July 21, 2026 |
Share on

അടുക്കളയിലും ഇനി എഥനോൾ; പദ്ധതിപദ്ധതിയുമായി കേന്ദ്രം; എൽ.പി.ജിക്ക് പകരമാകുമോ?

എൽ.പി.ജി. സിലിണ്ടറിന് പകരം എഥനോൾ ഉപയോഗിക്കുന്ന പാചക സംവിധാനം വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിതരണ ശൃംഖല ശക്തമാക്കുന്നതിനും എഥനോൾ ഉപയോഗിക്കാവുന്ന സ്റ്റൗ വ്യാപകമാക്കുന്നതിനും പദ്ധതിയിടുന്നുണ്ട്.

രാജ്യത്ത് പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി വിജയകരമായി മുന്നേറുന്നതിനിടെ, ഇനി അടുക്കളയിലെ പാചകത്തിനും എഥനോൾ ഉപയോഗിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
എൽ.പി.ജി. സിലിണ്ടറിന് പകരം എഥനോൾ ഉപയോഗിക്കുന്ന പാചക സംവിധാനം വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിതരണ ശൃംഖല ശക്തമാക്കുന്നതിനും എഥനോൾ ഉപയോഗിക്കാവുന്ന സ്റ്റൗ വ്യാപകമാക്കുന്നതിനും പദ്ധതിയിടുന്നുണ്ട്. സെപ്തംബറോടെ ഇതുസംബന്ധിച്ച് നയം രൂപപ്പെടുത്താനാണ് ആലോചിക്കുന്നതെന്ന് നിതിൻ ഗഡ്ഗരി കഴിഞ്ഞ ദിവസം പറഞ്ഞു. എഥനോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡിയോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

നിതിൻ ഗഡ്കരി

ഗഡ്കരി പറഞ്ഞത്

നാഗ്പൂരിൽ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് പാചകത്തിന് എഥനോൾ ഉപയോഗിക്കാനുള്ള സാധ്യതകളെക്കുറിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞത്. എഥനോൾ വെള്ളത്തിൽ കലർത്തി ഉപയോഗിക്കുന്ന സ്റ്റൗ പാചതകത്തിന് ഉപയോഗിക്കാമെന്നാണ് നിതിൻ ഗഡ്കരി പറഞ്ഞത്. തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ കുറഞ്ഞ ചെലവിൽ എഥനോൾ പാചക ഇന്ധനം ഉത്പാദിപ്പിക്കാനാകുമെന്നും അത് എൽ.പി.ജിക്കും മണ്ണെണ്ണയ്ക്കും പകരമാകുമെന്നും ഗഡ്കരി പറഞ്ഞു. വെള്ളത്തിൽ 7 ശതമാനം എഥനോൾ കലർത്തുന്നതിലൂടെ പാചകത്തിനുള്ള ചൂട് നൽകുന്ന ജ്വാല സൃഷ്ടിക്കാനാകുമെന്നാണ് ഗഡ്കരി പറയുന്നത്.

എഥനോൾ ഇന്ത്യയിൽ

ഇന്ത്യയിൽ നിലവിൽ 20 ശതമാനം എഥനോൾ കലർന്ന പെട്രോൾ (E20) പല സംസ്ഥാനങ്ങളിലും ലഭ്യമാണ്. ഇതിന്റെ വിജയമാണ് പുതിയ പദ്ധതിക്ക് ആത്മവിശ്വാസം നൽകുന്നത്. രാജ്യത്തെ നിലവിലെ പ്രതിവർഷ എഥനോൾ ഉത്പാദനശേഷി 2000 ബില്യൺ ലിറ്ററിലധികമാണെന്ന് കെയർ എഡ്ജ് റേറ്റിങ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. പെട്രോളിൽ കലർത്തുന്നതിന് 11 ബില്യൺ ലിറ്റർ ആവശ്യമാണ്. മദ്യം, ഫാർമസ്യൂട്ടിക്കൽ, കെമിക്കൽ മേഖലകൾക്ക് 3-3.5 ബില്യൺ ലിറ്റർ എഥനോളാണ് ഒരു വർഷം ആവശ്യമായി വരുന്നത്.

ബാക്കി വരുന്ന ഏകദേശം 7 ബില്യൺ എഥനോൾ പാചക ഇന്ധനമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതി. നേപ്പാൾ, ബംഗ്ലദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് എഥനോൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

ചെലവ് കുറയും

ഇന്ത്യയുടെ വലിയ ഭാഗം ഊർജാവശ്യവും വിദേശരാജ്യങ്ങളിൽ നിന്നുള്ള എണ്ണ-വാതക ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. എഥനോൾ ആഭ്യന്തരമായി നിർമിക്കാൻ കഴിയുന്നതിനാൽ വിദേശനാണയ ചെലവ് കുറയുകയും ഊർജ സുരക്ഷ വർധിക്കുകയും ചെയ്യും.
കരിമ്പ്, ചോളം തുടങ്ങിയ വിളകൾക്ക് കൂടുതൽ ആവശ്യകതയുണ്ടാകുന്നതിനാൽ് കർഷകർക്ക് പുതിയ വിപണിയും മെച്ചപ്പെട്ട വരുമാനവും നൽകുമെന്നാണ് സർക്കാർ വിലയിരുത്തൽ.

പരിസ്ഥിതി നേട്ടം

എഥനോൾ കത്തിക്കുമ്പോൾ സാധാരണ ഫോസിൽ ഇന്ധനങ്ങളെ അപേക്ഷിച്ച് കാർബൺ പുറന്തള്ളൽ കുറവാണ്. അതുകൊണ്ട് കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള ശ്രമങ്ങൾക്കും ഇത് സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.

എൽ.പി.ജിക്ക് പകരമാകുമോ?

ഇപ്പോൾ ഇന്ത്യയിലെ ഭൂരിഭാഗം വീടുകളും എൽ.പി.ജി. സിലിണ്ടറുകളെയാണ് ആശ്രയിക്കുന്നത്. എഥനോൾ പാചകത്തിനായി ഉപയോഗിക്കണമെങ്കിൽ പ്രത്യേക സ്റ്റൗ, സുരക്ഷിത ഇന്ധന സംഭരണ സംവിധാനം, വിതരണ ശൃംഖല, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയെല്ലാം വികസിപ്പിക്കേണ്ടതുണ്ട്.


അതിനാൽ സമീപഭാവിയിൽ എൽ.പി.ജി. പൂർണമായും ഒഴിവാകാൻ സാധ്യത കുറവാണ്.
എഥനോൾ പാചക ഇന്ധനമാക്കുന്നതിന് ആവശ്യമായ സാങ്കേതികവിദ്യ വികസിപ്പിക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പാചകവാതക സ്റ്റൗകൾ ഇപ്പോൾ പരീക്ഷണഘട്ടത്തിലാണ്. നിലവിലുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനോ പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിനോ ഉള്ള ആലോചനയിലാണ് എണ്ണക്കമ്പനികൾ.
ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഇന്ധനം ലഭ്യമാക്കാൻ പെട്രോൾ പമ്പുകളിൽ എഥനോൾ എ.ടി.എമ്മുകൾ സ്ഥാപിക്കാനുള്ള ആലോചനയുണ്ട്. എൽ.പി.ജിക്ക് സമാനമായ രീതിയിൽ വിതരണ ശൃംഖലയുണ്ടാക്കാനും പദ്ധതിയുണ്ട്.
അടുക്കളയിൽ എഥനോൾ എത്തുമെന്ന പ്രഖ്യാപനം ഇന്ത്യയുടെ ഊർജരംഗത്തെ പുതിയ പരീക്ഷണത്തിന് തുടക്കമിടുന്നതാണ്. എന്നാൽ ഇത് എൽ.പി.ജി. സിലിണ്ടറിന് ഉടൻ പകരമാകുന്ന പദ്ധതിയല്ല. സാങ്കേതികവിദ്യ, സുരക്ഷ, വില, വിതരണ ശൃംഖല, ഉപഭോക്തൃ സ്വീകാര്യത എന്നിവയിൽ വിജയം കൈവരിച്ചാൽ മാത്രമേ ഇത് രാജ്യവ്യാപകമായി നടപ്പാക്കാനാകൂ.

വെല്ലുവിളികൾ എന്തൊക്കെ?

എഥനോൾ എൽ.പി.ജിയേക്കാൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. രാജ്യത്തുടനീളം സ്ഥിരമായി വിതരണം ഉറപ്പാക്കാൻ സാധിക്കുമോ എന്നതും പറയാനാകില്ല.
എഥനോൾ വളരെ എളുപ്പത്തിൽ തീപിടിക്കുന്ന ദ്രാവകമാണ് എന്നതിനാൽ സുരക്ഷാ ഭീഷണി കൂടുതലാണ്. അതിനാൽ സൂക്ഷിക്കുന്നതിന് പ്രത്യേക കണ്ടെയ്നറുകളും സുരക്ഷാ സംവിധാനങ്ങൾളും ആവശ്യമാകും. പുതിയ സംവിധാനം ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് പരിശീലനം വേണ്ടിവരും.
എഥനോൾ നിർമാണത്തിനായി കൂടുതൽ ധാന്യങ്ങൾ ഉപയോഗിച്ചാൽ ഭക്ഷ്യവിലയെ ബാധിക്കുമോയെന്ന ആശങ്ക വിദഗ്ധർ ഉയർത്തുന്നുണ്ട്. അതിനാൽ കാർഷിക അവശിഷ്ടങ്ങൾ, രണ്ടാം തലമുറ (2G) ജൈവ ഇന്ധനങ്ങൾ തുടങ്ങിയ സ്രോതസുകളിലേക്കുള്ള മാറ്റം കൂടുതൽ പ്രാധാന്യമർഹിക്കുന്നു.

ലോകത്ത് എവിടെയൊക്കെ ഉപയോഗിക്കുന്നു?

ബ്രസീൽ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ എഥനോൾ വാഹന ഇന്ധനമായി വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ ഗാർഹിക പാചകത്തിനായി എഥനോൾ വ്യാപകമായി ഉപയോഗിക്കുന്ന മാതൃകകൾ ഇപ്പോഴും വളരെ പരിമിതമാണ്. ചില രാജ്യങ്ങളിൽ ക്യാമ്പിംഗ്, ദുരന്താശ്വാസം, പ്രത്യേക ആവശ്യങ്ങൾ എന്നിവയ്ക്കായി എഥനോൾ സ്റ്റൗകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, എൽ.പി.ജിക്ക് പകരമായി അത് ഇതുവരെ മാറിയിട്ടില്ല.

Content Summary: The Centre is exploring ethanol as an alternative cooking fuel to reduce dependence on LPG and imported fossil fuels.

Leave a Reply

Your email address will not be published. Required fields are marked *

×