June 26, 2026 |

തിരഞ്ഞെടുപ്പ് പ്രചാരണം മുതൽ ട്രംപിന്റെ സന്തതസഹചാരി; ടെസ്‌ലയ്ക്ക് വേണ്ടിയോ മസ്കിന്റെ പടിയിറക്കം ?

കാര്യക്ഷമതാ വകുപ്പിന്റെ തലവനെന്ന നിലയിൽ കാബിനറ്റ് യോഗങ്ങളിലെല്ലാം മസ്ക് പ്രത്യക്ഷപ്പെട്ടിരുന്നു

യുഎസ് സർക്കാരിന്റെ കാര്യക്ഷമതാ വകുപ്പായ ഡോജിൽ നിന്ന് പടിയിറങ്ങി ശതകോടീശ്വരൻ എലോൺ മസ്ക്. വൈറ്റ് ഹൗസിൽ നിന്നുള്ള പടിയിറക്കത്തെക്കുറിച്ച് മസ്ക് തന്നെയാണ് ഔദ്യോ​ഗികമായി അറിയിച്ചത്. ബിസിനസിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മടങ്ങുന്നുവെന്നാണ് മസ്ക് കുറിച്ചത്. കാര്യക്ഷമതാ വകുപ്പിലെ പ്രത്യേക സർക്കാർ ജീവനക്കാരൻ എന്ന നിലയിലുള്ള തന്റെ കാലാവധി അവസാനിക്കുമ്പോൾ പ്രസിഡന്റ് ട്രംപിന് നന്ദി എന്നാണ് മസ്ക് സമൂഹ മാധ്യമമായ എക്സിൽ കുറിച്ചത്. ഫെഡറൽ സർക്കാരിന്റെ നയങ്ങൾ മസ്കിന്റെ വ്യക്തിഗത ബിസിനസിനെ കാര്യമായി തന്നെ ബാധിച്ചിരുന്നു.

ട്രംപിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് മസ്കിന്റെ പടിയിറക്കം. സർക്കാരിന്റെ ക്ഷേമ പദ്ധതികൾക്കായുള്ള ചെലവുകൾ കുത്തനെ കൂട്ടാനും ആഭ്യന്തര നികുതികൾ കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണ് ട്രംപ് കൊണ്ടുവന്നത്. എന്നാൽ സർക്കാരിന്റെ അധിക ചെലവ് നിയന്ത്രിക്കാൻ ആവിഷ്കരിച്ച ഡിപ്പാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ പ്രവർത്തന ലക്ഷ്യത്തെ തന്നെ തകർക്കുന്നതാണ് ട്രംപിന്റെ പുതിയ ബില്ലെന്ന് മസ്ക് ആഞ്ഞടിച്ചു. ബിൽ നിരാശാജനകമാണെന്നും യുഎസ് ഗവൺമെന്റിന്റെ സാമ്പത്തികഭാരം കുറയ്ക്കുന്നതിന് പകരം കൂട്ടാനുള്ള ബില്ലാണിതെന്നും മസ്ക് വിമർശിച്ചു. ബില്ലിന് ഒരേസമയം ബിഗ്, ബ്യൂട്ടിഫുൾ ആകാനാവില്ല. അതിലേതെങ്കിലും ഒന്നേ ആവാൻ പറ്റൂ എന്നും മസ്ക് പറഞ്ഞു. ട്രംപിന്റെ “വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ ആക്ട്” എന്നറിയപ്പെടുന്ന ട്രംപിന്റെ നികുതി ചെലവ് ബില്ലിനെ വിമർശിച്ച് കൊണ്ട് മസ്‌ക് സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെയും അഭിമുഖങ്ങളിലൂടെയും അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു. യുഎസ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരിഫുമായി ബന്ധപ്പെട്ട നിയമനിർമ്മാണം ഫെഡറൽ കമ്മി വർദ്ധിപ്പിക്കുമെന്നും ഡോജിന്റെ പ്രവർത്തനത്തെ ദു‌‍ർബലപ്പെടുത്തുമെന്നും മസ്ക് വിലയിരുത്തിയിരുന്നു. ഇതാണ് ഡോജ് വിട്ടതിന് പിന്നിലെ കാരണമെന്ന ഊഹങ്ങളുമുണ്ട്.

നവംബറിലെ അമേരിക്കൻ ഫെ​ഡറൽ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപബ്ലിക്കൻ പാർട്ടിയ്ക്ക് വേണ്ടി മസ്ക് തിര‍‍ഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയത് ഏറെ ചർച്ചയായിരുന്നു. എന്നാൽ ‍താൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചിലവഴിച്ച 200 മില്യൺ ഡോള‌‍ർ തിരികെ പിടിക്കുമെന്ന് ഇക്കഴിഞ്ഞ ദിവസമാണ് മസ്ക് പ്രഖ്യാപിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ ട്രംപിന്റെ സന്തതസഹചാരിയായി മാറിയ മസ്കിനെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ചേർത്തുപിടിച്ചിരുന്നു. സർക്കാരിൽ കാര്യക്ഷമതാവകുപ്പ് എന്നൊരു പുതിയ തസ്തികയുണ്ടാക്കി മസ്കിനെ ട്രംപ് കൂടെക്കൂട്ടി. കാര്യക്ഷമതാ വകുപ്പിന്റെ തലവനെന്ന നിലയിൽ കാബിനറ്റ് യോഗങ്ങളിലെല്ലാം മസ്ക് പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സാഹചര്യങ്ങളിലെല്ലാം മസ്കിനെ പ്രശംസിക്കാൻ ട്രംപ് മറന്നില്ല. സർവ്വീസിലിരുന്ന ചുരുങ്ങിയ കാലയളവിൽ മസ്ക് ചില ഏജൻസികളെ ഒഴിവാക്കുകയും പതിനായിരക്കണക്കിന് ഫെഡറൽ തൊഴിലാളികളെ അവരുടെ ജോലികളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

ട്രംപിന്റെ രണ്ടാം ഭരണക്കാലം ആരംഭിച്ചതോടെ ട്രംപ് തന്റെ ജന​ദ്രോഹ നയങ്ങൾ കൊണ്ട് അമേരിക്കൻ പൗരൻമാരെ പൊറുതിമുട്ടിച്ചിരുന്നു. ഇതിന് പുറമേ വ്യാപാര ബന്ധങ്ങൾക്ക് വിള്ളൽ വീഴ്ത്തുന്ന രീതിയിൽ ഇന്ത്യയും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേൽ ട്രംപ് ഇറക്കുമതി തീരുവ ചുമത്തിയിരുന്നു. ഇത് അമേരിക്കൻ സമ്പദ് വ്യവസ്ഥയെ മുഴുവനായി പ്രതിസന്ധിയിലാക്കിയിരുന്നു. ട്രംപിന്റെ നികുതി നയങ്ങൾ മസ്കിനും തിരിച്ചടിയായിരുന്നു. ടെസ്ല ബഹിഷ്കരിച്ച് കൊണ്ടാണ് ഫെഡറൽ തൊഴിലാളികൾ മസ്കിനെതിരെയും ട്രംപ് ഭരണകൂടത്തിനെതിരെയും പ്രതിഷേധിച്ചത്. എന്നാൽ അത്തരം പ്രകടനങ്ങൾക്കെതിരെയൊന്നും മസ്ക് മറുപടി നൽകിയിരുന്നില്ല. ട്രംപിന്റെ ഉപദേശകനായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മസ്കിന്റെ ഏറ്റവും വലിയ വരുമാന മാർ​ഗം 349 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ടെസ്‌ലയാണ്. യുഎസിന്റെ ഫെഡറൽ മേഖലയുടെ ചിലവുകൾ ചുരുക്കുന്നതിനായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ മേധാവി കൂടിയായി മസ്കിനെതിരെ തകർക്കുകയെന്ന ലക്ഷ്യത്തോടയാണ് തങ്ങൾ പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് അന്ന് പ്രതിഷേധക്കാർ വ്യക്തമാക്കിയിരുന്നു.

ടെസ്‌ല, സ്പേസ് എക്സ്, എക്സ്എഐ എന്നിവയ്ക്ക് വേണ്ടി കുറച്ചു സമയം മാറ്റി വയ്ക്കാൻ താൻ ആ​ഗ്രഹിക്കുന്നതായി മസ്ക് സൂചന നൽകിയിരുന്നു. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഏകദേശം 200 മില്യൺ ഡോളറോളമാണ് മസ്ക് മാറ്റി വച്ചിരുന്നു. ഇതിന് പുറമേ കഴിഞ്ഞ വർഷം മുഴുവൻ ട്രംംപിന്റെ തീവ്ര വലതുപക്ഷ ആശയങ്ങൾ സമൂഹമാധ്യമത്തിലൂടെ മസ്ക് പ്രചരിച്ചിരുന്നു. ഈയടുത്തായി മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലെല്ലാം പലപ്പോഴായി ഡോജിന്റെ പോരായ്മകളെക്കുറിച്ച് മസ്ക് പരാമർശിച്ചിരുന്നു.

content summary: Elon Musk, one of Trump’s close allies, steps down from his position in the Trump administration to focus on his business

Leave a Reply

Your email address will not be published. Required fields are marked *

×