മാസത്തിൽ നമ്മൾ പ്രതീക്ഷിച്ചിരുന്നത് എൽ-നിനോ ഉണ്ടാകുമെങ്കിലും അതോടൊപ്പം പോസിറ്റീവ്  ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ(ഐ.ഒ.ഡി) എന്ന പ്രതിഭാസം കൂടിയുണ്ടാകും എന്നാണ്. എൽ-നിനോ, മഴ കുറയാൻ കാരണമാകുമെങ്കിൽ ഇന്ത്യൻ മഹാ സമുദ്രത്തിൽ രൂപപ്പെടുന്ന പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡൈപ്പോൾ എന്ന പ്രതിഭാസം മഴ കൂടാൻ ആണ് സഹായിക്കുന്നത്. ഇവ രണ്ടും ഉണ്ടാകുമ്പോൾ സന്തുലിതമായ തോതിൽ മഴ ലഭിക്കുമെന്നാണ് നമ്മൾ കരുതിയിരുന്നത്. ഐ.ഒ.ഡി പോസിറ്റീവ് ഫേസിൽ ആകുമ്പോൾ കേരളത്തിൽ പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ മഴ കൂടുകയാണ് ചെയ്യുക. കഴിഞ്ഞ ദിവസം വന്ന വിവരങ്ങൾ അനുസരിച്ച് ഐ.ഒ.ഡി പോസിറ്റീവ് ഫേസിലേക്ക് പോകാനുള്ള സാധ്യത കുറവാണ്. നിലവിൽ ഐ.ഒ.ഡി ന്യൂട്രൽ അവസ്ഥയിൽ ആണ്. ഇനി കാലവർഷസമയത്തും ഐ.ഒ.ഡി ന്യൂട്രൽ അവസ്ഥയിൽ തന്നെ തുടർന്നുപോകാനുള്ള സാധ്യതയാണ് കാലാവസ്ഥാകേന്ദ്രങ്ങൾ കാണുന്നത്. അപ്പോൾ എൽ-നിനോ കാരണമുള്ള മഴക്കുറവിനെ,  പോസിറ്റീവ് ഫേസിലുള്ള ഐ.ഒ.ഡി നികത്തുമെന്ന പ്രതീക്ഷക്ക് ഇനി വകയില്ല.

എൽ നിനോ പ്രതിഭാസത്തിന്റെ ചിത്രീകരണം (credit: Veeteezy)

ഐ.ഒ.ഡി എന്ന് പറഞ്ഞാൽ എന്താണ്?

ഇന്ത്യൻ മഹാസമുദ്രത്തിൽ അറബിക്കടലും ബംഗാൾ ഉൾക്കടലുമായി രണ്ട് സമുദ്രപ്രദേശങ്ങളുണ്ട്. ഈ രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള താപനിലയിലുള്ള വ്യത്യാസത്തെയാണ് ആണ് ഐ.ഒ.ഡി എന്ന് അറിയപ്പെടുന്നത്. ഐ.ഒ.ഡി എന്നത് ഇന്ത്യൻ ഓഷ്യൻ ഡൈപ്പോളിന്റെ ചുരുക്കപ്പേരാണ്. ഡൈപ്പോളെന്നാൽ രണ്ട് ധ്രുവങ്ങൾ എന്നാണർത്ഥം. അറബിക്കടലിലെ ഒരു പ്രത്യേക ഏരിയയിൽ ഉള്ള സമുദ്രോപരിതലതാപനില ബംഗാൾ ഉൾക്കടലിനെ അപേക്ഷിച്ച് ഒരളവിൽ കൂടുതലാണെങ്കിൽ അതിനെ പോസിറ്റീവ് ഫേസ് ഐ.ഒ.ഡി എന്നാണ് പറയുക. നേരെ തിരിച്ചാണെങ്കിൽ അതിനെ നെഗറ്റീവ് ഫേസ് ഐ.ഒ.ഡി എന്നും പറയും. ഇനി രണ്ടും തമ്മിൽ 0.4 വരെമാത്രമുള്ള വ്യത്യാസം ആണെങ്കിൽ അതിനെ നൂട്രൽ ഫേസ് എന്നാണ് പറയുന്നത്. അറബിക്കടലിൽ താപനില കൂടുകയാണെങ്കിൽ സ്വാഭാവികമായും അവിടത്തെ സമുദ്രജലത്തിന്റെ ബാഷ്പീകരണം കൂടുകയും മേഘങ്ങൾ രൂപപ്പെടുകയും ചെയ്യും. പടിഞ്ഞാറൻ കാറ്റ് കേരളതീരത്തേക്ക് വീശുമ്പോഴാണല്ലോ നമുക്ക് കാലവർഷം കിട്ടുന്നത്. ഈ പടിഞ്ഞാറൻ കാറ്റ്  നിലവിലുണ്ടായിരുന്ന മേഘങ്ങളുടെ കൂടെ പോസിറ്റീവ് ഐ.ഒ.ഡി കാരണം അറബിക്കടലിന് മുകളിൽ രൂപപ്പെട്ട മേഘങ്ങളെയും വഹിച്ച് കേരള തീരത്തേക്ക് വരും. ഇത് കേരളത്തിൽ പ്രത്യേകിച്ചും തെക്കൻ കേരളത്തിൽ മൺസൂൺ മഴ കൂടാൻ കാരണമാകും. 

ഇന്ത്യൻ ഓഷ്യൻ ഡൈപ്പോളിന്റെ ചിത്രീകരണം (credit: NOAA Climate)

എന്താണ് “സ്പ്രിങ് ബാരിയർ”? ഇത് കാലാവസ്ഥാ പ്രവചനത്തിൽ പരിമിതികൾ ഉണ്ടാക്കുന്നുണ്ടോ?

മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സമുദ്രോപരിതലത്തിലെ താപനിലയിലും മറ്റുമുള്ള മാറ്റങ്ങൾ പ്രവചിക്കുന്നതിൽ ചില പരിമിതികൾ ഉണ്ട്. ഇത് കേരളത്തിനോടടുത്ത കടലിൽ മാത്രമല്ല, ലോകമെമ്പാടുമുള്ള സമുദ്രങ്ങളിൽ കാലാവസ്ഥാ നിരീക്ഷകർ നേരിടുന്ന പ്രശ്നമാണ്. ആ മാസങ്ങളിലെ പ്രവചനങ്ങളിൽ ചെറിയ കൃത്യതയില്ലായ്മ അല്ലെങ്കിൽ എറർ വരും. അതിനെയാണ് “സ്പ്രിങ് ബാരിയർ” എന്ന് പറയുന്നത്. മെയ് ഒക്കെയാകുമ്പോൾ പ്രവചനങ്ങളിൽ കൂടുതൽ കൃത്യത വരും. 

ശുദ്ധജല ലഭ്യതയെയും കാർഷികോത്പാദനത്തെയും ഒക്കെ മോശമായി ബാധിക്കുന്ന തരത്തിൽ മൺസൂൺ മഴയിൽ കുറവ് ഉണ്ടാകുമോ?

ഉണ്ടാകും. കൃഷി, ഊർജോത്പാദനം തുടങ്ങി എല്ലാ മേഖലകളെയും ബാധിക്കാമത്. മഴ ലഭ്യതയ്ക്കനുസരിച്ച് മൺസൂൺ കാലത്തെ ആക്റ്റീവ് ഫേസുകളും ബ്രേക്ക് ഫേസുകളും ആയി തിരിച്ചിട്ടുണ്ട്. അതായത്, തുടർച്ചയായി മഴ പെയ്തുകൊണ്ടിരിക്കുന്ന ദിവസങ്ങളെയാണ് ആക്റ്റീവ് ഫേസ് എന്ന് പറയുന്നത്. മഴ ഇല്ലാത്ത ഇടവേളകളെ ബ്രേക്ക് ഫേസ് എന്നും പറയും. എൽ-നിനോ ഉണ്ടാകുന്ന സമയങ്ങളിൽ മിക്കവാറും ബ്രേക്ക് ഫേസിന്റെ ദൈർഘ്യം കൂടും. അതായത്, മഴ കിട്ടാത്ത ദിവസങ്ങളുടെ എണ്ണം കൂടും. എന്നാൽ,  അതിന്റെ ഇടയിൽ ന്യൂനമർദ്ദങ്ങളോ മറ്റോ ഉണ്ടെങ്കിൽ മഴ കൂടാം. ചിലപ്പോൾ അങ്ങനെ പെയ്യുന്ന മഴയിൽ വെള്ളപ്പൊക്കം പോലുള്ള പ്രശ്നങ്ങളും ഉണ്ടാകാം. ഈ അടുത്ത് തിരുവനന്തപുരത്ത് ഉണ്ടായപോലെ. എൽ-നിനോ കാരണം മഴ കുറയുന്നതിന്റെ അർത്ഥം മഴ തീരെ ഉണ്ടാവില്ല എന്നതല്ല. മഴയില്ലാത്ത ദിവസങ്ങളുടെ എണ്ണം കൂടാം എന്നതാണ്. അപ്പോൾ, മഴ കാരണം ഉള്ള വെള്ളപ്പൊക്കവും, അതേസമയം മഴ കുറയുന്നത് കൊണ്ടുള്ള പ്രശ്നങ്ങളും നമ്മൾ പ്രതീക്ഷിക്കണം. ഇടക്ക് മഴയുണ്ടാകുമെങ്കിലും അതിനിടയിലെ നീണ്ട ഇടവേളകൾ തീർച്ചയായും മൺസൂണുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളെയും ബാധിക്കും. നമ്മുടെ എല്ലാ കാര്യങ്ങളും മൺസൂണിനെ ആശ്രയിച്ചാണല്ലോ.

എൽ-നിനോ കാരണം കാലവർഷത്തിലുണ്ടാകുന്ന കുറവ് അടുത്ത വേനൽക്കാലത്തിന്റെ തീവ്രതയും ജലക്ഷാമം പോലുള്ള പ്രശ്നങ്ങളും കൂടാൻ എത്രത്തോളം കാരണമാകും?

കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ജൂണിൽ തന്നെ ശക്തി കുറഞ്ഞതാണെങ്കിലും ഒരു എൽ-നിനോ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാവുമ്പോഴേക്കും അതിന്റെ തീവ്രത കൂടിക്കൊണ്ട് വരും. തുടക്കത്തിൽ ദുർബലമായതും പിന്നെ കുറച്ച് ശക്തിയേറിയതും അതിന് ശേഷം തീവ്രമായതുമായി എൽ-നിനോ പ്രഭാവം വികസിക്കും. ഈ വർഷം അവസാനം വരെയും അതല്ലെങ്കിൽ അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങൾ വരെയോ എൽ-നിനോ നിലനിൽക്കാൻ സാധ്യത കാണുന്നുണ്ട്. ഇത്തരത്തിൽ എൽ-നിനോ പ്രഭാവം തുടർന്നാൽ വേനൽക്കാലം കഠിനമാകും. 2024-ൽ ഹീറ്റ് വേവ് വന്നത് എൽ-നിനോ ഉണ്ടായിരുന്ന സമയത്താണ്. പക്ഷേ, അതൊരു ദുർബലമായ എൽ-നിനോ ആയിരുന്നു. ഈ വർഷം കുറച്ചുകൂടി ശക്തമായ എൽ-നിനോ ആണ് വരാൻ പോകുന്നത്. അങ്ങനെ നോക്കുമ്പോൾ അടുത്ത വേനൽക്കാലം കടുത്തതായിരിക്കും. നമ്മൾ തീർച്ചയായും മുൻകരുതലുകളും നടപടികളും എടുക്കേണ്ടതായിട്ടുണ്ട്. ഈ മഴക്കാലത്ത്, മഴവെള്ള സംഭരണികൾ ഉണ്ടാക്കി ശുദ്ധജലം ശേഖരിച്ച് വെക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ ആവശ്യമാണ്.

Content Summar: This year’s monsoon may bring below-normal rainfall due to El Niño and neutral IOD conditions, affecting water availability, agriculture, and power generation. Longer dry spells could also lead to a harsher summer next year.

This post was last modified on June 1, 2026 6:23 am

വിനയൻ രാഘവൻ:
Related Post
Leave a Comment