UPDATES

കേന്ദ്ര സര്‍ക്കാരിന്റെ ‘ദുരന്ത രാഷ്ട്രീയം’; കേരളത്തിനെതിരേ ലേഖനമെഴുതിക്കാന്‍ വിദഗ്ധരെ തേടി

പുറത്തു കൊണ്ടു വന്നത് ദ ന്യൂസ് മിനിട്ട്

                       

400 -ലധികം പേരുടെ ജീവനെടുത്ത വയനാട് ഉരുൾപൊട്ടലിന്റെ ആഘാതത്തിലാണ് കേരളം. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യങ്ങളും സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നായി ഉയരുന്നുണ്ട്. എന്നാൽ അതേ സമയം കേന്ദ്രം, സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ ശാസ്ത്രജ്ഞരെ സജ്ജമാക്കുകയാണെന്ന് ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിനെ വിമർശിച്ച് ലേഖനങ്ങൾ എഴുതാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ വിവിധ വ്യക്തികളെ സമീപിച്ചതായും അവർക്ക് ഒരു ഡോസിയറിൽ വിവരങ്ങൾ കൈ മാറിയതായും ന്യൂസ് മിനിറ്റ് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. Ministry of Environment seeks scientists to criticize Kerala

ദുരന്തമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം പാർലമെൻ്റിൽ സംസാരിച്ച ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തെ കടന്നാക്രമിച്ചിരുന്നു. വിഷയത്തിൽ കേരള സർക്കാരുമായി ഏറ്റുമുട്ടൽ നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്. പാറമടയുമായി ബന്ധപ്പെട്ട കേരള സർക്കാരിൻ്റെ തെറ്റായ നയങ്ങൾ മണ്ണിടിച്ചിലിന് കാരണമായെന്ന തരത്തിൽ ലേഖനങ്ങൾ എഴുതാനാണ് പരിസ്ഥിതി മന്ത്രാലയം, ശാസ്ത്രജ്ഞരെയും ഗവേഷകരെയും അടിയന്തിരമായി അന്വേഷിച്ചിരുന്നത്. ഇതിനായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ നിന്ന് (PIB) നിന്ന് മൂന്ന് വ്യക്തികളെ ബന്ധപ്പെട്ടിരുന്നു. ഈ വ്യക്തികളുമായി സംസാരിച്ച ന്യൂസ് മിനിറ്റ് വിവരം സ്ഥിരീകരിച്ചു. അത്തരം ലേഖനങ്ങൾ എഴുതാൻ തയ്യാറുള്ള ശാസ്ത്രജ്ഞരുടെയോ ഗവേഷകരുടെയും പത്രപ്രവർത്തകരുടെയും കോൺടാക്റ്റുകൾ തേടിയാണ് പിബിഐ ഇവരെ ബന്ധപ്പെട്ടത്.

കേരളത്തിലെ ക്വാറിയുടെ പ്രശ്നത്തെക്കുറിച്ചുള്ള മുൻകാല വാർത്തകളുടെ ലിങ്കുകൾ അടങ്ങിയ ഒരു വേഡ് ഡോക്യുമെൻ്റും ഇതോടൊപ്പം പ്രചരിച്ചിരുന്നു. മന്ത്രാലയമാണോ പിഐബിയാണോ ഡോസിയർ തയ്യാറാക്കിയതെന്ന് വ്യക്തമല്ല. ക്വാറികളുടെ പ്രവർത്തനവും, ഖനനവും തടയുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ച പറ്റിയെന്നും, ഇത് വയനാട് ദുരന്തത്തിലേക്ക് നയിച്ചുവെന്നും ലേഖനത്തിൽ ഉൾപ്പെടുത്താൻ നിർദേശിക്കുന്നുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങളിൽ നിന്നുള്ള ഏഴോളം വാർത്താ ലേഖനങ്ങളാണ് ഈ ഡോസിയറിൽ ഉള്ളത്. പരിസ്ഥിതി ആഘാത വിലയിരുത്തലുകളില്ലാതെ ക്വാറി പെർമിറ്റ് നൽകുന്നത്, അനുവദനീയമല്ലാത്ത ക്വാറികളുടെ എണ്ണം, മണ്ണിടിച്ചിലുകളും ക്വാറികളും തമ്മിലുള്ള ബന്ധം എന്നിങ്ങനെ എഴുത്തുകാർ ലേഖനത്തിൽ ഊന്നിപ്പറയേണ്ട നിരവധി പോയിൻ്റുകളും ഇതിൽ പരാമർശിക്കുന്നുണ്ട്. 2018ലെ വെള്ളപ്പൊക്കത്തിന് ശേഷം ഖനന നയത്തിനുള്ള ശുപാർശകൾ കേരളം അവഗണിച്ചതും ക്വാറി പെർമിറ്റ് വർധിപ്പിച്ചെന്നും ഇതിൽ എഴുതി ചേർക്കാൻ കേന്ദ്രം ആവശ്യപ്പെടുന്നുണ്ട്.

കേന്ദ്രസർക്കാരിൻ്റെ പക്കൽ വ്യക്തമായ തെളിവുകളുണ്ടെങ്കിൽ, നിഴൽ യുദ്ധത്തിന് പകരം അത് പുറത്തുവിടണമെന്ന് മന്ത്രാലയത്തിന്റെ കോൾ സ്വീകരിച്ച ഒരാൾ പറഞ്ഞു. ഉരുൾപൊട്ടലുകൾക്ക് വഴി വയ്ക്കുന്നത് ക്വാറികളുടെ പ്രവർത്തനമാണെന്ന് അടിവരയിട്ട് പറയാൻ ശാസ്ത്രീയമായ തെളിവുകളില്ലാത്ത പക്ഷം മിക്ക ശാസ്ത്രജ്ഞരും ഈ വിഷയത്തെക്കുറിച്ച് എഴുതാൻ തയ്യാറാവില്ലെന്ന് മറ്റൊരാളും ചൂണ്ടികാണിക്കുന്നു. വയനാട്ടിലെ പരിസ്ഥിതി ലോലമായ പ്രദേശങ്ങൾക്ക് മതിയായ സംരക്ഷണം ഒരുക്കി നൽകാത്ത നടപടി വിമർശിക്കപ്പെണ്ടതുണ്ട്. എന്നാൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും തുടരുന്ന ഈ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ നീക്കം അപലപനീയമാണ്.

അതേ സമയം ഉരുൾപൊട്ടൽ അപകടസാധ്യതകൾ കുറയ്ക്കുന്നതിനുള്ള ഭൂപടങ്ങൾ തയ്യാറാക്കുന്നതിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന മെല്ലെപോക്ക് നയം വിശകലനം ചെയ്യാൻ കേരളം വിദഗ്ധരോട് ആവശ്യപ്പെട്ടതായും ന്യൂസ്‌മിനിറ്റ് റിപ്പോർട്ടിൽ പറയുന്നു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) കണക്കനുസരിച്ച്, മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കുന്നതിനുള്ള ഭൂപടങ്ങൾ ഖനനവകുപ്പ് ആണ് തയ്യാറാക്കേണ്ടത്. എന്നാൽ ഇതുവരെയും ഭൂപടം സംസ്ഥാനത്തിന് ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഭൂപടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.

വിദഗ്ധരുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കും കേരളം തുടർ നടപടികൾ സ്വീകരിക്കുക. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾ കാണിക്കുന്ന ഭൂപടങ്ങൾ സൃഷ്ടിക്കാൻ കേന്ദ്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കാൻ കോടതിയെയും സമീപിച്ചേക്കും. കേന്ദ്രസർക്കാരിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ സർക്കാർ ശ്രദ്ധ നൽകുമ്പോൾ മറുവശത്ത് ഓപ്പൺ ഡാറ്റാ നയം കേരളം നടപ്പാക്കാത്തതിനെ കുറിച്ച് സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് കോൺഗ്രസ്. ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനിടെ സർക്കാർ ഏതാനും ഭൂപടങ്ങൾ രക്ഷാപ്രവർത്തകരുമായി പങ്കുവെച്ചതായി സ്ഥലത്തെ വൃത്തങ്ങൾ പറയുന്നു. അപകടസാധ്യതയുള്ള പ്രദേശങ്ങളെ തരംതിരിക്കുന്ന ഈ ഭൂപടങ്ങൾ രക്ഷാപ്രവർത്തകർക്ക് സഹായകമായിരുന്നു. എന്തുകൊണ്ടാണ് സർക്കാർ ഈ ഡാറ്റ പ്രയോജനപ്പെടുത്താത്തതെന്നും ഓപ്പൺ ഡാറ്റ പോളിസി നടപ്പാക്കാത്തതെന്നും ചോദ്യം ചെയ്യാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്. Ministry of Environment seeks scientists to criticize Kerala

Content summary; Environment Ministry seeks scientists to criticize Kerala government on behalf of Wayanad landslide

Share on

മറ്റുവാര്‍ത്തകള്‍