ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നുവെന്ന വിവാദം നേടിരുന്ന പശ്ചാത്തലത്തില്‍, ഇന്ത്യയില്‍ നടക്കുന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയില്‍ നിന്ന് ബില്‍ ഗേറ്റ്‌സ് പിന്മാറി. മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്‌സ്, തന്റെ ഫൗണ്ടേഷന്‍ വഴി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാമൂഹിക നന്മയ്ക്കായി ഉപയോഗിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി ഈ ആഴ്ചയുടെ തുടക്കത്തിലാണ് ഇന്ത്യയിലെത്തിയത്. ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തൊട്ടുപിന്നാലെ അദ്ദേഹം സംസാരിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വ്യാഴാഴ്ച രാവിലെ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ഇന്ത്യയിലെ അതിസമ്പന്നനായ മുകേഷ് അംബാനി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം പെട്ടെന്ന് പിന്മാറുകയായിരുന്നു.
ഉച്ചകോടിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിയാതിരിക്കാനാണ് ബില്‍ ഗേറ്റ്‌സ് പ്രസംഗത്തില്‍ നിന്ന് മാറിനില്‍ക്കുന്നതെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ 48 മണിക്കൂര്‍ മുമ്പ് വരെ അദ്ദേഹം നിശ്ചയിച്ചതുപോലെ പ്രസംഗിക്കുമെന്ന് ഫൗണ്ടേഷന്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു. ജനുവരി അവസാനം പുറത്തുവന്ന എപ്സ്റ്റീന്‍ ഫയലുകള്‍ പേര് വന്നതിന്റെ വിവാദങ്ങള്‍ വീണ്ടും ശക്തമാക്കിയതാണ് ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്നതില്‍ ഖേദിക്കുന്നതായി ഗേറ്റ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു. റഷ്യന്‍ യുവതികളുമായുള്ള സമ്പര്‍ക്കത്തിന് ശേഷം അന്നത്തെ ഭാര്യയില്‍ നിന്ന് താന്‍ ലൈംഗികരോഗം ഒളിച്ചുവെച്ചു എന്നതടക്കമുള്ള പുതിയ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. എപ്സ്റ്റീനുമായി ചെലവഴിച്ച ഓരോ നിമിഷവും താന്‍ ഖേദിക്കുന്നുവെന്ന് ഈ മാസം ആദ്യം ഒരു ഓസ്ട്രേലിയന്‍ വാര്‍ത്താ ഏജന്‍സിയോട് അദ്ദേഹം പറഞ്ഞിരുന്നു. ലൈംഗിക അതിക്രമക്കേസുകളില്‍ വിചാരണ നേരിടാനിരിക്കെ 2019 ഓഗസ്റ്റിലാണ് എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തത്.
ബില്‍ ഗേറ്റ്‌സിന്റെ മുന്‍ഭാര്യ മെലിന്‍ഡ ഫ്രഞ്ച് ഗേറ്റ്‌സും ഈ വിവാദങ്ങളില്‍ പ്രതികരിച്ചിട്ടുണ്ട്. പുതിയ ഫയലുകള്‍ പുറത്തുവന്നത് തന്റെ വിവാഹജീവിതത്തിലെ വേദനിപ്പിക്കുന്ന ഓര്‍മ്മകളെ തിരികെ കൊണ്ടുവന്നുവെന്നും, ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടത് തന്റെ മുന്‍ഭര്‍ത്താവാണെന്നും അവര്‍ എന്‍പിആറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഗേറ്റ്‌സ് പിന്മാറിയെങ്കിലും ഇന്ത്യയിലെ ആരോഗ്യ-വികസന പ്രവര്‍ത്തനങ്ങളില്‍ ഫൗണ്ടേഷന്‍ പൂര്‍ണ്ണമായി സഹകരിക്കുമെന്നും ഫൗണ്ടേഷന്റെ ആഫ്രിക്ക-ഇന്ത്യ വിഭാഗം പ്രസിഡന്റ് അങ്കുര്‍ വോറ ഉച്ചകോടിയില്‍ പ്രതിനിധിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഡല്‍ഹിയില്‍ നടക്കുന്ന എഐ ഉച്ചകോടിയില്‍ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാന്‍, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ തുടങ്ങിയ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. എഐ സാങ്കേതികവിദ്യ സ്വീകരിക്കാത്ത രാജ്യങ്ങള്‍ പിന്നിലാകാന്‍ സാധ്യതയുണ്ടെന്ന് ഓപ്പണ്‍ എഐയില്‍ പ്രവര്‍ത്തിക്കുന്ന ബ്രിട്ടീഷ് മുന്‍ ചാന്‍സലര്‍ ജോര്‍ജ്ജ് ഓസ്ബോണ്‍ മുന്നറിയിപ്പ് നല്‍കി. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഉച്ചകോടിയില്‍ സംസാരിക്കുകയും രാഷ്ട്രീയ നേതാക്കള്‍ എഐ രംഗത്ത് കൂടുതല്‍ ധീരമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം, എഐയുടെ ഭാവി ചുരുക്കം ചില ശതകോടീശ്വരന്മാരുടെ താല്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കരുതെന്ന് യുഎന്‍ മേധാവി അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നല്‍കി. ഈ സാങ്കേതികവിദ്യ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനായി 300 കോടി ഡോളറിന്റെ ആഗോള ഫണ്ട് രൂപീകരിക്കാന്‍ അദ്ദേഹം സാങ്കേതികവിദഗ്ധരോട് ആവശ്യപ്പെട്ടു.
Content Summary: Epstein Files controversy; Bill Gates cancels keynote speech in india ai impact summit. He face questions over his relationship with Epstein
This post was last modified on February 19, 2026 11:40 am
Leave a Comment