അമേരിക്കയുടെ യുദ്ധരഹസ്യങ്ങള്‍ പോലും അറിയാന്‍ കഴിയുന്ന ‘ സൂപ്പര്‍ പ്രസിഡന്റ്’ ആവുകയാണ് ഇലോണ്‍ മസ്‌ക്. ഒരു രാജ്യത്തിന്റെ ദേശീയസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഒരു സ്വകാര്യ വ്യക്തിക്ക് ലഭിക്കുന്ന തരത്തില്‍ ട്രംപിനുമേല്‍ സ്വാധീനം ചെലുത്താന്‍ മസ്‌കിന് സാധിക്കുന്നു. ചൈനയുമായി സാധ്യതയുള്ള ഒരു യുദ്ധത്തെ സംബന്ധിച്ച് യുഎസ് സൈന്യത്തിനുള്ള പദ്ധതിയെക്കുറിച്ച് ഇലോണ്‍ മസ്‌കിന് അതീവ രഹസ്യമായ ഒരു വിശദീകരണം നല്‍കാന്‍ പെന്റഗണ്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. രണ്ട് യു എസ് ഉദ്യോഗസ്ഥരില്‍ നിന്നാണ് ഇങ്ങനെയൊരു വിവരം കിട്ടിയതെന്നാണ് ദി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ന് (വെള്ളിയാഴ്ച) മസ്‌ക് പെന്റഗണില്‍ എത്തുമെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ വിശദാംശങ്ങളൊന്നും നല്‍കിയില്ല.
ചൈനയുമായുള്ള യുദ്ധം നടന്നാല്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ചുള്ള യുഎസ് സൈന്യത്തിന്റെ രഹസ്യ പദ്ധതികള്‍ (ഓപ്പറേഷന്‍ പ്ലാനുകള്‍ അഥവ ഒ-പ്ലാനുകള്‍) ആണ് വെള്ളിയാഴ്ച്ച പെന്റഗണില്‍ ചര്‍ച്ച നടത്തുന്നത്. അതീവ രഹസ്യവും സങ്കീര്‍ണവുമായ സൈനിക പദ്ധതികളാണിവ. അത്തരം കാര്യങ്ങള്‍ മസ്‌കുമായി പങ്കിടുന്നത് ദേശീയ സുരക്ഷയെയും രഹസ്യസ്വഭാവത്തെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ ഉപദേഷ്ടാവ് എന്ന നിലയിലാണ് മസ്‌ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗമായി നില്‍ക്കുന്നത്. അതുമാത്രമല്ല ചൈനയുമായി വിപുലമായ ബിസിനസ് ബന്ധങ്ങള്‍ ഉള്ളയാളുമാണ് മസ്‌ക്. അതുകൊണ്ട് തന്നെ പെന്റഗണില്‍ നടക്കുന്ന രഹസ്യ ചര്‍ച്ചയിലെ മസ്‌കിന്റെ ഇടപെടല്‍ അദ്ദേഹത്തിന്റെ വിരുദ്ധ താല്‍പ്പര്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സ്‌പേസ്എക്‌സിന്റെയും ടെസ്‌ലയുടെയും സിഇഒ എന്ന നിലയില്‍ മസ്‌കിന് ചൈനയില്‍ കാര്യമായ സാമ്പത്തിക താത്പര്യങ്ങളുണ്ട്. കൂടാതെ പെന്റഗണിന് സാങ്കേതിക സേവനങ്ങള്‍ നല്‍കുന്നതിലും മസ്‌കിന് പങ്കുണ്ട്.
20 മുതല്‍ 30 വരെയുള്ള ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടുത്തിയുള്ള ഒരു പവന്‍ പോയിന്റില്‍ കൂടിയാണ് ചൈനയ്‌ക്കെതിരായ സൈനിക പദ്ധതികള്‍ മസ്‌കിനെ കൂടി ഉള്‍പ്പെടുത്തുന്ന ചര്‍ച്ചയില്‍ അവതരിപ്പിക്കുന്നതെന്നാണ് വിവരം. ചൈനയുടെ സൈനിക ശേഷിയെ നേരിടുന്നതിനുള്ള യുഎസ് സൈന്യത്തിന്റെ സമീപനം അടങ്ങുന്ന സൈനിക തന്ത്രം, ഒരു സംഘര്‍ഷമുണ്ടായാല്‍ സൈനികരെയും ഉപകരണങ്ങളെയും വിഭവങ്ങളെയും വിന്യസിക്കുന്നതിനുള്ള യുഎസ് സൈന്യത്തിന്റെ പദ്ധതികള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന പദ്ധതികള്‍, ചൈനയുടെ സൈനിക ശേഷികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള യുഎസ് സൈന്യത്തിന്റെ വിലയിരുത്തലുകള്‍ വിശദീകരിക്കുന്ന ഇന്റലിജന്‍സ് വിലയിരുത്തലുകള്‍ എന്നിവ ചര്‍ച്ചയില്‍ അവതരിപ്പിക്കും.
ദേശീയ സുരക്ഷയെ സംബന്ധിച്ചതും തീര്‍ത്തും സെന്‍സിറ്റീവ് ആയതുമായ വിവരങ്ങള്‍ ഒരു സ്വകാര്യ വ്യക്തിയുമായി പങ്കിടുന്നതിലെ അപകടസാധ്യതകളെക്കുറിച്ചാണ് ആശങ്കയുണ്ടായിരിക്കുന്നത്. അതീവ രഹസ്യമായ യുഎസ് സൈനിക പദ്ധതികളെക്കുറിച്ച്, പ്രത്യേകിച്ച് ചൈനയുമായുള്ള യുദ്ധ സാധ്യതയെ സംബന്ധിച്ച് ഇലോണ്‍ മസ്‌കിന് വിവരം നല്‍കുന്നത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മേല്‍ മസ്‌കിനുള്ള സ്വാധീനം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണ്. ഈ നീക്കം മസ്‌കിന് അമേരിക്കയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങളുടെ താക്കോല്‍ കൊടുക്കുക മാത്രമല്ല ചെയ്യുന്നത്, ഡോജ് തലവന്‍ എന്ന നിലയില്‍ ഭരണകൂടത്തിലെ പരമപ്രധാനിയായി അവരോധിക്കല്‍ കൂടിയാണ്.
സര്‍ക്കാരുമായി ബന്ധപ്പെട്ട കരാറുകളെ വളരെയധികം ആശ്രയിക്കുന്ന ബിസിനസുകള്‍ നടത്തുന്നൊരാളാണ് മസ്‌ക്. അതേയാള്‍ തന്നെയാണ് ഫെഡറല്‍ ബ്യൂറോക്രസിയില്‍ തന്റെ താത്പര്യങ്ങള്‍ വ്യാപകമായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും. പെന്റഗണിനായി മസ്‌കിന്റെ കമ്പനികള്‍ക്ക് ബിസിനസ് ഡീലുകളുണ്ട്. അതുപോലെ, ചൈന മസ്‌കിന്റെ പ്രധാനപ്പെട്ടൊരു ബിസിനസ് കേന്ദ്രമാണ്. സ്‌പേസ്എക്‌സ്, ടെസ്‌ല എന്നിവയുടെ സിഇഒ ആണ് മസ്‌ക്. അങ്ങനെ വരുമ്പോള്‍ ഒരു യുദ്ധസാധ്യത മസ്‌കിനെ വ്യക്തിപരമായി ബാധിക്കും. അവിടെയാണ് ചൈനയുമായി സാധ്യതയുള്ള ഒരു യുദ്ധത്തെ സംബന്ധിച്ച് അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ മസ്‌കിനും പങ്കുവയ്ക്കപ്പെടുന്നതിന്റെ പ്രശ്‌നം ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പെന്റഗണിന്റെ യുദ്ധ പദ്ധതികള്‍ ഒപ്പറേഷന്‍ പ്ലാന്‍സ് അഥവ ഒ-പ്ലാന്‍സ് എന്നാണ് അറിയപ്പെടുന്നത്. ഇവ തീര്‍ത്തും രഹസ്യസ്വഭാവമുള്ളതും ഒരിക്കലും പുറത്തുവിടാത്തവയുമായിരിക്കും. പദ്ധതികളുടെ പൂര്‍ണമായ സംരക്ഷണം ഉറപ്പു വരുത്തും. പൊതുമണ്ഡലത്തിലോ പുറത്തുനിന്നുള്ളൊരു വ്യക്തിക്കോ ചെറുവിവരം പോലും പങ്കുവയ്ക്കില്ല. ഒരു യുദ്ധം എങ്ങനെയാണ് യു എസ് സൈന്യം കൈകാര്യം ചെയ്യാന്‍ പോകുന്നതെന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളാണ് ഈ വിവരങ്ങള്‍. ആവിഷ്‌കരിക്കുന്ന യുദ്ധതന്ത്രങ്ങള്‍, സൈനികരുടെയും ആയുധങ്ങളുടെയും വിന്ന്യാസം എന്നിവയെല്ലാം ഇതില്‍ വിശദീകരിക്കും. ചൈനയില്‍ നിന്നും ഉണ്ടാകാന്‍ സാധ്യതയുള്ള ഭീഷണികള്‍, ചൈനയില്‍ ആക്രമിക്കേണ്ട പ്രത്യേക കേന്ദ്രങ്ങള്‍(മിലട്ടറി ആസ്ഥാനങ്ങള്‍ ഉള്‍പ്പെടെ), അതുപോലെ ആക്രമണത്തിന്റെ വേഗവും ദൈര്‍ഘ്യവും ഉള്‍പ്പെടെ നിശ്ചയിക്കുന്ന സമയപരിധി, പ്രസിഡന്റിന്റെ അനുവാദത്തിനായി സമര്‍പ്പിക്കുന്ന കാര്യങ്ങള്‍; ഇവയെല്ലാം വിശദീകരിക്കും. ഇത്തരത്തിലുള്ള ഒപ്പറേഷന്‍ പ്ലാനുകളാണ് ഒരു സ്വകാര്യ വ്യക്തി മാത്രമായ ഇലോണ്‍ മസ്‌കുമായി പങ്കുവയ്ക്കാന്‍ പോകുന്നത്. ഇവയില്‍ ഏതെങ്കിലും വിവരം ചോര്‍ന്നാല്‍, അമേരിക്ക ആരുമായാണോ സംഘര്‍ഷത്തില്‍ ഏര്‍പ്പെടാന്‍ പോകുന്നത്, ആ വിദേശ രാജ്യത്തിന് അവരുടെതായ പദ്ധതികള്‍ അവിഷ്‌കരിക്കാന്‍ അവസരം കൊടുക്കുകയാണ്. Elon Musk is being briefed on top-secret US war plans regarding a potential conflict with China
Content Summary; Elon Musk is being briefed on top-secret US war plans regarding a potential conflict with China
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.