April 26, 2025 |

കലുഷിതമാകുന്ന നയതന്ത്ര ബന്ധം; ആരോപണങ്ങളും മറുപടികളുമായി ഇന്ത്യയും കാനഡയും

ഇന്ത്യ-കാനഡ ബന്ധത്തിനിടയിലെ വിള്ളലുകള്‍- അഴിമുഖം എക്‌സ്‌പ്ലെയ്‌നര്‍

ഒട്ടാവ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളും അതിനോടുള്ള ന്യൂഡല്‍ഹിയുടെ ശക്തമായ പ്രതികരണവും ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധത്തെ വീണ്ടും തളര്‍ത്തിയിരിക്കുന്നു. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് വര്‍മ്മയെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും, തങ്ങളുടെ അന്വേഷണത്തില്‍ സംശയിക്കത്തക്കവരാക്കി മാറ്റിയിരിക്കുകയാണ് കാനഡ. എന്നാല്‍ ഈ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നാണ് ന്യൂഡല്‍ഹിയുടെ മറുപടി. 2023 സെപ്റ്റംബറില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ ആരോപണങ്ങളാണ് ഇപ്പോഴത്തെ നയതന്ത്ര സംഘര്‍ഷങ്ങളുടെ തുടക്കം. ഖാലിസ്ഥാനി വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ തങ്ങളുടെ മണ്ണില്‍ വച്ച് കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് ‘സാധ്യതയുള്ള’ പങ്കാളിത്തം ഉണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ ആരോപണം. ട്രൂഡോയുടെ ആരോപണങ്ങളെ ‘അസംബന്ധവും’ രാഷ്ട്രീയ പ്രേരിതവുമാണെന്ന് പറഞ്ഞു ഇന്ത്യ തള്ളിക്കളയുകയായിരുന്നു. കാനഡയിലെ ഖാലിസ്ഥാനി ഗ്രൂപ്പുകളുടെ സാന്നിധ്യം ന്യൂഡല്‍ഹിയെ സംബന്ധിച്ചിടത്തോളം ഏറെക്കാലമായി ആശങ്ക ഉയര്‍ത്തുന്ന ഒന്നാണ്.

ഇന്ത്യയുടെ ശക്തമായ പ്രതികരണം
ഇന്ത്യന്‍ ഹൈക്കമ്മീഷണറും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരും ‘ ആരോപണവിധേയര്‍’ ആണെന്നുള്ള വിവരം നയതന്ത്ര മാര്‍ഗം വഴി കാനഡയില്‍ നിന്ന് ലഭിച്ചതായി തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം (എംഇഎ) സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഏതു കേസുമായി ബന്ധപ്പെട്ടാണ് ഇന്ത്യന്‍ നയന്ത്ര ഉദ്യോഗസ്ഥരെ കുറ്റാരോപിതരായി കാണുന്നതെന്ന കാര്യം വ്യക്തമായി പരാമര്‍ശിച്ചിരുന്നില്ല. 45 കാരനായ കനേഡിയന്‍ പൗരനും ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 2020ല്‍ ഭീകരനായി മുദ്ര കുത്തുകയും ചെയ്ത നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെടുത്തിയാണ് ആരോപണമെന്നാണ് വിദേശകാര്യ മന്ത്രാലയം വിശ്വസിക്കുന്നത്. 2023 ജൂണ്‍ 18 ന് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് പുറത്തു വച്ചാണ് നിജ്ജാര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. നിജ്ജാര്‍ കൊലപാതകം അന്വേഷിക്കുന്ന റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി), കേസുമായി ബന്ധപ്പെട്ട് 2024 മേയില്‍ നാല് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു. ആ അറസ്റ്റ് ഇന്ത്യക്കുള്ള മറുപടിയായി കാനഡ ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍, കാനഡയുടെ ആരോപണങ്ങള്‍ നിരസിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായി രംഗത്തു വന്നു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മുന്‍ഗണന നല്‍കുന്ന ട്രൂഡോ ഗവണ്‍മെന്റിന്റെ ‘രാഷ്ട്രീയ അജണ്ട’യില്‍ നിന്നാണ് ഈ ആരോപണങ്ങള്‍ ഉടലെടുത്തതെന്നായിരുന്നു എംഇഎ തിരിച്ചടിച്ചത്. ന്യൂഡല്‍ഹി ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും, തങ്ങളുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള തെളിവകള്‍ നല്‍കുന്നതില്‍ കാനഡ പരാജയപ്പെട്ടതായും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.

കൂടുതല്‍ വഷളാകുന്ന നയതന്ത്ര സംഘര്‍ഷം
രാജ്യത്തിന്റെ പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്ന രഹസ്യ ഓപ്പറേഷനുകളില്‍ ഇന്ത്യ ഏര്‍പ്പെടുന്നുണ്ടെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിക്കുന്നത്. കാനഡയുടെ അഖണ്ഡതയെയും പരാമധികാരത്തെയും ബാധിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇന്ത്യ നടത്തുന്നതെന്നും ഇതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് പ്രധാനമന്ത്രി പറയുന്നത്. കാനഡയുമായി സഹകരിക്കാന്‍ ഇന്ത്യ വിമുഖത കാണിക്കുകയാണെന്ന പരാതിയും ട്രൂഡോ ഉയര്‍ത്തി. സിംഗപ്പൂരില്‍ നടക്കുന്ന ദേശീയ സുരക്ഷ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ച്ചയില്‍ ഈ വിഷയം ഉന്നയിക്കുമെന്നാണ് കനേഡിയന്‍ പ്രധാനമന്ത്രി അറിയിച്ചിട്ടുള്ളത്. ഇന്ത്യയുമായി നയതന്ത്രബന്ധം മോശമാക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കിലും ഈ രാജ്യത്ത് കനേഡിയന്‍ പൗരന്മാര്‍ കൊല്ലപ്പെടുന്നത് അവഗണിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.

കാനഡയുടെ ഇത്തരം ആരോപണങ്ങളെ ഇന്ത്യ അതിശക്തമായി തള്ളിക്കളയുകയും, മൂര്‍ച്ഛയേറിയ വാക്കുകളാല്‍ മറുപടി നല്‍കുകയും ചെയിതിട്ടുണ്ട്. എംഇഎയുടെ പ്രസ്താവന നയതന്ത്ര ബന്ധത്തിലെ താളപ്പിഴകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നുണ്ട്, പാകിസ്ഥാനോടുള്ള ഇന്ത്യയുടെ പ്രതികരണങ്ങളെയാണ് ഇത് അനുസ്മരിപ്പിക്കുന്നത്. കാനഡയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ ട്രൂഡോ സര്‍ക്കാരിന്റെ രാഷ്ട്രീയ നേട്ടത്തിനായി ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനും, ഇതിനകം തന്നെ പിരിമുറുക്കത്തില്‍ നില്‍ക്കുന്ന ബന്ധങ്ങള്‍ കൂടുതല്‍ വഷളാക്കാനും ലക്ഷ്യമിടുന്നതാണെന്നാണ് എംഇഎ ആരോപിക്കുന്നത്. ലാവോസില്‍ നടന്ന ആസിയാന്‍ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രൂഡോയും തമ്മിലുള്ള ഹ്രസ്വ കൂടിക്കാഴ്ച നടന്നതിനു തൊട്ടുപിന്നാലെയാണ് ഇപ്പോഴത്തെ നയതന്ത്ര സംഘര്‍ഷം ഉടലെടുത്തിരിക്കുന്നത്. ട്രൂഡോയുമായി പ്രധാനമന്ത്രി കാര്യമായ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ലെന്ന് ഇന്ത്യ പിന്നീട് വ്യക്തമാക്കിയിരുന്നു.

ഹൈക്കമ്മീഷണര്‍ വര്‍മ്മയ്ക്കെതിരായ ആരോപണങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പൂര്‍ണമായി തള്ളിക്കളയുകയാണ്. 36 വര്‍ഷം നീളുന്ന അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവാണ് ഇന്ത്യ ഉയര്‍ത്തി കാണിക്കുന്നത്. വര്‍മയ്‌ക്കെതിരായ ആരോപണങ്ങള്‍ ‘പരിഹാസ്യമാണ്’ എന്നാണ് എംഇഎ അപലപിച്ചത്. നിലവിലെ കനേഡിയന്‍ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ അജണ്ടകള്‍ക്കായി സേവനം നടത്തുന്നുവെന്ന് ആരോപണമുള്ള ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ ന്യൂഡല്‍ഹി നിരീക്ഷിച്ചുവരികയാണെന്നും എംഇഎയുടെ മുന്നറയിപ്പുണ്ട്.

നിലവിലുള്ള സംഘര്‍ഷങ്ങള്‍ക്ക് മറുപടിയായി, പ്രാതിനിധ്യത്തില്‍ ‘പരസ്പര സമത്വം’ ഉറപ്പാക്കാന്‍ കാനഡയോട് ഇന്ത്യയിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന് ഇന്ത്യ മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഈ തത്ത്വം ഇരു രാജ്യങ്ങളിലും തത്തുല്യമായ നയതന്ത്രജ്ഞര്‍ ഉണ്ടെന്ന് ഉറപ്പാക്കുന്നതിന് ലക്ഷ്യമിടുന്നതാണ്. അതേസമയം തന്നെ രാജ്യങ്ങള്‍ക്കിടയിലെ ബന്ധങ്ങള്‍ വഷളാകുന്ന സമയത്ത് ഇതൊരു പ്രതിഷേധത്തിന്റെ രൂപമായും മാറുന്നു.

കാനഡ നേരിടേണ്ടി വരാവുന്ന പ്രത്യാഘാതങ്ങള്‍
കാനഡയുടെ ആരോപണങ്ങള്‍ക്ക് മറുപടിയായി എംഇഎ തുടര്‍ നടപടികള്‍ സ്വീകരിക്കും. ആ തീരുമാനം ഒട്ടാവയ്ക്ക് സാധ്യമായ പ്രത്യാഘാതങ്ങള്‍ ഏല്‍പ്പിക്കാം. ട്രൂഡോ ഈ ആരോപണങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെന്നും അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇന്ത്യയോട് പണ്ടേ ശത്രുത പ്രകടിപ്പിക്കുന്നുണ്ടെന്നുമാണ് എംഇഎയുടെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നത്.

2018ല്‍, ചില വോട്ട് ബാങ്കുകളുടെ അടിത്തറ ശക്തമാക്കുക എന്ന ലക്ഷ്യത്തില്‍ നടത്തിയ ട്രൂഡോയുടെ ഇന്ത്യാ സന്ദര്‍ശനം അദ്ദേഹത്തിന് തന്നെ തിരിച്ചടിയായി മാറിയിരുന്നു. അദ്ദേഹത്തിന്റെ സര്‍ക്കാരിനെതിരേ ഗുരുതരമായ പരാതികള്‍ ഉയര്‍ന്നു. തീവ്രവാദ, വിഘടനവാദ അജണ്ടകളുമായി ബന്ധപ്പെട്ട വ്യക്തികളെ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ ട്രൂഡോയുടെ ക്യാബിനറ്റിനെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ശക്തമായ വിമര്‍ശനം അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര പിരിമുറുക്കം വര്‍ദ്ധിപ്പിക്കാനും അതു കാരണമായി.

2020 ഡിസംബറില്‍ ഇന്ത്യയിലെ കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കനേഡിയന്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി. ട്രൂഡോയുടെ അഭിപ്രായങ്ങള്‍ ‘അനാവശ്യമായത്’ എന്നാണ് ഇന്ത്യ കണക്കാക്കിയത്. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലായും ന്യൂഡല്‍ഹി അതിനെയെടുത്തു.

ആരോപണങ്ങള്‍ വരുന്ന സമയം
കനേഡിയന്‍ രാഷ്ട്രീയത്തിലെ വിദേശ ഇടപെടല്‍ അവഗണിച്ചതിന് ട്രൂഡോ സര്‍ക്കാര്‍ നിരീക്ഷണത്തിലാണെന്നും ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്കെതിരായ ആരോപണങ്ങള്‍ അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നടത്തുന്ന പ്രസ്താവന. വിദേശ ഇടപെടലിനെക്കുറിച്ച് അന്വേഷിക്കുന്ന ഒരു കമ്മീഷന്‍ ട്രൂഡോയെ വിചാരണ ചെയ്യാനിരിക്കുന്ന സമയത്ത് തന്നെയാണ് ഇന്ത്യക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്, ഇത് ആരോപണങ്ങള്‍ക്ക് പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് സംശയം ഉയര്‍ത്തുന്നുണ്ടെന്നാണ് എംഇഎ പറയുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ട്രൂഡോ സര്‍ക്കാര്‍ പിന്തുണക്കുന്നതായി ആരോപിക്കപ്പെടുന്ന ഇന്ത്യാ വിരുദ്ധ അജണ്ടയുമായി ഈ കാര്യങ്ങള്‍ ചേര്‍ന്നു വരുന്നുണ്ടെന്നും എംഇഎ എടുത്തു പറയുന്നുണ്ട്.

ഇന്ത്യയുടെ ദീര്‍ഘകാല ആശങ്കകള്‍
അക്രമകാരികളായ വിഘടനവാദികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന അന്തരീക്ഷം ട്രൂഡോ സര്‍ക്കാര്‍ സൃഷ്ടിക്കുന്നുവെന്നാണ് എംഇഎ കുറ്റപ്പെടുത്തുന്നത്. വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങളെ മൗലിക സ്വാതന്ത്ര്യത്തിന്റെ മറവില്‍ ന്യായീകരിക്കുകയാണ് ചെയ്യുന്നത്. കാനേഡിയന്‍ പൗരത്വം നേടി, തീവ്രവാദത്തിലും സംഘടിത കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളെ സംബന്ധിച്ച് ഇന്ത്യ ഒന്നിലധികം തവണ വിവരം കൈമാറിയിട്ടും ഒട്ടാവ യാതൊരു വിധ നടപടിയും എടുത്തിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം ഗൗരവത്തോടെ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യ-കാനഡ ബന്ധം വഷളായിക്കൊണ്ടിരിക്കുന്നതിനാല്‍, കനേഡിയന്‍ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ന്യൂഡല്‍ഹിയില്‍ നിന്നുള്ള വൃത്തങ്ങള്‍ പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. അക്രമവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. ആത്യന്തികമായി, കാനഡയുമായുള്ള ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നുണ്ടെങ്കിലും, ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ക്കെതിരെ നടപടികളെടുക്കാതെ ബന്ധം മെച്ചപ്പെടുത്താന്‍ കഴിയില്ലെന്നാണ് ന്യൂഡല്‍ഹി വ്യക്തമാക്കിയിട്ടുള്ളത്.

അന്താരാഷ്ട്ര നയതന്ത്രത്തിലെ സങ്കീര്‍ണതകള്‍ക്കും, ആഭ്യന്തര രാഷ്ട്രീയം ഉഭയകക്ഷി ബന്ധങ്ങളില്‍ ചെലുത്തുന്ന ആഴത്തിലുള്ള സ്വാധീനത്തിനും അടിവരയിടുന്നതുമാണ് നിലവിലെ സാഹചര്യം.

കനേഡിയന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയതിനും ഒട്ടാവയില്‍ നിന്നുള്ള ഇന്ത്യന്‍ സ്ഥാനപതിയെ പിന്‍വലിച്ചതിനും പിന്നാലെ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍സിഎംപി) ഇന്ത്യന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. ലോറന്‍സ് ബിഷ്ണോയി സംഘവുമായി സഹകരിച്ച് കാനഡയിലെ ഇന്ത്യന്‍ ഏജന്റുമാര്‍ നടത്തുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള സുപ്രധാന തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ആര്‍സിഎംപി അവകാശപ്പെടുന്നത്.

‘ഇന്ത്യ ലക്ഷ്യമിടുന്നത് ദക്ഷിണേഷ്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെയാണ്. ഞങ്ങള്‍ മനസിലാക്കിയതില്‍ നിന്ന്, അവര്‍ സംഘടിത കുറ്റകൃത്യ സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ബിഷ്ണോയ് ഗ്രൂപ്പുമായി ബന്ധം ആരോപിക്കപ്പെടുന്നുണ്ട്, ഇന്ത്യാ ഗവണ്‍മെന്റ് ഏജന്റുമാര്‍ക്കു ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്’- ആര്‍സിഎംപി അസിസ്റ്റന്റ് കമ്മീഷണര്‍ ബ്രിജിറ്റ് ഗൗവിന്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഉയര്‍ത്തിയ ഗുരുതരമായ ആരോപണങ്ങളാണിത്.

ഈ ആരോപണങ്ങള്‍ ‘അസംബന്ധം’ എന്നു പറഞ്ഞാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഇതിനു പിന്നില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റിന്റെ രാഷ്ട്രീയ അജണ്ടയാണെന്നാണ് ഇന്ത്യ ആരോപിച്ചത്. വോട്ടിനു വേണ്ടിയുള്ള തന്ത്രമാണെന്നും കുറ്റപ്പെടുത്തി. ‘ഇന്ത്യ ഗവണ്‍മെന്റ് ഈ വ്യാജ ആരോപണങ്ങളെ ശക്തമായി നിരാകരിക്കുന്നു,’; വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ആരോപണങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണെന്നും പ്രസ്താവനയില്‍ എടുത്തു പറയുന്നുണ്ട്.

തെളിവുകളില്ലാതെ പുതിയ ആരോപണങ്ങള്‍
കാനഡയില്‍ നിന്നുള്ള സമീപകാല ആരോപണങ്ങളില്‍ കനേഡിയന്‍ മണ്ണിലെ ‘ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍’ ഇന്ത്യന്‍ ഏജന്റുമാരുടെ നേരിട്ടുള്ള പങ്കാളിത്തമാണ് പ്രധാനമായും എടുത്തു പറയുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോഴും, ഒട്ടാവ അതിനുതകുന്ന തെളിവ് നല്‍കുന്നതില്‍ വീണ്ടും പരാജയപ്പെടുകയാണ്. ഖാലിസ്ഥാന്‍ അനുകൂല പ്രവര്‍ത്തകരെ പ്രത്യേകമായി ലക്ഷ്യം വയ്ക്കാന്‍ ഇന്ത്യന്‍ ഏജന്റുമാര്‍ ലോറന്‍സ് ബിഷ്ണോയി സംഘവുമായി സഹകരിക്കുകയാണെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നത്. തിങ്കളാഴ്ച വൈകുന്നേരം കനേഡിയന്‍ പോലീസ് ഇന്ത്യന്‍ നയതന്ത്രജ്ഞരും കോണ്‍സുലര്‍ സ്റ്റാഫുകളും ‘രഹസ്യ’, ‘ക്രിമിനല്‍’ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്ന് ആരോപിക്കുന്നതും ഇതിന്റെ തുടര്‍ച്ചയാണ്.

വര്‍ദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ പ്രതിസന്ധിയില്‍ മുതിര്‍ന്ന നയതന്ത്രജ്ഞരെ ഇരു രാജ്യങ്ങളും പുറത്താക്കി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ പ്രഖ്യാപനം വന്നത്. ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ തങ്ങളുടെ ഔദ്യോഗിക സ്ഥാനങ്ങള്‍ ഉപയോഗിച്ച് രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ തെളിവുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് തിടുക്കത്തില്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ആര്‍സിഎംപി കമ്മീഷണര്‍ മൈക്ക് ദുഹേം വെളിപ്പെടുത്തിയത്. ഏജന്റുമാരുടെയും മറ്റ് വ്യക്തികളുടെയും നേരിട്ടുള്ള പ്രവര്‍ത്തനത്തിലൂടെയോ നിര്‍ബന്ധിതത്തിലൂടെയോ ഇന്ത്യന്‍ സര്‍ക്കാരിനായി വിവരങ്ങള്‍ ശേഖരിക്കുന്നത് ഈ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് പരാതി.

ആരോപണങ്ങളുടെ സ്വഭാവം
കാനഡയിലെ ഖാലിസ്ഥാന്‍ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് കൊള്ളയടിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു ശൃംഖലയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞരും ഉള്‍പ്പെട്ടിരിക്കുന്നുവെന്നാണ് ആര്‍സിഎംപിയുടെ അവകാശവാദങ്ങള്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഈ ആരോപണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണതയിലെത്തിക്കുന്നു.

കാനഡയുടെ ആരോപണങ്ങള്‍ നയതന്ത്ര തര്‍ക്കത്തെ രൂക്ഷമാക്കുകയാണ്. ഇന്ത്യന്‍ ഇടപെടലില്‍ നിന്ന് രാജ്യത്തെ ദക്ഷിണേഷ്യന്‍ സമൂഹങ്ങളുടെ സംരക്ഷകന്റെ വേഷത്തിലാണ് ഇപ്പോള്‍ ട്രൂഡോ സര്‍ക്കാര്‍ നിലകൊള്ളുന്നത്. നിലവിലുള്ള പിരിമുറുക്കങ്ങള്‍ ദേശീയ പരമാധികാരത്തെക്കുറിച്ചുള്ള ആശങ്കകളും കനേഡിയന്‍ മണ്ണില്‍ വിദേശ സര്‍ക്കാരുകള്‍ പുലര്‍ത്താന്‍ ശ്രമിക്കുന്ന സ്വാധീനവും ഉള്‍പ്പെടെയുള്ള വിശാലമായ ഭൗമരാഷ്ട്രീയ പ്രശ്നങ്ങളെയാണ് ഉയര്‍ത്തിപ്പിടിക്കുന്നത്.

ഇന്ത്യയുടെ പ്രതികരണം
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം കാനഡയുടെ ആരോപണങ്ങളെല്ലാം ശക്തമായി തള്ളിക്കളയുകയാണ്. ആരോപണങ്ങള്‍ക്ക് കാര്യമായ തെളിവുകളില്ലെന്നും എല്ലാം രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ന്യൂഡല്‍ഹി ആവര്‍ത്തിക്കുന്നത്. തിരഞ്ഞെടുപ്പ് നേട്ടത്തിനായി ട്രൂഡോ സര്‍ക്കാര്‍ ഈ പ്രശ്നങ്ങള്‍ മുതലെടുക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു. കാനഡ നേരിടുന്ന ആഭ്യന്തര വെല്ലുവിളികളില്‍ നിന്ന് വ്യതിചലിപ്പിക്കാനുള്ള ശ്രമമായാണ് ഇപ്പോഴുള്ള ആരോപണങ്ങളെ ഇന്ത്യ കാണുന്നത്.

വഷളായ ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ഇടപെടലിന്റെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. വര്‍ദ്ധിച്ചുവരുന്ന ഈ പ്രതിസന്ധി ഇരു രാജ്യങ്ങളെയും ബാധിക്കുമ്പോള്‍, കാനഡയുടെ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്ന തെളിവുകളുടെ അഭാവം ആരോപണങ്ങളുടെ സാധുതയെക്കുറിച്ചും അന്താരാഷ്ട്ര ബന്ധങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.  Escalation of diplomatic tensions between india and canada explainer

Content Summary; Escalation of diplomatic tensions between india and canada

Tags:

Leave a Reply

Your email address will not be published. Required fields are marked *

×