December 13, 2024 |

ഇലോൺ മസ്‌കും ഡൊണാൾഡ് ട്രമ്പും അമേരിക്കൻ തിരഞ്ഞെടുപ്പും

തന്റെ ധനശേഷികൊണ്ട് പൊതു ചർച്ചയിൽ ലഭിക്കുന്ന സ്വാധീനം മാത്രമല്ല, ഒട്ടേറെ മാധ്യമ കമ്പിനികളുടെ ഉടമസ്ഥതയും ഇലോൺ മസ്‌കിന് വലിയ ഗുണമായി മാറുന്നുണ്ട്.

നാളെ നടക്കാനിരിക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ ലോകത്തെ ഏറ്റവും വലിയ കുബേരനായ ഇലോൺ മക്‌സ് ഒരു നിർണായക ശക്തിയായേക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. തന്റെ ധനശേഷികൊണ്ട് പൊതു ചർച്ചയിൽ ലഭിക്കുന്ന സ്വാധീനം മാത്രമല്ല, ഒട്ടേറെ മാധ്യമ കമ്പിനികളുടെ ഉടമസ്ഥതയും ഇലോൺ മസ്‌കിന് വലിയ ഗുണമായി മാറുന്നുണ്ട്. 20 കോടിയോളം വരുന്ന തന്റെ സോഷ്യൽ മീഡിയ ഫോളേവേഴ്‌സിനെ ഉപയോഗിച്ച് പല ഗൂഢാലോചന സിദ്ധാന്തരങ്ങളും ആളിക്കത്തിച്ച് തീവ്രവലത് പക്ഷത്തേയ്ക്ക് ഇലോൺ മസ്‌ക് ചർച്ചകളെ മാറ്റി മറിച്ചു. അതിനിടെ വ്‌ളാഡ്മീർ പുടിനുമായി രഹസ്യചർച്ചകളും ചൈനീസ് ഭരണകൂടവുമായി ബിസിനസും മസ്‌ക് നടത്തി. ഡോണാൾഡ് ട്രമ്പിനെ പ്രസിഡന്റ് സ്ഥാനത്ത് തിരിച്ചെത്തിക്കാൻ സാമ്പത്തിക സഹായം നൽകുന്ന അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ഫെഡറൽ ഏജൻസികളെ പരിവർത്തനപ്പെടുത്തുന്നതിനായി ഭരണകൂടത്തിന്റെ ഭാഗമാകുമെന്നും വാഗ്ദാനം ചെയ്യുന്നു. Elon Musk, Donald Trump and the American election

അമേരിക്കയ്ക്കുള്ളിൽ നയപരമായ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മസ്‌കിന്റെ പ്രവർത്തികളെ കാണുന്നത്. അനധികൃത കുടിയേറ്റക്കാരെന്നാരോപിക്കപ്പെടുന്നവരെ നാടുകടത്തുന്നതിനും ഓഹരി വിപണിയെ തന്നെ അസ്ഥിരപ്പെടുത്താവുന്ന ബജറ്റ് നിയന്ത്രണങ്ങൾക്കുമുള്ള ട്രമ്പിന്റെ പദ്ധതികളെ അടുത്തിടെ ഇലോൺ മസ്‌ക് സോഷ്യൽ മീഡിയയിലൂടെ പിന്തുണച്ചു. വൻതോതിലുള്ള സാമ്പത്തിക പരിവർത്തനത്തിന്റെ ഭാഗമാകുന്നതിനായി ‘താത്കാലിക ബുദ്ധിമുട്ടുകളെ’ സ്വീകരിക്കാൻ ജനങ്ങൾ തയ്യാറാകണമെന്നും മസ്‌ക് ആഹ്വാനം ചെയ്തു.

ഇതിന് മറുപടിയായുള്ള ഡെമോക്രാറ്റ്, ലിബറൽ പാർട്ടികളുടെ പ്രതികരണം പതിവ് ആരോപണങ്ങളായിരുന്നു: സ്വേച്ഛാധിപത്യം, തീവ്രനിലപാടുകൾ, അത്യാർത്തി. ‘മരയൂള’ എന്ന മട്ടിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ടിം വാൾട്‌സ് അടക്കം പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചു. ഈ വിമർശനങ്ങൾക്കെല്ലാം അടിത്തട്ടിൽ രാഷ്ട്രീയ ബലതന്ത്രത്തിന്റെ ഒരു സങ്കീർണമായ തലം കൂടിയുണ്ട്; പ്രത്യേകിച്ചും അപ്പാർത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കയിൽ നിന്ന് കുടിയേറിയ ആളാണ് മസ്‌ക് എന്നുള്ളത്. പല ഡെമോക്രാറ്റുകളും അദ്ദേഹത്തെ അമേരിക്കൻ മൂല്യങ്ങളെ നശിപ്പിക്കുന്ന വരത്തനായാണ് കാണുന്നത്.

രാഷ്ട്രീയ സംവാദത്തിലെ ദേശീയതയും ആഗോളീയതയും

ദേശീയതയുടെ രാഷ്ട്രീയത്തിൽ കത്തിപ്പിടിച്ച് നിൽക്കുന്ന കാലത്ത് മസ്‌കിന്റെ ജീവിതത്തിലെ അഭയാർത്ഥി ചരിത്രം രാഷ്ട്രീയ ചർച്ചയ്ക്ക് പറ്റിയ വിഷയമാണ്. അമേരിക്കയുടെ ഹൃദയഭൂമിയിൽ പ്രതിദ്ധ്വനിക്കാവുന്ന ഒരു വൈകാരിത ഇതിലുണ്ട്; യു.എസിലെത്തി തന്റേതായ ഒരു ഭാവിയും ഭാഗ്യവും സമ്പത്തും കൈവരിച്ചിട്ടും രാജ്യത്തിന്റെ രാഷ്ട്രീയ എതിരാളികളുമായി ചർച്ചകൾ നടത്തുകയും ഒപ്പം നാടിന്റെ സാംസ്‌കാരിക അടിത്തറയെ ആക്രമിക്കുകയും ചെയ്യുന്നുവെന്നതായാണ് മസ്‌കിന്റെ പ്രവർത്തികൾ വീക്ഷിക്കപ്പെടുക. സ്വന്തം നാട്ടിൽ ഒരിക്കലും സാധിക്കാത്ത കാര്യമാണ് അമേരിക്കൻ സമൂഹത്തെ പുനക്രമീകരിക്കാൻ ശ്രമിക്കുന്നത് വഴി വരത്തനായ മസ്‌ക് ചെയ്യുന്നതെന്നും അത് തികഞ്ഞ കാപട്യമാണെന്നും വിമർശകർ കരുതുന്നു.

ഇത്തരം രാഷ്ട്രീയ ആഖ്യാനങ്ങൾക്കൊക്കെ സാധ്യതകൾ ഉണ്ടെങ്കിലും പല ഡെമോക്രാറ്റുകളും ദേശീയതയ്ക്ക് അനുകൂലമായ വാദങ്ങൾ സൃഷ്ടിക്കാൻ താത്പര്യപ്പെടുന്നവരല്ല. ദേശീയ വാചോടോപങ്ങളിൽ പങ്കെടുക്കാനുള്ള ഡെമോക്രാറ്റിക് പാർട്ടിയുടെ വിമുഖത കാണം ഒരു വലിയ അവസരമാണ് അവർക്ക് നഷ്ടപ്പെടുത്തുത് എന്നാണ് രാഷ്ട്രീയ ചിന്തകനായ റൂയി ടീക്‌സീരിയയുടെ അഭിപ്രായം. തങ്ങളുടെ വേരുകളെ കുറിച്ചും സ്വതബോധത്തെ കുറിച്ചും ഡെമോക്രാറ്റിക് പാർട്ടിക്ക് അകത്ത് തന്നെയുള്ള വിശാലമായ ചില അസ്വാസ്ഥ്യങ്ങളിൽ നിന്നാണ് ഈ വിമുഖത ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മുതിർന്ന ഡെമോക്രാറ്റിക് ഉപദേശകൻ ഹാങ്ക് ഷേയ്ൻകോഫ് പാർട്ടിയുടെ തന്ത്രപരമായ സമീപനത്തെ കുറിച്ച് ഇങ്ങനെ പറയുന്നു. ‘ഡെമോക്രാറ്റുകൾ പയറ്റുന്നത് സിറ്റ്‌സ് ക്രീഗും റിപബ്ലിക്കൻസ് പയറ്റുന്നത് ബ്ലിറ്റ്‌സ് ക്രീഗുമാണ്’ . (വലിയ ആയുധങ്ങളോ തന്ത്രങ്ങളോ ഇല്ലാത്ത, പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുന്ന യുദ്ധമാണ് സിറ്റ്‌സ് ക്രീഗ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജർമ്മൻകാർ ഉപയോഗിച്ച അതിവേഗതയുള്ള, ഒരേസമയം കരയിൽ നിന്നും വായുവിൽ നിന്നുമുള്ള മിന്നൽ യുദ്ധമാണ് ബ്ലിറ്റ്‌സ് ക്രീഗ്.) അഥവാ റിപബ്ലിക്കൻസിന്റെ കടന്നാക്രമിക്കുന്ന ശൈലിയിൽ നിന്ന് വിഭിന്നമായി അവധാനതയോടെയുള്ള തന്ത്രമാണ് ഡെമോക്രാറ്റുകൾ പയറ്റുന്നത്. ഈ ബലതന്ത്രം എലോൺ മസ്‌കിനെ പോലുള്ളവരെയുമായി -അവരുടെ ശൈലി ചോദ്യം ചെയ്യേണ്ടതാണെങ്കിൽ പോലും- നേരിട്ട് ഏറ്റുമുട്ടുന്നതിൽ നിന്ന് ഡെമോക്രാറ്റുകളെ വിലക്കുന്നു.

കുടിയേറ്റക്കാരെ ചൊല്ലിയുള്ള ഇരട്ടത്താപ്പ്

പുരോഗമന ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു ലിബറൽ കുടിയേറ്റക്കാരനായിരുന്നു മസ്‌ക് എങ്കിൽ ഈ ആഖ്യാനങ്ങളെല്ലാം വ്യത്യസ്തമായേനെ. ജോർജ്ജ് സോറസിനുണ്ടായ തിരിച്ചടി ഇക്കാര്യം വിശദീകരിക്കും. ലിബറൽ ആശയങ്ങളെ പിന്തുണച്ചിരുന്ന ജോർജ്ജ് സോറസിന്റെ കാരുണ്യപ്രവർത്തികൾ പോലും അദ്ദേഹത്തിന്റെ വൈദേശിക വേരുകൾ നിമിത്തം ചോദ്യം വിമർശിക്കപ്പെട്ടു. അതുപോലെ തന്നെ പാർല്യമെന്റംഗമായിരുന്ന ഇൽഹാൻ ഒമറിന്റെ അമേരിക്കൻ സാധുതപോലും ചോദ്യം ചെയ്യുന്ന ആക്രമണ പരമ്പരയാണുണ്ടായത്. അതേ സമയം ട്രമ്പിനുള്ള മസ്‌കിന്റെ പിന്തുണ അത്തരത്തിൽ ചോദ്യം ചെയ്യപ്പെടാതെ പ്രതിരോധിക്കപ്പെട്ട് പോരുന്നു. ബിൽക്ലിന്റന്റെ പ്രസിഡന്റ് പ്രചരണത്തിന്റെ പുറകിൽ പ്രവർത്തിച്ചിരുന്ന വിഖ്യാത തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ ജയിംസ് കാർവെൽ ദേശീയതയും രാജ്യസ്‌നേഹവും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഡെമോക്രാറ്റുകൾ രാജ്യസ്‌നേഹത്തിന്റെ വിവിധ മാനങ്ങളെ ഉൾക്കൊള്ളുന്നതിൽ വിദഗ്ദ്ധരാണെങ്കിലും മസ്‌കിനെ ഒരു പുറം നാട്ടുകാരനായി ചിത്രീകരിക്കുന്ന തരം ‘പുറത്താക്കൽ’ ആഖ്യാനങ്ങൾ രൂപപ്പെടുത്തുന്നതിൽ അവർക്ക് ബുദ്ധിമുട്ടുകളുണ്ട്.

ട്രമ്പ് പ്രചരണത്തിലെ വിരോധാഭാസം

പ്രസിഡന്റ് പദവിൽ ഡൊണാൾഡ് ട്രമ്പ് തിരിച്ചെത്തുകയാണെങ്കിൽ ഏറ്റവും വിരോധാഭാസമാവുക അമേരിക്കക്കാർക്ക് പ്രഥമ പരിഗണന അഥവാ അമേരിക്ക ഫസ്റ്റ് എന്ന പ്രചാരണത്തിൽ നിർണായക പങ്ക് വഹിച്ചത് ഇലോൺ മസ്‌ക് എന്ന ആഗോള സ്വാധീനങ്ങൾ കൊണ്ട് ചിത്രപ്പണി ചെയ്ത ജീവിതമുള്ള ഒരാളായിരുന്നുവെന്നതാകാം. മസ്‌കിന്റെ സാർവ്വലൗകീക ജീവിതശൈലിയും അന്തരാഷ്ട്ര വ്യവസായ ബന്ധങ്ങളും അമേരിക്കൻ ജീവിത ശൈലിയോടുള്ള വിമർശനങ്ങളും ഒരു ശരാശരി ട്രമ്പ് അനുയായിയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചും എതിരാണ്. അപാർത്തീഡ് കാലത്തെ ദക്ഷിണാഫ്രിക്കയിലാണ് മസ്‌കിന്റെ വേരുകൾ എന്നുള്ളത് ഈ വൈരുദ്ധ്യത്തെ കൂടുതൽ ശക്തമാക്കുന്നു. ഉത്തര കൊറിയയിൽ നിന്ന് കുടിയേറിയിട്ടുള്ള ഒരാൾ അമേരിക്കൻ മുതലാളിത്തത്തെ വിമർശിക്കുന്നത് പോലെ ഒരു വൈചിത്രമോ അസ്വഭാവികതയോ പോലെയാണ് മസ്‌കിന്റെ കുടിയേറ്റ ചരിത്രമുള്ള ഒരാൾ അമേരിക്കൻ സംസ്‌കാരത്തെ വിമർശിക്കുന്നത്. മാത്രമല്ല, ദേശീയതയെ കുറിച്ചും വ്യക്തി സ്വത്വങ്ങളെ കുറിച്ചുമുള്ള വിശാല ചർച്ചകളിൽ ഇടപെടാനുള്ള താത്പര്യകുറവാണ് ഡെമോക്രാറ്റിക് പാർട്ടിയുടെ അനുയായികളെ മസ്‌കിന്റെ വേരുകളെ കുറിച്ച് വിമർശനം ഉന്നയിക്കുന്നതിൽ നിന്ന് അകറ്റി നിർത്തുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ധനസഹായം നൽകുന്ന മറ്റ് പണക്കാരായ പീറ്റർ തീലിനെ കുറിച്ചോഡേവിഡ് സാക്‌സിനെ കുറിച്ചോ, അവർക്കുള്ള വിവാദപരമായ വിദേശ ബന്ധങ്ങളെ കുറിച്ചോ ചർച്ചചെയ്യുന്നതിന് ഈ വിമുഖത ഇല്ലതാനും.

ഡെമോക്രാറ്റുകളുടെ പ്രതികരണവും ഈ സംവാദത്തിന്റെ ഭാവിയും

മസ്‌കിന്റെ പലതരത്തിലുള്ള നിലപാടുകളോടുള്ള ഡെമോക്രാറ്റുകളുടെ പ്രതികരണം പലപ്പോഴും തണുപ്പനാണ്. കുടിയേറ്റത്തെ കുറിച്ചും മറ്റ് ഗൂഢാലോചന സിദ്ധാന്തങ്ങളെ കുറിച്ചുമുള്ള മസ്‌കിന്റെ നിലപാടുകൾ കാപട്യം നിറഞ്ഞതാണ് എന്ന് മാത്രമാണ് പലപ്പോഴും അവരുടെ പ്രതികരണം. യു.എസിൽ എത്തിപ്പെടുന്ന കാലത്ത് മസ്‌ക് ചെയ്തിരുന്നതായി പറയപ്പെടുന്ന നിയമവിരുദ്ധ തൊഴിലുകളെ കുറിച്ചുള്ള പ്രസിഡന്റ് ബിദന്റെ പ്രതികരണം പോലും കരുതലോടെ ഉള്ളതായിരുന്നു. അമേരിക്കൻ ജനാധിപത്യത്തിൽ കളിക്കാനുള്ള മസ്‌കിന്റെ യോഗ്യതയെ ചോദ്യം ചെയ്യുന്നതരത്തിലുള്ളതായിരുന്നില്ല അത് മറിച്ച് മസ്‌കിന്റെ വിശ്വാസ്യത മാത്രമായിരുന്നു അതിന്റെ ഊന്നൽ. ഈ മൃദു സമീപനം തന്ത്രപരമായ പിഴവാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ‘ഭരണനിർവ്വഹണം പോലെയല്ല തിരഞ്ഞെടുപ്പ് പ്രചരണം’-ജാർഡിങ് പറയുന്നു. പിന്തുണ സ്വരുകൂട്ടുന്നതിന് കൂടുതൽ അക്രമോത്സുകമായ തന്ത്രങ്ങൾ ആവശ്യമാണ് എന്ന് അദ്ദേഹം പറയുന്നു. ചില ഡെമോക്രാറ്റുകൾ മസ്‌കിന്റെ വിദേശ വേരുകളെ കുറിച്ച് ചർച്ച ആരംഭിച്ചിട്ടുണ്ട് എങ്കിലും കൂടുതൽ ശക്തമാകണം പ്രചാരണം എന്നാണ് പലരും പ്രതീക്ഷിക്കുന്നു. മസകിന്റെ സ്വാധീനത്തെ വേണ്ട വിധത്തിൽ നേരിടുന്നതിനെ തടയുന്നതാണ് ദേശീയതയ്ക്ക് മുകളിൽ രാജ്യസ്‌നേഹത്തിന് നൽകുന്ന ശ്രദ്ധ.

ഒരു പുതിയ രാഷ്ട്രീയ ഭൂമികയിലൂടെയുള്ള സഞ്ചാരം

2024 തിരഞ്ഞെടുപ്പ് അടുക്കും തോറും ഇലോൺ മസ്‌കിന് അമേരിക്കൻ രാഷ്ട്രീയത്തിലുള്ള പങ്ക് വികസിച്ച് കൊണ്ടിരിക്കുകയാണ്. ട്രമ്പ് പ്രസിഡന്റ് ആയാലും ഇല്ലെങ്കിലും വരും കാലങ്ങളിൽ രാഷ്ട്രീയ സംവാദങ്ങൾ രൂപപ്പെടുത്തുന്നതിൽ ട്രമ്പ് ഒരു നിർണായക പങ്ക് വഹിക്കും. അദ്ദേഹത്തെ വിമർശിക്കുന്നവർക്കൊക്കെ ഭീഷണിയായി മസ്‌കിന്റെ സങ്കീർണമായ സ്വഭാവവും സമ്പത്തും സ്വാധീനവും മാറും. ഈ പ്രതിസന്ധി മറികടക്കുന്നതിന് ഡെമോക്രാറ്റുകൾ ദേശീയതയുടേയും സ്വത്വരാഷ്ട്രീയത്തിന്റേയും അസുഖകരമായ യാഥാർത്ഥ്യങ്ങളെ തരണം ചെയ്‌തേ പറ്റൂ. ‘പുറത്താക്കൽ’ ആഖ്യാനങ്ങളോട് ചേർന്ന് പോകാൻ വ്യക്തമായും ബുദ്ധിമുട്ടുണ്ട് എന്നിരിക്കെ മസ്‌കിന്റെ വൈദേശിക ജന്മത്തെ അവഗണിക്കുന്നതിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ തിരഞ്ഞെടുപ്പിൽ നിർണാകമായേക്കും. അനുനിമിഷം ധ്രുവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംവാദത്തിനിടയിൽ രാജ്യസ്‌നേഹവും ദേശീയതയും തമ്മിലൊരു സന്തുലിതാവസ്ഥ കണ്ടെത്തുന്നത് ഡെമോക്രാറ്റുകളെ സംബന്ധിച്ച് വളരെ പ്രധാനമാണ്. പ്രത്യേകിച്ചും പരസ്പര വൈരുദ്ധ്യത്തിന്റെ നാടായ അമേരിക്കയിലെ തിരഞ്ഞെുപ്പിലെ ആഖ്യാനങ്ങളുടെ മേൽകോയ്മ അവസാന നിമിഷമെങ്കിലും വീണ്ടെടുക്കുന്നതിൽ. Elon Musk, Donald Trump and the American election

content summary; Elon Musk, Donald Trump and the American election

×