തിരഞ്ഞെടുപ്പ് ചട്ട ഭേദ​ഗതി; കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ എതിർപ്പിനെ മറികടന്ന്, തിരഞ്ഞെടുപ്പ് കമ്മീഷന്റ തിടുക്കം ആർക്കുവേണ്ടി?

1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ 93ാം റൂളിൽ ഭേദ​ഗതി ആവശ്യപ്പെട്ട് 2024 ഡിസംബർ 17 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു

കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ എതിർപ്പ് അവ​ഗണിച്ച് ദ്രുത​ഗതിയിലാണ് തിരഞ്ഞെടുപ്പ് ചട്ട ഭേദ​ഗതി പ്രഖ്യാപനം നടന്നതെന്ന് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രാഥമിക കരട് രേഖയിൽ നിയമ മന്ത്രാലയത്തിലെ ഉദ്യോ​ഗസ്ഥർ എതിർപ്പ് പ്രകടിപ്പിച്ചിട്ടും തിരഞ്ഞെടുപ്പ് ചട്ട ഭേദ​ഗതി നടപടികൾ വേ​ഗത്തിൽ നടത്തിയെന്ന വിവരങ്ങൾ നൽകുന്ന രേഖകൾ ലഭിച്ചതായി സ്ക്രോൾ റിപ്പോർട്ട് ചെയ്തു.

1961 ലെ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ 93ാം റൂളിൽ ഭേദ​ഗതി ആവശ്യപ്പെട്ട് 2024 ഡിസംബർ 17 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര നിയമ മന്ത്രാലയത്തിന് കത്തയച്ചിരുന്നു. ഡിസംബർ 19നാണ് നിയമ മന്ത്രാലയത്തിന് കത്ത് ലഭിക്കുന്നത്.

അടുത്ത ദിവസം തന്നെ നിയമ മന്ത്രാലയത്തിലെയും തിരഞ്ഞെടുപ്പ് കമ്മീഷനിലെയും ഉദ്യോഗസ്ഥർ യോഗം ചേരുകയും നിർദ്ദിഷ്ട ഭേദഗതിയെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് കരട് രേഖയിൽ ഭേദഗതികൾ വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചയക്കുകയായിരുന്നു. അതേ ദിവസം തന്നെ പുതുക്കിയ കരട് രേഖ അം​ഗീകരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഡിസംബർ 20 ന് രാത്രി 10:23 ന് ഭേദഗതി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ഒരു കേസിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷ​ന്‍റെ ഈ നീക്കം. ഭേദ​ഗതി നടപടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ആരംഭിക്കുന്നതിന് ഒരാഴ്ച മുൻപ് ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആവശ്യമായ രേഖകളുടെ പകർപ്പ് അഭിഭാഷകനായ മെഹ്മൂദ് പ്രാചക്ക് നൽകണമെന്ന് പഞ്ചാബ് – ഹരിയാന ഹൈക്കോടതി തിരഞ്ഞെടുപ്പ് പാനലിനോട് നിർദേശിച്ചിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട വിഡിയോഗ്രാഫി, സി.സി.ടി.വി കാമറ ദൃശ്യങ്ങൾ, ഫോറം 17സി, 1, 2 ഭാഗങ്ങൾ എന്നിവയുടെ പകർപ്പുകൾ ആവശ്യപ്പെട്ടാണ് അദ്ദേഹം ഹർജി നൽകിയത്. തുടർന്നാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങളുടെ പൊതുപരിശോധനക്ക് അവസരം നിഷേധിക്കുന്ന ഭേദ​ഗതി ഇലക്ഷൻ കമ്മീഷൻ കൊണ്ടുവന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പൊതുസമൂഹം പരിശോധിക്കുന്നത് ദുരുപയോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന പേരിലാണ് തിരഞ്ഞെടുപ്പ് ചട്ടം 93(2)എ ഭേദഗതി ചെയ്ത് പൊതുജനത്തിന് പരിശോധിക്കാനുള്ള അവകാശം പേപ്പര്‍ രേഖകളില്‍ മാത്രം പരിമിതപ്പെടുത്തിയത്. ഭേദഗതിയനുസരിച്ച് നോമിനേഷന്‍ ഫോമുകള്‍, തിരഞ്ഞെടുപ്പ് ഏജന്റ് അപ്പോയിന്‍മെന്റ്, ഫലങ്ങള്‍, സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പേപ്പറുകള്‍ എന്നിവയില്‍ മാത്രമേ പൊതുപരിശോധനക്ക് അനുമതി നല്‍കുകയുള്ളൂ. സി സി ടി വി ക്യാമറാ ദൃശ്യങ്ങള്‍, വെബ്കാസ്റ്റിംഗ്, മാതൃകാ പെരുമാറ്റച്ചട്ട കാലയളവിലെ കാന്‍ഡിഡേറ്റ് വീഡിയോ തുടങ്ങി ഇലക്ട്രോണിക് രേഖകളൊന്നും പൊതുജനത്തിനോ സ്ഥാനാര്‍ഥിക്കോ പരിശോധനക്ക് നല്‍കില്ല. ഭേദഗതിക്കു മുമ്പുള്ള ചട്ടമനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനത്തിന് പരിശോധിക്കാമായിരുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കരടിലെ നിർദേശങ്ങളോട് നിയമ ഉദ്യോഗസ്ഥർക്ക് എതിർപ്പ് ഉണ്ടായിരുന്നിട്ടും ഭേദഗതി അംഗീകരിക്കപ്പെടുകയും രണ്ട് ദിവസത്തിനുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുമായിരുന്നു. കേന്ദ്ര നിയമ മന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തോട് എതിർപ്പുണ്ടായിരുന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും നിയമ മന്ത്രാലയവും തമ്മിലുള്ള കത്തിടപാടുകളും തങ്ങൾക്ക് ലഭിച്ച ഡോക്യുമെന്റുകളും സൂചിപ്പിക്കുന്നുവെന്ന് സ്ക്രോളിന്റെ റിപ്പോർട്ടിൽ പറയുന്നത്. കമ്മീഷൻ ഉപയോ​ഗിച്ചിരിക്കുന്ന ചില വാക്കുകളിൽ വ്യക്തതകുറവുണ്ടെന്നും ഇത് തിരഞ്ഞെടുപ്പ് നിയമത്തിന്റെ സുതാര്യതയെ ബാധിക്കുമെന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

Content Summary: election conduct rule amendment; For whose benefit is the Election Commission rushing?

This post was last modified on June 12, 2025 2:49 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment