അനില് അംബാനി മോദി സര്‍ക്കാരിന്റെ അനൗദ്യോഗിക മധ്യസ്ഥനോ? ഇതിലേക്ക് വെളിച്ചം വീശുന്നതാണ് ജെഫ്രി എപ്സ്റ്റീന്‍ ഫയല്‍സിന്റെ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട ഭാഗങ്ങളിലെ രേഖകള്‍. ആത്മഹത്യ ചെയ്ത ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയുമായുണ്ടായിരുന്ന ബന്ധം വെളിപ്പെടുത്തുന്ന ആശയവിനിമയങ്ങളുള്ള രേഖകളാണ് ഈ സംശയത്തിന് വഴിതുറക്കുന്നത്.
മോദി സര്‍ക്കാരിന്റെ ബാക്ക് ചാനലായി(അനൗദ്യോഗിക മധ്യസ്ഥന്‍) അനില്‍ അംബാനി സ്വയം നിലയുറപ്പിച്ചിരുന്നു എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ അദ്ദേഹത്തിന് അത്തരമൊരു അധികാരം ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തതയില്ല. 2017-നും 2019-നും ഇടയില്‍ എപ്സ്റ്റീനും അനില്‍ അംബാനിയും നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി ഈ ഫയലുകള്‍ വ്യക്തമാക്കുന്നു. അമേരിക്കന്‍, ഇന്ത്യന്‍ സര്‍ക്കാരുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനായി എപ്സ്റ്റീന്‍ വിവിധ സ്റ്റേക്ക്ഹോള്‍ഡര്‍മാരുമായി ആശയവിനിമയം നടത്തുന്നതും രേഖകളിലുണ്ട്.
2019 മാര്‍ച്ചിനും ജൂലൈയ്ക്കും ഇടയില്‍, എപ്സ്റ്റീനും അനില്‍ അംബാനിയും വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു, അവയില്‍ ചിലത് ഇന്ത്യന്‍ ഭരണ നേതൃത്വത്തില്‍ നിന്നുള്ള അഭ്യര്‍ത്ഥനകളായിട്ടാണ് അനില്‍ അംബാനി അവതരിപ്പിക്കുന്നത്. ഇന്ത്യയില്‍ ട്രംപിന്റെ അംബാസഡറായി ഒരാളെ നിശ്ചയിക്കുന്നതിലെ മുന്‍ഗണന, ട്രംപിന്റെ അടുത്ത വൃത്തത്തിലുള്ള പ്രധാന ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള അവസരം, ട്രംപ് അധികാരമേറ്റ ശേഷം പ്രധാനമന്ത്രി മോദിയുടെ ആദ്യ യുഎസ് സന്ദര്‍ശനത്തിനുള്ള തീയതികള്‍ നല്‍കാന്‍ യുഎസിനോടുള്ള അഭ്യര്‍ത്ഥന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എപ്സ്റ്റീന്‍ അനിലിനെ ഗൗരവത്തോടെ എടുക്കുകയും ട്രംപ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരില്‍ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന വിവരങ്ങളും ഉപദേശങ്ങളും കൈമാറുകയും ചെയ്തു. എന്നാല്‍, അനില്‍ അംബാനി യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടിയാണ് സംസാരിച്ചതെന്നതിന് എപ്സ്റ്റീന്റെ ഭാഗത്തുനിന്നോ ഫയലുകളിലെ മറ്റ് ഉറവിടങ്ങളില്‍ നിന്നോ ഉള്ള സ്ഥിരീകരണങ്ങളില്ല.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന സാമ്പത്തിക ഉപദേഷ്ടാവും, സോഷ്യലെറ്റും, ലോബിയിസ്റ്റും, ഫിക്‌സറുമായിരുന്നു അന്തരിച്ച ജെഫ്രി എപ്സ്റ്റീന്‍. തന്റെ കണ്ണിയിലുള്ള അധികാരവും സമ്പത്തുമുള്ളവര്‍ക്കായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉള്‍പ്പെടെ ലൈംഗികക്കടത്ത് നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളി കൂടിയാണ് ജെഫ്രി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികവൃത്തിക്ക് പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായതിന് പിന്നാലെ, 2019 ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. ഈ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനിടെ എപ്സ്റ്റീന്റെ എസ്റ്റേറ്റില്‍ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) കണ്ടെടുത്ത ദശലക്ഷക്കണക്കിന് രേഖകള്‍ അമേരിക്കന്‍ നീതിന്യായ വകുപ്പ് ഘട്ടം ഘട്ടമായി പുറത്തുവിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ യുഎസ് കോണ്‍ഗ്രസ് ‘എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്ട്’ പാസാക്കിയതിനെത്തുടര്‍ന്നാണ് ഗവണ്‍മെന്റ് ഈ രേഖകള്‍ പുറത്തുവിടാന്‍ നിര്‍ബന്ധിതമായത്.
അനില്‍ അംബാനിയും എപ്സ്റ്റീനും നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും സ്വതന്ത്ര ബിസിനസ് ബന്ധം പുലര്‍ത്തിയിരുന്നതായും രേഖകളില്‍ കാണാം. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ എഹൂദ് ബരാക്കുമായി ബന്ധം സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലൂടെ തന്റെ പ്രതിരോധ ബിസിനസ് വിപുലീകരിക്കാന്‍ അനില്‍ എപ്സ്റ്റീന്റെ സഹായം തേടി. വ്യവസായികള്‍, നയതന്ത്രജ്ഞര്‍, യുഎസ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി അനിലിന് തന്ത്രപരമായ ബന്ധമുണ്ടാക്കാന്‍ എപ്സ്റ്റീന്‍ തന്റെ വലിയ സ്വാധീനവലയം ഉപയോഗിച്ചു. 2019-ല്‍, അനില്‍ അംബാനി പാപ്പരത്ത നിയമത്തിന്റെ പിടിയിലായപ്പോള്‍, ബാങ്ക്‌റപ്സി പ്രൂഫ് അറേഞ്ച്‌മെന്റിലൂടെ 750 മില്യണ്‍ യുഎസ് ഡോളര്‍ വ്യക്തിഗത വായ്പ എങ്ങനെ സമാഹരിക്കാമെന്നതിനെ സംബന്ധിച്ച് എപ്സ്റ്റീന്റെ ഉപദേശം തേടിയിരുന്നു.
ഇരുവരും തമ്മിലുള്ള ബന്ധം അനൗദ്യോഗികവും സൗഹൃദപരവുമായിരുന്നു. എപ്സ്റ്റീന്‍ അംബാനിയുടെ അമ്മയ്ക്ക് കത്തെഴുതുകയും, ന്യൂയോര്‍ക്കിലുള്ള അംബാനിയുടെ മകനെ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.
എപ്സ്റ്റീന്‍ ഫയലുകളെ അടിസ്ഥാനമാക്കി, അനിലുമായി എപ്സ്റ്റീന്‍ നടത്തിയ ഇടപാടുകളുടെ വിശദമായ വിവരണമാണ് താഴെ നല്‍കുന്നത്. ഈ വിഷയത്തില്‍ പ്രതികരണത്തിനായി ഞങ്ങള്‍ അനില്‍ അംബാനിയെയും റിലയന്‍സ് ഗ്രൂപ്പ് വക്താക്കളെയും, കൂടാതെ പ്രധാനമന്ത്രിയുടെ ഓഫീസിലെയും വിദേശകാര്യ മന്ത്രാലയത്തിലെയും വക്താക്കളെ ബന്ധപ്പെട്ടിട്ടുണ്ട്. പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് അത് വാര്‍ത്തയില്‍ ഉള്‍പ്പെടുത്തുന്നതാണ്.
ബിസിനസ് കുതിപ്പിനിടയിലെ പരിചയപ്പെടല്‍
ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ ഡിപി വേള്‍ഡ് തലവന്‍, എമിറാത്തി വ്യവസായി സുല്‍ത്താന്‍ ബിന്‍ സുലായം വഴിയാണ് 2017-ന്റെ തുടക്കത്തില്‍ അനില്‍ അംബാനി എപ്സ്റ്റീനെ പരിചയപ്പെട്ടതെന്ന് കരുതപ്പെടുന്നു. ഫയലുകള്‍ പ്രകാരം, സുലായം എപ്സ്റ്റീന്റെ അടുത്ത സഹകാരിയും വിശ്വസ്തനുമായിരുന്നു. എപ്സ്റ്റീന്റെ മരണം വരെ ഏകദേശം ഒരു പതിറ്റാണ്ടോളം നീണ്ടുനിന്ന ബന്ധമായുരുന്നു അവരുടേത്.
2017 ഫെബ്രുവരി 20-നാണ് അനില്‍ അംബാനി ആദ്യമായി ഈ ഫയലുകളില്‍ പ്രത്യക്ഷപ്പെടുന്നത്. എപ്സ്റ്റീന്‍ സുലായത്തിനോട് ‘അംബാനിക്ക് മത്സ്യം വേണോ?’ എന്ന് ചോദിക്കുന്നു. ‘അദ്ദേഹം വെജിറ്റേറിയനാണ്, ഒരു തരത്തിലുള്ള മാംസവും കഴിക്കില്ല’ എന്നായിരുന്നു ഇതിന് ലഭിച്ച മറുപടി.
തുടര്‍ന്ന്, എപ്സ്റ്റീന്‍ ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരന്‍ ദീപക് ചോപ്രയെ ബന്ധപ്പെടുകയും അദ്ദേഹത്തിന് അനിലിനെ അറിയാമോ എന്ന് ചോദിക്കുകയും ചെയ്തു. അറിയാമെന്ന് ചോപ്ര മറുപടി നല്‍കി. പിറ്റേന്ന് താന്‍ അനിലിനെ കാണുന്നുണ്ടെന്ന് പറഞ്ഞ എപ്സ്റ്റീന്‍, അദ്ദേഹത്തെക്കുറിച്ച് എന്തെങ്കിലും അഭിപ്രായങ്ങളോ നിരീക്ഷണങ്ങളോ ഉണ്ടോ എന്ന് ചോപ്രയോട് ചോദിക്കുന്നുണ്ട്.
അംബാനി കുടുംബം അതിസമ്പന്നരാണെന്നും പ്രശസ്തിയില്‍ താല്പര്യമുള്ളവരാണെന്നും സെലിബ്രിറ്റി സംസ്‌കാരത്തില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണെന്നും ചോപ്ര മറുപടി നല്‍കി. അനിലിന്റെ സഹോദരന്‍ (മുകേഷ്) മുംബൈയില്‍ ഒരു വീട് നിര്‍മ്മിക്കാന്‍ രണ്ടു ബില്യണ്‍ യുഎസ് ഡോളര്‍ ചെലവഴിച്ചതായും, ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു. സഹോദരങ്ങള്‍ തമ്മില്‍ അത്ര ചേര്‍ച്ചയിലല്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിന് ശേഷം, 2017 ഫെബ്രുവരി 22-ന് എപ്സ്റ്റീന്‍ ഫ്രാന്‍സില്‍ വെച്ച് അനിലിനെ കണ്ടുമുട്ടിയിരിക്കാനാണ് സാധ്യത.
അനില്‍ അന്ന് പാരീസില്‍ വെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്‍ഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എപ്സ്റ്റീന്റെ ഇമെയിലുകള്‍ പ്രകാരം അദ്ദേഹവും ആ സമയത്ത് ഫ്രാന്‍സിലുണ്ടായിരുന്നു.
ഫെബ്രുവരി 23-ന് രാവിലെ, സുലായത്തില്‍ നിന്ന് അനിലിന്റെ കോണ്‍ടാക്റ്റ് വിവരങ്ങള്‍ ലഭിച്ച ശേഷം എപ്സ്റ്റീന്‍ അദ്ദേഹത്തെ ബന്ധപ്പെട്ടു. ‘സുല്‍ത്താന്റെ ഫാമിലിയിലെ മറ്റൊരാളെ കൂടി കണ്ടുമുട്ടിയതില്‍ എനിക്ക് എത്രമാത്രം സന്തോഷമുണ്ടെന്ന് അറിയിക്കാന്‍ ഞാന്‍ ഒരു ഇമെയില്‍ അയച്ചിരുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് എപ്സ്റ്റീന്‍ സന്ദേശം തുടങ്ങിയത്. ‘നന്ദി. നിങ്ങളെ കണ്ടതില്‍ സന്തോഷം. നിങ്ങളില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്,’ എന്ന് അംബാനി മറുപടി നല്‍കി. ‘എനിക്ക് നിങ്ങളില്‍ നിന്നും,’ എന്ന് എപ്സ്റ്റീനും പ്രതികരിച്ചു.
തുടര്‍ന്ന് സംഭാഷണം നേരിട്ട് ബിസിനസ്സിലേക്ക്-പ്രത്യേകിച്ച് പ്രതിരോധ ബിസിനസ്സിലേക്ക് കടന്നു. ഫെബ്രുവരി 23-ന് എപ്സ്റ്റീന്റെ സന്ദേശം ഇങ്ങനെയായിരുന്നു: ‘ഞാന്‍ അയച്ച ഇമെയിലില്‍ എഹൂദ് ബരാക്കിന്റെ കോണ്‍ടാക്റ്റ് വിവരങ്ങളുണ്ട്. എന്റെ അനുഭവത്തില്‍, മറ്റുള്ളവരേക്കാള്‍ ഒരു പടി മുകളിലാണ് അദ്ദേഹം. വ്യക്തിപരമായി ഞാന്‍ പ്രതിരോധ ബിസിനസ്സിലേക്ക് അടുക്കാറില്ല.’
1999 മുതല്‍ 2001 വരെ ഇസ്രയേല്‍ പ്രധാനമന്ത്രിയും 2007 മുതല്‍ 2013 വരെ പ്രതിരോധ മന്ത്രിയുമായിരുന്നു എഹൂദ് ബരാക്. ആ സമയം പ്രതിരോധ ബിസിനസ്സായിരുന്നു അനിലിന്റെ മനസ്സില്‍. ഇതിന് തൊട്ടടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ കമ്പനികള്‍ ഈ മേഖലയില്‍ തുടര്‍ച്ചയായി കരാറുകള്‍ പ്രഖ്യാപിച്ചിരുന്നു.
ഒരാഴ്ച മുമ്പ്, അതായത് ഫെബ്രുവരി 16-ന്, അനിലിന്റെ റിലയന്‍സ് ഗ്രൂപ്പും ഫ്രഞ്ച് വിമാന നിര്‍മ്മാതാക്കളായ ഡസാള്‍ട്ടും ചേര്‍ന്ന് ‘ഡസാള്‍ട്ട് റിലയന്‍സ് എയ്റോസ്പേസ് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു സംയുക്ത സംരംഭം രൂപീകരിച്ചതായി പ്രഖ്യാപിച്ചിരുന്നു. 2016-ല്‍, ഇന്ത്യ ഫ്രാന്‍സില്‍ നിന്ന് വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന 36 ഡസാള്‍ട്ട് വിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ഈ കമ്പനി രൂപീകരിച്ചത്, പിന്നീടുള്ള വര്‍ഷങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ച കുപ്രസിദ്ധ റഫേല്‍ ഇടപാടായി ഇത് മാറി.
അനില് അംബാനിയുടെ കമ്പനികള്‍ മറ്റ് നിരവധി പ്രതിരോധ കരാറുകളിലും ഒപ്പുവെച്ചിരുന്നു. യുഎസ് നേവിയുടെ 100 കപ്പലുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള കരാറും യുഎഇ ആസ്ഥാനമായുള്ള ‘സ്ട്രാറ്റ’യുമായുള്ള ധാരണാപത്രവും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ച് ഒന്നായപ്പോഴേക്കും പ്രതിരോധ മേഖല തന്റെ ഗ്രൂപ്പിന്റെ ഏറ്റവും വലിയ ബിസിനസ്സായി മാറുമെന്ന് അനില്‍ പറഞ്ഞുതുടങ്ങി.
ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ സമ്പര്‍ക്കം
2017 മാര്‍ച്ച് 2-ന് അനില്‍ അംബാനി എപ്സ്റ്റീനെ ബന്ധപ്പെട്ടു. ട്രംപ് അധികാരമേറ്റതിന് പിന്നാലെ, വൈറ്റ് ഹൗസുമായുള്ള ഇടപാടുകളില്‍ തനിക്ക് എപ്സ്റ്റീന്റെ സഹായം ആവശ്യമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ഈ അഭ്യര്‍ത്ഥന സ്വന്തം ബിസിനസ് താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. മറിച്ച്, ‘ഇന്ത്യയുമായുള്ള ബന്ധത്തിനും പ്രതിരോധ സഹകരണത്തിനുമായി വൈറ്റ് ഹൗസിനെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതില്‍ നിങ്ങളുടെ മാര്‍ഗനിര്‍ദ്ദേശം വേണം’ എന്ന് ഇന്ത്യയുടെ താല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് പറയുന്നത്.
എപ്സ്റ്റീന്‍ ഇതിന് വ്യക്തമായ മറുപടി നല്‍കി: ‘കൗതുകതരം. പക്ഷേ ഒന്ന് ഓര്‍ക്കുക, പകരം എന്ത് നല്‍കും? ഐഡിയോളജിയൊന്നും വേണ്ട, പകരത്തിന് പകരം.’
‘ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എന്തും!’ എന്നായിരുന്നു അനിലിന്റെ മറുപടി. ‘നിങ്ങള്‍ക്കായി ഞാന്‍ ചില രഹസ്യവിവരങ്ങള്‍ ശേഖരിക്കാം,’ എന്ന് എപ്സ്റ്റീന്‍ മറുപടി നല്‍കി.
സുരക്ഷിതമായ ആശയവിനിമയത്തിനായി ‘സിഗ്‌നല്‍’ മെസഞ്ചര്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ തൊട്ടടുത്ത ദിവസം, മാര്‍ച്ച് 3-ന് എപ്സ്റ്റീന്‍ അനിലിനോട് നിര്‍ദ്ദേശിച്ചു. എങ്കിലും അവര്‍ സാധാരണ എസ്എംഎസ് വഴിയുള്ള ആശയവിനിമയം തുടര്‍ന്നു.
ഫ്‌ലോറിഡയിലെ പാം ബീച്ചില്‍ ഗോള്‍ഫ് കളിക്കുകയായിരുന്ന പ്രസിഡന്റ് ട്രംപിനൊപ്പമാണ് താനെന്ന് മാര്‍ച്ച് 4-ന് എപ്സ്റ്റീന്‍ സൂചിപ്പിച്ചു. ട്രംപിന്റെ ടീമില്‍ നിന്ന് തനിക്ക് കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം അനിലിന് സന്ദേശമയച്ചു. അനിലിന്റെ പ്രതിരോധ മേഖലയിലുള്ള ശ്രദ്ധ ശരിയായതാണെന്നും ജഫ്രി പറയുന്നുണ്ട്.
ആരായിരിക്കും അംബാസഡര്‍?
മാര്‍ച്ച് 9-ന് രാവിലെ അനില്‍ അംബാനി വീണ്ടും എപ്സ്റ്റീനെ ബന്ധപ്പെട്ടു: ‘ഡേവിഡ് പെട്രേയസിനെ ഇന്ത്യയിലെ യുഎസ് അംബാസഡറാക്കാന്‍ കഴിയുമോ?’ ഇറാഖ്, അഫ്ഗാനിസ്ഥാന്‍ യുദ്ധങ്ങളില്‍ പ്രധാന സൈനിക നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ യുഎസ് ആര്‍മിയിലെ വിരമിച്ച ജനറലാണ് ഡേവിഡ് പെട്രേയസ്. ഒബാമ ഭരണകാലത്ത് അദ്ദേഹം സി.ഐ.എ മേധാവിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. താന്‍ ചോദിക്കാമെന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. എങ്കിലും, അതിന് സാധ്യത കുറവാണെന്ന് അദ്ദേഹം പറഞ്ഞു. ‘നിലവില്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായിരിക്കും മുന്‍ഗണന’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് രണ്ട് ദിവസം മുമ്പായിരുന്നു വിക്കിലീക്‌സ് ‘വോള്‍ട്ട് 7’ പുറത്തുവിട്ടത്.
അംബാനിയും എപ്സ്റ്റീനും തമ്മിലുള്ള ഈ സംഭാഷണം അടുത്ത കുറച്ചുദിവസങ്ങള്‍ കൂടി തുടര്‍ന്നു. സ്ട്രാറ്റജിക് വിദഗ്ധനായ ആഷ്ലി ടെല്ലിസിനെ അംബാസഡറായി നിയമിക്കുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലെന്ന് അനില്‍ വ്യക്തമാക്കി. ട്രംപ് ഭരണകൂടം ടെല്ലിസിനെ ഇന്ത്യയിലെ അംബാസഡറായി നിയമിക്കാന്‍ ഒരുങ്ങുകയാണെന്ന് 2017 ജനുവരിയില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ നിയമനം ‘എന്നെ സംബന്ധിച്ച്’ വളരെ പ്രധാനമാണെന്ന് അനില്‍ ഊന്നിപ്പറഞ്ഞു. ഡേവിഡ് പെട്രേയസ് വരികയാണെങ്കില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളായ പാകിസ്താനോടും അഫ്ഗാനിസ്ഥാനോടും കര്‍ക്കശമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അംബാസഡര്‍ നിയമനത്തെക്കുറിച്ച് ഇരുവരും പിന്നീട് ചര്‍ച്ചകള്‍ നടത്തിയില്ല. 2017 നവംബറില്‍ കെന്നത്ത് ജസ്റ്റര്‍ ചുമതലയേല്‍ക്കുന്നത് വരെ ഇന്ത്യയില്‍ യുഎസ് അംബാസഡറെ നിയമിച്ചിരുന്നില്ല. ”നേതൃത്വത്തില്‍” നിന്നുള്ള അഭ്യര്‍ത്ഥനകള്‍
മാര്‍ച്ച് 16-ന് ഡല്‍ഹിയില്‍ നിന്നുള്ള മറ്റൊരു കൂട്ടം ആവശ്യങ്ങളുമായി അനില്‍ വീണ്ടും എത്തി.
”ഹലോ. ഡല്‍ഹിയിലായിരുന്നു,” അദ്ദേഹം എഴുതുന്നു. ”ജാരെഡിനെയും, ബാനനെയും എത്രയും വേഗം നേരിട്ട് കാണാന്‍ നേതൃത്വത്തിന് നിങ്ങളുടെ സഹായം വേണം.പ്ലീസ് അഡൈ്വസ്. മെയ് മാസത്തില്‍ പ്രധാനമന്ത്രി ഡൊണാള്‍ഡിനെ കാണാന്‍ വാഷിംഗ്ടണ്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. അതിലും സഹായം വേണം.” ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനാണ് ജാരെഡ് കുഷ്‌നര്‍. തീവ്ര വലതുപക്ഷ ചിന്താഗതിക്കാരനും ബ്രീറ്റ്ബാര്‍ട്ട് വെബ്സൈറ്റിന്റെ മുന്‍ എഡിറ്ററുമാണ് സ്റ്റീവ് ബാനന്‍. അക്കാലത്ത് വൈറ്റ് ഹൗസ് ചീഫ് സ്ട്രാറ്റജിസ്റ്റായും സീനിയര്‍ കൗണ്‍സിലറായും നിയമിതനായ അദ്ദേഹം ട്രംപുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.
തന്റെ മറുപടിയില്‍, കുഷ്‌നറും ബാനനും ദിവസവും ഒരുപാട് ആളുകളെ കാണുന്നുണ്ടെന്നും കാര്യമായ തുടര്‍നടപടികള്‍ ഉണ്ടാകാറില്ലെന്നും പറഞ്ഞ് എപ്സ്റ്റീന്‍ ഈ അഭ്യര്‍ത്ഥന നയപരമായി നിരസിച്ചു. പകരം, ട്രംപിന്റെ ദീര്‍ഘകാല സുഹൃത്തും ഉപദേശകനുമായ ടോം ബരാക്കിനെ കാണാന്‍ അദ്ദേഹം അനിലിനെ നിര്‍ദ്ദേശിച്ചു. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങുകളുടെ കമ്മിറ്റി ചെയര്‍മാനായിരുന്നെങ്കിലും ഭരണകൂടത്തില്‍ ബരാക്കിന് പദവികളൊന്നും ലഭിച്ചിരുന്നില്ല.
അനില്‍ അംബാനി തന്നെത്തന്നെ ഒരു ബാക്ക് ചാനലായി അവതരിപ്പിച്ചിരുന്നെങ്കിലും, മോദിയുടെ വരാനിരിക്കുന്ന സന്ദര്‍ശനത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസിന്റെ ഔദ്യോഗിക പ്രഖ്യാപനത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞിരുന്നില്ലെന്ന് വേണം കരുതാന്‍. മാര്‍ച്ച് 29-ന് അദ്ദേഹം എഴുതി, ”പ്രധാനമന്ത്രി മോദിയുടെ വാഷിംഗ്ടണ്‍ യാത്ര വൈറ്റ് ഹൗസ് ഇന്നലെ പ്രഖ്യാപിച്ചു. അത് എപ്പോഴാണെന്നും തീയതികള്‍ ഏതൊക്കെയാണെന്നും പറയാമോ? താങ്ക്‌സ്.”
ആ സന്ദര്‍ശനം ഇസ്രയേല്‍ സ്ട്രാറ്റജിയുടെ ഭാഗമാണെന്നാണ് താന്‍ കേട്ടതെന്നായിരുന്നു എപ്സ്റ്റീന്റെ മറുപടി. ജൂലൈ ആദ്യവാരം നരേന്ദ്ര മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചു. ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം മാറി.
ജൂലൈ മാസത്തില്‍ ഖത്തറില്‍ നിന്നുള്ള Jabor Y. എന്ന വ്യക്തിയുമായി നടത്തിയ മറ്റൊരു സംഭാഷണത്തില്‍ എപ്സ്റ്റീന്‍ ഈ കൂടിക്കാഴ്ചയെക്കുറിച്ച് പരാമര്‍ശിച്ചു. ”ഇന്ത്യന്‍ പ്രധാനമന്ത്രി മോദി ഉപദേശം സ്വീകരിച്ചു. അമേരിക്കന്‍ പ്രസിഡന്റിന് ഗുണകരമാകുന്ന രീതിയില്‍ അദ്ദേഹം ഇസ്രയേലില്‍ നൃത്തം ചെയ്യുകയും പാടുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അവര്‍ കണ്ടിരുന്നു. ഇറ്റ് വര്‍ക്ഡ്.”
എപ്സ്റ്റീന്‍ ഫയലുകളോട് പ്രതികരിച്ചുകൊണ്ട് ജനുവരി 31-ന് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ‘2017 ജൂലൈയിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഇസ്രയേല്‍ സന്ദര്‍ശനത്തിന് അപ്പുറം, ഈ ഇമെയിലിലെ മറ്റ് പരാമര്‍ശങ്ങളെല്ലാം ശിക്ഷിക്കപ്പെട്ട ഒരു കുറ്റവാളിയുടെ ചവറ്റുകുട്ടയില്‍ തള്ളേണ്ട ജല്പനങ്ങള്‍ മാത്രമാണ്. അങ്ങേയറ്റത്തെ അവജ്ഞയോടെ അവ നിരസിക്കപ്പെടേണ്ടതാണ്.”
സഹായവാഗ്ദാനം
2019 ഫെബ്രുവരി 19-ന് സുപ്രീം കോടതി അനില്‍ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിലെ മറ്റ് രണ്ട് ഡയറക്ടര്‍മാരെയും കോടതി അലക്ഷ്യത്തിന് കുറ്റക്കാരായി കണ്ടെത്തി. സ്വീഡിഷ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ എറിക്സണ് നാലാഴ്ചയ്ക്കകം 453 കോടി രൂപ നല്‍കണമെന്നും അല്ലാത്തപക്ഷം ജയില്‍ ശിക്ഷ അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. സഹോദരന്‍ മുകേഷ് അംബാനി ഈ തുക നല്‍കി അനിലിനെ രക്ഷിച്ചുവെങ്കിലും, ഈ കേസ് അദ്ദേഹത്തിന്റെ നിയമപരമായ തകര്‍ച്ചകളുടെ തുടക്കമായിരുന്നു. തൊട്ടടുത്ത വര്‍ഷം ഒരു ബ്രിട്ടീഷ് കോടതിക്ക് മുമ്പാകെ അദ്ദേഹത്തിന് പാപ്പരത്തം പ്രഖ്യാപിക്കേണ്ടി വന്നു.
ഇതിനിടയില്‍, എപ്സ്റ്റീന്‍ പിന്തുണയുമായി അനിലിനെ സമീപിച്ചു. മാര്‍ച്ച് 11-ന് എപ്സറ്റീന്‍ അദ്ദേഹത്തിന് ഇപ്രകാരം എഴുതി: ”കരുത്തോടെയിരിക്കുക. ആവശ്യത്തിന് ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. സമാന സാഹചര്യങ്ങളിലൂടെ കടന്നുപോയ പല സുഹൃത്തുക്കളെയും ഞാന്‍ ഉപദേശിച്ചിട്ടുണ്ട്. ആശംസകള്‍.”
അടുത്ത കുറച്ചുദിവസങ്ങളിലും എപ്സ്റ്റീന്‍ അനിലിനെ ബന്ധപ്പെടുന്നത് തുടര്‍ന്നു. അദ്ദേഹത്തിന് സുഖമാണോ എന്നും സഹായം ആവശ്യമുണ്ടോ എന്നും തിരക്കി. ന്യൂയോര്‍ക്കില്‍ അനിലിനായി കൂടിക്കാഴ്ചകള്‍ ഒരുക്കാമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു. തുടര്‍ന്ന്, 750 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിക്കാന്‍ ശ്രമിക്കുന്ന തനിക്ക് ഒരു വായ്പ സംഘടിപ്പിച്ചു തരാന്‍ കഴിയുമോ എന്ന് അനില്‍ എപ്സ്റ്റീനോട് ചോദിച്ചു.
യഥാര്‍ത്ഥത്തില്‍, അംബാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളിലെ ഓഹരികള്‍ ഈടായി നല്‍കിക്കൊണ്ട് തനിക്ക് ലഭിക്കുന്ന വ്യക്തിഗത വായ്പ മറച്ചുവെക്കാന്‍ സഹായിക്കുന്ന തരത്തില്‍ ഒരു കമ്പനി ഘടന ഉണ്ടാക്കാന്‍ അനില്‍ എപ്സ്റ്റീന്റെ സഹായം തേടി. എന്നാല്‍ എപ്സറ്റീന്‍ ആ നീക്കത്തിനെതിരെ അദ്ദേഹത്തിന് മുന്നറിയിപ്പ് നല്‍കി.
സംഭാഷണം തുടര്‍ന്നു. ഏത് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിനെയോ ഇന്‍വെസ്റ്റര്‍ ഗ്രൂപ്പിനെയോ ആണ് സമീപിക്കേണ്ടതെന്ന അനിലിന്റെ ചോദ്യത്തെയും എപ്സ്റ്റീന്‍ നിരുത്സാഹപ്പെടുത്തി. പകരം, വലിയ നികുതി ബാധ്യതകളും വെളിപ്പെടുത്തലുകളും ഒഴിവാക്കാന്‍ കഴിയുന്ന മറ്റൊരു വഴി അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഈ പശ്ചാത്തലത്തിലാണ് മെയ് മാസത്തില്‍ അമേരിക്കയില്‍ വെച്ച് അനിലും എപ്സ്റ്റീനും കൂടിക്കാഴ്ച നിശ്ചയിച്ചത്. മെയ് 2-ന് അയച്ച ഇമെയിലില്‍, മെയ് 23-ന് കാണാമെന്ന് എപ്സ്റ്റീന്‍ അറിയിച്ചു. അപ്പോഴും അദ്ദേഹം സാമ്പത്തിക ഉപദേശങ്ങള്‍ നല്‍കുന്നുണ്ടായിരുന്നു: ”ഒരു സ്വിസ് ബാങ്കിന് അവരുടെ ഇടപാടുകാര്‍ക്ക് വില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഒരു സ്ട്രക്‌ചേര്‍ഡ് പ്രോഡക്റ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ആലോചിക്കണം. അല്ലെങ്കില്‍ അമേരിക്കയിലെ നിയമങ്ങള്‍ നിങ്ങളെ വലയ്ക്കും. മെയ് 23-ന് എത്ര സമയം വേണമെങ്കിലും ഞാന്‍ നിങ്ങള്‍ക്കായി മാറ്റിവെക്കാം. ഇത് ഒരു സുഹൃത്ത് എന്ന നിലയില്‍ മാത്രമാണ്.”
മറുപടിയായി അനില്‍ അംബാനി എഴുതി, ”ഇടപാട് പൂര്‍ത്തിയായി. ഹലോ പറയാനും കോഫി കുടിക്കാനും ഞാന്‍ വരാം.” ഈ സന്ദേശത്തില്‍ പറയുന്ന ‘ഇടപാട്’ എന്തിനെക്കുറിച്ചാണെന്ന് വ്യക്തമല്ല.
മെയ് 23-ന് നടന്ന കാപ്പി കുടിച്ചുകൊണ്ടുള്ള കൂടിക്കാഴ്ചയെയാണ് സ്റ്റീവ് ബാനനോട് ”മോദിയുടെ ആളുമായുള്ള” കൂടിക്കാഴ്ചയായി എപ്സറ്റീന്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.
”മോദിയുടെ ആള്‍”
2019 മെയ് 19-ന് സ്റ്റീവ് ബാനന് അയച്ച സന്ദേശത്തില്‍ എപ്സ്റ്റീന്‍ പറയുനത് ഇങ്ങനെയാണ്- ”വ്യാഴാഴ്ച എന്നെ കാണാന്‍ മോദി ഒരാളെ അയക്കുന്നുണ്ട്.”
ആ വ്യാഴാഴ്ച, അതായത് മെയ് 23-ന്, ന്യൂയോര്‍ക്കില്‍ വെച്ച് അനില്‍ അംബാനിയെ കാണാന്‍ എപ്സ്റ്റീന്‍ സമയം നിശ്ചയിച്ചിരുന്നു. തന്റെ അസിസ്റ്റന്റിന് അയച്ച മറ്റൊരു ഇമെയില്‍ അനുസരിച്ച് അന്ന് മറ്റ് കൂടിക്കാഴ്ചകളൊന്നും ഉണ്ടായിരുന്നില്ല. അനിലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എപ്സ്‌റ്റൈന്‍ ബാനനെ വിവരമറിയിച്ചു: ”മോദി മീറ്റിംഗ് കൊള്ളാമായിരുന്നു. അദ്ദേഹം വലിയ ഭൂരിപക്ഷത്തോടെയാണ് ‘2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍’ വിജയിച്ചത്. വാഷിംഗ്ടണില്‍ ആരും അദ്ദേഹത്തോട് സംസാരിക്കുന്നില്ലെന്നും, അദ്ദേഹത്തിന്റെ പ്രധാന ശത്രു ചൈനയാണെന്നും അദ്ദേഹത്തിന്റെ ആള്‍ പറഞ്ഞു. ആ മേഖലയില്‍ അവരുടെ (ചൈനയുടെ) പ്രോക്‌സി പാകിസ്താനാണ്. 22-ല്‍ അവര്‍ ജി20-യ്ക്ക് ആതിഥേയത്വം വഹിക്കും. അദ്ദേഹം നിന്റെ കാഴ്ചപ്പാടുകള്‍ പൂര്‍ണമായും അംഗീകരിക്കുന്നു.”
ബാനന്‍ മറുപടി നല്‍കി: ”ഞാനിവിടെ ഇന്ത്യക്കായി മോദിയെക്കുറിച്ച് ഒരു മണിക്കൂര്‍ നീളുന്ന ഷോ ചെയ്യുന്നുണ്ട്. ചില അമേരിക്കന്‍ ഹിന്ദുക്കളെയും ഞങ്ങള്‍ ഒപ്പം കൂട്ടുന്നുണ്ട്.”
മോദിയുടെ തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ച് വിയോണ്‍ ചാനലിനായി സുധീര്‍ ചൗധരിയുമായി സ്റ്റീവ് ബാനന്‍ നടത്തിയ ടെലിവിഷന്‍ അഭിമുഖത്തെക്കുറിച്ചാണ് ഈ ”ഒരു മണിക്കൂര്‍ ഷോ” കൊണ്ട് ഉദ്ദേശിച്ചതെന്ന് കരുതപ്പെടുന്നു. ആ സമയത്ത് ഇറ്റലി, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളിലെ വലതുപക്ഷ പോപ്പുലിസ്റ്റ് പാര്‍ട്ടികളെ തിരഞ്ഞെടുപ്പില്‍ സഹായിക്കുന്നതിനായി ബാനന്‍ യൂറോപ്പിലായിരുന്നു. ”അമേരിക്കന്‍ ഹിന്ദു” എന്ന പരാമര്‍ശം യുഎസിലെ പ്രമുഖ ഹിന്ദുത്വ പ്രവര്‍ത്തകനായ ശലഭ് കുമാറിനെക്കുറിച്ചാണെന്ന് കരുതപ്പെടുന്നു; ഇദ്ദേഹം ബാനനൊപ്പം വിയോണ്‍ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മോദിയെക്കുറിച്ച് എപ്സ്റ്റീന്‍ തുടര്‍ന്നു: ”ചൈനയെ തടയുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. ഞാന്‍ അത് ശരിയാക്കാം. നീ മോദിയെ കാണണം.” ബാനന്‍ മറുപടി നല്‍കി: ”പ്ലീസ്.” ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം കൂട്ടിച്ചേര്‍ത്തു: ”നിങ്ങള്‍ വലിയൊരു അവസരം നഷ്ടപ്പെടുത്തുകയാണെന്ന് പറയാന്‍ എന്റെ ആള്‍ അനില്‍ പറഞ്ഞു. ഞായറാഴ്ചയാണ് മോദിയുടെ സത്യപ്രതിജ്ഞ.”
അതേസമയം തന്നെ എപ്സറ്റീന്‍ അനിലിനും സന്ദേശമയക്കുന്നുണ്ടായിരുന്നു: ”മിസ്റ്റര്‍ മോദിക്ക് സ്റ്റീവ് ബാനനെ കാണുന്നത് ഇഷ്ടപ്പെടുമെന്ന് ഞാന്‍ കരുതുന്നു, നിങ്ങള്‍ക്കെല്ലാവര്‍ക്കും ചൈന എന്ന പ്രശ്‌നം പൊതുവായുണ്ട്.” ”തീര്‍ച്ചയായും” എന്ന് അംബാനി മറുപടി നല്‍കി. മോദിക്ക് വേണ്ടിയുള്ള സമ്മതമായി ഇതിനെ കണക്കാക്കിയ എപ്സ്റ്റീന്‍ ”മോദി സമ്മതിച്ചു’ എന്ന് ബാനനെ അറിയിച്ചു.
ഈ ഘട്ടത്തില്‍ മോദിക്ക് വേണ്ടി ബാനനുമായുള്ള കൂടിക്കാഴ്ച സ്ഥിരീകരിക്കാന്‍ അനിലിന് എന്തെങ്കിലും അധികാരം ഉണ്ടോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, അനിലുമായുള്ള തന്റെ കൂടിക്കാഴ്ച ”മോദിയുടെ ആളുമായുള്ള” ഒന്നാണെന്ന ധാരണ ബാനനില്‍ ഉണ്ടാക്കാന്‍ എപ്സ്റ്റീന്‍ ശ്രമിച്ചു.
മോദി-ട്രംപ് ഭരണകൂടങ്ങള്‍ ആശയവിനിമയത്തിനായി കൂടുതല്‍ നേരിട്ടുള്ള വഴികള്‍ കണ്ടെത്തിയതോടെ ഇരുവരുടെയും സാഹചര്യങ്ങള്‍ ഗണ്യമായി മാറിയതും ഇതിന് കാരണമാണ്. ലൈംഗിക കടത്ത് ആരോപണങ്ങളെത്തുടര്‍ന്നുള്ള വന്‍ വിവാദങ്ങള്‍ അപ്പോഴേക്കും എപ്സ്റ്റീനെ ചുറ്റിപ്പറ്റി പടര്‍ന്നിരുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം അറസ്റ്റിലാവുകയും പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്യുകയുമായിരുന്നു. അനില്‍ അംബാനിയാകട്ടെ വലിയ പ്രതിസന്ധികളിലൂടെ കടന്നുപോവുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ഉയര്‍ത്തിയ റഫേല്‍ ഇടപാടിലെ അഴിമതി ആരോപണങ്ങളും വര്‍ദ്ധിച്ചുവരുന്ന നിയമക്കുരുക്കുകളും അദ്ദേഹം നേരിടുന്നുണ്ടായിരുന്നു. വാസ്തവത്തില്‍, അദ്ദേഹത്തിന്റെ ഈ പ്രശ്‌നങ്ങള്‍ എപ്‌സ്റ്റീനുമായുള്ള ആശയവിനിമയത്തിലും ഇടംപിടിച്ചിരുന്നു.
ഫിക്‌സര്‍-ക്ലയന്റ് ബന്ധം
അനിലും എപ്സ്‌റ്റൈനും ചര്‍ച്ച ചെയ്ത സര്‍ക്കാര്‍ സംബന്ധമായ വിഷയങ്ങള്‍ക്കിടയില്‍, മറ്റ് പല കാര്യങ്ങളെക്കുറിച്ചും അവര്‍ സംസാരിച്ചിരുന്നു. അനിലുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും അദ്ദേഹത്തെ ഒരു ഭാവി ക്ലയന്റായി വളര്‍ത്തിയെടുക്കാനുമുള്ള ശ്രമത്തിലായിരുന്നു എപ്സറ്റീന്‍. എഹുദ് ബരാക്കില്‍ തുടങ്ങി, അനിലിനായി നിരവധി ഉന്നതതല ബന്ധങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാന്‍ എപ്സ്റ്റീന്‍ ആവര്‍ത്തിച്ച് ശ്രമിച്ചു.
ഫിന്‍ടെക് കമ്പനിയായ പേപാല്‍, പ്രതിരോധ കരാര്‍ കമ്പനിയായ പാലന്റിര്‍ എന്നിവയുടെ സഹസ്ഥാപകനും അമേരിക്കന്‍ തീവ്ര വലതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രജ്ഞനുമായ പീറ്റര്‍ തീല്‍ ഇതില്‍ ഉള്‍പ്പെടുന്നു. അനിലും തീലും തമ്മില്‍ കാണണമെന്ന് ഇരുവര്‍ക്കും സന്ദേശമയച്ചുകൊണ്ട് എപ്സ്റ്റീന്‍ ഇതിനായുള്ള ശ്രമങ്ങള്‍ നടത്തി. ഹയാത്ത് ഹോട്ടല്‍ ശൃംഖലയുടെ ഉടമയായ ശതകോടീശ്വരന്‍ ടോം പ്രിറ്റ്സ്‌കറുമായും എപ്സ്റ്റീന്‍ ഇത്തരത്തില്‍ ബന്ധമുണ്ടാക്കി. ടോമിനെ ‘കുടുംബത്തിലെ ഒരാള്‍’ എന്നാണ് എപ്സ്റ്റീന്‍ വിശേഷിപ്പിച്ചത്.
അമേരിക്കന്‍ നയതന്ത്രജ്ഞനും മുന്‍ സിഐഎ ഡയറക്ടറുമായ ബില്‍ ബേണ്‍സിനെ കാണാന്‍ എപ്സ്റ്റീന്‍ അനിലിനോട് ശുപാര്‍ശ ചെയ്തു. അന്ന് കാര്‍ണഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് തലവനായിരുന്നു ബേണ്‍സ്. 2017 ഏപ്രില്‍ ആദ്യവാരം മുംബൈയില്‍ വെച്ച് അനില്‍ അദ്ദേഹത്തെ കാണുകയും ചെയ്തു.
1993-ലെ ഇസ്രയേല്‍-പലസ്തീന്‍ ഓസ്ലോ ഉടമ്പടി ചര്‍ച്ചകളിലെ പ്രധാന വ്യക്തിയും എപ്സറ്റീന്റെ അടുത്ത സുഹൃത്തുമായ നോര്‍വീജിയന്‍ നയതന്ത്രജ്ഞന്‍ ടെര്‍ജെ റോഡ്-ലാര്‍സനുമായും എപ്സ്റ്റീന്‍ അനിലിനെ ബന്ധപ്പെടുത്തി. മറ്റൊരു സംഭാഷണത്തില്‍, ‘നാറ്റോ തലവനുമായി’ അനിലിനായി ഒരു സ്വകാര്യ ഡിന്നര്‍ ഒരുക്കാമെന്ന് എപ്സ്റ്റീന്‍ വാഗ്ദാനം ചെയ്തു. താന്‍ അത് ‘സംഘടിപ്പിക്കുമെന്നും എന്നാല്‍ പങ്കെടുക്കില്ലെന്നും’ പറഞ്ഞ എപ്സറ്റീന്‍ പാരീസില്‍ വെച്ച് ഇതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാമെന്നും അറിയിച്ചു.
എപ്സ്റ്റീന്റെ സമീപനത്തില്‍ ഒരു വ്യക്തിപരമായ സ്പര്‍ശവും ഉണ്ടായിരുന്നു. അനിലിന്റെ അമ്മ കോകിലാബെന്‍ അംബാനി ധീരുഭായ് അംബാനിയെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ ഒരു പ്രതി അദ്ദേഹം വരുത്തിച്ചു. തുടര്‍ന്ന് കോകിലാ ബെന്നിന് ഒരു പ്രശംസാ കുറിപ്പെഴുതിയ എപ്സറ്റീന്‍ അത് അവര്‍ക്ക് കൈമാറാന്‍ അനിലിനോട് ആവശ്യപ്പെട്ടു. അന്ന് ന്യൂയോര്‍ക്കില്‍ പഠിക്കുകയായിരുന്ന അനില്‍ അംബാനിയുടെ മകനെ അവിടെ സഹായിക്കാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
2017 ഫെബ്രുവരി 23-ലെ അവരുടെ ആദ്യ ടെക്സ്റ്റ് സന്ദേശത്തില്‍ തന്നെ എപ്സ്റ്റീന്‍ അനിലിനെ തന്റെ ദ്വീപിലേക്ക് ക്ഷണിച്ചിരുന്നു. ‘കരീബിയനിലേക്ക് സ്വാഗതം. എന്റെ ദ്വീപിലേക്ക്, തീയതികള്‍ അറിയിച്ചാല്‍ മതി.’ ‘സുല്‍ത്താനുമായി ചേര്‍ന്ന് അത് പ്ലാന്‍ ചെയ്യാം,’ എന്ന് അനില്‍ മറുപടിയും നല്‍കി. എന്നാല്‍ എപ്സറ്റീന്റെ ഏറ്റവും ക്രൂരമായ കുറ്റകൃത്യങ്ങള്‍ നടന്ന ഈ ദ്വീപിലേക്ക് അനില്‍ എപ്പോഴെങ്കിലും പോയതായി ഫയലുകളില്‍ സൂചനകളൊന്നുമില്ല.
Content Summary; Epstein Files; Is Anil Ambani the unofficial mediator of the Modi government?
This post was last modified on February 3, 2026 7:03 am
Leave a Comment