ഓസ്ലോ: വടക്കേ അമേരിക്കയില്‍ നടന്ന ലോകകപ്പ് മത്സരങ്ങള്‍ക്ക് ശേഷം സ്വന്തം നാട്ടില്‍ വിമാനം ഇറങ്ങിയ നോര്‍വേ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടിന്റെ കയ്യിലുണ്ടായിരുന്ന ഒരു വസ്തുവാണ് ഇപ്പോള്‍ ലോകം കൗതുകത്തോടെ ചര്‍ച്ച ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് നോര്‍വേ ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ടീം നാട്ടിലേക്ക് മടങ്ങിയത്. നോര്‍വേ തലസ്ഥാനമായ ഓസ്ലോയില്‍ വിമാനമിറങ്ങിയ ഹാലണ്ടിന്റെ വലതു തോളില്‍ യാത്രാബാഗുകളായിരുന്നു. എന്നാല്‍ ഇടതുകൈയില്‍ മാഞ്ചസ്റ്റര്‍ സിറ്റി താരം സൂരക്ഷിതമായി മറ്റൊന്ന് പിടിച്ചിരുന്നു. സ്റ്റഫ് ചെയ്ത ഒരു റാക്കൂണ്‍!(വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന, മരപ്പട്ടിയോടോ വെരുകിനോടോ ഒക്കെ സാദൃശ്യമുള്ള ഒരു ജീവി). വിമാനത്താവളത്തില്‍ നിന്നുള്ള ഹാലണ്ടിന്റെ ഈ ചിത്രം ഇപ്പോള്‍ വൈറലാണ്.
തന്റെ കന്നി ലോകകപ്പ് ടൂര്‍ണമെന്റില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകള്‍ നേടി ഹാലണ്ട് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഈ ലോകകപ്പില്‍ ഏറ്റവുമധികം വാര്‍ത്താ പ്രാധാന്യം നേടിയതും നോര്‍വേ താരമാണ്. 25കാരന്റെ കളിക്കളത്തിലെ മികവും കളത്തിന് പുറത്തെ രസകരമായ പെരുമാറ്റവും അമേരിക്കയില്‍ അദ്ദേഹത്തിന്റെ ജനപ്രീതി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. 22 ദശലക്ഷത്തിലധികം പുതിയ ഫോളോവേഴ്സിനെയാണ് ഇന്‍സ്റ്റാഗ്രാമില്‍ അദ്ദേഹത്തിന് ലഭിച്ചത്.

ടെക്സസിലെ ഡാളസില്‍ ഏകദേശം 50 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ‘വൈല്‍ഡ് ബില്‍സ് വെസ്റ്റേണ്‍ സ്റ്റോര്‍’ സന്ദര്‍ശിച്ചപ്പോഴാണ് ഹാലണ്ട് ഈ റാക്കൂണ്‍ വാങ്ങിയത്. ഗ്രീനാള്സിന്റെ വൈല്‍ഡ് ബെറി ജിന്നിന്റെ ഒഴിഞ്ഞ കുപ്പി കൈകളില്‍ പിടിച്ചിരിക്കുന്ന രൂപത്തിലുള്ള ഈ റാക്കൂണിന് പുറമെ, പാമ്പിന് തോല്‍കൊണ്ട് നിര്‍മ്മിച്ച കൗബോയ് ബൂട്ട്സുകളും തന്റെ ജേഴ്സി നമ്പറായ ‘9’, പേരിന്റെ ആദ്യക്ഷരങ്ങള്‍ എന്നിവ പതിച്ച കൗബോയ് തൊപ്പിയും ഹാലണ്ട് ഇവിടെ നിന്ന് വാങ്ങിയിരുന്നു. ഹാലണ്ടിന് ഈ റാക്കൂണ്‍ സമ്മാനമായി കൊടുത്തതല്ലെന്നും അദ്ദേഹം സ്വന്തം പണം കൊടുത്ത് വാങ്ങിയതാണെന്നും കടയുടമായായ ജൂലി ന്യൂപോര്‍ട്ട് വ്യക്തമാക്കി. കടയുടെ സ്ഥാപകനായ ബില്‍ ഡ്യൂബ്രെയില് നിന്ന് നാല് വര്‍ഷം മുന്‍പാണ് ജൂലി ന്യൂപോര്‍ട്ടും പങ്കാളിയും ചേര്‍ന്ന് ഈ സ്റ്റോര്‍ വാങ്ങുന്നത്.
‘അത് ഞങ്ങളുടെ കടയില്‍ നിന്ന് വാങ്ങിയത് തന്നെയാണ്,’ ജൂലി ‘ദി അത്ലറ്റിക്‘-നോട് പറഞ്ഞു. ‘കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്റ്റഫ് ചെയ്ത രണ്ട് റാക്കൂണുകള്‍ കടയിലുണ്ടായിരുന്നു. ഇവിടെയെത്തിയപ്പോള്‍ ഹാലണ്ടിന്റെ കണ്ണുകള്‍ ആദ്യം പോയത് ആ റാക്കൂണിനോടും കൂടെയുണ്ടായിരുന്ന ചില അണ്ണാനുകളിലുമായിരുന്നു. ഹാലണ്ട് ഇതിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇട്ടതിന് പിന്നാലെ ഞങ്ങള്‍ മറ്റൊരു റാക്കൂണ്‍ കൂടി ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചിരുന്നു. ഇന്ന് രാവിലെ അത് വില്ക്കാന് വെച്ചതേ ഉണ്ടായിരുന്നുള്ളൂ, അപ്പോഴേക്കും ഓണ്‍ലൈന്‍ വഴി ആരോ അത് വാങ്ങി കഴിഞ്ഞു.’
‘ഞങ്ങള്‍ക്ക് ഇത് ഉണ്ടാക്കിത്തന്നിരുന്നയാള് ഇപ്പോള്‍ ഈ പണിയില്‍ നിന്നു വിരമിച്ചു. ഇനി പരമാവധി ഒന്നോ രണ്ടോ എണ്ണം കൂടി മാത്രമേ ഞങ്ങള്‍ക്ക് കിട്ടാന്‍ സാധ്യതയുള്ളൂ. 750 ഡോളറാണ് (ഏകദേശം 72,000 രൂപ) ഇതിന്റെ വില.’- ജൂലി പറയുന്നു.
. ഹാലണ്ടിന്റെ സന്ദര്‍ശനത്തിന് പിന്നാലെ കടയുടെ ഓണ്‍ലൈന്‍ ബിസിനസ്സില്‍ വലിയ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. ചരിത്രത്തിലാദ്യമായി അന്താരാഷ്ട്ര ഷിപ്പിംഗ് സൗകര്യം വെബ്സൈറ്റില്‍ ഏര്‍പ്പെടുത്താന്‍ ഈ സന്ദര്‍ശനം കാരണമായി. നിലവില്‍ ലഭിച്ച രണ്ടായിരത്തോളം ഓണ്‍ലൈന്‍ ഓര്‍ഡറുകളില്‍ മുപ്പത് ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നുള്ളതാണ്. കടയിലെത്തുന്ന വിനോദസഞ്ചാരികള്‍ ഇപ്പോള്‍ ഹാലണ്ട് നിന്ന പടവുകളില്‍ നിന്ന് ഫോട്ടോയെടുക്കാനും അദ്ദേഹം വാങ്ങിയ ബൂട്ട്സുകള്‍ സ്വന്തമാക്കാനും മത്സരിക്കുകയാണ്.

കഴിഞ്ഞ ജൂലൈ 3-ന് അര്‍ലിംഗ്ടണിലെ എ.ടി ആന്‍ഡ് ടി സ്റ്റേഡിയത്തില്‍ നടന്ന പ്രീ-ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഐവറികോസ്റ്റിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോര്‍വേ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് ഹാലണ്ട് ഡാളസ് സന്ദര്‍ശിച്ചത്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വ്ലോഗില്‍ ഡാളസിലെ ആളുകള്‍ വളരെ പോസിറ്റീവ് ആണെന്നും താന്‍ ഇവിടേക്ക് വീണ്ടും വരുമെന്നും ഹാലണ്ട് വ്യക്തമാക്കിയിരുന്നു.
സന്ദര്‍ശനത്തിന്റെ ഭാഗമായി ഹാലണ്ടിന് സുരക്ഷയും സ്വകാര്യതയും ഒരുക്കാന്‍ കടയുടമകള്‍ ഒന്നര മണിക്കൂറോളം കടയുടെ വാതിലുകള്‍ അടച്ചിട്ടിരുന്നു. കടയിലെ ജീവനക്കാര്‍ക്കൊപ്പം കൗബോയ് സംസ്കാരവും ഡാന്‍സും ആസ്വദിച്ച താരം കടയുടമയ്ക്കായി രണ്ട് ഫിഫ ഫുട്ബോളുകളിലും തൊപ്പിയിലും ഒപ്പിട്ടു നല്‍കുകയും ചെയ്തു.
നേരത്തെ തന്റെ ഹോട്ടല്‍ മുറിയുടെ ജനല്പ്പാളിയില് ഈ റാക്കൂണും സ്റ്റഫ് ചെയ്ത രണ്ട് അണ്ണാനുകളും വെച്ചിരിക്കുന്ന വീഡിയോ ഹാലണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. യു.എസില്‍ നിന്നും ഈ സുഹൃത്ത് തന്നെ പിന്തുടര്ന്ന് നാട്ടിലെത്തിയെന്ന് കഴിഞ്ഞ തിങ്കളാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെ താരം കുറിച്ചു. തന്റെ ഈ പുതിയ കൂട്ടുകാരന് എന്ത് പേരിടണം എന്ന് ചോദിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ വോട്ടിങ്ങും ഹാലണ്ട് ആരംഭിച്ചിട്ടുണ്ട്. കൗബോയ്, റേഞ്ചര്‍, ടെക്സ്, ആര്.ഒ.ഡബ്ല്യു എന്നിവയാണ് വായനക്കാര്‍ക്കായി താരം നല്‍കിയിരിക്കുന്ന ഓപ്ഷനുകള്‍.
ചിത്രങ്ങൾ എർലിങ് ഹാലണ്ടിന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്നുള്ളതാണ്.
Content Summary; Erling Haaland goes viral after returning home from the World Cup in North America carrying a taxidermy raccoon bought in Dallas
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.