July 04, 2026 |
Share on

വെള്ളാപ്പള്ളി യുഗത്തിന്റെ അസ്തമയം: അധികാരക്കസേരയില്‍ നിന്ന് കോടതി പുറത്താക്കുമ്പോള്‍

ഒരു കാലഘട്ടത്തിന് നിയമം നല്‍കിയ കനത്ത പ്രഹരമാണിത്

കേരളത്തിലെ ഏറ്റവും വലിയ സമുദായ സംഘടനയായ എസ്.എന്‍.ഡി.പി യോഗത്തിന്റെ അമരത്തുനിന്ന് വെള്ളാപ്പള്ളി നടേശനെയും ഭരണസമിതിയെയും പുറത്താക്കിയ ഹൈക്കോടതി വിധി ഒരു വ്യക്തിയുടെ പതനം മാത്രമല്ല, മറിച്ച് ദശകങ്ങള്‍ നീണ്ട ഒരു അധികാര കേന്ദ്രീകരണത്തിന്റെ അന്ത്യം കൂടിയാണ്.

2013 മുതല്‍ തുടര്‍ച്ചയായ മൂന്ന് വര്‍ഷം വാര്‍ഷിക കണക്കുകളും റിട്ടേണുകളും സമര്‍പ്പിക്കുന്നതില്‍ ഭരണസമിതി ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് ജസ്റ്റിസ് ടി.ആര്‍. രവിയുടെ ബെഞ്ച് കണ്ടെത്തിയത്. കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയ്ക്ക് ഇത്തരം വീഴ്ചകള്‍ അയോഗ്യതയ്ക്ക് കാരണമാകുന്നു. വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് എം.എന്‍. സോമന്‍, വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവരടക്കം മുഴുവന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും കോടതി അയോഗ്യരാക്കി. എം.കെ. സാനു നയിച്ച ധാര്‍മ്മിക പോരാട്ടമാണ് ചരിത്രപരമായ വിധിക്ക് വഴിതുറന്നത്.

വിവാദങ്ങളുടെ തോഴന്‍

വെള്ളാപ്പള്ളി നടേശന്റെ രാഷ്ട്രീയ നിലപാടുകളും വ്യക്തിപരമായ ഇടപെടലുകളും പലപ്പോഴും കേരള സമൂഹത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. വെള്ളാപ്പള്ളി നടേശനെതിരെ ഉയര്‍ന്ന ഏറ്റവും വലിയ ആരോപണം മൈക്രോഫിനാന്‍സ് തട്ടിപ്പാണ്. പാവപ്പെട്ട സമുദായ അംഗങ്ങളായ സ്ത്രീകളെ മുന്‍നിര്‍ത്തി കുറഞ്ഞ പലിശയ്ക്ക് ബാങ്ക് വായ്പയെടുത്ത് അത് ഉയര്‍ന്ന പലിശയ്ക്ക് മറിച്ചുനല്‍കുകയും, കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടത്തുകയും ചെയ്തുവെന്നതാണ് കേസ്. 2003 മുതല്‍ 2014 വരെയുള്ള കാലഘട്ടത്തില്‍ മൈക്രോഫിനാന്‍സ് പദ്ധതി വഴി 15.85 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നാണ് പ്രധാന ആരോപണം.

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ നിന്ന് 13 ശതമാനം പലിശയ്ക്ക് ലഭിച്ച വായ്പ എസ്എന്‍ഡിപി യൂണിയന്‍ ശാഖകള്‍ വഴി 16 ശതമാനം വരെ പലിശ ഈടാക്കി ഗുണഭോക്താക്കള്‍ക്ക് നല്‍കി. ഈ അധിക പലിശ മറ്റു കാര്യങ്ങള്‍ക്കായി വിനിയോഗിച്ചു എന്നതായിരുന്നു ആരോപണം. വായ്പകള്‍ നല്‍കുന്നതിനായി ലഭിച്ച തുക കൃത്യമായി ഗുണഭോക്താക്കളിലേക്ക് എത്തിച്ചില്ല. പകരം, മറ്റ് സാമ്പത്തിക കാര്യങ്ങള്‍ക്കായി ഈ ഫണ്ട് വകമാറ്റി ഉപയോഗിച്ചുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫണ്ടുകള്‍ യഥാര്‍ത്ഥ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് കാണിക്കാന്‍ വ്യാജ യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചു. ഇത് പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നടന്നതെന്ന ആരോപണവുമുണ്ട്. കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കിയതിന് പുറമേ, മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, എന്‍.എന്‍. സോമന്‍ തുടങ്ങിയ പ്രമുഖരെയും പ്രതിചേര്‍ത്തിരുന്നു. കേസില്‍ മൂന്നാം പ്രതിയായിരുന്ന കെ.കെ. മഹേശനെ 2020ല്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത് കേസിന്റെ ഗൗരവം വര്‍ദ്ധിപ്പിച്ചു.

മൈക്രോഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ചുള്ള പരാതി ഉയര്‍ന്നത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനില്‍ നിന്നായിരുന്നു. പ്രതിപക്ഷ നേതാവായിരിക്കെ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് ഈ വിഷയത്തെ നിയമ നടപടികളിലേക്ക് എത്തിച്ചത്. വെള്ളാപ്പള്ളിക്ക് ഇതിരായ ഈ ഗുരുതര ആരോപണം അദ്ദേഹത്തിന്റെ പ്രതിച്ഛായയ്ക്ക് ഏറ്റ വലിയ തിരിച്ചടിയായിരുന്നു.

ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വേണ്ടത്ര പുരോഗതി ഉണ്ടായില്ലെന്ന് പ്രതിപക്ഷവും ആരോപിച്ചിരുന്നു.
വെള്ളാപ്പള്ളി നടേശനെതിരെയുള്ള കേസ് വൈകിപ്പിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന ആരോപണങ്ങള്‍ പോലും പല ഘട്ടങ്ങളിലും ഉയര്‍ന്നുവന്നു. വിജിലന്‍സ് അന്വേഷണ സംഘം കേസില്‍ പലപ്പോഴും വെള്ളാപ്പള്ളി നടേശന് ക്ലീന്‍ ചിറ്റും നല്‍കി. എന്നാല്‍, ഈ റിപ്പോര്‍ട്ടുകള്‍ ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണം വേഗത്തിലാക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. 2024 ല്‍ വിജിലന്‍സ് അന്വേഷണം അവസാന ഘട്ടത്തിലെത്തിച്ചതായും, ഫണ്ടുകള്‍ സര്‍ക്കാരിന് തിരികെ നല്‍കിയതിനാല്‍ തട്ടിപ്പ് നടന്നതായി കണ്ടെത്താനായിട്ടില്ല എന്നും റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍, തട്ടിപ്പ് നടന്നില്ലെങ്കില്‍ എന്തിനാണ് ഫണ്ട് തിരിച്ചടച്ചത് എന്ന ചോദ്യം ഈ വിഷയത്തില്‍ ഇനിയും ഉത്തരം കിട്ടാത്ത ഒന്നായി അവശേഷിക്കുന്നു.

പിണറായി- വെള്ളാപ്പള്ളി അവിശുദ്ധ കൂട്ടുകെട്ട്

കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരുമായി വെള്ളാപ്പള്ളി നടേശന്‍ പുലര്‍ത്തിവരുന്ന അമിത അടുപ്പം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. എസ്എന്‍ഡിപിയെ 30 വര്‍ഷം നയിക്കുക കുമാരനാശാന് പോലും കഴിയാത്ത കാര്യം എന്നായിരുന്നു വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിയെ പുകഴ്ത്തിയത്. മലപ്പുറത്ത് എസ്എന്‍ഡിപിക്ക് സ്‌കൂളുകളോ കോളേജുകളോ നിര്‍മിക്കാനുള്ള സര്‍ക്കാര്‍ അനുമതി ഇല്ലെന്ന വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശവും സമൂഹത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ വെള്ളാപ്പള്ളി നില്‍ക്കുമ്പോഴാണ് ആശാനും മുകളില്‍ മുഖ്യമന്ത്രി നടേശനെ പ്രതിഷ്ഠിച്ചത്. മുഖ്യമന്ത്രിയുടെ ഈ പുകഴ്ത്തല്‍ വെള്ളാപ്പള്ളിയെ സന്തോഷിപ്പിക്കാനും വോട്ട് ബാങ്കിലൂടെ പ്രത്യുപകാരം പ്രതീക്ഷിച്ചുകൊണ്ടുമായിരിക്കും. എന്നാല്‍ ശ്രീനാരായണ ധര്‍മപരിപാല യോഗം അതിന്റെ ധര്‍മം നിര്‍വഹിച്ചിരുന്നത് ഇത്തരം സ്വാര്‍ത്ഥതാത്പര്യങ്ങളോടെ ആയിരുന്നില്ലെന്ന് വെള്ളാപ്പള്ളി പിണറായിയും മനസിലാക്കേണ്ടതായിരുന്നു.

കഴിഞ്ഞ കാലങ്ങളിലത്രയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ മൃദുസമീപനം എന്തും പറയാമെന്നുള്ള വെള്ളാപ്പള്ളിയുടെ മനോഭാവത്തിന് ഒരു സംരക്ഷണ കവചമായിരുന്നു. ഗുരുദേവ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനേക്കാള്‍ ഉപരിയായി, സര്‍ക്കാരിന്റെ വിവിധ കമ്മിറ്റികളിലും നവോത്ഥാന സമിതികളിലും വെള്ളാപ്പള്ളിക്ക് അമിത പ്രാധാന്യം നല്‍കിയത് യഥാര്‍ത്ഥ നവോത്ഥാന നായകരോടുള്ള അവഹേളനമാണെന്ന വിമര്‍ശനവും ശക്തമായിരുന്നു.

പത്മപുരസ്‌കാരത്തിലും വിവാദം

പത്മ പുരസ്‌കാരങ്ങളെ ഒരുകാലത്ത് പരസ്യമായി പുച്ഛിച്ച വെള്ളാപ്പള്ളിക്ക് പത്മഭൂഷണ്‍ ലഭിച്ചത് വലിയ വൈരുദ്ധ്യമായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിക്ക് പുരസ്‌കാരം നല്‍കിയതിനെതിരെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ലഭിച്ച പരാതിയും തുടര്‍ന്നുണ്ടായ അന്വേഷണ നിര്‍ദ്ദേശവും വെള്ളാപ്പള്ളിയുടെ നിലപാടില്ലായ്മയ്ക്ക് മേലുള്ള ചോദ്യം ചെയ്യപ്പെടലാണ്.

എസ്എന്‍ഡിപിക്കും ബാധ്യതയായ നേതൃത്വം

പതിറ്റാണ്ടുകളായി എസ്.എന്‍.ഡി.പി യോഗത്തെ സ്വന്തം തറവാട് പോലെ കൊണ്ടുനടന്ന വെള്ളാപ്പള്ളി, പ്രസ്ഥാനത്തെ രാഷ്ട്രീയ ലാഭങ്ങള്‍ക്കും കുടുംബ താല്പര്യങ്ങള്‍ക്കുമായി പണയപ്പെടുത്തി. ഇടതുപക്ഷ സര്‍ക്കാരിനോടുള്ള മൃദുസമീപനത്തിലൂടെ സ്വന്തം ബിസിനസ് താല്പര്യങ്ങളും സാമ്പത്തിക ക്രമക്കേടുകളും സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഒരു വശത്ത് ഈഴവ സമുദായത്തിന്റെ അനിഷേധ്യ നേതാവായി സ്വയം അവരോധിക്കുമ്പോഴും, സാധാരണക്കാരെ ചൂഷണം ചെയ്യുന്നതും വര്‍ഗ്ഗീയത ഇളക്കിവിടുന്നതുമായ നിലപാടുകള്‍ അദ്ദേഹത്തെ കേരള പൊതുസമൂഹത്തിന് തന്നെ ഒരു അധികബാധ്യതയാക്കി മാറ്റി.

ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു പ്രസ്ഥാനം കുടുംബവാഴ്ചയിലേക്കും അഴിമതിയിലേക്കും വഴുതിവീണപ്പോള്‍ കോടതി നടത്തിയ ഈ തിരുത്തല്‍ നടപടി ചരിത്രപരമാണ്. അധികാരവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് എത്രകാലം പിടിച്ചുനിന്നാലും നീതിക്ക് മുന്നില്‍ കണക്കുപറയേണ്ടി വരുമെന്ന് ഈ വിധി ഓര്‍മ്മിപ്പിക്കുന്നു. പുതിയ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് വരുമ്പോള്‍, എസ്.എന്‍.ഡി.പി യോഗം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങളിലേക്കും മൂല്യബോധത്തിലേക്കും തിരിച്ചുവരുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്.

Content Summary: End of the vellappally era; Kerala High Court removes Vellappally Natesan from SNDP leadership

Leave a Reply

Your email address will not be published. Required fields are marked *

×