ആദ്യ ട്രില്യണെയര്‍ മസ്‌ക്; അറിയുമോ ആദ്യ മില്യണെയറെയും ബില്യണെയറെയും?

മസ്‌കിന് പിന്‍ഗാമികളായി ലോകത്ത് മറ്റ് ട്രില്യണെയര്‍മാര്‍ ഉടന്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പ്രവചിക്കുന്നത്

john jacob astor-john d rockefeller- Elon Musk

ആഗോള ഓഹരി വിപണിയില്‍ സ്‌പേസ് എക്സിന്റെ റെക്കോര്‍ഡ് നേട്ടം ഇലോണ്‍ മസ്‌കിനെ ചരിത്രത്തിലാദ്യമായി ഒരു ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള വ്യക്തിയാക്കി മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച നടന്ന സ്‌പേസ് എക്സിന്റെ ആദ്യ പൊതു ഓഹരി വില്പനയ്ക്ക് (ഐപിഒ) പിന്നാലെയാണ് കമ്പനിയുടെ തലവനായ മസ്‌ക് ലോകത്തെ ആദ്യത്തെ ‘ട്രില്യണെയര്‍’ (ലക്ഷം കോടിപതി) എന്ന പദവി സ്വന്തമാക്കിയത്. വ്യാപാരം അവസാനിക്കുമ്പോള്‍ സ്‌പേസ് എക്സിന്റെ വിപണി മൂല്യം രണ്ട് ട്രില്യണ്‍ ഡോളറിനും മുകളിലെത്തിയിരുന്നു. ഇതോടെ മസ്‌കിന്റെ ആകെ വ്യക്തിഗത ആസ്തി 1.2 ട്രില്യണ്‍ ഡോളറായി (ഇന്ത്യന്‍ രൂപയില്‍ ഏകദേശം 100 ലക്ഷം കോടിയിലധികം രൂപ) ഉയര്‍ന്നു. സാങ്കേതികവിദ്യയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും ആഗോള വിപണിക്ക് ഇപ്പോഴുള്ള അന്ധമായ ആവേശം എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഈ പുതിയ നാഴികക്കല്ല്.

ഈ ചരിത്രനേട്ടം അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായതോടെ വാണിജ്യ ലോകത്ത് വലിയ ആഘോഷങ്ങളാണ് അരങ്ങേറിയത്. ഈ ഐപിഒയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച പ്രമുഖ ബാങ്കായ ജെപി മോര്‍ഗന്‍ ചേസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ന്യൂയോര്‍ക്കിലെ തങ്ങളുടെ ആസ്ഥാന മന്ദിരത്തിന് മുകളില്‍ അത്യാധുനിക ലൈറ്റ് ഷോകള്‍ ഒരുക്കിയും ആഡംബര വിരുന്നുകള്‍ നടത്തിയും ഈ നേട്ടം ആഘോഷിച്ചു. എന്നാല്‍, ലോകത്ത് ആദ്യമായി ഒരു ട്രില്യണെയര്‍ ഉയര്‍ന്നുവന്നതിനെ എല്ലാവരും ഒരേ ആവേശത്തോടെയല്ല സ്വീകരിച്ചത്. ആഗോളതലത്തില്‍ വളര്‍ന്നുവരുന്ന സമ്പദ്വ്യവസ്ഥയിലെ അസമത്വത്തെക്കുറിച്ചുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഈ സംഭവം വീണ്ടും തിരികൊളുത്തിയിട്ടുണ്ട്. ‘സമ്പന്നരില്‍ നിന്ന് നമ്മള്‍ എന്തുകൊണ്ട് നികുതി ഈടാക്കണം എന്നതിന് തരാന്‍ കഴിയുന്ന ആയിരം കോടി കാരണങ്ങളില്‍ ഒന്നാണിത്,’ എന്നാണ് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി എക്‌സില്‍ കുറിച്ചത്. ഒരു ശരാശരി അമേരിക്കന്‍ കുടുംബത്തിന് മസ്‌കിന്റെ ഈ ആസ്തിക്ക് തുല്യമായ പണം സമ്പാദിക്കാന്‍ 11 മില്യണ്‍ വര്‍ഷങ്ങള്‍(ഏകദേശം 1.1 കോടിയിലധികം വര്‍ഷം) ജോലി ചെയ്യേണ്ടി വരുമെന്ന് പ്രമുഖ യുഎസ് സെനറ്റര്‍ എലിസബത്ത് വാറനും സാമൂഹിക മാധ്യമങ്ങളിലൂടെ ചൂണ്ടിക്കാണിച്ചു.

‘ഇന്ന് ലോകത്താകെ 3,300 ഓളം ശതകോടീശ്വരന്മാരുണ്ട്. ഇതില്‍ 900-ലധികം പേര്‍ അമേരിക്കയില്‍ മാത്രമുണ്ട്. ഈയൊരു കാലഘട്ടത്തില്‍ ട്രില്യണെയര്‍ എന്ന വാക്കിനെക്കാള്‍ നമുക്ക് കൂടുതല്‍ പരിചയമുള്ളത് ‘ബില്യണെയര്‍’ എന്നായിരിക്കും. മസ്‌ക് ചരിത്രത്തിലെ ആദ്യ ട്രില്യണെയര്‍ ആയി അവരോധിക്കപ്പെടുമ്പോള്‍, ആരായിരുന്നു ആദ്യ ബില്യണെയര്‍(ശതകോടീശ്വരന്‍) എന്നും അറിയേണ്ടേ? ചരിത്രത്തില്‍ ആദ്യമായി ഒരു മനുഷ്യന്‍ ഈ പദവിയിലേക്ക് എത്തിയത് ഒരു നൂറ്റാണ്ട് മുന്‍പാണ്; 1916 സെപ്റ്റംബര്‍ 29-ന്. അന്ന് അമേരിക്കയിലെ പ്രശസ്ത എണ്ണ വ്യവസായിയായിരുന്ന ജോണ്‍ ഡി. റോക്ക്‌ഫെല്ലര്‍ ആണ് ലോകത്തെ ആദ്യത്തെ ബില്യണെയര്‍ ആയി മാറിയത്. സ്റ്റാന്‍ഡേര്‍ഡ് ഓയില്‍ കമ്പനിയുടെ ഓഹരി വില 2,000 ഡോളറിനും മുകളിലേക്ക് ഉയര്‍ന്നതോടെയായിരുന്നു റോക്ക്‌ഫെല്ലര്‍ ഈ നേട്ടം കൈവരിച്ചത്. 1916-ലെ ഒരു ബില്യണ്‍ ഡോളര്‍ എന്നത് ഇന്നത്തെ കാലത്തെ 30 ബില്യണ്‍ ഡോളറിനേക്കാള്‍ (ഏകദേശം 2.8 ലക്ഷം കോടി രൂപ) മൂല്യമുള്ളതാണ്.

ഇന്ന് ആളുകള്‍ ഇലോണ്‍ മസ്‌കിന്റെ സമ്പത്തിനെ നോക്കിക്കാണുന്ന അതേ കൗതുകത്തോടെയും അസൂയയോടെയുമാണ് അന്ന് ജനങ്ങള്‍ റോക്ക്‌ഫെല്ലറുടെ വളര്‍ച്ചയെയും വിലയിരുത്തിയിരുന്നതെന്ന് ചരിത്രകാരന്മാര്‍ വ്യക്തമാക്കുന്നു. അക്കാലത്തെ സാധാരണക്കാര്‍ക്ക് ഒരു ബില്യണ്‍ ഡോളര്‍ എത്രത്തോളമുണ്ടെന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഇന്നത്തെ കാലത്ത് ഒരു ട്രില്യണെയറുടെ സമ്പത്തിലെ പൂജ്യങ്ങളുടെ എണ്ണം കണക്കുകൂട്ടാന്‍ സാധാരണക്കാര്‍ പ്രയാസപ്പെടുന്നതുപോലെയായിരുന്നു അതെന്ന് ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര പ്രൊഫസറായ ക്രിസ്റ്റഫര്‍ മക്‌നൈറ്റ് നിക്കോള്‍സ് പറയുന്നു. മാത്രമല്ല, അതിസമ്പന്നരുടെ കടന്നുവരവിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്ന ആ കാലഘട്ടത്തില്‍, ഒരു വ്യക്തി ഇത്രയും വലിയ സമ്പത്ത് കുമിച്ചുകൂട്ടിയതിനോട് സാധാരണ ജനങ്ങള്‍ക്ക് കടുത്ത അമര്‍ഷവുമുണ്ടായിരുന്നു.

റോക്ക്‌ഫെല്ലര്‍ക്കും ഒരു നൂറ്റാണ്ട് മുന്‍പാണ് അമേരിക്കയില്‍ ആദ്യമായി ഒരു ‘മില്യണെയര്‍’ (ദശലക്ഷാധിപതി) ഉണ്ടാകുന്നത്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ (ഏകദേശം 1820-കളില്‍) ന്യൂയോര്‍ക്കിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തിലൂടെ ജോണ്‍ ജേക്കബ് ആസ്റ്റര്‍ ആണ് ആ പദവിയിലെത്തിയത്. 1848-ല്‍ അദ്ദേഹം അന്തരിക്കുമ്പോള്‍ കോടിക്കണക്കിന് ഡോളറിന്റെ ആസ്തി അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അക്കാലത്ത് സമ്പത്ത് ഏതാനും വ്യക്തികളില്‍ കേന്ദ്രീകരിക്കുന്നതിനെക്കുറിച്ച് ജനങ്ങള്‍ അധികം ആകുലപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ആസ്റ്ററുടെ സമ്പത്ത് ഇന്നത്തെപ്പോലെ വലിയ തോതില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുമില്ല.

ജോണ്‍ ജേക്കബ് ആസ്റ്റര്‍ക്ക് ശേഷം ലോകം നിരവധി മില്യണെയര്‍മാരെയും, റോക്ക്‌ഫെല്ലര്‍ക്ക് ശേഷം നിരവധി ബില്യണെയര്‍മാരെയും കണ്ടു കഴിഞ്ഞു. ഇനി അടുത്തൊരു ട്രില്യണെയര്‍ എപ്പോഴായിരിക്കും ലോകത്തുണ്ടാകുക എന്ന ചോദ്യത്തിന്, അത് അധികം വൈകില്ലെന്നാണ് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) മേഖലയിലെ കമ്പനികളുടെ ഐപിഒകളിലൂടെ വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ ലോകം അടുത്ത ട്രില്യണെയറെയും കാണാന്‍ സാധ്യതയുണ്ടെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.


വിവരങ്ങള്‍ക്ക് കടപ്പാട്; ദി ന്യൂയോര്‍ക്ക് ടൈംസ്‌

Content Summary; Elon Musk becomes the world’s first trillionaire. Discover the fascinating history of wealth, including who the first billionaire and millionaire were

This post was last modified on June 13, 2026 2:23 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment